കല്ലുകൾ ഗോതമ്പ് കൂമ്പാരമായി മാറും

ഫാദർ ജെൻസൺ ലാസലെറ്റ്

സാംസൺ എന്ന യുവാവിനെ
ഒരിക്കലും മറക്കാനാകില്ല.
ആന്ധ്രയിലെ ഞങ്ങളുടെ കൃഷിയിടം പാട്ടത്തിനെടുത്ത് നെൽകൃഷി
ചെയ്തിരുന്നത് അവനായിരുന്നു.

കൃഷിയിറക്കുന്നതിൻ്റെ തലേന്നാൾ
അവൻ വന്ന് കുർബാനയേൽപിക്കും.
കുമ്പസാരിച്ച് കുർബാനയിൽ പങ്കെടുക്കും. വിതയ്ക്കാനുള്ള വിത്തും അല്പം വെള്ളവും വെഞ്ചരിച്ച് വാങ്ങും.

വിത്തിറക്കുന്ന ദിവസം
അച്ചനെ കൊണ്ടുചെന്ന് പ്രാർത്ഥിപ്പിക്കും.
കൃഷിയുടെ ഓരോ ഘട്ടങ്ങളിലും
ഹന്നാൻ വെള്ളം തളിച്ച് പ്രാർത്ഥിക്കും.

വിളവെടുപ്പിൻ്റെ
സമയത്തും അവൻ
വീണ്ടും കുർബാനയ്ക്ക്
പണമേൽപ്പിക്കുകയും
നിർബന്ധമായും അതിൽ
പങ്കെടുക്കുകയും ചെയ്യും.
കൊയ്ത്തിനു ശേഷം
നെല്ലളന്ന് വിൽക്കുമ്പോൾ
വിഹിതം പള്ളിയിൽ ഏൽപിക്കും.

ഇന്നുവരെ തനിക്ക് കൃഷിയിൽ നഷ്ടം വന്നിട്ടില്ലെന്നാണ് അവൻ പറഞ്ഞത്.

യുക്തിപൂർവ്വം വിലയിരുത്തുന്നവർക്ക്
സാംസൻ്റെ ഈ പ്രവർത്തി
എത്രമാത്രം ഉൾക്കൊള്ളാനാകും
എന്നെനിക്ക് അറിഞ്ഞുകൂടാ.
എന്നാൽ വിശ്വാസത്തിൻ്റെ കണ്ണുകളിലൂടെ നോക്കുന്നവർക്ക് കാര്യങ്ങൾ വ്യക്തമാകും.

ഒന്നോർത്തു നോക്കിക്കേ,
നമ്മുടെ പൂർവ്വികരിൽ ഭൂരിഭാഗവും കൃഷിയിറക്കുന്നതിനു മുമ്പ്
വൈദികരെ വിളിച്ച് പ്രാർത്ഥിപ്പിക്കുകയും
കുർബാനപ്പണം ഏൽപിക്കുകയും
ചെയ്യുന്നത് പതിവായിരുന്നില്ലേ?
അവരുടെ ആ വിശ്വാസത്തിൽ
ദൈവം ഇടപെട്ട എത്രയെത്ര അനുഭവങ്ങളുണ്ട്!

ദൈവത്തോട് ചേർന്ന്
കൃഷിയിറക്കുകയും പ്രാർത്ഥിക്കുകയും മറ്റുള്ളവരോട് കരുണ കാണിക്കുകയും ചെയ്യുന്ന കർഷകർ ഇന്ന് കുറഞ്ഞു തുടങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേട്ടുകേൾവി പോലുമില്ലാത്ത രോഗങ്ങളും കീടങ്ങളുമാണ് കാർഷിക മേഖലയെ
ആക്രമിച്ചു കൊണ്ടിരിക്കുന്നത്.
കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ ശല്യവും
കാർഷികോത്പന്നങ്ങൾക്ക് വില ലഭിക്കാത്ത അവസ്ഥയുമെല്ലാം കർഷകരുടെ ദുരിതം വർദ്ധിപ്പിക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ?

വിതക്കാരൻ്റെ ഉപമയുടെ സമാപനത്തിൽ ക്രിസ്തു നൽകുന്ന വിശദീകരണം ഇങ്ങനെയാണ്:
”വചനംകേട്ടു ഗ്രഹിക്കുന്നവനാണ്‌,
നല്ല നിലത്തു വീണ വിത്ത്‌.
അവന്‍ നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിക്കുന്നു”
(മത്തായി 13 : 23).

ദൈവത്തോട് ചേർന്നു നിന്ന്
ജീവിക്കുന്നവന് പ്രതികൂലങ്ങൾ അനുകൂലമാകും.
മലയോര മേഖലയിൽ വന്യമൃഗങ്ങൾ മൂലം കർഷകർ നേരിടുന്ന പ്രതിസന്ധികളും
തീരദേശ മേഖലങ്ങളിൽ നെൽകർഷകർ നേരിടുന്ന ദുരിതങ്ങളും
കാർഷിമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ദു:ഖങ്ങളും
നമുക്ക് ദൈകരങ്ങളിൽ സമർപ്പിക്കാം.

ഇന്നേക്ക് 7-ാം നാൾ
പാപികളുടെ അനുരഞ്ജകയും
കർഷക സംരക്ഷകയുമായ
ലാസലെറ്റ് മാതാവിൻ്റെ
175-ാം പ്രത്യക്ഷ തിരുനാളാണ്.
അമ്മയുടെ ഈ വാക്കുകൾക്ക്
ചെവി കൊടുക്കാം:

“നിങ്ങൾ അനുതപിച്ചാൽ കല്ലുകളും പാറക്കഷണങ്ങളും ഗോതമ്പു കൂമ്പാരമായ് മാറും. കൃഷിസ്ഥലങ്ങളിലുള്ള കിഴങ്ങ്
തനിയേ ഫലം പുറപ്പെടുവിക്കും…”

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy