കൊറോണാക്കാലം കരുതലിന്‍റെ ഭാഷ്യമാക്കാം

ബിഷപ് ‍‍ഡോ. ജോസഫ് കരിയില്‍ (ചെയര്‍മാന്‍, കെ.സി.ബി.സി ഐക്യജാഗ്രതാ കമ്മീഷന്‍)

അടച്ചിരുപ്പിന്‍റെ കാലത്തെ അടയാളവാക്യമാണ് “ജാഗ്രത”. ഏതു കാതിലും ഈ വാക്ക് വന്നുവീഴുന്നു!  ഏതു നാവും രൂപപ്പെടുത്തുന്ന അക്ഷരക്കൂട്ടും ഇതാവും. സ്വന്തം ആരോഗ്യത്തെക്കുറിച്ചും അപരന്‍റെ ആരോഗ്യത്തെക്കുറിച്ചുമുള്ള കരുതല്‍ ഇതിലുണ്ട്. തന്നെപ്പോലെതന്നെ തന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്ന കര്‍ത്തൃകല്പനയുടെ അനുവര്‍ത്തനമാണിത് എന്നുപറയാം. രോഗാണുബാധയുടെ സംശയമുണ്ടായാല്‍ ഉടനെ ഒരാളെ ക്വാറന്‍റൈനില്‍ ആക്കുന്നു. അയല്‍വാസികളെ ഈ വിവരം അറിയിക്കുന്നുമുണ്ടെന്നു കരുതാം. അല്ലെങ്കില്‍ത്തന്നെ ആരോഗ്യപ്രവര്‍ത്തകരുടെ വരവും പോക്കും മതിയല്ലോ കാര്യങ്ങള്‍ ഊഹിച്ചെടുക്കാന്‍. സഹോദരന്‍ സഹോദരന്‍റെ കാവല്ക്കാരനാകുന്നതു കാണുമ്പോള്‍, കൗതുകം തോന്നുന്നില്ലേ? കായേന്‍ മുതലിങ്ങോട്ട് എല്ലാ സഹോദരന്മാരും മറന്നുപോയതാണ് ഈ കല്പന. ഏകാധിപതികള്‍ മാത്രമാണ് ഈ കല്പന ഓര്‍ത്തതും രൂപമാറ്റം വരുത്തി ഉപയോഗപ്പെടുത്തുന്നതും. സംശയരോഗം മൂക്കുമ്പോള്‍ എല്ലാവരും ഓരോരുത്തനും ചാരന്മാരാകുന്ന അവസ്ഥ അവര്‍ സൃഷ്ടിക്കുന്നു! സ്നേഹത്തിന്‍റെ അന്തരീക്ഷമല്ല, ഭീതിയുടെ അന്തരീക്ഷമാണ് ഇവിടെ ഉണ്ടാകുന്നത്.  ഇന്നും എന്നും ബോധ്യങ്ങളെക്കാള്‍ ശിക്ഷാപേടിയാണല്ലോ നിയമവിധേയത്വത്തെ ഉറപ്പിക്കുന്നത്. ആധുനിക രാഷ്ട്രതന്ത്രത്തിന്‍റെ പിതാവായിട്ടു കരുതപ്പെടുന്ന നിക്കൊളോ മാക്കിയവെല്ലി രാജകുമാരനു കൊടുക്കുന്ന രാജനീതിയുടെ ഒരു കല്പന ഇതാണ്: It is better to be feared than loved!!

Pandemic  എന്നാണ് കോവിഡ്-19 നെ വിശേഷിപ്പിക്കുന്നത് – ശരീരത്തെ ബാധിക്കുന്ന ഒരു പകര്‍ച്ചവ്യാധി. പാന്‍ഡെമിക്കിനോടു ബന്ധപ്പെടുത്തി മനസ്സിനെ ബാധിക്കുന്ന ഒരു വ്യാധിയെക്കുറിച്ച് പറയാം. Infodemics എന്ന വ്യാധിയാണിത്. വാക്കിന്‍റെ അര്‍ത്ഥം ‘വിവരങ്ങളുടെപ്രളയം’ എന്നാണ്. ഇംഗ്ലീഷ് നിഘണ്ടുവില്‍ ഇതിന്‍റെ അര്‍ത്ഥം കൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്: an excessive amount of information concerning a problem such that the solution is made more difficult. ഒരു പ്രശ്നത്തെ സങ്കീര്‍ണ്ണമാക്കുകയോ പരിഹാരവിധികള്‍ ദുഷ്കരമാക്കുകയോ ചെയ്യുന്ന വിവരധാരാളിത്തമാണ് ഇന്‍ഫോഡെമിക്സ്. വിവരങ്ങള്‍(informations, data) വളരെ അത്യാവശ്യകമാണ്, പക്ഷേ, ലഭിക്കുന്ന വിവരങ്ങള്‍ തെളിമയുള്ള വിവരങ്ങളാവണം; ഗൂഢോദ്ദേശ്യ നിര്‍മ്മിതികളാവരുത്. സോഷ്യല്‍ മീഡിയായുടെ തള്ളിക്കയറ്റത്തോടെ സര്‍വ്വരും വിവരദാതാക്കളോ വിവരസ്രോതസ്സുകളോ ആവുന്നു. വിവര പ്രളയകാലത്ത് വസ്തുനിഷ്ഠമായ വിവരങ്ങളെക്കാള്‍ വ്യാജനിര്‍മ്മിതികളാണ് കൂടുതല്‍ ഉണ്ടാവുക. അടുത്തകാലത്ത് ഒരു വ്യാജവാര്‍ത്ത സമൂഹത്തില്‍ പ്രചരിക്കുകയുണ്ടായി. പത്രത്താളുകളിലൂടെ കോവിഡ് പകരാം! ദിനപ്പത്രങ്ങള്‍ക്കേറ്റ ആഘാതം ഭയപ്പെടുത്തുന്നതായിരുന്നു. പത്രം തൊട്ടുകഴിഞ്ഞാല്‍ സാനിറ്റൈസര്‍കൊണ്ടു കൈകഴുകണമെന്നായി! ചില വാര്‍ത്തകളെ സൗകര്യം പ്രമാണിച്ചു തമസ്കരിച്ചും ന്യൂസ് ഡെസ്കിലിരുന്ന് ഏത് സംഭവവും ദുരൂഹതڈഎന്ന വാക്ക് ചേര്‍ത്ത് വാര്‍ത്താനിര്‍മ്മാണം നടത്തിപോന്നപത്രമാസികകള്‍ക്ക്  പണികിട്ടിയപോലെ ആയി. അച്ചടിച്ചത് സത്യമാണെന്ന സത്യവാങ്മൂലവുമായി പത്രങ്ങള്‍ എത്രവട്ടമാണ് അവതരിച്ചത്! കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നു പഠിക്കേണ്ടിവന്നിരിക്കുന്നു.

പഴയൊരുപാട്ട് ഓര്‍ക്കുക:

“ആരാദ്യം പറയും? ആരാദ്യം പറയും?
പറയാതിനി വയ്യ, പറയാനും വയ്യ.
ആരാദ്യം പറയും? ആരാദ്യം പറയും?”
പറയാതിനി വയ്യ, പറയാനും വയ്യ!
എന്ന സന്ദിഗ്ധാവസ്ഥ ഉള്ളപ്പോഴും ഉള്ളിലുള്ളത് പറയുകതന്നെ വേണം എന്ന നിര്‍ബന്ധമുള്ളതുകൊണ്ടാണ് ആരാദ്യം പറയും? എന്ന് കവിതയില്‍ ചോദ്യമുണ്ടാകുന്നത്. പരദൂഷണം കേള്‍ക്കാനുള്ള ചെവിചായ്വ് മലയാളിക്കു കൂടുതലാണ്. അതിനെ പരിപോഷിപ്പിക്കുന്ന രീതിയിലാണ് വാര്‍ത്താ മാധ്യമങ്ങളുടെ പുറപ്പാട്. ആരാദ്യം പറയും? എന്ന കുത്സിത ബുദ്ധിയുടെ പ്രവര്‍ത്തനം ഇവിടെയുണ്ട്. ഫ്ളാഷ് ന്യൂസുകളുടെ പദവിന്യാസം ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലേ? എങ്ങനെ രൂപപ്പെടും എന്ന് വ്യക്തതവന്നിട്ടില്ലാത്ത ഭാവികാല ക്രിയയെ, വര്‍ത്തമാനകാലത്തേക്കു കൊണ്ടുവന്നുനിര്‍ത്തി ഭൂതകാല ക്രിയയാക്കുന്ന മായാജാലം ഫ്ളാഷ് ന്യൂസുകളില്‍കാണാം. ആദ്യം പറയാനുള്ള ബദ്ധപ്പാടിനു ബലിയാടാകുന്നത് പൂര്‍ണ്ണസത്യം അറിയാനുള്ള അവകാശമാണ്. ജാഗ്രത, കരുതല്‍, വേണ്ട രംഗമാണിത്.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ ഒരുപമ (13:47-48) മേല്പ്പറഞ്ഞ കരുതലിന്‍റെ ഒരു ഭാഷ്യമാകും. സ്വര്‍ഗ്ഗരാജ്യം എല്ലാത്തരം മത്സ്യങ്ങളെയും ശേഖരിക്കാന്‍ കടലില്‍ എറിയപ്പെട്ട വലയോട് കര്‍ത്താവ് ഉപമിക്കുന്നു. (Net ല്‍ നിന്നാണ് Internet രൂപപ്പെട്ടത് എന്നോര്‍ക്കണം)! വലനിറഞ്ഞപ്പോള്‍ അവര്‍ വല കരയ്ക്കു വലിച്ചുകയറ്റി. അവര്‍ കരയ്ക്കിരുന്ന് നല്ല മത്സ്യങ്ങള്‍ ശേഖരിക്കുകയും ചീത്ത മത്സ്യങ്ങള്‍ പുറത്തേക്കെറിയുകയും ചെയ്യുന്നു. വലയില്‍ കിട്ടിയതെന്തും നല്ലതാവണമെന്നില്ല എന്നര്‍ത്ഥം. തരംതിരിവിനു ശേഷമാണ് സ്വീകാര്യതയുടെ പ്രശ്നം വരേണ്ടത്. ത്യാജ്യഗ്രാഹ്യവിവേചനം എന്ന് ഇതിനെ വിളിക്കാം. വാര്‍ത്തകളുടെ ദാതാവും സ്വീകര്‍ത്താവും നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ടൊരു കടമയാണിത്. വലയില്‍ എന്തെങ്കിലും പെട്ടാല്‍ ഉടനെ ഫ്ളാഷ് ന്യൂസ് ആക്കാന്‍ ബഹളം വയ്ക്കരുതെന്നും വല നിറഞ്ഞാലേ വല വലിച്ചുകയറ്റാവൂ, വിവരദാനത്തിനു മുതിരാവൂ, എന്നുമുള്ള പാഠം ഈ ഉപമയിലുണ്ട്. അക്ഷമ പാടില്ല. എല്ലാ ഇതളുകളും വിടരാന്‍ കാത്തുനില്ക്കണം, എങ്കിലേ പൂവിന്‍റെ സൗന്ദര്യം കിട്ടൂ. സത്യവും സുന്ദരവും പരസ്പരം മാറ്റി പ്രയോഗിക്കാമെന്നത് അടിസ്ഥാനജ്ഞാനം. വലയില്‍ പെട്ടുപോകാതിരിക്കാന്‍ കരുതല്‍ വേണം. തരംതിരിവിനു ശേഷം കിട്ടുന്ന നല്ല ബാക്കിയാണ് സുന്ദരമായ സത്യം, വിമോചിപ്പിക്കുന്ന സത്യം. അടിമപ്പെടുത്തുന്ന വ്യാജ സത്യങ്ങളെക്കുറിച്ചു കരുതല്‍, ജാഗ്രത, പുലര്‍ത്താം.

(കടപ്പാട് – ജാഗ്രതാ ന്യൂസ്, 274-275 എഡിഷന്‍, ജാഗ്രതാ കമ്മീഷന്‍ – പി.ഓ.സി)

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy