ഹൃദയ ലാളിത്യത്തിന്റെ വെൺതൂവൽ നിങ്ങളുടെ ജീവിത യാത്രകളിൽ പൊഴിച്ചിടാൻ കഴിഞ്ഞെങ്കിൽ എത്ര സമുന്നതം ആ ജീവിതം എന്നു ഉദീരണം ചെയ്ത് ഖലീൽ ജിബ്രാന്‍റെ വാക്കുകൾ സന്യാസ ജീവിതത്തിന്റെ നിറക്കൂട്ടുകൾ ആണെന്ന് ഇത്തരുണത്തിൽ പറഞ്ഞുകൊണ്ട് അതിന് ഉത്തമ സാക്ഷിയായി നമുക്ക് മുൻപിൽ നിലകൊള്ളുന്ന വെണ്‍പ്രാവാണ് ഭാരത മണ്ണിന്‍റെ തിലകക്കുറിയായ വിശുദ്ധ അൽഫോൻസാ. സ്നേഹത്തിന്‍റെയും ലാളിത്യത്തിന്‍റെ യും എളിമയുടെയും മുടി ചൂടിയ കന്യകാകാരത്നം. നിർലോഭം ആയ സ്നേഹം പങ്കുവെക്കുന്നതിന്‍റെ മധുരിമ പകരുന്ന വ്യക്തിത്വമാണ് അൽഫോൻസാമ്മയുടേത് . ചെറുതാകലിന്‍റെയും ലാളിത്യ അനുഭവത്തിന്‍റെയും നിറവും മണവും അൽഫോൻസാമ്മ ആവാഹിച്ചെടുത്തത .വിശുദ്ധ കുർബാനയിൽ നിന്നായിരുന്നു .ദൈവ മഹത്വവും മനുഷ്യത്വവും മറച്ചുവെച്ച് നിസ്സാരമായ ഉറുമ്പിനെ പോലും നശിപ്പിക്കുവാൻ കഴിയുന്ന ചെറിയ അപ്പക്കഷണത്തിന്‍റെ രൂപത്തിൽ അത്യുന്നതൻ എഴുന്നള്ളി ഇരിക്കുന്ന കാര്യം അൽഫോൻസാമ്മയെ വിസ്മയം കൊള്ളിക്കുന്നു. കാലിത്തൊഴുത്തിലെ ബലഹീനതയും കാൽവരിയിലെ പരിത്യാഗവും വിശുദ്ധ കുർബാനയിലെ നിസ്സാരതയും അൽഫോൻസാമ്മയെ ലാളിത്യത്തിന്‍റെ ആഴങ്ങളിലേക്ക് നയിച്ചു. ഈശോയുടെ സ്നേഹം അനുഭവി ച്ച്തന്‍റെ ജീവിതത്തെ ക്രമപ്പെടുത്താൻ ബദ്ധശ്രദ്ധയുള്ളവള്‍ ആയിരുന്നു. ആയതിനാൽ അൽഫോൻസാമ്മ എന്നും എല്ലാവരെയും സ്നേഹിച്ചു .ദൈവത്തോടും മനുഷ്യരോടും ഉള്ള അവളുടെ സ്നേഹം നിർവ്യാജ വും നിരുപാധികവും ആയിരുന്നു .എന്റെ ഹൃദയം മുഴുവനും സ്നേഹം ആണെന്ന് തോന്നുന്നു എന്ന് അവൾ പറയാറുണ്ടായിരുന്നു .പ്രകൃത്യാ സ്നേഹ പ്രകൃതിക്കാരിയായ അവള്‍ തന്‍റെ ഹൃദയ സ്നേഹം മുഴുവൻ ദൈവത്തിൽ നിക്ഷേപിക്കാനും അവിടെനിന്ന് സഹോദരങ്ങളിലേക്ക് ഒഴുക്കാനും പ്രത്യേകം ശ്രദ്ധിച്ചു. ഒരു ആത്മ സുഹൃത്തി നെ പോലെ ആണ് അവൾ ദൈവത്തോട് സംസാരിക്കുകയും ബന്ധപ്പെടുകയും ചെയ്തിരുന്നത് .തന്റെ സഹവാസികളായ സഹോദരി മാരോടുള്ള അവളുടെ സ്നേഹം ഊഷ്മള വും ഉദാരവും ആയിരുന്നു .സ്നേഹം സ്ഫുരിക്കുന്ന പുഞ്ചിരിയിലൂടെ സൗഹൃദം തുടിക്കുന്ന സംഭാഷണങ്ങളിലൂടെ അവസരോചിതമായ സഹായത്തിലൂടെ ഉന്മേഷം പകരുന്ന പ്രോത്സാഹനവചസ്സുകളിലൂടെ അവൾ ആ സ്നേഹം നിർലോഭം പ്രകാശിപ്പിച്ചിരുന്നു .വിശുദ്ധ അൽഫോൻസാമ്മ ദിവ്യകാരുണ്യ നാഥനെ ഉറ്റുനോക്കി ഇരിക്കുമായിരുന്നു. അവൾ പറയുന്നത് ഇപ്രകാരമാണ് എനിക്ക് ഏറ്റവും പ്രിയങ്കരമായ ഭോജനം വിശുദ്ധ കുർബാന ആയിരുന്നു. ദിവ്യകാരുണ്യ നാഥൻ എന്‍റെ ഉള്ളിൽ ആഗതൻ ആകുമ്പോൾ എല്ലാം അവാച്യമായ ആനന്ദം ഞാൻ അനുഭവിച്ചിരുന്നു. ചുറ്റും നടക്കുന്നതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല എന്ന് . രോഗശയ്യയിൽ ആയിരിക്കുമ്പോഴും എന്റെ ജീവന്റെ നിലനിൽപ്പിന്‍റെ ശക്തികേന്ദ്രം വിശുദ്ധ കുർബാനയാണ് എന്നുപറഞ്ഞ് ചാപ്പലിലേക്ക് വളരെ സഹനം അനുഭവിച്ച എത്തുമായിരുന്നു. ഫാദർ ജോസഫ് മാലിപ്പറമ്പിൽ അച്ചന്‍റെ വാക്കുകൾ ഹൃദ്യമാണ് .വിശുദ്ധ കുർബാന സ്വീകരിക്കാൻ ഒരുങ്ങി രോഗശയ്യയിൽ കിടക്കുന്ന അൽഫോൻസാമ്മയെ കണ്ടാൽ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന ഒരു മാലാഖ മനുഷ്യ വേഷം പൂണ്ട് കിടക്കുകയാണെന്ന് തോന്നുന്നു എന്ന് ..ദിവ്യകാരുണ്യത്തിന് മുൻപിൽ ചിരിച്ചു നിൽക്കുന്ന വിശുദ്ധ എന്ന്അമ്മയെ പറഞ്ഞിട്ടുണ്ട് .ഹൃദയ സ്വാതന്ത്ര്യമാണ് അങ്ങോട്ട് അടുപ്പിച്ചത്. ഞാൻ സ്നേഹിക്കുകയാണ് എന്നാണ് വിളിച്ചോതി ഇരുന്നത്. ക്രൂശിത രൂപം സ്നേഹത്തോടെ മാറോടു ചേർത്തു പിടിച്ച് പ്രാര്‍ത്ഥിച്ചിരുന്നു. കര്‍ത്താവേ നിണമൊഴുകുന്ന അങ്ങേ കരം കൊണ്ട് എന്നെ തഴുകണമേ. ഈ പ്രാര്‍ത്ഥന നമുക്കും സ്വീകരിക്കാം.
കാലം അതിന്റെ പുരോഗതി കളിലേക്ക് കുതിച്ചുയർന്നിടുമ്പോൾ ആർക്കും നേരെ പോലും നോക്കാനോ പുഞ്ചിരിതൂകുന്ന വദനം സമ്മാനിക്കാനോ ആശ്വാസ വചസ്സുകൾ മൊഴിയുവാനോ സാഹോദര്യത്തിന്‍റെ കരങ്ങൾ ഒന്ന് കോര്‍ത്ത്പിടിക്കാനോ നന്മകളുടെ സുകൃതം അഭ്യസിക്കാനോ സഹായഹസ്തം നീട്ടാനോ ആ വാത്ത കാലം .എന്നാൽ ദൈവം പല പല സംഭവങ്ങളിലൂടെ പ്രതിഭാസങ്ങളിലൂടെ മനുഷ്യരെ ഒരുമിപ്പിക്കാൻ ബദ്ധശ്രദ്ധനായി നിലകൊള്ളുന്നു.തിന്മയുടെ കടന്നാക്രമണവും മൂല്യച്യുതി സംഭവിക്കുന്ന പ്രശ്നങ്ങളും അക്രമാസക്തമായ പ്രവണതകളും കൊറോണ വൈറസിന്‍റെ വ്യാപനവും എല്ലാം മനുഷ്യ മനസ്സിന്‍റെ താളം തെറ്റിക്കുന്നവയാണെന്ന് പറയാതിരിക്കാൻ വയ്യ. കാലത്തിന്റെ ചുവരെഴുത്തുകൾ ക്കും അപ്പുറം കര്‍മോത്സുഖരായി, ദൈവീക തേജസ് നിറഞ്ഞവരായി എളിമയും വിനയവും ലാളിത്യവും സ്വർഗ്ഗീയ നന്മകളും നിറഞ്ഞ മനസ്സുള്ള സഹജീവികൾ ആയി മാറാം, പുതു ചൈതന്യം പകരുന്ന വരായി തീരാം.ലാളിത്യത്തിന്‍റെ നിറകുടങ്ങളായ വിശുദ്ധ ഫ്രാൻസിസും വിശുദ്ധ ക്ലാരയും മറ്റ് വിശുദ്ധാത്മക്കളുമൊക്കെ വിശുദ്ധ അൽഫോൻസാമ്മയ്ക്ക് വിശുദ്ധിയിലും ലാളിത്യ ചൈതന്യത്തിലും വളരാൻ ഇട നൽകി .പാറമടയിലെ കല്ലു പൊട്ടിക്കലിന്‍റെ മൂർത്താനുഭവം വിശുദ്ധ ജോൺ പോൾ പാപ്പയെ പത്രോസിന്‍റെ സിംഹാസനത്തിലേക്ക് എത്തിച്ചത് അദ്ദേഹത്തിന്റെ ലാളിത്യത്തിന്‍റെ മഹത്വമാണ്. പാവപ്പെട്ടവരിലേ വൃത്തി കേടുകളിൽ ഒളിഞ്ഞിരിക്കുന്നത്, മുറിവേറ്റ് വികൃത രൂപത്തിൽ കുടികൊള്ളുന്നത്, തമ്പുരാൻ ആണെന്ന തിരിച്ചറിവ് മദർ തെരേസയെ ജീവിത ലാളിത്യത്തിൽ ആഴപ്പെടാന്‍ ഇടയാക്കി. നമുക്കും ഈ വേളയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഒരുങ്ങുമ്പോൾ ജീവിതത്തിന് ഊടും ഭാവവും പകരാൻ ജീവിത ലാളിത്യം വഴി കഴിയട്ടെ .ഇമക്കാത്ത കണ്ണുകളും, പതറാത്ത ചിന്തകളും ,തളരാത്ത പാദങ്ങളും വിശുദ്ധി നിറഞ്ഞ ജീവിതങ്ങളും വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ നമുക്ക് സമ്മാനിക്കാം. ജീവിതത്തിൽ എളിമയും വിനയവും വിശ്വസ്തതയും സ്നേഹവും ലാളിത്യവും കൈമുതലാക്കി മുന്നേറാം. സന്യാസ ജീവിതത്തിന്‍റെ അടിസ്ഥാനം എളിമയാണ് .എളിമയാണ് സുകൃതങ്ങളുടെ രാജ്ഞി. വിശുദ്ധിയും വിനയവും ആകുന്ന താക്കോല് കൊണ്ട് അൽഫോൻസാമ്മ സ്വർഗ്ഗത്തിന്‍റെ ആനവാതിൽതുറന്ന് കഴിഞ്ഞിരിക്കുന്നു. ഇതിന് നമുക്കും കഴിയട്ടെ.