മാധ്യമവിചാരണയുടെ ഇരകളും സമൂഹത്തിന്റെ നിശബ്ദതയും

ബിഷപ്പ്  മാർ തോമസ് തറയിൽ

മാധ്യമവിചാരണയിൽ കുറ്റവാളിയായി ജനമനസുകളിൽ കുടിയിരുത്തപ്പെട്ടൊരാൾ നാളെ കോടതി വിചാരണയിൽ നിരപരാധിയായി തെളിഞ്ഞാൽ ജനങ്ങൾ അത് സ്വീകരിക്കുമോ? തെറ്റ് ചെയ്യാത്തവരെയും സാഹചര്യത്തെളിവുകൾ കൊണ്ടുവന്നും തെളിവുപോലെ തോന്നിക്കുന്ന അർദ്ധസത്യങ്ങൾ കൊണ്ടുവന്നും കുറ്റവാളികളാക്കാം എന്നതിന് കഴിഞ്ഞവർഷങ്ങളിൽ നടന്ന മാധ്യമ വിചാരണകൾ മാത്രം ശ്രദ്ധിച്ചാൽ മതി. അനേകദിവസങ്ങൾ ഒരേകാര്യം തന്നെ കേൾക്കുന്ന ജനം അത് വിശ്വസിക്കുകയും ചെയ്യും. മാധ്യമപ്രവർത്തകർ തങ്ങൾ ആഗ്രഹിക്കുന്ന ഉത്തരങ്ങൾ നൽകുന്നവരെ മാത്രമേ ചർച്ചകൾക്ക് ക്ഷണിക്കുകയുമുള്ളൂ. ഇത്തരം ചർച്ചകളിലൂടെ എത്രയോപേർ സംശയത്തിന്റെ നിഴലിൽ സമൂഹത്തിന്റെ മുമ്പിൽ നിൽക്കേണ്ടതായി വരുന്നു!!!

കുറ്റവാളികളെന്നു പോലീസ് കണ്ടെത്തിയവരെ വര്ഷങ്ങള്ക്കു ശേഷം നിരപരാധികളെന്നു കോടതി പ്രഖ്യാപിക്കുമ്പോൾ ആ വാർത്ത  പോലും മാധ്യമങ്ങൾ കൊടുക്കാറില്ലെന്നതാണ് വാസ്തവം. കുറ്റാരോപിതർക്കു നഷ്ടപ്പെട്ടത്  ഒരു ജീവിതവും! മാനം നഷ്ടപ്പെട്ടവന് ജീവപര്യന്തം തടവും സ്വാതന്ത്ര്യവും എല്ലാം ഒരുപോലെയല്ലേ?

മാധ്യമങ്ങൾ കുറ്റവാളികളെന്നു മുദ്രകുത്തിയവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പോലീസിനെതിരെ ആരോപണങ്ങൾ!!! അവർക്കു ശിക്ഷ വിധിച്ചില്ലെങ്കിൽ കോടതികൾക്ക് വിമർശനം. അവസാനം വര്ഷങ്ങളോളം തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ കോടതികൾ കയറിയിറങ്ങി മാനവും സമ്പത്തും ജീവിതവും നഷ്ടമാകുന്ന അനേകർ!

മാധ്യമവിചാരണകളിൽ മാനം നഷ്ടപ്പെട്ടവന് കോടതി വധശിക്ഷ വിധിച്ചാലും അതൊരു വലിയ നഷ്ടമല്ല. കാരണം അയാളുടെ ജീവൻ എന്നേ നഷ്ടപ്പെട്ടിരുന്നു!!! ഇനി അയാളെ വെറുതെ വിട്ടാലും അതയാൾക്കൊരു നേട്ടമല്ല. കാരണം ലോകം മുഴുവൻ അയാളെ കുറ്റവാളിയാക്കിക്കഴിഞ്ഞു. നിയമപരിഷ്‌കാരങ്ങൾ മനുഷ്യന്റെ മഹത്വവും അവകാശങ്ങളും സംരക്ഷിച്ചുകൊള്ളുണ്ടതാകണം.

(ഫേസ്ബുക് പോസ്റ്റ്)

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy