നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം

08/09/2020

മാര്‍ പോള്‍ ചിറ്റിലപ്പിള്ളി

1997 ഫെബ്രുവരി 13ന് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവ് താമരശ്ശേരി രൂപതയുടെ സാരഥിയായി നിയമിതനായത് മാര്‍ ജേക്കബ് തൂങ്കുഴി പിതാവ് തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥലം മാറിയ ഒഴിവിലാണ്. 13 വര്‍ഷം രൂപതയെ പുരോഗതിയിലേക്ക് നയിച്ച പിതാവ് 2010 ഏപ്രില്‍ 8ന് രൂപതാഭരണത്തില്‍ നിന്ന് വിരമിച്ചു.

തൃശൂര്‍ അതിരൂപതയില്‍ മറ്റം ഇടവകയില്‍ ചിറ്റിലപ്പിള്ളി ചുമ്മാര്‍-കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളില്‍ ആറാമനായി 1934 ഫെബ്രുവരി 7ന് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി ഭൂജാതനായി. 1951 ല്‍ മറ്റം സെന്റ് ഫ്രാന്‍സീസ് ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പാസ്സായി. തേവര എസ്.എച്ച് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായ ശേഷം 1953 ല്‍ സെമിനാരിയില്‍ ചേര്‍ന്നു. 1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയിലെ പഠനത്തിനു ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു.

1961 ഒക്‌ടോബര്‍ 18ന് അഭിവന്ദ്യ മാര്‍ മാത്യു കാവുകാട്ടു പിതാവില്‍ നിന്നു റോമില്‍ വച്ച് പട്ടമേറ്റു. തുടര്‍ന്ന് റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 1966 ല്‍ തിരിച്ചെത്തി ആളൂര്‍, വെള്ളാച്ചിറ എന്നീ ഇടവകകളില്‍ അസി.വികാരിയായി. 1967-1971 കാലത്ത് വടവാതൂര്‍ മേജര്‍ സെമിനാരിയില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

1971 ല്‍ കുണ്ടുകുളം പിതാവിന്റെ ചാന്‍സലറായി നിയമിക്കപ്പെട്ടു. 1978 മുതല്‍ 88 വരെ തൃശൂര്‍ അതിരൂപതയുടെ വികാരി ജനറാള്‍ ആയിരുന്നു. 1988 ല്‍ സീറോ-മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി കല്യാണ്‍ രൂപത സ്ഥആപിതമായപ്പോള്‍ ആ രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു. 10 വര്‍ഷത്തോളം അവിടെ ശുശ്രൂഷ ചെയ്തു.

താമരശ്ശേരി രൂപത മെത്രാനായി ചുമതലയേറ്റെടുത്തപ്പോള്‍ സ്വീകരിച്ച ആദര്‍ശവാക്യം നവീകരിക്കുക, ശക്തിപ്പെടുക എന്നതായിരുന്നു. കുടുംബങ്ങളുടെ നവീകരണത്തിലൂടെ ആദര്‍ശവാക്യത്തിന്റെ പൂര്‍ണ്ണമായ ഫലപ്രാപ്തി രൂപതയില്‍ കൈവരിക്കുന്നതിന് അഭിവന്ദ്യ പിതാവ് ആത്മാര്‍ത്ഥമായി പരിശ്രമിച്ചിരുന്നു. രൂപതയുടെ ആത്മീയ സ്രോതസ്സായ പുല്ലാരാംപാറ ബഥാനിയാ ധ്യാനകേന്ദ്രം പുതുക്കി നിര്‍മ്മിച്ചത് 2004 സെപ്തംബര്‍ 13 ന് ആയിരുന്നു. ധ്യാനകേന്ദ്രത്തോടു ചേര്‍ന്ന് 2005 ജൂലൈ 23 ന് നിത്യാരാധനകപ്പേളയും കുദാശ ചെയ്തു.

രൂപതയില്‍ 13 വര്‍ഷത്തിനുള്ളില്‍ ഉണ്ടായ പള്ളികളുടെ എണ്ണം വളര്‍ച്ചയുടെ ശക്തി വെളിപ്പെടുത്തുന്നു. നേരത്തെ ഉണ്ടായിരുന്ന ചെറിയ പള്ളികളൊക്കെ ഇടവക ദൈവാലയങ്ങളായി ഉയര്‍ത്തിയതും അവിടെയൊക്കെ വികാരിമാരെ നിയമിച്ചതും പിതാവിന്റെ മിഷനറി മനസ്സാണ്. വൈദികരുടെ എണ്ണം സാരമായി വര്‍ദ്ധിച്ചത് പിതാവിന്റെ കാലത്താണ്. സമര്‍ത്ഥന്മാരെ കണ്ടുപിടിച്ച് ഉപരിപഠനത്തിനയക്കുവാനും അവരുടെ സേവനം എല്ലായിടത്തും ലഭ്യമാക്കുവാനും പിതാവ് പ്രത്യേകം ശ്രദ്ധിച്ചു. ഏതെങ്കിലും അച്ചന് രോഗം വന്നാല്‍ ആശ്വസിപ്പിക്കാനായി ഓടിയെത്തുന്ന ആദ്യവ്യക്തി പിതാവാണ്. അതിഥികളോടുള്ള പെരുമാറ്റം കണ്ടു പഠിക്കേണ്ടതാണ്. താമരശ്ശേരി രൂപതയുടെ കോഴിക്കോട്ടുള്ള സാന്നിദ്ധ്യം പി.എം.ഒ.സി. തന്നെയാണ്. വിശ്വാസപരിശീലനത്തിന്റെ എല്ലാ വിഭാഗങ്ങളും അവിടെ പ്രവര്‍ത്തിക്കുന്നു. സമര്‍ത്ഥരായ നമ്മുടെ കുട്ടികള്‍ക്ക് ഉപരിപഠനത്തിനും ജോലിലഭ്യതയ്ക്കും വേണ്ടിയാണ് സ്റ്റാര്‍ട്ട് ട്രെയിനിംഗ് സെന്റര്‍ ആരംഭിച്ചത്. രൂപതയിലെ എല്ലാ ഇടവകകളിലും സന്ദര്‍ശനം നടത്തി, വാര്‍ഡ് കൂട്ടായ്മകളില്‍ പങ്കെടുക്കുകയും രോഗികളെ ഭവനങ്ങളില്‍ ചെന്ന് പ്രാര്‍ത്ഥിച്ച് ആശ്വസിപ്പിക്കുകയും ചെയ്യാന്‍ പിതാവിന് കഴിഞ്ഞു.

സന്ന്യസ്തരുടെ എണ്ണവും പ്രവര്‍ത്തന മേഖലയും വളര്‍ന്നത് പിതാവിന്റെ കാലത്താണ്. താമരശ്ശേരി പട്ടണത്തിന്റെ ഹൃദയഭാഗത്ത് വാസ്തുശില്പത്തില്‍ മികവുപുലര്‍ത്തുന്ന കത്തീഡ്രല്‍ ദൈവാലയം വന്ദ്യപിതാവിന്റെ നേട്ടമാണ്. സീറോ-മലബാര്‍ സഭയുടെ അഭിമാനമാണ്, അഭിവന്ദ്യ പിതാവ് നേതൃത്വം കൊടുത്ത് ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ സഭയ്ക്കുനല്‍കിയ ആരാധനാക്രമ പുസ്തകങ്ങള്‍. ഇടവക സന്ദര്‍ശനം നടത്തുമ്പോള്‍ പിതാവ് ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുമായിരുന്നു. പ്രകൃതിയെ സ്‌നേഹിക്കുന്ന പിതാവ് എല്ലാം ദൈവദാനമായി കണ്ടിരുന്നു. മുഴുവന്‍ കൊന്തയും കനോനനമസ്‌കാരവും മുട്ടില്‍ നിന്നും നടന്നുമായി എന്നും ചൊല്ലും. എത്ര വൈകിയാലും പ്രാര്‍ത്ഥനപൂര്‍ണ്ണമാക്കാതെ കിടക്കാറില്ല. പ്രതിസന്ധികളുടെ മുമ്പില്‍ കഴുത്തിലെ മാലയിലെ കുരിശില്‍ പിടിച്ചു പറയും, ‘ഇതല്ലേ നമ്മുടെ ആശ്രയം’. അടുത്തു നില്‍ക്കുന്നവരുടെ കണ്‍പീലികള്‍ നനയുമായിരുന്നു.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy