മക്കൾക്ക് മുട്ട പൊരിച്ച് കൊടുക്കാത്ത അമ്മമാരുണ്ടോ?
ആ ഓർമയിലേക്കൊന്നു
തിരിച്ചു പോയാലോ?
അരിപ്പാത്രത്തിൽ പാത്തുവച്ച
മുട്ടകളെടുത്ത്,
സവാളയും പച്ചമുളകും കറിവേപ്പിലയും
ചിലപ്പോൾ കുറച്ച് തേങ്ങയും
ചിരകിയിട്ട് പൊരിച്ചെടുക്കും.
അതിൻ്റെ സുഗന്ധമാസ്വദിച്ച് മക്കളെല്ലാം പാത്രങ്ങളുമായ് അകത്ത് നിരന്നിരിക്കുന്നുണ്ടാകും.
തലയെണ്ണമനുസരിച്ച് അമ്മയവ
തുല്യമായ് മുറിച്ചെടുത്ത്
പാത്രങ്ങളിൽ ഇട്ടു കൊടുക്കും.
മുട്ടക്കഷണങ്ങൾ
കിട്ടുമ്പോൾ മക്കളുടെ നോട്ടം
സ്വന്തം പാത്രത്തിലേക്കായിരിക്കുമോ?
അതോ, അടുത്തയാളുടെ പാത്രത്തിലേക്കോ?
ഇപ്പോൾ നിങ്ങളുടെ ഉള്ളിൽ
വരുന്ന ചിരിയെനിക്കു കാണാം!
അടുത്തയാളുടെ പാത്രത്തിലേക്ക്, അല്ലേ?
ധ്യാന പ്രസംഗങ്ങളിൽ ഈ സംഭവം
വിവരിച്ച ശേഷം ഞങ്ങളുടെ
ബിബിൻ പാറേക്കുന്നേലച്ചൻ്റെ
ചങ്കു തുളയ്ക്കുന്ന
ഒരു ഡയലോഗുണ്ട്:
” കുഞ്ഞുനാളിൽ, അമ്മ
മുട്ട പൊരിച്ചു തന്നപ്പോൾ
തുടങ്ങിയ നോട്ടമാണ്
അടുത്തയാളുടെ പാത്രത്തിലേക്ക്. വലുതായപ്പോൾ ആ നോട്ടം
പറമ്പിലേക്കും സ്വത്തിലേക്കുമൊക്കെയായി.
ഒരു തരിമണ്ണിൻ്റെ പേരിൽ
തേക്കിൻ്റെയും റബ്ബറിൻ്റെയും
കാപ്പിയുടെയും പേരിൽ വഴക്കിട്ട്, വർഷങ്ങളായ് മിണ്ടാതെ
നടക്കുന്ന കൂടപ്പിറപ്പുകളില്ലേ?
ഒരേ ഗർഭപാത്രത്തിൽ നിന്നും വന്ന്,
അമ്മ വിളമ്പിയ അന്നം ഭക്ഷിച്ച സഹോദരങ്ങൾ എത്ര പെട്ടന്നാണ് അവയെല്ലാം മറക്കുന്നത് ”
വലിയൊരു സത്യമല്ലേ
ബിബിനച്ചൻ പങ്കുവച്ചത്?
കൂടപ്പിറപ്പുകൾ തന്നെ
ശത്രുക്കളായ് മാറിയതിൻ്റെ
നൊമ്പരമല്ലേ പലർക്കുമുള്ളത്?
നിസാര കാര്യത്തിനു വേണ്ടിയാണ്
പരസ്പരം മിണ്ടാനും,
കാണാനും, ചടങ്ങുകളിൽ പങ്കെടുക്കാനും
കഴിയാത്തത്ര അകലങ്ങളിലേക്ക്
നമ്മുടെ ബന്ധങ്ങൾ
വഴിമാറിയത്?
മാത്രമല്ല, രമ്യതപ്പെടാനുള്ള
എത്രയോ അവസരങ്ങളാണ്
പിടിവാശിയും അഹങ്കാരവും മൂലം നഷ്ടമാക്കിയത്?
ഇവിടെയാണ് സുവിശേഷത്തിലെ സഹോദരങ്ങൾ മാർഗ്ഗദർശികളാകുന്നത്.
മർക്കോസിൻ്റെ വിവരണത്തിൽ സെബദീപുത്രന്മാരായ യാക്കോബും യോഹന്നാനും ഒരുമിച്ചാണ്
ക്രിസ്തുവിൻ്റെ അരികിൽ ചെന്ന്
ഇങ്ങനെ അപേക്ഷിക്കുന്നത്:
“അങ്ങയുടെ മഹത്വത്തില്‍
ഞങ്ങളില്‍ ഒരാള്‍ അങ്ങയുടെ വലത്തുവശത്തും മറ്റെയാള്‍
ഇടത്തുവശത്തും ഉപവിഷ്‌ടരാകാന്‍ അനുവദിക്കണമേ! ”
(മര്‍ക്കോസ് 10 : 37)
എൻ്റെ സൗഭാഗ്യങ്ങളിൽ
സഹോദരനും ഉണ്ടാകണം
എന്ന ആഗ്രഹം
എത്ര മനോഹരമായാണ്
അവർ അവതരിപ്പിച്ചത്?
ഭൂമിയിലും സ്വർഗ്ഗത്തിലും
സഹോദരനും
കൂടെ വേണം
എന്ന ചിന്തയിലേക്ക് വളരാൻ
ദൈവം തുണയാകട്ടെ.
ബൈബിളിലെ പ്രശസ്തമായ
ആ ചോദ്യത്തോടെ നിറുത്തുന്നു:
“കായേൻ…
നിൻ്റെ സഹോദരൻ ആബേലെവിടെ…?
(ഉല്‍പ 4: 9)