മക്കൾക്കുവേണ്ടി വക്കാലത്ത് പറയുന്നവൾ

ഫാദർ ജെൻസൺ ലാസലെറ്റ്

ഒരു മകൻ തൻ്റെ അമ്മയെക്കുറിച്ച്
പറഞ്ഞ വാക്കുകളോടെ
ഈ ചിന്തയാരംഭിക്കാം:

“എന്നെ ലോകത്തിലേക്ക് കൊണ്ടുവരാൻ എൻ്റെ അമ്മ ഒരു തവണയേ പ്രസവവേദന അനുഭവിച്ചുള്ളൂ. എന്നാൽ എനിക്ക് നിത്യജീവൻ നേടിത്തരാൻ
ദീർഘകാലം അവൾ കഠിനവേദന അനുഭവിക്കേണ്ടതായ് വന്നു.”

ഇങ്ങനെ പറഞ്ഞ ആ മകനെയും
അവൻ്റെ അമ്മയെയും നിങ്ങൾ അറിയും; വി.അഗസ്റ്റിനും വി.മോണിക്കയും.
ഒരു ആയുഷ്ക്കാലം മുഴുവൻ മോണിക്ക ഒഴുക്കിയ കണ്ണീരിൻ്റെ പേരാണ് വി.അഗസ്റ്റിൻ.

അങ്ങനെയുള്ള അമ്മമാരെ ധ്യാനിക്കുമ്പോൾ അമ്മയെക്കുറിച്ച് എൻ്റെ മനസ്സിൽ
വരുന്ന നിർവ്വചനമിതാണ്:
” മക്കൾക്കു വേണ്ടി ദൈവസന്നിധിയിൽ വക്കാലത്തു പറയുന്നവൾ – അമ്മ.”

എൻ്റെ പൗരോഹിത്യ ജീവിതത്തിൽ
ഞാൻ കണ്ടിട്ടുള്ള അമ്മമാരുടെ
പ്രാർത്ഥനാ നിയോഗങ്ങളെറെയും
അവരുടെ മക്കൾക്കു വേണ്ടിയുള്ളതായിരുന്നു.
അവയിൽ ചിലതിങ്ങനെയാണ്:
അച്ചാ മക്കൾക്ക്
പരീക്ഷയാണ് പ്രാർത്ഥിക്കണം
റിസൾട്ട് വരാറായ്….
ജോലിയായില്ല….
വിവാഹം നടക്കുന്നില്ല….
കുഞ്ഞുങ്ങൾ ഉണ്ടാകുന്നില്ല….
പ്രാർത്ഥിക്കണം.

എന്തുകൊണ്ടൊ,
എനിക്കറിയില്ല
മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് പറയുന്ന അപ്പന്മാരെയും,  മാതാപിതാക്കന്മാർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നു പറയുന്ന
മക്കളെയും ഞാനധികം കണ്ടിട്ടില്ല.
എൻ്റെ ഈ നിരീക്ഷണം ചിലപ്പോൾ തെറ്റായിരിക്കാം. പൊറുക്കണം.

ഇന്നീ ചിന്ത ഇങ്ങനെയെഴുതാൻ കാരണം
അവരുടെ അമ്മയെക്കുറിച്ചുള്ള
ഒരു ധ്യാനമാണ്.
ആരുടെ അമ്മ എന്നല്ലെ?
സെബദി പുത്രന്മാരുടെ.

ഞങ്ങൾക്ക് നിൻ്റെ ഇടത്തും വലത്തും
സ്ഥാനം തരുമോ എന്ന് പ്രായപൂർത്തിയായ മക്കൾ ചോദിക്കാൻ മടിക്കുന്നിടത്താണ് മക്കൾക്കു വേണ്ടി അവളാ
വക്കാലത്ത് നടത്തുന്നത്:
“നിന്‍െറ രാജ്യത്തില്‍ എന്‍െറ ഈ രണ്ടു പുത്രന്‍മാരില്‍ ഒരുവന്‍ നിന്‍െറ വലത്തുവശത്തും അപരന്‍
ഇടത്തുവശത്തും ഇരിക്കുന്നതിനു കല്‍പിക്കണമേ!”
(മത്തായി 20 : 21).

മക്കൾക്കുവേണ്ടി വക്കാലത്ത്
നടത്തുമ്പോഴും, തന്നെക്കുറിച്ച്
ഒരു പരാമർശം പോലും ആ അമ്മ നടത്തുന്നില്ല എന്നതെത്ര മഹനീയം!

അവധിക്ക് വീട്ടിൽ പോകാൻ
മടിക്കുന്ന  എൻ്റെയൊരു സുഹൃത്തിൻ്റെ
വാക്കുകൾക്കുകൂടി കാതോർക്കാം:

“പണ്ടൊക്കെ അവധിക്ക് വീട്ടിൽ ചെല്ലുമ്പോൾ വീട്ടിൽ അമ്മയുണ്ടാകല്ലെ എന്നായിരുന്നു പ്രാർത്ഥന. എന്തെന്നാൽ,
അമ്മേ…. അമ്മേ എന്ന്
ഉറക്കെ വിളിക്കാമല്ലോ?
അപ്പോൾ അയലത്തെ
വീട്ടിൽനിന്നോ,
ഞങ്ങളുടെ പറമ്പിൽ നിന്നോ,
‘എന്തോ….’ എന്ന്
അമ്മ വിളി കേൾക്കും.
എന്നിട്ട് വീട്ടിലേക്ക് വേഗത്തിൽ
ഒരു വരവുണ്ട്.
എന്തു മനോഹരമാണെന്നോ ആ കാഴ്ച!

ഇന്നിപ്പോൾ അമ്മേ… എന്ന് വിളിച്ചാൽ
വിളി കേൾക്കാൻ  വീട്ടിൽ അമ്മയില്ല.
നീ വീട്ടിൽ വരുന്നില്ലേ,
നിൻ്റെ കുർബാന കാണാൻ
കൊതിയാകുന്നു എന്നൊക്കെ
പറയാൻ ആരുമില്ല.
അതുകൊണ്ട് അവധിക്ക്
വീട്ടിൽ പോകാൻ തോന്നുന്നുമില്ല.
സത്യത്തിൽ മക്കളല്ലെടാ അമ്മയും അപ്പനുമൊക്കെയാണ് വീടിൻ്റെ വിളക്ക്! അതണഞ്ഞു പോകുമ്പോഴാണ് യഥാർത്ഥമായ ഇരുട്ട് എന്താണെന്ന്
നമ്മൾ തിരിച്ചറിയുക.”

അപ്പനെയും അമ്മയെയും അനുഗ്രഹിക്കണമേ…
എന്ന പ്രാർത്ഥനയോടെ….
വിരാമം.

സെബദി പുത്രന്മാരിൽ ഒരുവനായ
യാക്കോബ് ശ്ലീഹായുടെ തിരുന്നാളാശംസകൾ !

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy