മാനന്തവാടി രൂപതയില്‍ ചെറുപുഷ്പമിഷന്‍ലീഗിന്‍റെ അസിസ്റ്റന്‍റ് ഡയറക്റയായിരിക്കുന്ന കാലത്ത് മിഷന്‍ഗ്രാമ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ചാന്ദാമിഷന്‍ സന്ദര്‍ശിക്കുവാന്‍ ഇടയായി. അന്നുമുതല്‍ മനസ്സിലുടലെടുത്ത ആഗ്രഹമാണ് മിഷന്‍പ്രദേശത്ത് പോയി ജോലി ചെയ്യണമെന്നുള്ളത്. പിന്നീട് മിഷന്‍ലീഗിന്‍റെ രൂപതാ ഡയറക്റയായപ്പോള്‍ ഈ ആഗ്രഹം കൂടുതല്‍ ശക്തമായി. അങ്ങനെയാണ് 2015 ജൂണ്‍ മാസത്തില്‍ ചാന്ദാരൂപതയിലേക്ക് സേവനത്തിനായി, അഭി. മാര്‍. ജോസ് പൊരുന്നേടം പിതാവിന്‍റെ പ്രത്യേക അനുവാദത്തോടെയും , ചാന്ദാരൂപതാമെത്രാന്‍ മാര്‍. എഫ്രേം നരികുളം പിതാവിന്‍റെ പ്രത്യേക ആവശ്യപ്രകാരവും ട്രെയിന്‍ കയറിയത്.
ചാന്ദാരൂപതയില്‍ ഒരു വര്‍ഷത്തോളം മൈനര്‍ സെമിനാരിയില്‍ വൈസ് റെക്ടറായിട്ടായിരുന്നു തുടക്കം. പിന്നീടാണ് ജാരാവണ്ടി മിഷന്‍ സെന്‍ററിലേക്ക് അപ്പോയിന്‍റ്മെന്‍റ് ലഭിച്ചത്. കാരണം മിഷന്‍ പ്രദേശത്ത് ജോലി ചെയ്യണമെങ്കില്‍ ഭാഷ അിറിയണമല്ലോ. സെമിനാരിയില്‍ വെച്ച് ഹിന്ദി ഒരുവിധം കൈകാര്യം ചെയ്യാന്‍ പഠിച്ചതിനുശേഷം 2016 ജനുവരിയില്‍ ജാരാവണ്ടിയിലെക്ക് യാത്ര തിരിച്ചു.
മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിലെ എട്ടാപ്പള്ളി താലൂക്കില്‍പ്പെടുന്ന ഒരു വനപ്രദേശത്താണ് ഈ ഇടവക. ബിഷപ്സ് ഹൗസില്‍ നിന്നും 189 കി. മീ. ദൂരെ സ്ഥിതിചെയ്യുന്ന ഒരു ഇടവക. ചത്തിസ്ഗഡിനോട് ചേര്‍്ന്നു കിടക്കുന്ന ഭൂപ്രദേശം. 33 ഗ്രാമങ്ങളിലായി 200 കത്തോലിക്കാകുടുംബങ്ങള്‍. 35 കി. മീ. ചുറ്റളവില്‍ നിബിഡ വനത്തിനുള്ളിലാണ് ആളുകള്‍ താമസിക്കുന്നത്. യാത്രാസൗകര്യങ്ങളോ, വാര്‍ത്താവിനിമയ ഉപാധികളോ ഒന്നുമില്ലാത്ത ഭൂപ്രദേശം. ജില്ലാ ആസ്ഥാനത്ത്നിന്ന് താലൂക്ക് ആസ്ഥാനത്തേക്ക് ജാരാവണ്ടിയിലൂടെ കടന്നു പോകുന്ന റോഡ് പൊട്ടിപൊളിഞ്ഞു താറുമാറായി കിടക്കുന്നു. 22 വര്‍ഷം മുന്‍പ് ടാര്‍ ചെയ്ത റോഡില്‍ പിന്നീടൊരിക്കലും അറ്റകുറ്റപണികള്‍ നടന്നിട്ടില്ലായിരുന്നു.
ഇടവകയിലെ വിശ്വാസജീവിതം.
1960 കളില്‍ ചത്തിസ്ഗഡില്‍ നിന്നും ബഹു. ക്രിസ്റ്റ്യന്‍ സി. എം. ഐ അച്ചന്‍റെ നേതൃത്വത്തില്‍ കുടിയേറിയ ക്രൈസ്തവസമൂഹമാണ് ജാരാവണ്ടിയിലുള്ളത്. ഏറിയ പങ്കും ഉറാവ് വംശജര്‍. ചുരുക്കം ചില മാഡിയ, ഹല്‍ബി വംശജരും. ആദ്യം എട്ടാപ്പള്ളി ഇടവകയുടെ ഭാഗമായിരുന്നു ഈ പ്രദേശവും. എന്നാല്‍ അജപാലന സൗകര്യത്തിനായി 55 കി. മീ. അകലെ ജാരാവണ്ടിയില്‍ 2002 ല്‍ പുതിയ സെന്‍റര്‍ ആരംഭിക്കുകയായിരുന്നു. മൂന്ന് മുതല്‍ 35 കി. മീ. വരെ യാത്ര ചെയ്താലെ വിശ്വാസികള്‍ക്ക് ദൈവാലയത്തില്‍ എത്തി ചേരുവാന്‍ സാധിക്കുകയുള്ളൂ. മഴക്കാലത്ത് തോടുകളും പുഴകളുമെല്ലാം കരകവിയും. ആ സമയത്ത് പള്ളിയില്‍ വരാന്‍ സാധിക്കുകയില്ല. എങ്കിലും സാധിക്കുന്നിടത്തോളം പള്ളിയില്‍ വരാന്‍ താത്പര്യം കാണിക്കുന്നവരാണ് ഇടവകക്കാര്‍. മഴക്കാലം കഴിഞ്ഞാല്‍ ഗ്രാമങ്ങളില്‍ പോയി വി. കുര്‍ബാന ചൊല്ലുകയും, കുമ്പസാരിപ്പിക്കുകയും മാമോദീസാ പോലെയുള്ള കൂദാശകള്‍ പരികര്‍മ്മം ചെയ്യുകയും ചെയ്യും.
പള്ളിയില്‍ വരാന്‍ ആളുകള്‍ക്ക് വാഹനസൗകര്യം ഇല്ല. കുറേ വീട്ടുകാര്‍ക്ക് ബൈക്കുണ്ട്. മറ്റുള്ളവര്‍ സൈക്കിളിലാണ് യാത്ര. സൈക്കിളും ഇല്ലാത്തവരുണ്ട്, അവര്‍ നടന്നാണ് വരിക. 9 കി. മീ. ദൂരെയുള്ളവര്‍ വരെ നടന്നു വരാറുണ്ട്. അത്രയും തീക്ഷ്ണമാണ് അവരുടെ വിശ്വാസം. 35 കി. മീ. സൈക്കിളില്‍ (വനത്തിലൂടെ) യാത്രചെയ്യാന്‍ രണ്ടര മണിക്കുര്‍ എടുക്കും. രാവിലെ 6.30 ന് തന്നെ യാത്ര പുറപ്പെട്ടാലേ 9 മണിയാകുമ്പോള്‍ പള്ളിയില്‍ എത്താനാകൂ. ഇത്രയും ദൂരം യാത്രചെയ്ത് മിക്കവാറും എല്ലാ ഞായറാഴ്ചകളിലും പള്ളിയില്‍ എത്തുമായിരുന്നു. കാരണം ക്രിസ്തു അവരെ സംബന്ധിച്ച് എല്ലാമെല്ലാമാണ്.
നമ്മള്‍ മലയാളി കത്തോലിക്കരുടെ വിശ്വാസ പാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും ബഹു. വൈദികര്‍ അവരെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് അവരതെല്ലാം പാലിക്കുന്നതില്‍ നിഷ്കര്‍ഷ വയ്ക്കാറുണ്ട്. ക്രിസ്തുമസ്സ്, ഈസ്റ്റര്‍, മിഷന്‍ ഞായറാഘോഷം, ദൈവാലയ മദ്ധ്യസ്ഥയായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍, 10 ദിവസത്തെ ആഘോഷമായ ജപമാല, സകല മരിച്ചവരുടെയും തിരുനാള്‍ എന്നിവയെല്ലാം അവരുടെ വിശ്വാസജീവിതത്തിന്‍റെ നേര്‍കാഴ്ചകളാണ്.
അവരുടെ ഏറ്റവും വലിയ രണ്ട് ആഘോഷങ്ങളാണ് ക്രസ്തുമസും ഈസ്റ്ററും. ആ ദിവസങ്ങളില്‍ വൈകുന്നേരം 6 മണിയോടുകൂടിയാരംഭിക്കുന്ന കുമ്പസാരവൂം കുര്‍ബാനയും തിരുകര്‍മ്മങ്ങളിലുമെല്ലാം ഇടവകജനം മുഴുവന്‍ പങ്കെടുക്കും. തിരുകര്‍മ്മങ്ങളവസാനിച്ചാല്‍ പാട്ടും നൃത്തവുമായി പള്ളിമുറ്റത്തുതന്നെയുണ്ടാവും അവര്‍. നേരം വെളുത്തിട്ടേ പോകൂ.
ഗ്രാമങ്ങളിലെ വി. കുര്‍ബാനയര്‍പ്പണം നല്ല അനുഭവമായിരുന്നു. പലപ്പോഴും വീടുകളില്‍ അകത്ത് സൗകര്യം ഉണ്ടാവില്ല. മുറ്റത്ത് പായ വിരിച്ച്, ചിലയിടത്ത് മേശയുണ്ടെങ്കില്‍ നിന്നുകൊണ്ടും ഇല്ലെങ്കില്‍ ഇരുന്നുകൊണ്ടും ഒക്കെയാണ് ബലിയര്‍പ്പണം. ബലിയര്‍പ്പണത്തിനുമുമ്പ് എല്ലാവരെയും കുമ്പസാരിപ്പിക്കും. എല്ലാം കഴിയുമ്പോഴേക്കും രാത്രിയാകും. പിന്നെ രാത്രിയില്‍ ഘോരവനത്തിലൂടെയുള്ള മടക്ക യാത്ര. ചിലപ്പോഴൊക്കെ വഴിതെറ്റി വനത്തിലൂടെ അലഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചിലപ്പോള്‍ ഗ്രാമങ്ങളില്‍ തന്നെ അന്തിയുറങ്ങി പിറ്റേ ദിവസമാണ് മടക്കയാത്ര. പലപ്പോഴും പുഴകള്‍ക്ക് പാലമില്ലാത്തതുകൊണ്ട് വാഹനം ഇറങ്ങികടക്കുമ്പോള്‍ മണലില്‍ ടയര്‍ തഴ്ന്ന് പോകുകയും സമീപവാസികള്‍ വന്ന് ഒരുവിധത്തില്‍ തള്ളികയറ്റിവിട്ട സംഭവങ്ങളും ധാരാളം.
ഇടവക ജനത്തിന്‍റെ വിശ്വാസജീവിതത്തിന്‍റെ പ്രതിഫലനമായിട്ടാണല്ലോ ആ ഇടവകയില്‍ നിന്നുള്ള ദൈവവിളികളെ കണക്കാക്കുന്നത്. ജാരാവണ്ടി ഇടവകയില്‍നിന്നും 5 വൈദികരും 23 സിസ്റ്റേഴ്സും ക്രിസ്തുവിനുവേണ്ടി ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ ജോലി ചെയ്യുന്നു. ദൈവജനത്തെ വിശ്വാസത്തില്‍ ദൃഢതയുള്ളവരാക്കുന്നതിന് സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്‍റെ സാന്നിദ്ധ്യം ഇടവകയില്‍ വളരെയേറെ ഗുണം ചെയ്യുന്നു.
വിദ്യാഭ്യാസം
വിദ്യാഭ്യാസപരമായി ഏറ്റവും പിന്നോക്കം നില്കുന്ന ജില്ലയാണ്, ജാരാവണ്ടി ഉള്‍പ്പെടുന്ന ഗഡ്ചിറോളി. ഗവ. സ്കൂളുകളില്‍ പഠനനിലവാരം വളരെ മോശം. മാതാപിതാക്കന്‍മാര്‍ക്ക് വിദ്യാഭ്യാസം കുറവായതിനാല്‍ മക്കളെ എങ്ങനെയെങ്കിലും പഠിപ്പിക്കണമെന്ന ആഗ്രഹമാണ് അവര്‍ക്ക്. ആയതിനാല്‍ ഇടവകപള്ളിയോടനുബന്ധിച്ച് കുട്ടികള്‍ക്കായി ഒരു ഹോസ്റ്റല്‍ നടത്തുന്നുണ്ട്. നൂറിലധികം കുട്ടികള്‍ ഓരോ വര്‍ഷവും അവിടെ താമസിച്ച് പഠിക്കുന്നു. ഗവ. സ്കൂളുകളില്‍ പഠിക്കുന്ന ഈ കുട്ടികള്‍ക്ക് രാവിലെയും വൈകിട്ടും ട്യുഷന്‍ കൊടുത്ത് സിസ്റ്റേഴ്സ് കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നു. അതോടൊപ്പം ഒരു ഇംഗ്ളീഷ് മീഡിയം നഴ്സറി സ്കൂള്‍ കൂടി നടത്തുന്നു.
നക്സല്‍ സാന്നിദ്ധ്യം
മഹാരാഷ്ട്രയില്‍ നക്സല്‍ സാന്നിദ്ധ്യം കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ചതാണ് ഗഡ്ചിറോളി ജില്ല. ഗ്രാമ വാസികളോട് ഭക്ഷണ സാമഗ്രികളും പണവും ഒക്കെ വാങ്ങിയാണ് നക്സലുകളുടെ ജീവിതം. എന്നാല്‍ ക്രൈസ്തവര്‍ എന്ന നിലയില്‍ നമ്മളോട് പ്രത്യേകിച്ച് ഒരു ഉപദ്രവവും അവര്‍ ഉണ്ടാക്കാറില്ല എന്നതും ദൈവാനുഗ്രഹം. ഗ്രാമീണ യാത്രകള്‍ക്കിടയില്‍ എപ്പോഴെങ്കിലും അവരെ കാണുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരിക്കലും അതിന് അവസരം ഉണ്ടായില്ല.
യാത്രാസൗകര്യം
യാത്രാസൗകര്യം തീരെ കുറഞ്ഞ ഒരു പ്രദേശമാണ് ജാരാവണ്ടി. വല്ലപ്പോഴും സമയം തെറ്റി വന്നു പോകുന്ന ബസായിരുന്നു ഏകാശ്രയം. റോഡ് മോശമായതിനാല്‍ ഇടയ്ക്ക് വെച്ച് ബ്രേക്ക് ഡൗണ്‍ ആയി പാതി വഴിയില്‍ യാത്ര അവസാനിപ്പിക്കുന്നതും നിത്യ സംഭവങ്ങളാണ്. ഞാന്‍ ഇടവകയിലെത്തി കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അഭി. എഫ്രേം പിതാവ് പ്രത്യേക താല്‍പര്യമെടുത്ത് ഒരു വാഹനം അനുവദിച്ച് തന്നിരുന്നു. ഒരിക്കല്‍ രാത്രി 10 മണിയായപ്പോള്‍ ഇടവകക്കാരായ നാല് പേര്‍ ചേര്‍ന്ന് ഒരു വൃദ്ധയായ സ്ത്രീയെ കൊണ്ടുവന്നു. വൃദ്ധ രക്തം ഛര്‍ദ്ദിക്കുന്നു. ആശുപത്രിയില്‍ പോകണം. അവിടെ നിന്ന് ഏറ്റവും അടുത്ത ഹോസ്പിറ്റലിലേക്ക് 95 കി. മീ. പോകണം. കുണ്ടും കുഴികളും നിറഞ്ഞ വഴിയിലൂടെ വാഹനം ഓടിച്ച് അല്ലാപ്പള്ളിയിലുള്ള എ. എസ്. എം. ഐ സിസ്റ്റേഴ്സ് നടത്തുന്ന ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സമയം രാത്രി 1 മണി. പക്ഷെ പരിശോധിച്ച ഡോ. സിസ്റ്റര്‍ പറഞ്ഞു മറ്റെവിടെയെങ്കിലും കൊണ്ടുപോകണം. അവിടെ നിന്നും 110 കി. മീ. അകലെയുള്ള ക്രൈസ്റ്റ് ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും സമയം 4.30. ഒരാഴ്ചയോളം ഹോസ്പിറ്റലില്‍ കിടന്ന സ്ത്രീ സുഖം പ്രാവിച്ച് തിരിച്ചെത്തിച്ചപ്പോള്‍ ഹൃദയം ദൈവത്തോടുള്ള കൃതജ്ഞതയാല്‍ നിറഞ്ഞു.
കൃഷിയു ഭക്ഷണരീതിയും
വനഭൂമി കൈയ്യേറി കാട് വെട്ടിതെളിച്ച് കൃഷിഭൂമിയാക്കിയ കഥയാണ് അവിടുത്തെ ജനങ്ങള്‍ക്ക് പറയാനുള്ളത്. നെല്‍ കൃഷിയാണ് ഭൂരിഭാഗത്തിനും പിന്നെ കുറേ പച്ചക്കറികളും. വര്‍ഷകാലമായാല്‍ മാതാപിതാക്കളും മക്കളും വയലിലേക്കിറങ്ങുകയായി. രാവന്തിയോളം പണിയെടുത്ത് ചിലരൊക്കെ വയലിനടുത്തുള്ള ഷെഡ്ഡില്‍ തന്നെയാണ് ഉറങ്ങാറ്. പള്ളിക്കും ഉണ്ട് 3 ഏക്കര്‍ വയല്‍. അച്ചനും സിസ്റ്റേഴ്സും ഹോസ്റ്റലിലെ മുതിര്‍ന്ന കുട്ടികളും ചേര്‍ന്ന് കൃഷിപണി ചെയ്യുന്നു. കിട്ടുന്ന നെല്ല് മുഴുവന്‍ ഹോസ്റ്റലിലെ കുട്ടികള്‍ക്ക് ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. അവിടുത്തെ ആളുകള്‍ പൊതുവെ രണ്ടു നേരം ഭക്ഷണം കഴിക്കന്നവരാണ്. രാവിലെ 11 മണിയോടുകൂടി ഭക്ഷണം കഴിച്ചാല്‍ വൈകിട്ട് 6 മണിക്ക് അത്താഴം.
കേരളത്തിലായിരിക്കുമ്പോള്‍ നമുക്ക് ഒരിക്കലും ചിന്തിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളാണ് കേരളത്തിന് പുറത്ത് കാണുവാന്‍ കഴിയുക. റോഡ്, ഫോണ്‍, കറന്‍റ് എന്നിവയൊന്നുമില്ലാത്ത അനേകം ഗ്രാമങ്ങള്‍ ഇന്ത്യയിലുണ്ടെന്നറിയുമ്പോള്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ജനിച്ച് വളരാന്‍ ഭാഗ്യം ലഭിച്ച നാം എത്രയോ അനുഗ്രഹീതര്‍. നല്ല ദൈവത്തിന് എത്രമാത്രം നന്ദി പറഞ്ഞാലും മതിയാകില്ല.
Prev Post
Next Post
- Facebook Comments
- Disqus Comments