അജപാലനമേഖലയില്‍ ക്രിസ്തു തരുന്ന സുവിശേഷാനന്ദം ശാക്തീകരിക്കാനുള്ള 31-Ɔമത് സമ്പൂര്‍ണ്ണ സമ്മേളനം :
2019 ജനുവരി 7-മുതല്‍ 14-വരെ തിയതികളിലാണ് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സംഘത്തിന്‍റെ ദേശീയ സമ്പൂര്‍ണ്ണ സംഗമം ചെന്നൈ നഗരത്തില്‍നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള മഹാബലിപുരത്തെ ജോ ആനിമേഷന്‍ സെന്‍റെറില്‍ ( Joe Animation Centre, Mahabalipuram) ചേരുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ മെത്രാന്‍ സംഘം
132 രൂപതകളും 189 മെത്രാന്മാരുമായി പ്രവര്‍ത്തിക്കുന്ന ഭാരതത്തിലെ ലത്തീന്‍ സഭ ഏഷ്യയിലെ ഏറ്റവും വലുപ്പമുള്ളതും, ലോകത്ത് നാലാം സ്ഥാനത്തു നില്ക്കുന്നതുമായ മെത്രാന്‍ സംഘമാണ് (Episcopal Conference). രണ്ടുവര്‍ഷം കൂടുമ്പോള്‍ സമ്മേളിക്കുന്ന ഇത്തവണത്തെ 31-Ɔമത് സമ്പൂര്‍ണ്ണ സമ്മേളനം, “ക്രിസ്തുവിന്‍റെ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സുവിശേഷം” ഭാരതത്തിലെ ഇടവകകളിലൂടെയും സ്ഥാപനങ്ങളിലൂടെയും ഇനിയും ഫലവത്തായി പ്രഘോഷിക്കാനും, പ്രവര്‍ത്തനങ്ങള്‍ പുനരാവിഷ്ക്കരിക്കാനുമുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിക്കുന്ന സമ്മേളനമായിരിക്കുമെന്ന്, ദേശിയ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറി, ഫാദര്‍ ഡോ. സ്റ്റീഫന്‍ ആലത്തറ പ്രസ്താവനയിലൂടെ അറിയിച്ചു.
ഭാരതത്തിലെ വത്തിക്കാന്‍റെ സ്ഥാനപതി ഉദ്ഘാടനംചെയ്യും. ജനുവരി 7-Ɔο തിയതി തിങ്കളാഴ്ച മഹാബലിപുരത്തെത്തുന്ന മെത്രാന്മാരുടെ സംഘം, 8-Ɔο തിയതി ചൊവ്വാഴ്ച രാവിലെ ഭാരതത്തിലെ അപ്പസ്തോലിക സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ജാന്‍ബത്തീസ്ത ദി ക്വാത്രോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയര്‍പ്പണത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കം കുറിക്കുക. തുടര്‍ന്നുള്ള ഉത്ഘാടന സംഗമത്തില്‍ ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനും മുംബൈ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് അദ്ധ്യക്ഷതവഹിക്കും.
കര്‍മ്മപദ്ധതികളുടെ നവാവിഷ്ക്കാരം ഭാരതത്തിലെ ലത്തീന്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 14 കമ്മിഷനുകളുടെയും 3 പ്രധാനപ്പെട്ട വിഭാഗങ്ങളുടെയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ആദ്യദിനത്തില്‍ തന്നെ സമര്‍പ്പിക്കും. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന മെത്രാന്‍ സംഘം തുടര്‍ന്നുള്ള ദിനങ്ങളില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധരായ അജപാലകരുടെയും ദൈവശാസ്ത്രപണ്ഡിതരുടെയും സഹായത്തോടെ ബൈബളിള്‍, മതബോധനം, കാനോനനിയമവും മറ്റു സഭാ നിയമവശങ്ങളും, സഭൈക്യപ്രവര്‍ത്തനങ്ങള്‍, ദൈവവിളി, കുടുംബം, അല്‍മായര്‍, ആരാധനക്രമം, കുടിയേറ്റം, വചനപ്രഘോഷണം, സഭാനിയമങ്ങളും ദൈവശാസ്ത്രവും, സ്ത്രീകള്‍, യുവജനങ്ങള്‍ എന്നീ വിഷയങ്ങള്‍ പഠനവിഷയമാക്കിയും ചര്‍ച്ചകള്‍ നടത്തിയും കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിക്കും.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും ഭാരതത്തിലെ ഇടവക വൈദികരുടെ കൂട്ടായ്മ, വലിയ സെമിനാരി റെക്ടര്‍മാരുടെ സംഘടന, പൊന്തിഫിക്കല്‍ മിഷന്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സമ്പൂര്‍ണ്ണ സംഗമം വിലയിരുത്തും. വിവിധ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വങ്ങളിലേയ്ക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പം ഈ സമ്പൂര്‍ണ്ണസമ്മേളനത്തിന്‍റെ ഉത്തരവാദിത്ത്വമാണെന്ന് ഫാദര്‍ സ്റ്റീഫന്‍ ആലത്തറ അറിയിച്ചു.