ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന സാങ്കേതിക തൊഴില്‍ പരിശീലനം മാതൃകയാകുന്നു

വയനാട്ടിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തികൊണ്ടുള്ള സാങ്കേതിക തൊഴില്‍ പരിശീലനം ശ്രദ്ധേയമാകുന്നു.കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ കീഴില്‍ ഗ്രാമങ്ങളിലെ 15നും 35നും ഇടയിലുള്ള യുവജനങ്ങളെ കൂടുതല്‍ അഭ്യസ്ഥവിദ്യരാക്കുന്നതിനും തൊഴില്‍ നേടിയെടുക്കുന്നതിനും വേണ്ടിയുള്ള ഒരു പദ്ധതിയാണ് ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന. ‘ഇന്ത്യയെ ശാക്തീകരിക്കൂ, ലോകത്തെ നയിക്കൂ’ എന്നതാണ് പ്രധാന ആശയം. ഭാരതസര്‍ക്കാര്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്തി 55 ദശലക്ഷം യുവജനങ്ങളെ 2020 ആകുമ്പോഴേക്കും വിവിധ മേഖലകളില്‍ പ്രായോഗികരാക്കുക എന്നതാണ് ലക്ഷ്യം.

പാവപ്പെട്ടവരുടെയും മറ്റ് പിന്നോക്കാവസ്ഥയില്‍ ഉള്ള യുവജനങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടിയുള്ള ഈ കോഴ്സുകള്‍ക്ക് യാതൊരുവിധ ഫീസും നല്‍കേണ്ടതില്ല. പരിശീലനത്തിനുശേഷം വിവിധ സ്ഥാപനങ്ങളില്‍ ജോലി നേടിയെടുക്കുന്നതിന് സഹായിക്കുന്നു.

ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്രധാനമായും 03 ഏജന്‍സികളാണ്. ദേശീയ തലത്തില്‍ ഗ്രാമവികസന മന്ത്രാലയവും സംസ്ഥാനതലത്തില്‍ കുടുംബശ്രീയും പ്രാദേശിക തലത്തില്‍ പദ്ധതി നിര്‍വ്വഹണ ഏജന്‍സികളുമാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി 6 മാസം നീണ്ടുനില്‍ക്കുന്ന ഫാഷന്‍ ഡിസൈനിംഗ് & ടെക്നോളജി കോഴ്സും 3 മാസം നീണ്ടുനില്‍ക്കുന്ന ഭക്ഷ്യസംസ്ക്കരണവുമായി ബന്ധപ്പെട്ട കോഴ്സുമാണ് നടത്തുന്നത്. നിലവില്‍ 03 ബാച്ചുകളിലായി നൂറിലധികം കുട്ടികള്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പാഠ്യപദ്ധതിയില്‍ ഇംഗ്ലീഷ് പഠനം, കമ്പ്യൂട്ടര്‍ പഠനം തുടങ്ങിയവയും ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. പഠിതാക്കള്‍ക്കാവശ്യമായ യൂണിഫോം, പഠന ഉപകരണങ്ങള്‍, ബാഗ്, പുസ്തകങ്ങള്‍, എന്നിവ സൗജന്യമായി വിതരണം ചെയ്തുവരുന്നു. കൂടാതെ പ്രതിദിനം 100 രൂപ വീതം യാത്രാ ബത്തയും അനുവദിക്കുന്നു.

പഠനത്തോടൊപ്പം വിവിധ സ്ഥാപനങ്ങളില്‍ വെച്ച് പ്രായോഗിക പരിശീലനവും നല്‍കിവരുന്നു. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ബയോവിന്‍ അഗ്രോ പ്രോസസിംഗ് സെന്‍റര്‍ ഉള്‍പ്പെടെ കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ഉറപ്പുവരുത്തുന്നതാണ്.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy