മതേതരത്വം നിര്‍വ്വചനസാദ്ധ്യതകളാല്‍ സങ്കീര്‍ണമായ ഒരു പദമാണ്. ലളിതമായ വ്യാഖ്യാനങ്ങള്‍ മതേതരത്വത്തെ അതിന്‍റെ പൂര്‍ണാര്‍ത്ഥത്തില്‍ സംവഹിക്കാന്‍ അപര്യാപ്തവുമാണ്. എങ്കിലും എന്‍റെ നാട് മതേതരമൂല്യങ്ങളെ ആഴത്തില്‍ ഉള്‍ക്കൊള്ളുന്ന അഭിമാനദേശമാണെന്ന് കരുതുന്നതില്‍ എനിക്കെന്നും സന്തോഷമാണ്. മതേതരമൂല്യങ്ങളുടെ നിലനില്പും അതിന്‍റെ നന്മകളും ഭാരതത്തിലെ ഒരു മതന്യൂനപക്ഷവിഭാഗത്തിലെ അംഗമെന്ന നിലയില്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുകയും ചെയ്യുന്നു. എങ്കിലും മതേതരഭാരതത്തിന്‍റെ പ്രകൃതിക്കും പ്രകൃതത്തിനും എവിടെയൊക്കെയോ മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്ന കുറഞ്ഞതല്ലാത്ത ഒരാശങ്കയും അലട്ടുന്നുണ്ട്. ഭാരതമെന്ന പുണ്യഭൂമിക്ക് മേല്‍ കാഴ്ചയെ മറക്കുന്ന മഞ്ഞ് പെയ്യുന്നുവോയെന്ന സംശയം. ഈ ദേശത്തിന്‍റെ ആത്മീയപൈതൃകത്തെ രാഷ്ട്രീയതാത്പര്യങ്ങള്‍ വിഴുങ്ങുന്നുവെന്ന വേദന.
ആരംഭവാചകത്തില്‍ സൂചിപ്പിച്ചതുപോലെ വ്യാഖ്യാനസാദ്ധ്യതകളാല്‍ സമ്പന്നമാണ് മതേതരത്വം എന്ന ആശയം. ഭാരതത്തില്‍ നിലനിന്നിരുന്നതും ഇന്ന് പ്രയോഗത്തിലുള്ളതും ആധുനികലോകത്തിന്‍റെ നിര്‍വ്വചനവുമെല്ലാം വ്യത്യസ്തങ്ങളാണ്. പലതിലും സാമ്യതകളുണ്ടെങ്കിലും മതേതരത്വത്തിന്‍റെ വര്‍ത്തമാനകാലധാരണകള്‍ അതിന്‍റെ ഉത്ഭവകാലത്തോട് അല്പവും നീതി പുലര്‍ത്തുന്നവയല്ല എന്നാണ് നാം തിരിച്ചറിയുന്നത്.
മനുഷ്യന്റെ യുക്തിയിലും ഭാഷയിലും മതവും അതിഭൗതിക ശാസ്ത്രവും (Religion and Metaphysics) ചെലുത്തുന്ന നിയന്ത്രണങ്ങളിൽ നിന്നുള്ള മോചനം എന്ന നിലയിലാണ് ആദ്യം മതേതരത്വം നിർവചിക്കപ്പെട്ടത്. അതിന്ദ്രീയ ആശയത്തെ പ്രായോഗിക പരിജ്ഞാനത്തിൽ പരിമിതപ്പെടുത്തുകയും ധാർമികവും അസ്തിത്വസംബന്ധിയുമായ അറിവുകൾക്കാധാരമായി അതിനെ പരിഗണിക്കുകയും ചെയ്യുന്നതിനെതിരെ മതേതര ചിന്തകന്മാർ നിരന്തരം സമരം നടത്തി. അങ്ങനെ അതീന്ദ്രിയമായ അറിവുകളെയും അനുഭവങ്ങളെയും ആലോചനകളെയും അകറ്റിനിർത്തുന്ന ഒരു പുതിയ ചിന്താലോകത്തിന്‍റെ വികാസത്തെയാണ് മതേതരം എന്ന പദംകൊണ്ട് വിവക്ഷിച്ചു പോന്നത്. അതിന്‍റെ ഭാഗമായി ഭരണകൂടം ഏതെങ്കിലും മതവിശ്വാസത്തെയോ പ്രത്യേക മതമൂല്യങ്ങളെയോ പ്രോത്സാഹിപ്പിക്കുകയോ ഭരണസ്വാതന്ത്ര്യം ഉപയോഗിച്ച് മതങ്ങളെ പീഡിപ്പിക്കുകയോ ചെയ്യില്ല എന്ന മുഖ്യലക്ഷ്യത്തോടെയുള്ള ആശയങ്ങളെയും മൂല്യങ്ങളെയും മതേതരത്വം എന്ന്, ഒരര്‍ത്ഥത്തില്‍, കരുതപ്പെടാനും തുടങ്ങി.
മതേതര ആശയധാരകള്‍ പ്രബലപ്പെട്ടപ്പോള്‍ പ്രധാനമായും മൂന്ന് രീതിയില്‍ അതുള്‍ക്കൊണ്ടവരെ ചരിത്രത്തില്‍ ദര്‍ശിക്കാന്‍ സാധിക്കും. ആദ്യത്തെക്കൂട്ടര്‍ പൂര്‍ണമായും ദൈവാസ്തിത്വത്തെ നിഷേധിക്കുന്ന നിരീശ്വരവാദികളാണ്. രണ്ടാമതൊരു കൂട്ടര്‍ ദൈവത്തെ നിഷേധിക്കുന്നില്ലെങ്കിലും രാഷ്ട്രനിര്‍മ്മാണത്തിലും സാമൂഹികജീവിതത്തിലുമൊന്നും ദൈവത്തിന് യാതൊരു പങ്കും സ്ഥാനവുമില്ലെന്ന് വാദിക്കുന്നവരാണ്. മൂന്നാമത്തെ വിഭാഗമാകട്ടെ എല്ലാ മതവിശ്വാസികള്‍ക്കും തുല്യ പ്രാധാന്യവും ബഹുമാനവും നല്കുന്നവരാണ്. ഏതെങ്കിലും ഒരു പ്രത്യേകമതവിഭാഗത്തെ മാത്രമായി പ്രത്യേകം പരിഗണിക്കാതിരിക്കുകയാണ് മൂന്നാമത്തെ വിഭാഗത്തിന്‍റെ കാഴ്ചപ്പാട്. ഇന്ത്യന്‍ മതേതരത്വം ഈ മൂന്നാമത്തെ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നതെന്ന് കരുതപ്പെടുന്നു. മതത്തെയും ദൈവത്തെയും നിരസിക്കുന്ന പാശ്ചാത്യ മതേതര സങ്കല്പങ്ങളില്‍ നിന്ന് എല്ലാ മതപാരമ്പര്യങ്ങളെയും ഒരുപോലെ കാണുന്ന ഭാരതീയ മതേതരകാഴ്ചപ്പാട് അങ്ങനെയാണ് തനതും വ്യത്യസ്തവുമാകുന്നത്.
എന്നാല്‍ മതേതരഭാരതം ഇന്ന് മാറിച്ചിന്തിക്കുന്നതായി അനുഭവപ്പെടുന്നു. സ്വാതന്ത്ര്യം പ്രാപിച്ച സമയത്ത് മുസ്ലീം രാഷ്ട്രമായി മാറിയ പാകിസ്ഥാനില്‍ നിന്ന് വ്യത്യസ്തമായി മതേതരരാഷ്ട്രമായി നിലനിന്ന ഭാരതം ഹിന്ദുസ്ഥാന്‍ ആയില്ല. ഭാരതത്തെ ഹിന്ദുരാഷ്ട്രമായി വിഭാവനം ചെയ്യുകയെന്നത് അന്നത്തെ സ്വാതന്ത്ര്യസമര നേതാക്കള്‍ക്കും രാഷ്ട്രശില്പികള്‍ക്കും ചിന്തിക്കാനാവാത്ത കാര്യമായിരുന്നു. ഭാരതത്തിന്‍റെ ഭരണഘടനപോലും ചിട്ടപ്പെടുത്തപ്പെട്ടത് അങ്ങനെയാണ്. എല്ലാ മതങ്ങള്‍ക്കും തുല്യസ്ഥാനവും പ്രാധാന്യവും നല്കുന്ന ഒരു നാടാണ് ഇവിടെ വിഭാവനം ചെയ്യപ്പെട്ടത്. ഭൂരിപക്ഷമതങ്ങള്‍ ന്യൂനപക്ഷങ്ങളെ വിഴുങ്ങാതിരിക്കാന്‍ ഭരണഘടനാപരമായ സംരക്ഷണം പോലും അവയ്ക്ക് നല്കപ്പെട്ടു. ഭദ്രവും മികച്ചതുമായ കാഴ്ചപ്പാടുകളോടെയാണ് ഭാരതം അങ്ങനെ ദൈവികമായ പുണ്യഭൂമിയായി പരിഗണിക്കപ്പെട്ടത്. കിഴക്കിന്‍റെ ആത്മീയഉണര്‍വ്വ ഭാരതമാണെന്ന് തന്നെ ലോകം കരുതുകയും ചെയ്തു.
മതം – തന്ത്രപൂര്‍വ്വം ഉപയോഗിച്ചാല്‍ – ആറ്റംബോംബിനേക്കാള്‍ ശക്തിയുള്ള ആയുധമാണെന്ന് തിരിച്ചറിയുന്നവര്‍ ചരിത്രത്തിലുണ്ടായിട്ടുണ്ട്. മതത്തെയും മതാധികാരത്തെയും ഉപയോഗപ്പെടുത്തി അതിക്രൂരമായ നരവേട്ടകളും വംശഹത്യകളും അക്രമങ്ങളും ലോകത്ത് അരങ്ങേറിയിട്ടുണ്ട്. അധികാരത്തിനും നേട്ടത്തിനും വേണ്ടി മതത്തെ ഉപയോഗപ്പെടുത്തിയവര്‍ ധാരാളം. മതേതര ഇന്ത്യയും ഈ ഭീഷണി നേരിടുന്നുവെന്നത് ഒരു ദുഖസത്യമാണ്. മതം രാഷ്ട്രീയാധികാരം സ്ഥാപിക്കാനുള്ള ഉപകരണമായി ഉപയോഗിക്കപ്പെടുന്നു. ഭൂരിപക്ഷം വരുന്ന മതസാമുദായികവിഭാഗങ്ങളെ വോട്ടുബാങ്കുകളാക്കി മാറ്റുകയും അങ്ങനെ അധികാരത്തില്‍ വരുകയും ചെയ്യുന്ന പ്രവണതകള്‍ ശക്തിപ്പെടുന്നു. അതില്‍ ഭൂരിപക്ഷ സമുദായങ്ങള്‍ മാത്രമല്ല, ഭാരതത്തില്‍ ന്യൂനപക്ഷമായി കരുതപ്പെടുന്ന സമുദായങ്ങളും സമാനമായ തന്ത്രങ്ങള്‍ തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. ചരിത്രത്തെ രക്തരൂക്ഷിതമാക്കിക്കൊണ്ട് നൂറ്റാണ്ടുകളോളം രാഷ്ട്രീയാധികാരം സ്ഥാപിക്കാനും ദേശത്തെ സ്വാധീനത്തില്‍ വരുത്താനും അധികാരമോഹികള്‍ കൈക്കൊണ്ട മാര്‍ഗ്ഗമായിരുന്നു വര്‍ഗ്ഗീയമുന്നേറ്റങ്ങള്‍. അത്തരം വര്‍ഗ്ഗീയമുന്നേറ്റങ്ങള്‍ ഭാരതത്തിലും രൂപപ്പെടുന്നത് ഭീതിയോടെയല്ലാതെ നമുക്ക് കണ്ടുനില്‍ക്കാനാവില്ല.
ശ്രീ ശശി തരൂര്‍ എം.പി.2017-ല്‍ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയായില്‍ നടത്തിയ പ്രസംഗത്തിലെ ചില വാചകങ്ങള്‍ സ്മരണാര്‍ഹമാണ്: “എണ്‍പത് ശതമാനം ഹിന്ദുക്കളായിരിക്കുന്ന ഒരു ദേശത്ത് റോമന്‍ കത്തോലിക്കയായ ഒരു ഇറ്റാലിയന്‍ സ്ത്രീയാല്‍ നയിക്കപ്പെട്ട ഒരു പാര്‍ട്ടി, ഒരു മുസ്ലീം പ്രസിഡന്‍റിനാല്‍ ഒരു സിക്കുകാരനെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ വഴിയൊരുക്കി. അത്തരമൊരു വൈവിദ്ധ്യത്തിന്‍റെ ആഘോഷകാലത്തു നിന്നും നമ്മുടെ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും എല്ലാം തന്നെ ഒരു സങ്കുചിത ഹിന്ദുപ്രസ്ഥാനത്തിന്‍റെ അനുയായികളാവുക എന്നത് തീര്‍ച്ചയായും ലോകത്തിന്‍റെ കണ്ണില്‍ വീഴ്ച തന്നെയാണ്.” എല്ലാ കക്ഷിരാഷ്ട്രീയരോദനങ്ങളും മാറ്റി വെച്ച് ഈ വാചകം പേര്‍ത്തും പേര്‍ത്തും വായിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.
ഭാരതം എന്‍റെ നാടാണ്, എല്ലാ ഭാരതീയരും എന്‍റെ സഹോദരീസഹോദരന്മാരാണ് എന്ന പ്രതിജ്ഞ ആത്മാര്‍ത്ഥതയോടെ ഏറ്റുചൊല്ലാന്‍ നമുക്കെത്ര കാലം കഴിയുമെന്നതാണ് ശേഷിക്കുന്ന സംശയം!