കുട്ടപ്പനും കുർബാനയും

ഫാദർ ജെൻസൺ ലാസലെറ്റ്

അവൻ്റെ പേര് ഐവിൻ
എന്നാണെങ്കിലും
‘കുട്ടപ്പൻ’ (*) എന്നാണ്
ഞങ്ങല്ലാവരും വിളിക്കുന്നത്.
മൂന്നാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടപ്പൻ
എന്നും പള്ളിയിൽ വരുമായിരുന്നു.
കൂടെ വീട്ടുകാരും ഉണ്ടാകും.

ആ നാളുകളിൽ വിശുദ്ധ കുർബാനയുടെ സമയമത്രയും കുട്ടപ്പൻ മുട്ടുകുത്തി നിൽക്കുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഒരു ദിവസം കുർബാനക്കു ശേഷം ഞാനവനോടു ചോദിച്ചു:
”നീ എന്തിനാണ് കുർബാന സമയമത്രയും മുട്ടുകുത്തി നിൽക്കുന്നത് ?”

അപ്പോൾ അവൻ പറഞ്ഞു:

“അച്ചനറിയുമോ, എൻ്റെ മമ്മിയുടെ
വയറ്റിൽ ഒരു കുഞ്ഞുവാവയുണ്ട്.
മമ്മിയ്ക്ക് 36 വയസായി.
ആരോ പറയുന്നതു കേട്ടു
ഈ പ്രായത്തിൽ വാവയുണ്ടാകുന്നത് ബുദ്ധിമുട്ടാണെന്ന്.
അതുകൊണ്ട്, മമ്മിയും വാവയും സുഖമായിരിക്കാൻ വേണ്ടിയാണ്
ഞാൻ മുട്ടുകുത്തി നിന്ന്
വി. കുർബാനയിൽ പങ്കെടുക്കുന്നത് ! ”

ആദ്യകുർബാന സ്വീകരണം പോലും കഴിയാത്ത മൂന്നാം ക്ലാസുകാരൻ്റെ വിശ്വാസത്തിനു മുമ്പിൽ ഞാൻ മുട്ടുകുത്തിപ്പോയി.

ആ ബാലൻ്റെ കണ്ണീരോടെയുള്ള
പ്രാർത്ഥന ദൈവം കേട്ടു.
ഓമനത്തമുള്ള ഒരു കുഞ്ഞനുജത്തിയെ
അവന് ലഭിച്ചു.

പിന്നീട് അവൻ്റെ മമ്മി എന്നോട് പറയുകയുണ്ടായി:

കുട്ടപ്പൻ്റെ ചേച്ചി ഐറിനെ അച്ചനറിയില്ലേ?
മുഴുവൻ സമയവും മുട്ടിന്മേൽ നിന്നാൽ മമ്മിക്കും വാവക്കും കുഴപ്പമുണ്ടാകില്ലെന്ന് അവനോട് പറഞ്ഞത് അവളാണ്.

അൾത്താര ബാലികയായിരുന്നതിനാൽ മുഴുവൻ സമയം മുട്ടിന്മേൽ നിൽക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല.
എന്നാൽ ചേച്ചിയുടെ വാക്കുകൾ വിശ്വസിച്ച് അവൻ കരങ്ങൾകൂപ്പി മുട്ടുകുത്തുന്നതു കാണുമ്പോൾ എൻ്റെ മിഴി നിറഞ്ഞിട്ടുണ്ട്.
പലപ്പോഴും മക്കളുടെ വിശ്വാസം കണ്ട്
ഞാനും ചേട്ടായിയും മുട്ടുമടക്കിയിട്ടുണ്ട്! ”

ആദ്യകുർബാന സ്വീകരണം കഴിഞ്ഞ്
പിറ്റേ ദിവസം മുതൽ കുട്ടപ്പൻ അൾത്താരബാലനായ് ഞങ്ങളുടെ കൂടെയുണ്ട്. ഇപ്പോൾ ഏഴിൽ പഠിക്കുന്ന കുട്ടപ്പൻ്റെ വിശ്വാസത്തിനു മുമ്പിൽ എത്രയോ തവണ തോറ്റു പോയിട്ടുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

ക്രിസ്തുവിൻ്റെ വാക്കുകൾ സത്യമാണ്:
“സ്വര്‍ഗത്തിന്‍െറയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ,
അവിടുത്തെ ഞാന്‍ സ്‌തുതിക്കുന്നു. എന്തെന്നാൽ അങ്ങ്‌ ഇവ ജ്‌ഞാനികളില്‍നിന്നും ബുദ്‌ധിമാന്‍മാരില്‍നിന്നും
മറച്ചുവയ്‌ക്കുകയും ശിശുക്കള്‍ക്കു വെളിപ്പെടുത്തുകയും ചെയ്‌തു.”
(ലൂക്കാ 10 : 21)

കുട്ടപ്പനേപ്പോലെ കുഞ്ഞുനാളിൽ നമുക്കുമുണ്ടായിരുന്നു ആഴമേറിയ വിശ്വാസം.
എന്നാൽ വളർച്ചയുടെ വഴിത്താരയിൽ
അതിന് കോട്ടം വന്നുവോ എന്ന് ചിന്തിക്കുന്നത് ഉചിതമല്ലേ?
——————————
(*)വയനാട്ടിലെ നടവയൽ ഇടവകാംഗമായ വാതക്കോടത്ത് സജി – ഷിജി ദമ്പതികളുടെ മകനാണ് കുട്ടപ്പൻ.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy