മാര്‍ത്തോമ്മായുടെ ഭാരതപ്രേഷിതപ്രവര്‍ത്തനം: ചരിത്രമോ കെട്ടുകഥയോ?

1. ആമുഖം

മിശിഹായുടെ അപ്പസ്‌തോലനായ മാര്‍ത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മ ജൂലൈ 3-ന് സാര്‍വ്വത്രികസഭ അനുസ്മരിക്കുകയാണ്. ശ്ലൈഹികകാലത്ത് തന്നെ ഭാരതത്തില്‍ സുവിശേഷസന്ദേശവുമായി എത്തിയത് ഈശോയുടെ പന്ത്രണ്ട് ശിഷ്യന്മാരിലൊരാളായ മാര്‍ത്തോമ്മാശ്ലീഹായാണ്. ആദ്യനൂറ്റാണ്ടു മുതല്‍ നിലനിന്നുപോരുന്ന ഈ വിശ്വാസപാരമ്പര്യത്തെ അംഗീകരിച്ചുകൊണ്ടാണ് ഭാഗ്യസ്മരണാര്‍ഹനായ പോള്‍ ആറാമന്‍ മാര്‍പാപ്പ മാര്‍ത്തോമ്മാശ്ലീഹായെ ഭാരതത്തിന്റെ ശ്ലീഹായായി 1972 മാര്‍ച്ച് 25-ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍ മാര്‍ത്തോമ്മായുടെ ഭാരതപ്രേഷിതത്വത്തെ സംശയത്തോടെ നോക്കിക്കാണുകയും തോമ്മാശ്ലീഹാ കേരളത്തില്‍ സുവിശേഷം പ്രസംഗിച്ചിട്ടില്ല എന്ന് വാദിക്കുകയും ചെയ്യുന്നവര്‍ ഇന്നുണ്ട്. തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതപ്രവര്‍ത്തനം കേവലം ഐതിഹ്യം മാത്രമാണെന്ന് ശക്തിയുക്തം അവര്‍ പ്രചരിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ഭാരതത്തിലെ മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ പരമ്പരാഗതവിശ്വാസമായ മാര്‍ത്തോമ്മായുടെ ഭാരതപ്രേഷിത പ്രവര്‍ത്തനത്തെക്കുറിച്ചാണ് ഈ ലക്കം സത്യാന്വേഷി ചര്‍ച്ച ചെയ്യുന്നത്. ഏവര്‍ക്കും സ്വാഗതം

2. തോമാശ്ലീഹാ

ഗ്രീക്കുകാരുടെ ഇടയില്‍ ദീദിമൂസ് എന്ന് വിളിക്കപ്പെട്ടിരുന്ന തോമ്മാശ്ലീഹായുടെ സ്വദേശം ഗലീലിയാണ്. അദ്ദേഹം മത്സ്യബന്ധനത്തിന് പോയിരുന്ന വ്യക്തിയായിരുന്നുവെന്നാണ് അനുമാനം. ഗലീലാക്കടലില്‍ മീന്‍പിടിക്കാന്‍ പോയ ശിഷ്യന്മാരുടെ കൂടെ തോമ്മായും ഉണ്ടായിരുന്നുവെന്ന് യോഹന്നാന്‍ശ്ലീഹാ രേഖപ്പെടുത്തുന്നു (യോഹ. 21,2). തോമ്മായുടെ നടപടികള്‍ എന്ന ഗ്രന്ഥത്തില്‍ കാണുന്നതനുസരിച്ച് ആശാരിപ്പണിയും അദ്ദേഹത്തിന് വശമായിരുന്നുവെന്ന് കരുതാം. ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം യൂദാസ് തോമസ് എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. ഈശോ തന്റെ പരസ്യജീവിതത്തിന്റെ ആരംഭകാലത്ത് ഗലീലിയില്‍വച്ച് അദ്ദേഹത്തെ ശിഷ്യഗണത്തിലേക്ക് വിളിച്ചു. ഈശോയുടെ അപ്പസ്‌തോലഗണത്തില്‍ അംഗമായിത്തീര്‍ന്ന തോമസ് അങ്ങനെ ഈശോയുടെ പരസ്യജീവിതകാലത്ത് അവിടുത്തെ അനുഗമിക്കുകയും ശ്രവിക്കുകയും വീക്ഷിക്കുകയും ചെയ്തുകൊണ്ട് സുവിശേഷസന്ദേശത്തെ ന്യൂനതകളില്ലാതെ ഉള്‍ക്കൊള്ളുകയും ചെയ്തു. ഈ സുവിശേഷമാണ് തോമാശ്ലീഹാ കേരളക്കരയില്‍ പ്രസംഗിച്ചത്.

3. തോമാശ്ലീഹാ വന്ന കേരളം

ചരിത്രാതീത കാലത്ത് തന്നെ നമ്മുടെ കൊച്ചുകേരളം ലോകത്തിന്റെ വാണിജ്യഭൂപടത്തില്‍ സ്ഥാനം പിടിച്ചിരുന്നു. ഇവിടുത്തെ കുരുമുളക്, ചുക്ക്, ചന്ദനം, ഏലം തുടങ്ങിയ കാര്‍ഷികവിഭവങ്ങളാണ് വിദേശീയരെ ആകര്‍ഷിച്ചിരുന്നത്. റോം, അലക്‌സാണ്ട്രിയ, ജറുസലേം തുടങ്ങിയ പുരാതന നഗരങ്ങളുമായി കേരളം വ്യാപാരബന്ധത്തിലേര്‍പ്പെട്ടിരുന്നു. റോമന്‍ ചക്രവര്‍ത്തിമാരുടെ ചിത്രങ്ങളോടുകൂടിയ നാണയങ്ങള്‍ പൂഞ്ഞാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുള്ളത് അന്നത്തെ വ്യാപാരബന്ധത്തിന് ഉത്തമതെളിവാണ്.

പ്രാചീനകാലത്ത് കേരളത്തിന്റെ പ്രശസ്തമായ തുറമുഖമായിരുന്നു കൊടുങ്ങല്ലൂര്‍. മദ്ധ്യപൗരസ്ത്യനാടുകളില്‍ നിന്ന് ധാരാളം കപ്പലുകള്‍ കൊടുങ്ങല്ലൂര്‍ തുറമുഖത്ത് എത്തിച്ചേര്‍ന്നിരുന്നു. വ്യാപാരാവശ്യങ്ങള്‍ക്കായി വിദേശീയര്‍ കേരളത്തില്‍ വന്നിരുന്നതുപോലെ, നാട്ടുകാര്‍ കടല്‍മാര്‍ഗ്ഗം അന്യരാജ്യങ്ങളിലേക്ക് പോവുകയും ചെയ്തിരുന്നു. കച്ചവടത്തിനായി ഇവിടെയെത്തിയവരില്‍ പലരും ഇവിടെത്തന്നെ സ്ഥിരം താമസമാക്കിയതിന്റെ ഫലമായി ബി.സി ആറാം നൂറ്റാണ്ട് മുതല്‍ യഹൂദരുടെ സാന്നിദ്ധ്യം കേരളത്തിലുണ്ട് എന്ന് കാണാവുന്നതാണ്. സോളമന്‍ രാജാവിന്റെ കാലം മുതല്‍ യഹൂദര്‍ക്ക് ദക്ഷിണേന്ത്യയുമായി കച്ചവടബന്ധമുണ്ടായിരുന്നുവെന്ന് കാണാവുന്നതാണ്. പേര്‍ഷ്യയില്‍ നിന്ന് സൈറസ് രാജാവിന്റെ കാലത്തും യഹൂദര്‍ കേരളത്തില്‍ കുടിയേറിയിരുന്നു. കൊടുങ്ങല്ലൂര്‍, പാലയൂര്‍, പറവൂര്‍, കൊല്ലം തുടങ്ങിയ കേന്ദ്രങ്ങളിലാണ് മുഖ്യമായും അവര്‍ പാര്‍ത്തിരുന്നത്. വ്യാപാരികളായിരുന്ന യഹൂദര്‍ക്ക് തുറമുഖ കേന്ദ്രങ്ങളിലൊക്കെത്തന്നെ കോളനികളുമുണ്ടായിരുന്നു. ജറുസലേമുമായി ബന്ധമുണ്ടായിരുന്ന ഒരു ജനതയുടെ സാന്നിദ്ധ്യമായിരിക്കാം തോമ്മാശ്ലീഹായെ ഈ നാട്ടിലേക്ക് ആകര്‍ഷിച്ചത്.

ക്രിസ്തുവര്‍ഷാരംഭത്തില്‍ കേരളത്തിലെ സംസാരഭാഷ തമിഴായിരുന്നു. ആ കാലഘട്ടത്തില്‍ ആദിവാസികള്‍ക്ക് പുറമേ ഇവിടെയുണ്ടായിരുന്ന ദ്രാവിഡര്‍, യഹൂദന്മാര്‍, തുടങ്ങിയവര്‍ വ്യാപാരികളായി ഇവിടെ വന്നിരുന്ന റോമാക്കാര്‍, ചൈനക്കാര്‍, അറബികള്‍, ഗ്രീക്കുകാര്‍ തുടങ്ങിയവരുമായി നിരന്തരസമ്പര്‍ക്കത്തില്‍ കഴിഞ്ഞിരുന്നതിനാല്‍ സാവധാനം സമ്മിശ്രമായ ഒരു സംസ്‌കാരം ഈ നാട്ടില്‍ രൂപപ്പെടുവാനിടയായിരുന്നു.

4. ഒന്നാം നൂറ്റാണ്ടിലെ കേരളത്തിന്റെ മതപരമായ പശ്ചാത്തലം

പ്രകൃതിശക്തികളെയും തങ്ങളുടെ തന്നെ പൂര്‍വ്വികരെയും വണങ്ങിയിരുന്ന ആദിവാസികളും ദ്രാവിഡവംശജരുമായിരുന്നു ഇവിടുത്തെ തദ്ദേശീയര്‍ എന്നു വേണമെങ്കില്‍ പറയാം. പ്രത്യേകമായ മതവിശ്വാസമൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. മൂന്നാം നൂറ്റാണ്ടില്‍ പ്രചരിക്കാന്‍ തുടങ്ങിയ ജൈനമതം പക്ഷേ ശൈവ,വൈഷ്ണവ മതങ്ങളുടെ ആവിര്‍ഭാവത്തോടെ അപ്രത്യക്ഷമായി. ജൈനമതത്തോടൊപ്പം തന്നെ കേരളത്തിലേക്ക് പ്രവേശിച്ച ബുദ്ധമതം പിന്നീട് കേരളത്തില്‍ ബ്രാഹ്മണാധിപത്യം ഉടലെടുത്തതോടെ ക്രമേണ ഇല്ലാതെയായിത്തീര്‍ന്നു. പിന്നീടാണ് ഹിന്ദുമതത്തിന്റെ ആചാരാനുഷ്ഠാനങ്ങളും ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹികമായ ജീവിതരീതിയുമെല്ലാം ഉടലെടുത്തത്.

വ്യാപാരസംബന്ധമായ ആവശ്യങ്ങളുമായി ഇവിടെയെത്തിയ യഹൂദര്‍ ഇവിടെത്തന്നെ സ്ഥിരതാമസമാക്കിയതിനെക്കുറിച്ച് നാം കണ്ടു. തങ്ങളുടെ മതവിശ്വാസം അഭംഗുരം പാലിക്കാന്‍ തീവ്രയത്‌നം നടത്തിയിരുന്ന യഹൂദര്‍ പക്ഷേ, തദ്ദേശീയരെ ആ വിശ്വാസത്തിലേക്ക് സ്വീകരിക്കാനും തയ്യാറായിരുന്നില്ല. അതിനാല്‍ കാര്യമായി പ്രചരിക്കാതെ യഹൂദമതവും ഇവിടെ നിലനിന്നിരുന്നു. ഇപ്രകാരമുള്ള നാല് പ്രമുഖമതങ്ങളുടെ വേരോട്ടമുള്ള മണ്ണിലേക്കാണ് ഏഷ്യാഭൂഖണ്ഡത്തില്‍ത്തന്നെ ഉത്ഭവിച്ച ക്രൈസ്തവവിശ്വാസം തോമ്മാശ്ലീഹായിലൂടെ എത്തിച്ചേരുന്നത്.

ജൈന-ബൗദ്ധ-ഹൈന്ദവ മതങ്ങളെപ്പോലെതന്നെ അഹിംസ, സത്യം, സ്‌നേഹം, നീതി, വിരക്തി, സഹനം, സമത്വം, പൂജ, ആരാധന മുതലായവ പ്രഘോഷിച്ച ക്രൈസ്തവവിശ്വാസത്തെ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും അതിനാല്‍ത്തന്നെ അക്കാലഘട്ടത്തിലെ സാംസ്‌കാരികാന്തരീക്ഷത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

5. തോമ്മാശ്ലീഹാ വന്ന കാലത്തെ ഗതാഗതമാര്‍ഗ്ഗങ്ങള്‍

മാര്‍ത്തോമ്മാശ്ലീഹാ കേരളത്തില്‍ വന്ന കാലത്ത് ഇന്ത്യക്ക് പാശ്ചാത്യലോകവുമായി ബന്ധപ്പെടുന്നതിന് മൂന്ന് പ്രധാനപാതകളാണുണ്ടായിരുന്നത്.
1. സിന്ധൂനദീമുഖം മുതല്‍ യൂഫ്രട്ടീസ് നദീമുഖം വരെ കരയോടു ചേര്‍ന്നുളഅള കടല്‍മാര്‍ഗ്ഗം. തുടര്‍ന്ന് യൂഫ്രട്ടീസ് നദിവഴി മെസപ്പെട്ടോമിയായുടെ ഉള്‍പ്രദേശങ്ങളിലേക്കും ഡമാസ്‌കസ്, അന്ത്യോക്യാ, പാലസ്തീനാ, മദ്ധ്യധരണ്യാഴിയുടെ തുറമുഖങ്ങള്‍ എന്നിവിടങ്ങളിലേക്കും പോയിരുന്ന പാത
2. സിന്ധുനദിയുടെ വടക്കന്‍ കരയില്‍ നിന്ന് കരമാര്‍ഗ്ഗം ബാല്‍ക്കണ്‍ മലമ്പ്രദേശത്തേക്കും അവിടെ നിന്ന് കാസ്പിയന്‍ പ്രദേശംവഴി തുടര്‍ന്നും പോയിരുന്ന പാത. പൂര്‍ണമായും കരമാര്‍ഗ്ഗമാണ് ഇവിടെ സ്വീകരിച്ചിരുന്നത്.
3. കടല്‍മാര്‍ഗ്ഗം ഇന്ത്യയില്‍ നിന്ന് ചെങ്കടലില്‍ പ്രവേശിച്ച് കരമാര്‍ഗ്ഗം നൈല്‍നദിയിലേക്കും അതുവഴി അലക്‌സാണ്ട്രിയന്‍ തുറമുഖത്തേക്കും പോകുന്ന പാത.

ഏ.ഡി ഒന്നാം നൂറ്റാണ്ടില്‍ ഈ മൂന്നാമത്തെ മാര്‍ഗ്ഗമാണ് യാത്രകള്‍ക്ക് മുഖ്യമായും ഉപയോഗിച്ചിരുന്നത്.

6. കൊടുങ്ങല്ലൂരും മാര്‍ത്തോമ്മാശ്ലീഹായും

പ്രേഷിതപ്രവര്‍ത്തനത്തിനായി യാത്രപുറപ്പെട്ട തോമാശ്ലീഹാ കേരളത്തില്‍ കപ്പലിറങ്ങുന്നത് ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ എന്ന് വിളിക്കപ്പെടുന്ന തുറമുഖത്താണ്. ഇന്നത്തെ തൃശ്ശൂര്‍ ജില്ലയില്‍ പെരിയാറിന്റെ മുഖഭാഗത്താണ് കൊടുങ്ങല്ലൂര്‍ പട്ടണം സ്ഥിതി ചെയ്യുന്നത്. ക്രിസ്തുവിനു മുമ്പേ ഈ തുറമുഖം പാശ്ചാത്യര്‍ക്ക് സുപരിചിതമായിരുന്നു. കടലില്‍ നിന്നുള്ള ഇന്ത്യയുടെ കവാടവും പ്രാചീനകേരളത്തിന്റെ തലസ്ഥാനവുമായിരുന്നു മുസീരിസ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂര്‍. മുസ്സീരിസ്, മാല്യങ്കര, വഞ്ചി, തിരുവഞ്ചിക്കുളം എന്നിങ്ങനെ പലപേരുകളിലാണ് ഓരോ കാലഘട്ടത്തിലും കൊടുങ്ങല്ലൂര്‍ അറിയപ്പെട്ടിരുന്നത്. കോഴിക്കോട്ടു സാമൂതിരിയുടെ സൈന്യം തിരുവഞ്ചിക്കുളത്ത് നടത്തിയ കൊടുംകൊലക്ക് ശേഷമാണ് ഈ സ്ഥലത്തിന് കൊടുംകൊലയൂര്‍ (കൊടുങ്ങല്ലൂര്‍) എന്ന് പേരു ലഭിച്ചതെന്ന് കണക്കാക്കപ്പെടുന്നു. പതിനാലാം നൂറ്റാണ്ടിലെ കടല്‍ക്ഷോഭത്തില്‍ കൊടുങ്ങല്ലൂര്‍ തീരം കടലെടുത്തു. 1341-ല്‍ കൊടുങ്ങല്ലൂര്‍ തുറമുഖം അടച്ചതോടെ ആ സ്ഥലത്തിന്റെ പ്രാധാന്യം കുറഞ്ഞു. അതിനുശേഷമാണ് കൊച്ചിയിലെ തുറമുഖം വളരുകയും പ്രശസ്തിയാര്‍ജ്ജിക്കുകയും ചെയ്തത്.

ക്രിസ്തുവിനും വര്‍ഷങ്ങള്‍ക്കു മുന്പുതന്നെ ദക്ഷിണേന്ത്യയുമായി സമുദ്രമാര്‍ഗ്ഗമുള്ള കച്ചവടബന്ധം പുരാതന റോമാസാമ്രാജ്യത്തിനുണ്ടായിരുന്നു എന്നതിന്റെ ഏറ്റവും ശക്തമായ തെളിവാണ് മുസിരിസ് അഥവാ കൊടുങ്ങല്ലൂര്‍ എന്ന പട്ടണം. മുസീരിസ് ഉണ്ടായിരുന്ന പ്രദേശം ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ചരിത്രഗവേഷകര്‍ ഖനനം നടത്തി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രീക്കു-റോമന്‍ ലോകത്തേക്ക് വിവിധ സുഗന്ധദ്രവ്യങ്ങള്‍ കയറ്റുമതി ചെയ്തിരുന്നതു പ്രധാനമായും ഈ മുസിരിസില്‍ നിന്നായിരുന്നു. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഖനനത്തിലൂടെ ലഭ്യമായ റോമന്‍ സ്വര്‍ണ്ണനാണയങ്ങള്‍ പ്രസ്തുത കച്ചവടബന്ധത്തിന്റെ ശക്തമായ തെളിവാണ്. ചുരുക്കത്തില്‍, ക്രിസ്തു വര്‍ഷം ആദ്യ നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് തോമ്മാ ശ്ലീഹായ്ക്കു ഭാരതത്തിലെത്തുക ദുഷ്‌ക്കരമായിരുന്നില്ല എന്നതിന്റെ വലിയ സാക്ഷ്യമായി ഇപ്പോള്‍ നടക്കുന്ന മുസിരിസ് പട്ടണഖനനം മാറുകയാണ്. സ്ഥാപിതതാത്പര്യങ്ങളുള്ള ചരിത്രകാരന്മാര്‍ ചിലരെങ്കിലും മുസിരിസ് പട്ടണഖനനത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിന്റെ പിന്നിലും ഇവ്വിധമുള്ള കാരണമുണ്ടാകാം.

7. തോമ്മായുടെ നടപടികള്‍

മാര്‍ത്തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതപ്രവര്‍ത്തനത്തെപ്പറ്റി പ്രതിപാദിക്കുന്ന ഒരു പുരാതനഗ്രന്ഥമാണ് തോമ്മായുടെ നടപടികള്‍ (ആക്ട്‌സ് ഓഫ് തോമസ്). ഏഡി 220-നും 250-നും മദ്ധ്യേ ഏദേസ്സായില്‍ വച്ചാണ് ഇത് രചിക്കപ്പെട്ടതെന്ന് കരുതുന്നു. ജൂഡാസ് തോമസ് ആണ് ഇതിന്റെ ഗ്രന്ഥകര്‍ത്താവ്. ഈ ഗ്രന്ഥം തിരുസ്സഭയുടെ ഔദ്യോഗികാംഗീകാരമില്ലാത്ത ഒരു അപ്പോക്രിഫല്‍ ഗ്രന്ഥമാണ്. സുറിയാനിഭാഷയിലെഴുതപ്പെട്ടതും പൂര്‍ണരൂപത്തില്‍ ലഭിച്ചിട്ടുള്ളതുമായ ഏക അപ്പോക്രിഫല്‍ ഗ്രന്ഥമാണ് തോമ്മായുടെ നടപടികള്‍.

ഈ ഗ്രന്ഥമനുസരിച്ച് ശ്ലീഹാ ഇന്ത്യയില്‍ ആദ്യം എത്തിച്ചേരുന്നത് ആന്ധ്രാപ്പോളീസ് എന്ന സ്ഥലത്തായിരുന്നു. ഈ സ്ഥലം എവിടെയാണെന്നതിനെ സംബന്ധിച്ച് ആശയക്കുഴപ്പങ്ങളുണ്ട്. എങ്കിലും അത് ഇന്ത്യയുടെ പടിഞ്ഞാറേതീരത്ത് ഗുജറാത്തിലുള്ള ഒരു തുറമുഖമായിരുന്നുവെന്നാണ് ഏകദേശം കണക്കാക്കപ്പെടുന്നത്. വ്യാപാരകേന്ദ്രവും തുറമുഖനഗരവുമായിരുന്ന ആന്ധ്രാപ്പോളീസ് ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട പെരിപ്ലൂസ് എന്ന മറ്റൊരു ഗ്രന്ഥത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന ബാരിഗാസാ എന്ന സ്ഥലം തന്നെയാണ് എന്നും അനുമാനിക്കപ്പെടുന്നു. തോമ്മായുടെ നടപടികളുടെ വെളിച്ചത്തില്‍ മാര്‍ത്തോമ്മാ ഏ.ഡി 43-ല്‍ പടിഞ്ഞാറന്‍ തുറമുഖപട്ടണമായ ബാരിഗാസാ (ആന്ധ്രാപ്പോളീസ്) എന്ന സ്ഥലത്തെത്തിയെന്ന് പറയപ്പെടുന്നു. ഇനിയും തെളിയിക്കപ്പെടേണ്ട ഇക്കാര്യം ശരിയാണെങ്കില്‍ത്തന്നെയും മാര്‍ത്തോമ്മാശ്ലീഹാ ഏ.ഡി. 52-ല്‍ കൊടുങ്ങല്ലൂരിലെത്തിയെന്ന ചരിത്രയാഥാര്‍ത്ഥ്യത്തെ തള്ളിപ്പറയാന്‍ അത് കാരണമാവുകയില്ല.

8. മാര്‍ത്തോമ്മായുടെ ആഗമനത്തിന് തെളിവുകളില്ല (?)

‘സെന്റ് തോമസ് കേരളത്തില്‍ വന്നിരുന്നു എന്ന് പറയുന്ന കാലത്ത് ഇവിടെ കാട് മാത്രമേയുള്ളു. അദ്ദേഹം വന്നതിന് പുരാവസ്തുപരമായ തെളിവുകളില്ല. ഇവിടെ ജനവാസമില്ലായിരുന്നു’ – എന്ന് വാദിക്കുന്ന ചില ചരിത്രകാരന്മാരെങ്കിലുമുണ്ട്. എന്നാല്‍ ലോകപ്രശസ്തരായ പല ചരിത്രകാരന്മാരും തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെ വസ്തുതയായി അംഗീകരിച്ചിട്ടുള്ളതാണ്. പല ഗണത്തിലുള്ള ചരിത്രരേഖകളും ഇതിന് ഉപോല്‍ബലകമായുണ്ട്. ഇക്കാര്യത്തില്‍ വിയോജിപ്പുള്ള ചെറിയൊരു ഗണം ചരിത്രകാരന്മാര്‍ ഒരു ന്യൂനപക്ഷം മാത്രമാണ്.

രേഖകളുടെ അടിസ്ഥാനത്തിലുള്ള തെളിവുകള്‍ വച്ച് തോമ്മാശ്ലീഹായുടെ ഭാരതാഗമനത്തെ സ്ഥാപിക്കാന്‍ ചരിത്രകാരന്മാര്‍ക്ക് കഴിയുകയില്ല എന്നത് വാസ്തവമാണ്. കാരണം, ക്രിസ്തുവര്‍ഷം പതിനാറാം നൂറ്റാണ്ടു മുതല്‍ മാത്രമാണ് രേഖപ്പെടുത്തപ്പെട്ട ചരിത്രവസ്തുതകള്‍ പലരൂപത്തില്‍ ധാരാളമായി നമുക്ക് ലഭിച്ചിട്ടുള്ളത്. അതിനു മുന്പുള്ള കാലഘട്ടങ്ങളെ മനസ്സിലാക്കാന്‍ ലിഖിതങ്ങളുടെ (പാറയിലും ലോഹങ്ങളിലും മറ്റും) അടിസ്ഥാനത്തിലുള്ള പഠനമാണ് സാധ്യമായുള്ളത്. 7-8 നൂറ്റാണ്ടുകള്‍ വരെ മാത്രമാണ് അവയും ലഭ്യമായിട്ടുള്ളത്. ഏഴാം നൂറ്റാണ്ടുമുതല്‍ മാര്‍ത്തോമ്മാശ്ലീഹായുടെ ആഗമനം നടന്ന ഒന്നാം നൂറ്റാണ്ടുവരെയുള്ള കാര്യങ്ങള്‍ക്ക് ചരിത്രപരമായ തെളിവുകള്‍ ലഭിക്കണമെങ്കില്‍ ഗോത്രവര്‍ഗ്ഗങ്ങളുടെ പഠനത്തെയാണ് (ലവേിീഹീഴ്യ) അടിസ്ഥാനമായി സ്വീകരിക്കേണ്ടത്. വാമൊഴിപാരന്പര്യങ്ങള്‍, നാടോടിക്കഥകള്‍, ചരിത്രപരമായ പഴംചൊല്ലുകള്‍ മുതലായവ ചരിത്രസത്യങ്ങളുടെ അംശങ്ങളാല്‍ നിര്‍മ്മിതമാണ്. ഇവയുടെ മേല്‍ അടിസ്ഥാനമിട്ടാണ് ചരിത്രകാരന്മാര്‍ ഭൂതകാലത്തെ നിര്‍മ്മിച്ചെടുക്കുക.

വാചികപാരന്പര്യങ്ങള്‍ അവയുടെ യഥാര്‍ത്ഥ കാലയളവില്‍ നിന്നകലുംതോറും വ്യക്തത നഷ്ടപ്പെടുത്തും എന്നത് സത്യമാണെങ്കിലും ശ്രദ്ധയോടെയുള്ള അവയുടെ പഠനം സത്യം ഗ്രഹിക്കാന്‍ ഒരു ഗവേഷകനെ സഹായിക്കും. ഇവക്കൊക്കെ പുറമേ ജനങ്ങള്‍ തന്നെ ചരിത്രപഠനത്തിന്റെ രീതിശാസ്ത്രമനുസരിച്ച് അറിവിന്റെ പ്രാഥമികഉറവിടങ്ങളാണ്. ഇരുപതാം നൂറ്റാണ്ടിലെ ഫ്രാന്‍സിലെ ഒരു ഗ്രാമം പഠനവിധേയമാക്കി മദ്ധ്യകാല യൂറോപ്പിന്റെ ഫ്യൂഡല്‍ വ്യവസ്ഥിതിയെ ഇപ്രകാരം നിര്‍മ്മിച്ചെടുത്ത മാര്‍ക് ബ്ലോഹ്ക്, പുരാതന ഇന്ത്യയുടെ ചരിത്രവും സംസ്‌കൃതിയും പഠിക്കാന്‍ ഇക്കാലഘട്ടത്തിലെ ജനങ്ങളെ പഠനസ്രോതസ്സാക്കിയെ ഡി.ഡി. കോസാംബി എന്നിവര്‍ ഉദാഹരണങ്ങളാണ്.

മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ചരിത്രപരമായ രേഖകളും ലിഖിതങ്ങളും അപ്രാപ്യമായിരിക്കുന്ന മാര്‍ത്തോമ്മാനസ്രാണികളുടെ ഉത്ഭവകാലഘട്ടത്തെക്കുറിച്ച് പഠിക്കാന്‍ അവരെത്തന്നെയാണ് പഠനവിധേയമാക്കേണ്ടത്. അവരുടെ സംസ്‌കാരവും വിശ്വാസവും പുരാതനമായ സാഹിത്യകൃതികളും വാമൊഴിയായി കൈമാറിവന്ന പാട്ടുകളും കലകളുമെല്ലാം മാര്‍ത്തോമ്മായുടെ ഭാരതപ്രേഷിതത്വത്തിന് ശക്തി പകരുന്ന തെളിവുകളാണ്.

9. മാര്‍ത്തോമ്മായുടെ ഭാരതപ്രവേശം – തെളിവുകള്‍ ധാരാളം

9.1 സഭാപിതാക്കന്മാരുടെ സാക്ഷ്യം

(പാശ്ചാത്യപൗരസ്ത്യസഭാപിതാക്കന്മാരായ ഒരിജന്‍ (186255), വി. എഫ്രേം (306373), വി. ഗ്രിഗറി നസിയാന്‍സെന്‍ (329390), സിറിലോണിയ (396), മിലാനിലെ വി. അംബ്രോസ് (333397), വി. ജോണ്‍ ക്രിസോസ്റ്റോം (347407), വി. ജറോം (342420), ബ്രേഷ്യയിലെ വി. ഗൗതംഷ്യസ് (410427), നോളയിലെ വി. പൗളിനോസ് (353431), സാരൂഗിലെ ജേക്കബ് (457521), ഭാഗ്യപ്പെട്ട വി. ബീഡ് (673735), ടൂര്‍സിലെ വി. ഗ്രിഗറി (538593), ഗ്രിഗറി ദി ഗ്രേറ്റ് (590604), വി. ഇസിദോര്‍ ഓഫ് സെവില്‍ (560 636) എന്നിവര്‍ നേരിട്ടോ അല്ലാതെയോ വി. തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും സാക്ഷ്യപ്പെടുത്തുന്നുണ്ട്).

9.2 ആരാധനക്രമ തെളിവുകള്‍

(വിശ്വാസവും പാരമ്പര്യങ്ങളും സംരക്ഷിക്കുകയും തലമുറകളിലേക്കതു കൈമാറുകയും ചെയ്യുന്ന സഭയുടെ ആരാധനാക്രമത്തിലും പ്രാചീന രക്തസാക്ഷിത്വ ചരിത്രത്തിലും മറ്റ് ആരാധനക്രമ പഞ്ചാംഗങ്ങളിലും വി. തോമ്മാശ്ലീഹായെ ഭാരതസഭയോടു ബന്ധപ്പെടുത്തിയാണ് പ്രതിപാദിക്കുന്നത്)

9.3 അപ്രമാണിക രചനകള്‍ (അപ്പോക്രിഫല്‍ രചനകള്‍)

പ്രാചീനകൃതികളായ യൂദാതോമ്മായുടെ നടപടികള്‍ (മൂന്നാം ശതകാരംഭം) ശ്ലീഹന്മാരുടെ പഠനങ്ങള്‍ (മൂന്നാം ശതകം) തോമ്മായുടെ പീഡാസഹനം (നാലാം ശതകം) തുടങ്ങിയവ തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയുംപറ്റി പ്രതിപാദിക്കുന്ന കൃതികളാണ്. മൂന്നാം ശതകത്തില്‍ സുറിയാനി ഭാഷയില്‍ എഴുതപ്പെട്ടതെന്നു കരുതപ്പെടുന്ന യൂദാതോമ്മായുടെ നടപടികള്‍ എന്ന കൃതിക്കു ലഭിച്ച പ്രാധാന്യം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. ഗുണ്ടഫോറസ് എന്നൊരു രാജാവ് ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ ഭാരതത്തില്‍ ഭരണം നടത്തിയിരുന്നുവെന്ന് സമകാലിക ഗവേഷണങ്ങളിലൂടെ കണ്ടെത്തിയത് തോമ്മായുടെ നടപടികള്‍ എന്ന കൃതിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

9.4 പ്രാദേശിക പാരമ്പര്യങ്ങള്‍

(തോമ്മാശ്ലീഹായുടെ ആഗമനവും പ്രേഷിതപ്രവര്‍ത്തനവും ഏഴരപ്പള്ളികളുടെ (ക്രിസ്ത്യന്‍ സമൂഹങ്ങളുടെ) സ്ഥാപനവും സംബന്ധിച്ച സുവ്യക്തമായ ഓര്‍മ്മകള്‍ പ്രസ്തുത പ്രദേശവാസികളുടെ മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നുണ്ട്.)

9.5 തോമ്മാശ്ലീഹായുടെ കബറിടം

(മൈലാപ്പൂരിലെ പ്രാചീനകബറിടം മാത്രമാണ് തോമ്മാശ്ലീഹായുടെ ഭൗതികാവശിഷടങ്ങള്‍ സംവഹിച്ച ഏക കബറിടമായി വിലയിരുത്തപ്പെടുന്നത്. മാര്‍ത്തോമ്മാശ്ലീഹായുടെ മൈലാപ്പൂരിലെ കബറിടത്തെ സംബന്ധിച്ചുള്ള പാരമ്പര്യവിശ്വാസവും ഭാരതത്തിലോ വിദേശത്തെവിടെയെങ്കിലുമോ ശ്ലീഹായുടെ കബറിടമുള്ളതായി ആരും അവകാശപ്പെടാത്തതും മൈലാപ്പൂരിലെ ശ്ലീഹായുടെ കബറിടത്തിന്റെ വാസ്തവികതയ്ക്ക് ഉറപ്പ് നല്‍കുന്നു. മൈലാപ്പൂരിലെ മാര്‍ത്തോമ്മാശ്ലീഹായുടെ കബറിടം ചരിത്രപരമായ അടിത്തറയില്ലാത്ത ഒരു കെട്ടുകഥ മാത്രമായിരുന്നുവെങ്കില്‍ അതു മെനഞ്ഞെടുത്തവര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനരംഗമായിരുന്ന കേരളത്തില്‍ നിന്നകലെ തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ പ്രസ്തുത കബറിടത്തെ പ്രതിഷ്ഠിക്കുമായിരുന്നില്ല.)

10. ആഗോളസഭയുടെ ഔദ്യോഗികസ്ഥിരീകരണങ്ങള്‍

മാര്‍പാപ്പാമാര്‍ ഭാരത സഭയിലെ മെത്രാന്മാരെയും, അര്‍ക്കദിയാക്കോന്മാരെയും, വിശ്വാസികളെയും അഭിസംബോധന ചെയ്ത് മാര്‍ത്തോമ്മാ നസ്രാണി സഭയുടെ ശ്ലൈഹിക പാരമ്പര്യം ഉദ്‌ബോധിപ്പിച്ചുകൊണ്ട് എഴുതിയ പല തിരുവെഴുത്തുകളും ഡിക്രികളും കല്പനകളും പതിനാലാം ശതകം മുതലുള്ളത് ഏതൊരാള്‍ക്കും കണ്ടു ബോദ്ധ്യപ്പെടാന്‍ കഴിയും. അവയില്‍ ചിലത് മാത്രം സൂചിപ്പിക്കട്ടെ…

10. 1 പരിശുദ്ധ പിതാവ് ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പാ 1886 സെപ്റ്റംബര്‍ ഒന്നിന് പുറപ്പെടുവിച്ച ഹുമാനേ സലുത്തിസ് ഔക്തോര്‍ എന്ന തിരുവെഴുത്തുവഴി ഭാരതത്തില്‍ പ്രൊപ്പഗാന്താ തിരുസംഘത്തിന്റെ അധികാരത്തിന്‍ കീഴില്‍ ലത്തീന്‍ ഹയരാര്‍ക്കി സ്ഥാപിച്ചു. ഈ തിരുവെഴുത്തില്‍ അപ്പസ്‌തോലന്മാരുടെ സാര്‍വത്രിക സുവിശേഷവല്‍ക്കരണ പ്രേക്ഷിതത്വത്തെപ്പറ്റി പ്രതിപാദിച്ചതിനുശേഷം പരിശുദ്ധ പിതാവ് സാക്ഷ്യപ്പെടുത്തുന്നു: പാരമ്പര്യമനുസരിച്ച് ഇന്ത്യയിലെ വിശാലമായ പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള ശ്ലൈഹികശുശ്രുഷ നിര്‍വഹിക്കുന്നതിനുള്ള ചുമതല (ഉത്തരവാദിത്വം) തോമസിനാണ് ലഭിച്ചത്. പ്രാചീന കൃതികള്‍ സാക്ഷ്യപ്പെടുത്തുന്നതുപോലെ ക്രിസ്തുവിന്റ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ആദ്യം തോമസ് എത്യോപ്യാ, പേര്‍സ്യാ, ഹിര്‍ക്കാനിയാ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുകയും അതിനുശേഷം അവസാനമായി ഇന്ത്യയില്‍ എത്തുകയും ചെയ്തു. എറ്റവും ഗൗരവമേറിയ പ്രയാസങ്ങള്‍ നിറഞ്ഞ വളരെ ക്ലേശകരമായ ഒരു യാത്രയ്ക്കു ശേഷം തോമസാണ് ആ ജനതകളെ ആദ്യമായി സുവിശേഷ വെളിച്ചത്താല്‍ പ്രശോഭിപ്പിച്ചത്. ആത്മാക്കളുടെ പരമോന്നത ഇടയന് തന്റെ സ്വന്തം രക്തംകൊണ്ട് സാക്ഷ്യം വഹിച്ചതിനുശേഷം സ്വര്‍ഗ്ഗത്തിലെ നിത്യ സമ്മാനം പ്രാപിക്കുന്നതിനുവേണ്ടി അദ്ദേഹം വിളിയ്ക്കപ്പെട്ടു. ആ സമയം മുതല്‍ ഇന്ത്യ ഒരിക്കലും പൂര്‍ണ്ണമായി സമാരാദ്ധ്യനായ ഈ അപ്പസ്‌തോലനെ ആദരിക്കുന്നതില്‍ നിന്നും വിരമിച്ചിട്ടില്ല എന്നത് വളരെ വ്യക്തമായ സംഗതിയാണ്. തോമ്മായുടെ നാമവും സ്തുതിപ്പുകളും ആ സഭകളുടെ അതിപുരാതനമായ ആരാധനക്രമ പുസ്തകങ്ങളില്‍ ആഘോഷിക്കപ്പെടുന്നവയെന്നു മാത്രമല്ല മറ്റു സ്മാരകങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളതുമാണ്.

10.2 1923 ഡിസംബര്‍ 21-ാം തിയതി സീറോ മലബാര്‍ സഭയുടെ ഹയരാര്‍ക്കി സ്ഥാപിച്ചുകൊണ്ട് പതിനൊന്നാം പീയൂസ് മാര്‍പാപ്പ പുറപ്പെടുവിച്ച ശ്ലൈഹീക രേഖയില്‍ ഇപ്രകാരം പറയുന്നു: ‘സീറോ മലബാര്‍ സഭ മറ്റു പൗരസ്ത്യ സഭകളുടെയിടയില്‍ വളരെ ശ്രേഷ്ഠമായ ഒരു സ്ഥാനം അലങ്കരിക്കുന്നു. കാരണം തോമ്മാശ്ലീഹായില്‍ നിന്നും സുവിശേഷ വെളിച്ചം സ്വീകരിച്ച പുരാതന ക്രിസ്തീയ സമൂഹങ്ങളില്‍ നിന്നുമാണ് ഈ സഭ ഉടലെടുത്തത്.’ പതിമൂന്നാം ലെയോ മാര്‍പാപ്പായുടെ മുന്‍പറഞ്ഞ പ്രസ്താവന ഉദ്ധരിച്ചതിനുശേഷം പാപ്പാ പ്രഖ്യാപിച്ചു: തോമസിന്റെ സുവിശേഷപ്രേഘോഷണത്തിന്റയും രക്തസാക്ഷിത്വത്തിന്റയും പ്രശസ്തി മലബാര്‍ പ്രേദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ പ്രേദേശത്തു ജീവിക്കുന്ന ക്രൈസ്തവ വിശ്വാസികള്‍ എന്നും മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ എന്നാണ് വിളിക്കപ്പെടുന്നത്. ഇന്ത്യയില്‍ മാത്രമേ വിശ്വാസികള്‍ മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ എന്ന പേരില്‍ അറിയപ്പെടുന്നുള്ളു എന്നത് പ്രത്യേകം എടുത്തു പറയേണ്ട വസ്തുതയാണ്. മാത്രമല്ല അവരുടെ ഇടയില്‍ തോമ്മാശ്ലീഹായുടെ പേരിലുള്ള ധാരാളം പള്ളികള്‍ ഉണ്ട്; അനേകം വിശ്വാസികള്‍ തങ്ങളുടെ കുട്ടികള്‍ക്ക് മാമ്മോദീസായുടെ സമയത്ത് തോമസ് എന്ന പേര് നല്കുകയും ചെയ്യുന്നു.

10.3 1952 ഡിസംബര്‍ 31-ാം തീയതി മാര്‍ത്തോമ്മാശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ 19-ാം ശത വാര്‍ഷികാഘോഷത്തിന്റെ അവസരത്തില്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ ഇപ്രകാരം പറഞ്ഞു:

നിങ്ങളുടെ രാജ്യത്ത് തോമ്മാശ്ലീഹാ വരികയും വാക്കിലൂടെയും പ്രവൃത്തിയിലൂടെയും സമ്പൂര്‍ണ്ണസ്വയാര്‍പ്പണത്തിലൂടെയും ക്രിസ്തുവിന് സാക്ഷ്യം വഹിക്കുകയും ചെയ്തിട്ട് 19 ശതാബ്ദങ്ങള്‍ കടന്നുപോയി. അദ്ദേഹത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ദൈവികശക്തി അതിശക്തമായിരുന്നു. ഇന്ത്യ പാശ്ചാത്യപ്രദേശത്തുനിന്നും വേര്‍തിരിക്കപ്പെട്ടിരുന്ന നൂറ്റാണ്ടുകളില്‍ വേദനാജനകമായ അനേകം സംഭവങ്ങള്‍ ഉണ്ടായിട്ടും അപ്പസ്‌തോലന്‍ സ്ഥാപിച്ച ക്രിസ്തീയസമൂഹങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ലഭിച്ച പൈതൃകം അഭംഗുരം കാത്തുസൂക്ഷിച്ചു. 15-ാംനൂറ്റാണ്ടിന്റെ അവസാനം സമുദ്രംവഴി പാശ്ചാത്യക്രൈസ്തവരുമായി ഒരു ബന്ധം ഉണ്ടാായപ്പോള്‍ ഏതദ്ദേശക്രിസ്ത്യാനികളുടെ അവരുമായുള്ള ഐക്യം സ്വമേധയാ ഉള്ളതായിരുന്നു. ഈ ശ്ലൈഹികബന്ധം, പ്രിയപ്പെട്ട പുത്രീപുത്രന്മാരെ, അപ്പസ്‌തോലന്റെ പേരില്‍ മഹത്ത്വം കൊള്ളുന്ന നിങ്ങളില്‍ അനേകം പേരുടെ അസൂയാവഹമായ ആനുകൂല്യമാണ് (മുതല്‍ക്കൂട്ടാണ്). ഇത് അംഗീകരിക്കുകയും ഇതിനു സാക്ഷ്യം വഹിക്കുവാന്‍ സാധിക്കുകയും ചെയ്യുന്നതില്‍ നാം സന്തുഷ്ടനാണ്. അനേകം സത്ക്കര്‍മ്മങ്ങളാല്‍ പൂവണിയുന്ന അവരുടെ സജീവപ്രവര്‍ത്തനവും ശ്ലൈഹികചൈതന്യവും അതിനോട് ഭാരതകത്തോലിക്കാസഭ ക്രിസ്തുരാജ്യത്തിനുവേണ്ടിയുള്ള അനേകം വൈദികര്‍ക്കും കന്യകമാര്‍ക്കും കടപ്പെട്ടിരിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ സ്വഭാവത്തിന്റെ ഭാഗമായിരിക്കുമെന്നും മതജീവിതത്തിന്റെ വളര്‍ച്ചയെ പരിപോഷിപ്പിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

10.4 രണ്ടായിരാമാണ്ടിലെ മഹാജൂബിലിയുടെ ഒരുക്കത്തിനുവേണ്ടി 1994 നവംബര്‍ 10-ാം തിയതി പ്രസിദ്ധീകരിച്ച തിരുവെഴുത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചു: ഏഷ്യയെ സംബന്ധിച്ചിടത്തോളം ജൂബിലി പാരമ്പര്യമനുസരിച്ച് ക്രിസ്താബ്ദത്തിന്റെ ആരംഭത്തില്‍ത്തന്നെ ഭാരതത്തില്‍ സുവിശേഷ പ്രഘോഷണം നടത്തിയ തോമ്മാശ്ലീഹായെക്കുറിച്ച് നമ്മെ ഓര്‍മ്മപ്പടുത്തുന്നു; ഏകദേശം 1500-ാം ആണ്ടുവരെ പോര്‍ട്ടുഗലില്‍ നിന്നുമുള്ള മിഷനറിമാര്‍ അവിടെ എത്തിയിരുന്നില്ല.

10.5 വീണ്ടും സീറോ മലബാര്‍ സഭയുടെ റോമില്‍ വച്ചുനടത്തിയ പ്രത്യേക സിനഡിന്റെ ഉദ്ഘാടന വേളയില്‍ 1996 ജനുവരി 8-ാം തിയതി സീറോ മലബാര്‍ മെത്രാന്‍മാരോട് പറഞ്ഞ പ്രസംഗത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചു: ‘തോമ്മാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തിന്റെ ഫലമായി വിശ്വാസത്തിലേക്കു ജനിച്ച സീറോ മലബാര്‍ സഭ പൗരസ്ത്യ ക്രിസ്തീയതയുടെ നാനാത്വം പ്രകടമാക്കുന്ന സഭാകുടുംബങ്ങളിലൊന്നില്‍ ഉള്‍പ്പെടുന്നു’. സിനഡിന്റെ സമാപനത്തിനുശേഷം സീറോ മലബാര്‍ മെത്രാന്‍മാര്‍ മലങ്കര മെത്രാന്‍മാരോടൊപ്പം ‘ആദ് ലിമിന’ എന്നറിയപ്പെടുന്ന ഔദ്യോഗിക സന്ദര്‍ശനത്തിനു ചെന്നപ്പോള്‍ മാര്‍പാപ്പ വീണ്ടും ആവര്‍ത്തിച്ചു: ‘നിങ്ങളുടെ പൊതുവായ ഉത്ഭവം ക്രിസ്തുമതത്തിന്റെ ആരംഭത്തിലാണ് എത്തിനില്‍ക്കുന്നത്; അതായത് മഹത്ത്വപൂര്‍ണ്ണനായ തോമ്മാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തില്‍’.

10.6 1999 നവംബര്‍ 6-ാം തിയതി പ്രസിദ്ധീകരിച്ച ഏഷ്യയിലെ സഭ എന്ന അപ്പസ്‌തോലിക ഉപദേശത്തില്‍ മാര്‍പാപ്പ പ്രസാതാവിച്ചു: ജറുസലേമില്‍ നിന്നും സഭ അന്ത്യോക്യായിലേയ്ക്കും റോമായിലേയ്ക്കും അതിനപ്പുറത്തേയ്ക്കും വ്യാപിച്ചു. അത് തെക്ക് എത്യോപ്യായിലും വടക്ക് സിന്ധ്യായിലും കിഴക്ക് ഇന്ത്യയിലും എത്തിച്ചേര്‍ന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാരമ്പര്യമനുസരിച്ച് വിശുദ്ധ തോമ്മാശ്ലീഹാ എ. ഡി 52 ല്‍ അവിടെ എത്തുകയും തെക്കേ ഇന്ത്യയില്‍ ക്രിസ്തീയസമൂഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.

പ്രസംഗങ്ങളിലും പ്രഭാഷണങ്ങളിലും മാത്രമല്ല, ശ്ലൈഹികലേഖനങ്ങളിലും ആധികാരികമായ അപ്പസ്‌തോലിക കോണ്‍സ്റ്റിറ്റിയൂഷനുകളില്‍പ്പോലുമുള്ള ഇത്തരത്തിലുള്ള നിരന്തരവും യുക്തിയുക്തവുമായ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത് പരിശുദ്ധ സിംഹാസനത്തെ സംബന്ധിച്ചിടുത്തോളം മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സഭയുടെ ശ്ലൈഹിക ഉത്ഭവം വിശ്വസനീയവും അംഗീകരിക്കപ്പെടുന്നതുമായ ഒരു വസ്തുതയാണെന്നാണ്.

സമാപനം

കേവലം ചരിത്രപരമായ രേഖകളുടെ അഭാവം ചൂണ്ടിക്കാട്ടിയും തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസൃതം പുരാതനചരിത്രത്തെ വളച്ചൊടിച്ചും കേരളത്തിലെ മാര്‍ത്തോമ്മാനസ്രാണിസമുദായത്തിന്റെ ഉത്ഭവചരിത്രത്തെ നിഷേധിക്കുന്നതില്‍ ചിലര്‍ക്കുള്ള പ്രത്യേകതാത്പര്യങ്ങള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. മാര്‍ത്തോമ്മായുടെ പൈതൃകം നിഷേധിക്കുന്‌പോഴും മാര്‍ത്തോമ്മാനസ്രാണികളുടെ പാരന്പര്യങ്ങളെയും ജീവിതശൈലിയെയും നൂറ്റാണ്ടുകളിലൂടെ കൈമാറിവന്ന വിശ്വാസങ്ങളെയും കലാരൂപങ്ങളെയുമൊന്നും ഇപ്രകാരം ചരിത്രത്തെ നിഷേധിക്കുന്ന പണ്ഡിതരൊന്നും തന്നെ പരിശോധിക്കുന്നില്ല എന്നത് അവരുടെ പഠനത്തിന്റെ വലിയ വൈകല്യത്തെ ചൂണ്ടിക്കാണിക്കുന്നു. എത്രമാത്രം നിഷേധിച്ചാലും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഭാരതനസ്രാണികത്തോലിക്കാസഭയുടെ വിശ്വാസത്തിലും ബോധ്യത്തിലും ആഴത്തില്‍ പതിഞ്ഞതും സാമൂഹികവും സാംസ്‌കാരികവുമായ വേരുകളുമുള്ള മാര്‍ത്തോമ്മാപൈതൃകത്തിന് യാതൊരു ഉലച്ചിലും സംഭവിക്കുകയില്ല എന്നതാണ് സത്യം.

കടപ്പാട്

ഡോ. പയസ് മലേക്കണ്ടത്തില്‍
ഡോ. ജോസഫ് കൊല്ലാറ
(ചരിത്രപണ്ഡിതര്‍)
ഡോ. കുര്യന്‍ മാതോത്ത്

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy