തൻ്റെ ആയുസിൻ്റെ കൂടുതൽ സമയവും ജോലി സംബന്ധമായി വിദേശത്ത് ചിലവഴിച്ച
ഒരു വ്യക്തിയെ പരിചയപ്പെടാനിടയായി.
അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ:
“എൻ്റെ ഇരുപത്തിരണ്ടാം വയസിൽ
ഞാൻ ഗൾഫിൽ പോയതാണ്.
ഒരു മുറിയിൽ ഞങ്ങൾ ആറു പേർ.
താമസവും ഭക്ഷണവുമെല്ലാം ഒരുമിച്ച്.
അച്ചനറിയാലോ ഒരു ഇടത്തരം
കുടുംബത്തിൻ്റെ ബുദ്ധിമുട്ടുകൾ.
അധ്വാനിച്ചു കിട്ടിയ പണം കൊണ്ട്
മൂന്നു സഹോദരിരുടെ വിവാഹം നടത്തി.
36-ാമത്തെ വയസിലാണ് ഞാൻ
വിവാഹം കഴിക്കുന്നത്.
വിവാഹത്തിനു ശേഷം കഷ്ടിച്ച്
ഒരു മാസമേ നാട്ടിൽ നിന്നുള്ളൂ.
അടുത്ത അവധിക്ക് നാട്ടിൽ വരുന്നത്
മൂന്നു വർഷം കഴിഞ്ഞ്. അപ്പോൾ എൻ്റെ ആദ്യത്തെ കുഞ്ഞിന് രണ്ടു വയസ്.
നാലു മാസത്തെ അവധി കഴിഞ്ഞ്
വീണ്ടും മടങ്ങി…. പിന്നീട് വരുന്നത്
മൂന്നു കൊല്ലത്തിനു ശേഷം.
കുട്ടികൾ മൂന്നായപ്പോൾ ഭാര്യ പറഞ്ഞു; ”നിങ്ങൾ എങ്ങനെയെങ്കിലും
ഇവിടെ നിൽക്കാൻ നോക്കൂ.
ഒറ്റയ്ക്ക് ജീവിച്ച് എനിക്ക് മടുത്തു”.
ഞാൻ ചെവികൊണ്ടില്ല.
എൻ്റെ മനസ് മുഴുവനും
മക്കളുടെ പഠനം, ഭാവി,
നല്ലൊരു വീട്…. ഇവയൊക്കെയായിരുന്നു.
ആ യാത്രയവസാനിക്കുന്നത്
എൻ്റെ 58-ാം വയസിലാണ്.
നാട്ടിൽ വന്ന് രണ്ടു വർഷം കഴിഞ്ഞതേ….
ഭാര്യ മരിച്ചു. ക്യാൻസറായിരുന്നു.
രണ്ട് പെൺമക്കളുടെയും വിവാഹം കഴിഞ്ഞു.
മകനാണെങ്കിൽ താന്തോന്നിയായി.
ഇന്നിപ്പോൾ വീട്ടിൽ ഞാൻ തനിച്ചായി. ”
ഒരു ദീർഘനിശ്വാസത്തോടെ
അയാൾ തുടർന്നു:
”മരിക്കുന്നതിനു മുമ്പ് ഭാര്യ പറഞ്ഞ
വാക്കുകൾ ഇന്നും മനസിൽ
മായാതെ നിൽക്കുന്നു:
‘ 22 വർഷം നീണ്ടു നിന്ന ദാമ്പത്യത്തിൽ,
ഏറ്റവും മനോഹരമായിരുന്നത് ഞാൻ രോഗിയായ ദിവസങ്ങളാണ്.
എന്തെന്നാൽ, അപ്പോൾ മാത്രമേ
നിങ്ങൾ എൻ്റെ കൂടെ ഉണ്ടായിരുന്നുള്ളൂ.’
അവളുടെ ആ വാക്കുകൾ ഓർക്കുമ്പോൾ കുറച്ചു കൂടെ കരുതലും സ്നേഹവും സാമീപ്യവുമെല്ലാം അവൾക്കു കൊടുക്കേണ്ടതായിരുന്നു എന്ന് തോന്നിപ്പോകുന്നു.”
അയാളുടെ വാക്കുകൾ കേട്ടപ്പോൾ
വല്ലാത്ത വിഷമം തോന്നി.
പലപ്പോഴും ജീവിതത്തിൻ്റെ നല്ലൊരു പങ്കും കുടുംബത്തിൽ നിന്നകന്ന് മക്കൾക്കും ഭാര്യയ്ക്കും വേണ്ടി അധ്വാനിച്ച്
അവസാനം തിരികെയെത്തുന്ന പലരും നിരാശരും ഏകാകികളുമായി മാറുന്ന
എത്രയോ അനുഭവങ്ങളാണ്
നമുക്ക് മുമ്പിലുള്ളത്?
ജീവിതം ഒരു യാത്രയാണല്ലോ?
അതും തിരക്കുപിടിച്ച യാത്ര.
ചിലതെല്ലാം നഷ്ടപ്പെട്ടു എന്ന് തിരിച്ചറിയുമ്പോഴേക്കും
അവ തിരിച്ചുപിടിക്കാൻ കഴിയാത്തത്ര അകലങ്ങളിലായിരിക്കും.
പത്തു കന്യകമാരുടെ ഉപമയിലൂടെ
ക്രിസ്തു പറയുന്നതും മറ്റൊന്നല്ല:
തിരക്കിട്ട ജീവിതത്തിൽ ബന്ധങ്ങളിലെ എണ്ണ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കണം, വിവേകവതികളായ കന്യകമാരെപ്പോലെ..
( Ref മത്താ 251:13).
”ബന്ധങ്ങളുടെ ഏറ്റവും വലിയ ശത്രു തിരക്കാണ് ”
അമേരിക്കൻ എഴുത്തുകാരനായ
റിക്ക് വാരൻ്റെ വാക്കുകളാണിത്.
കുടുംബത്തിനു വേണ്ടി വിദൂരത്തിരുന്ന് രാപകലില്ലാതെ അധ്വാനിക്കുന്നവരെ നന്ദിയോടെ ഓർക്കുന്നു.
അതോടൊപ്പം തന്നെ
നമ്മുടെ പ്രിയപ്പെട്ടവർക്ക്
നമ്മുടെ സാമീപ്യവും നോട്ടവും സ്പർശനവും ശ്രദ്ധയുമെല്ലാം ആവശ്യമാണെന്ന് മറക്കരുതേ
എന്ന് അപേക്ഷിക്കുന്നു.