ഇന്ത്യയിലെ രണ്ടാം ജമ്മുകാശ്മീർ എന്നറിയപ്പെടുന്ന സ്ഥലം ഏതെന്നറിയാമോ?
അധോലോക നായകന്മാരുടെയും
തീവ്രവാദി സംഘങ്ങളുടേയും തേർവാഴ്ചയ്ക്ക് കുപ്രസിദ്ധിയാർജിച്ച മണിപ്പൂരാണത്.
മണിപ്പൂരിൻ്റെ തലസ്ഥാനമായ
ഇംഫാലിൽ നിന്നും,
25 കിലോമീറ്റർ അകലെയുള്ള
ആരിയാൻ എന്ന സ്ഥലത്ത്
2001 മെയ് 15ന് നടന്ന സംഭവമാണിനി പറയാൻ പോകുന്നത്.
സംഭവം നടക്കുന്നത് ഒരു സലേഷ്യൻ നൊവിഷ്യേറ്റ് ഹൗസിൽ.
ഗുരുവച്ചനായ റഫായേലച്ചൻ
ക്ലാസെടുത്തു കൊണ്ടിരിക്കുന്നു.
ക്ലാസ് നടക്കുന്നതിനിടയിൽ
അന്ത്രയോസച്ചൻ വന്ന് റഫായേലച്ചൻ്റെ കാതിൽ എന്തോ പറഞ്ഞു.
അതു കേട്ടപാടേ,
‘നിങ്ങൾ ഇരുന്ന് പഠിക്കൂ, ഞങ്ങൾ ഉടനെ വരാമെന്നു പറഞ്ഞ് ‘
അവർ ക്ലാസിൽ നിന്നിറങ്ങി നേരെ പള്ളിയിലേക്ക് പോയി.
അല്പനേരത്തെ പ്രാർത്ഥനക്കു ശേഷം അവരിരുവരും പുറത്തേക്കിറങ്ങി.
ഏതാനും നിമിഷങ്ങൾക്കു ശേഷം
റീജൻ്റ് ബ്രദറായ ബിനു
അവരോട് പറഞ്ഞു:
നിങ്ങൾ എല്ലാവരും പള്ളിയിൽ
പോയിരുന്ന് പ്രാർത്ഥിക്കുക.
നമ്മൾ വലിയ ഒരു അപകടത്തിലാണ്.
ഇവിടെ തീവ്രവാദികൾ വന്നിട്ടുണ്ട്.
അച്ചന്മാർ രണ്ടു പേരും മുറ്റത്ത്
അവരുമായ് സംസാരിക്കുകയാണ്.”
അവരെ അവിടെ ഇരുത്തി
ബ്രദർ ബിനുവും അച്ചന്മാർക്ക്
തുണയായ് മുറ്റത്തെത്തി.
തീവ്രവാദികൾ അവരുമായ്
തർക്കത്തിലായി.
അവരുടെ സ്വരമുയർന്നു:
”അകത്തുള്ള എല്ലാവരെയും വിളിച്ച് നിരനിരയായ് നിറുത്തുക.
എല്ലാവരെയും ഞങ്ങൾ കൊല്ലാൻ പോകുകയാണ്.”
ഇതു കേട്ടപാടെ റഫായേലച്ചൻ പറഞ്ഞു:
“അവർ കുട്ടികളാണ്, നിങ്ങളുടെ കരങ്ങളിലുള്ള തോക്കുകൾ കണ്ടാൽ
അവർ പേടിച്ചു പോകും.
അതു കൊണ്ട് നിങ്ങൾക്ക് പറയാനുള്ളതും ചെയ്യാനുള്ളതും ഞങ്ങളോടായിക്കൊള്ളൂ.”
‘ഞങ്ങൾക്ക് പറയാനുള്ളതിതാണ് ‘
എന്നു പറഞ്ഞ് ആ തീവ്രവാദികൾ
അവർക്കു നേരെ കലി തീരുവോളം നിറയൊഴിച്ചു.
അതിനു ശേഷം അകത്തേയ്ക്ക്
കയറാതെ അവർ മടങ്ങിപ്പോയി.
പളളിയിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നവരോട് ഇവയെല്ലാം ഒളിഞ്ഞു നിന്ന് കണ്ട അടുക്കളക്കാരൻ വന്നു പറഞ്ഞു:
“മക്കളേ നമ്മുടെ അച്ചന്മാരെ അവർ കൊന്നു.”
ആ മൂന്നു പേരുടെയും
ചോരയൊഴുകുന്ന ശരീരം ചുമന്നവരിൽ പലരും ഇന്ന് വൈദികരാണ്.
സുഡാനിൽ ശുശ്രൂഷ
ചെയ്യുന്ന എൻ്റെ സുഹൃത്തായ ഷൈജനച്ചനാണ് അവരിൽ ഒരാൾ.
ആ സംഭവത്തെക്കുറിച്ച് അച്ചൻ്റെ
ഒരു സാക്ഷ്യം കൂടി ചേർക്കുകയാണ്:
“ഞങ്ങളെ മുറ്റത്തേയ്ക്കിറക്കാൻ പറഞ്ഞപ്പോൾ, അതിന് സമ്മതിക്കാതെ ‘നിങ്ങൾക്ക് പറയാനുള്ളതും ചെയ്യാനുള്ളതും ഞങ്ങളോട് ചെയ്തുകൊള്ളൂ’
എന്ന് പറഞ്ഞ് മരണത്തെ സധൈര്യം ഏറ്റുവാങ്ങിയവരാണ് അവർ മൂന്നു പേരും.
ആ വാക്കുകളാണ് ഇന്ന് ഒരു മിഷനറിയായി വേല ചെയ്യാൻ എനിക്ക് കരുത്ത് നൽകുന്നത്. ഒന്നുറപ്പാണച്ചാ….
ക്രിസ്തുവിനു വേണ്ടി മരിക്കാൻ ഭയപ്പെടുന്നവർ മിഷനറിയല്ല.
അവർ, ക്രിസ്തുവിനേക്കാൾ
സ്വന്തം ജീവനെ സ്നേഹിക്കുന്ന
ഭീരുക്കളാണ്.”
എത്ര ചൂടുള്ള വാക്കുകൾ അല്ലെ?
ക്രിസ്തു പറഞ്ഞത്
എത്രയോ ശരിയാണ്:
“…ശരീരത്തെ കൊല്ലുന്നതില്‍ക്കവിഞ്ഞ്
ഒന്നും ചെയ്യാന്‍ കഴിയാത്തവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ. കൊന്നതിനുശേഷം നിങ്ങളെ നരകത്തിലേക്കു തളളിക്കളയാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍”
(ലൂക്കാ 12 : 4, 5).
അതെ, ഒരാളെ മാത്രമെ
നാം ഭയപ്പെടേണ്ടതുള്ളു…
ദൈവത്തെ മാത്രം.
അങ്ങനെയുള്ളവർ
മരണത്തെ ഭയപ്പെടില്ല.