കൗതുകമുണര്‍ത്തുന്ന ഒരു ചോദ്യമാണിത്. ആഗോളകത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷന്‍ എന്ന നിലയില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ഭീമമായ തുക ശമ്പളമുണ്ടെന്ന് കരുതുന്നവരാരോ ആണ് ഇത്തരമൊരു ചോദ്യം ചോദിച്ചത്. എന്നാല്‍ യാഥാര്‍ത്ഥ്യം തികച്ചും വ്യത്യസ്തമാണ്. ശമ്പളം എന്ന നിലയില്‍ അല്പം പോലും തുക മാര്‍പാപ്പക്ക് നല്കപ്പെടുന്നില്ല എന്നതാണ് അത്.
അതേസമയം, മാര്‍പാപ്പയുടെ യാത്രകളും മറ്റ് ആവശ്യങ്ങളും വത്തിക്കാന്‍ നേരിട്ട് നടത്തിക്കൊടുക്കുകയാണ് ചെയ്യുന്നത്. യാതൊന്നിനേക്കുറിച്ചും മാര്‍പാപ്പ ആകുലപ്പെടേണ്ടതില്ല. പക്ഷേ സ്വന്തമായി ആമസോണ്‍ ഓര്‍ഡര്‍ കൊടുക്കാനുള്ള പണം മാര്‍പാപ്പക്ക് വത്തിക്കാന്‍ നല്കുന്നില്ലെന്ന് തമാശരൂപത്തില്‍ ഈ ചോദ്യത്തിന് ഉത്തരം നല്കിയ ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കാരുണ്യപ്രവര്‍ത്തികള്‍ക്ക് വേണ്ടി സ്വരുക്കൂട്ടിയിരിക്കുന്ന പണത്തില്‍ മാര്‍പാപ്പക്ക് സ്വാതന്ത്ര്യമുണ്ട്. ആവശ്യാനുസരണം സാമ്പത്തികസഹായം ആവശ്യമുള്ളവര്‍ക്ക് നല്കുന്നതിന് മാര്‍പാപ്പക്ക് അധികാരമുണ്ട്. അടുത്തിടെ മെക്സിക്കോയിലെ പാവപ്പെട്ടവരെ സഹായിക്കുന്നതിനായി പത്രോസിന്‍റെ കാശില്‍ നിന്നും (നമ്മുടെ ഇടവകകളില്‍ നിന്നും വര്‍ഷത്തിലൊരിക്കല്‍ ഇത് പിരിച്ചെടുക്കാറുണ്ട്) 500,000 യൂറോയാണ് മാര്‍പാപ്പ നല്കിയത്. മാര്‍പാപ്പ നല്കുന്ന പലവിധ സംഭാവനകളില്‍ ഒന്ന് മാത്രമാണ് ഇത്. യുദ്ധം, വരള്‍ച്ച, പ്രകൃതിദുരന്തങ്ങള്‍ എന്നിവയുണ്ടാകുമ്പോള്‍ ഇപ്രകാരമുള്ള സഹായങ്ങള്‍ മാര്‍പാപ്പമാര്‍ അതാത് പ്രദേശങ്ങള്‍ക്ക് നല്കാറുണ്ട്.