കൗൺസലിങ്ങ് നടത്തുന്ന
സിസ്റ്ററിൻ്റെ മുമ്പിലിരുന്ന്
ആ യുവാവ്
തൻ്റെ നൊമ്പരങ്ങൾ പങ്കുവച്ചു:
“സിസ്റ്റർ,
കണ്ണുകളെ നിയന്ത്രിക്കാൻ
കഴിയാത്തതാണ് എൻ്റെ പ്രധാന പ്രശ്നം. മൊബൈലിൽ ചീത്ത ചിത്രങ്ങളും വീഡിയോകളും കണ്ടുകൊണ്ട്
മണിക്കൂറുകൾ ഞാൻ ചിലവഴിക്കും.
പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ ഇങ്ങനെയുള്ളവ കണ്ടാണ്
കിടന്നുറങ്ങുന്നത്.
എത്ര പരിശ്രമിച്ചിട്ടും
എനിക്കത് നിയന്ത്രിക്കാൻ കഴിയുന്നില്ല.”
സിസ്റ്റർ ഇപ്രകാരം
മറുപടി നൽകി:
“സഹോദരാ,
ദൈവം നമുക്ക് കാഴ്ച
നൽകിയിരിക്കുന്നത്
നല്ലത് കാണുവാനും
നല്ലത് വായിക്കുവാനുമൊക്കെയാണ്.
നല്ലത് കണ്ടാൽ മാത്രമെ
നല്ലത് ചിന്തിക്കാനും
നന്മ പ്രവർത്തിക്കാനും
സാധിക്കുകയുള്ളൂ.
നിൻ്റെ കാഴ്ച നഷ്ടപ്പെടുന്നതിനെക്കുറിച്ച്
എപ്പോഴെങ്കിലും നീ ചിന്തിച്ചിട്ടുണ്ടോ?”
അവൻ പറഞ്ഞു:
ഇല്ല സിസ്റ്റർ.
“നിനക്കറിയുമോ,
നിന്നോട് സംസാരിക്കുന്ന
ഞാൻ അന്ധയാണ്.
നിൻ്റെ സംസാരം കേട്ട് ഞാൻ
നിൻ്റെ മുഖത്തേക്ക് നോക്കുന്നെങ്കിലും എനിക്ക് നിന്നെ കാണാൻ കഴിയില്ല.
എൻ്റെ കണ്ണുകൾക്കും കാഴ്ചയുണ്ടായിരുന്നു.
എന്നാൽ വർഷങ്ങൾക്കു മുമ്പ്
കണ്ണുകളുടെ ഞരമ്പുകൾക്ക് വീക്കം സംഭവിച്ച് എനിക്ക് കാഴ്ച നഷ്ടപ്പെട്ടു.
കാഴ്ച നഷ്ടപ്പെടുന്ന ആ ദിവസങ്ങളിൽ
ഞാൻ അവസാനമായ് ചെയ്തതെന്താണെന്നറിയാമോ?
ആർത്തിയോടെ
തിരുവചനം വായിച്ചു.
ഒന്നു ചോദിക്കട്ടെ,
ഇത്രയേറെ വീഡിയോകൾ കാണുന്ന നീ
ഒരു തവണയെങ്കിലും
ബൈബിൾ മുഴുവനും വായിച്ചിട്ടുണ്ടോ?”
അവൻ പറഞ്ഞു:
ഇല്ലസിസ്റ്റർ.
സിസ്റ്റർ ഇങ്ങനെ തുടർന്നു:
“കണ്ണുള്ളപ്പോൾ കാഴ്ചയറിയില്ലെന്നു പറയുന്നത് ശരിയാണ് മോനെ.
നീ ഇന്നു മുതൽ കുറച്ചു സമയമെങ്കിലും വചനം വായിക്കൂ….
നിൻ്റെ കണ്ണുകൾ തെളിയട്ടെ!”
അവനപ്പോൾ സിസ്റ്ററിനോട് ചോദിച്ചു:
കാഴ്ചയില്ലാത്തതിൽ സിസ്റ്ററിന് വിഷമമൊന്നുമില്ലേ?
“ഉണ്ടായിരുന്നു.
ഇപ്പോൾ ഇല്ല.
രണ്ടു കാര്യങ്ങളെക്കുറിച്ച്
മാത്രമാണ് വിഷമമുണ്ടായിരുന്നത്.
കാഴ്ച നഷ്ടമായാൽ എനിക്ക് വചനം വായിക്കാൻ കഴിയില്ലല്ലോ എന്ന ദു:ഖവും പിന്നെ എൻ്റെ പ്രിയപ്പെട്ടവരെ കാണാൻ കഴിയില്ലല്ലോ എന്ന വിഷമവും.”
വലിയ സന്തോഷത്തോടെയും
പുതിയ ബോധ്യത്തോടെയും
അവനാ സിസ്റ്ററിനോട്
യാത്ര പറഞ്ഞിറങ്ങി.
പോകുമ്പോൾ അവൻ തീരുമാനിച്ചിരുന്നു
ഇന്നു മുതൽ കാണേണ്ടവ മാത്രമേ കാണുകയുള്ളൂ എന്ന്.
ആ മടക്കയാത്രയിൽ അവൻ
അവനോടു തന്നെ ഇങ്ങനെ ചോദിച്ചു:
“കാഴ്ചയുണ്ടെന്ന് ധരിച്ച എനിക്ക്
സത്യത്തിൽ കാഴ്ചയുണ്ടോ?”
ആ യുവാവ് മനസിൽ നിനച്ചതു പോലെ ക്രിസ്തുവും പറഞ്ഞിട്ടുണ്ട്.
അതിപ്രകാരമാണ്:
”കാഴ്‌ചയില്ലാത്തവര്‍ കാണുകയും കാഴ്‌ചയുള്ളവര്‍ അന്‌ധരായിത്തീരുകയും ചെയ്യേണ്ടതിന് ന്യായവിധിക്കായിട്ടാണു
ഞാന്‍ ഈ ലോകത്തിലേക്കു വന്നത്”
(യോഹ 9 :39)
ഒന്നുറപ്പാണ്,
എല്ലാം കാണുന്നുണ്ടെന്ന്
അഭിമാനിക്കുന്ന നമ്മൾ
കാണാൻ മറക്കുന്ന
വായിക്കാൻ മടിക്കുന്ന
എത്രയോ കാഴ്ചകളാണുള്ളത്?
അങ്ങനെയെങ്കിൽ ഇക്കാലമത്രയും
നാം കണ്ടു കൂട്ടിയ കാഴ്ചകളെല്ലാം
യഥാർത്ഥ കാഴ്ചകളാണോ?
മുകളിൽ പങ്കുവച്ചത് ഒരു കഥയല്ല.
സംഭവമാണ്.
അങ്ങനെയൊരു സിസ്റ്റർ
ഇന്നും ജീവിച്ചിരിപ്പുണ്ട്.
വേണമെങ്കിൽ നിങ്ങൾക്കന്വേഷിക്കാം;
മുതലക്കോടം ഹോളി ഫാമിലി
ആശുപത്രി മഠത്തിലെ,
സിസ്റ്റർ എൽസി ജോസ്.എസ്.എച്ച്.
ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.
ഇൻ്റർവ്യൂ നടത്തിയിട്ടുമുണ്ട്.
കാഴ്ചയില്ലെങ്കിലും വല്ലാത്തൊരു
പ്രകാശമുള്ള സിസ്റ്ററാണ്.
കാഴ്ചയുള്ള നമുക്ക് ഇന്നേ ദിവസം കാഴ്ചയില്ലാത്തവർക്കു വേണ്ടിയും
കാഴ്ചയുണ്ടായിട്ടും കാണാൻ കഴിയാത്തവർക്കു വേണ്ടിയും
ഒന്ന് പ്രാർത്ഥിച്ചാലോ…..
നല്ലതു കാണുവാൻ
നല്ലത് കേൾക്കുവാൻ
എന്നെ സഹായിക്കണേ…..
ഫാദർ ജെൻസൺ ലാസലെറ്റ്
ആഗസ്റ്റ് 2-2020.