വർഷങ്ങളായിട്ട് കൂടെയുള്ള ഒരു ഇരിഞ്ഞാലക്കുടക്കാരൻ കൂട്ടുകാരൻ അച്ചനുണ്ട്, സിബു. ഒരു ദിവസം ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ അവനോടു ഒരു സംഭവം പറഞ്ഞു.
‘ക്രിസ്മസ് അവധിക്കു മിലാനിലെ ഒരു പള്ളിയിൽ സഹായിക്കാൻ പോയി. വളരെ സ്നേഹം നിറഞ്ഞ ഒരു വികാരി അച്ചൻ. ആരോഗ്യപരമായി എന്തൊക്കെയോ ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ട് സ്വന്തം പെങ്ങൾ അച്ചനെ സഹായിക്കാനായി കൂടെ താമസിക്കുന്നുണ്ട്. വളരെ കരുതലോടെ ഭക്ഷണവും മരുന്നുമൊക്കെ കൃത്യമായി കൊടുക്കാനും അച്ചനെ നോക്കാനുമൊക്കെ ഒരാള് വേണ്ടേ?’
ഇത് കേട്ട് കഴിഞ്ഞപ്പോൾ അവൻ എന്നോട് ഒരു ചോദ്യം ചോദിച്ചു. “എടാ , നാട്ടില് …നമ്മുടെയോക്കെ പള്ളീല് നമുക്കു നമ്മുടെ അമ്മയെ കൂടെ താമസിപ്പിക്കാൻ പറ്റോ? പള്ളിയിൽ നിന്നും ഒരു ചെലവും തരണ്ട. അമ്മയുടെ ചെലവ് എനിക്ക് നോക്കാലോ. നമുക്കാണെങ്കിൽ, പോയി വരുമ്പോൾ “അമ്മേ” എന്ന് വിളിച്ചു കേറി വരേം ചെയ്യാം…ഒരുമിച്ചിരുന്നു ഭക്ഷണോം കഴിക്കാം…കൊറേ വർത്താനോം പറയാം. ഏറ്റവും വലിയ കാര്യം ‘അമ്മ കൂടെ താമസിക്കുമ്പോൾ നമ്മുടെ അടുത്തേക്കൊക്കെ എന്ത് പ്രലോഭനം വരാനാടാ! വന്നാൽ തന്നെ അമ്മയെ തോല്പിക്കാതെ നമ്മളെ തൊടാൻ പറ്റോ?”
പ്രകാശ വർഷ പ്രവേഗത്തിൽ ഹൃദയത്തിലേക്കു പറന്നിറങ്ങിയ ഈ വാക്കുകൾക്കു അസാമാന്യ ചൂട് ഉണ്ടായിരുന്നു. എല്ലാ ദിവസവും സ്വന്തം അമ്മയുമായി ഒരു മണിക്കൂറോളം സംസാരിക്കുന്ന മകനാണ് സിബു. അപ്പനുമായും അതെ രീതിയിലുള്ള സ്നേഹം സൂക്ഷിച്ച അവന് ഇന്ന് അമ്മയാണ് ആകെയുള്ള ഭ്രമണപഥം. ആകാശങ്ങളിൽ എവിടെയോ ഇരുന്നു മകനെ കാണുന്നുണ്ടാകും അവന്റെ അപ്പച്ചൻ.
വൈദികരെ പറ്റിയും സിസ്റ്റേഴ്സിനെ പറ്റിയും ചിന്തിക്കുമ്പോൾ നിർബന്ധമായും സംസാര വിഷയമാക്കേണ്ട കാര്യമാണ് അവരുടെ മാതാപിതാക്കളുടെ ജീവിതവും. കൂട്ടുകാർ അച്ചന്മാർ വഴിയും സിസ്റ്റേഴ്സ് വഴിയും ഒരുപാട് കേട്ടിട്ടുണ്ട് ചില നന്മ നിറഞ്ഞ മാതാപിതാക്കളെ കുറിച്ച്.
മകനായ വൈദികന്റെ വിശുദ്ധിക്കും നില നില്പിനും വേണ്ടി എന്നും വെളുപ്പിന് മൂന്ന് മണിക്കെഴുനേറ്റു വീട്ടിലെ രൂപക്കൂടിനു മുന്നിൽ കരം വിരിച്ചു പ്രാർത്ഥിച്ചു ജീവിക്കുന്ന ജീവനുള്ള രണ്ടു മെഴുകുതിരികൾ ഉണ്ട്. ആ തിരിവെട്ടത്തിലാണ് ആ മകൻ വൈദീകൻ ഇന്നും സുകൃത ജീവിതം നയിക്കുന്നത്.
അൻപത് ദിവസത്തെ നോമ്പ് കാലത്ത്, “എനിക്ക് മീനിന് നോന്പില്ലമ്മേ” എന്നും പറഞ്ഞു അത്താഴത്തിനു മീൻ കഷ്ണം കൂട്ടി ചോറടിക്കണ നേരം മുഴുത്ത ഒരു കഷ്ണം മീനെടുത്തു അമ്മ മകന്റെ പാത്രത്തിലേക്കിട്ടിട് ‘കാതിൽ ഇങ്ങനെ പറഞ്ഞു:”അമ്പത് ദിവസം അന്തിക്ക് എനിക്ക് കഞ്ഞി വേണ്ടാട്ടോടി’ എന്നും പറഞ്ഞു നോന്പെടുത്ത് ജീവിക്കുന്ന നിന്റപ്പച്ചൻ കൂലിപ്പണിക്കാരൻ ആ കട്ടിലിൽ കിടന്നുറങ്ങണുണ്ട്. ഈശോയോടുള്ള സ്നേഹത്തെ പ്രതി മോന്റെ അപ്പച്ചൻ അത്രേം ചെയ്യുമ്പോൾ എന്റെ അച്ചൻമോൻ എന്തോരം ചെയ്യേണ്ടി വരും?”
അമ്മയുടെ ആ ഒരൊറ്റ ഡയലോഗ് കേട്ട് അന്നത്തെ അത്താഴത്തിലെ ആ മീൻകഷ്ണം അച്ചന്റെ ആമാശയത്തിനും അന്നനാളത്തിനും മദ്ധ്യേ കിടന്ന് ആത്മഹത്യ ചെയ്തു കാണണം. നന്മയും ത്യാഗവും ചെയ്തു ജീവിക്കുന്ന മാതാപിതാക്കളുടെ സുകൃത ജീവിതം കൊണ്ട് കൃപ ലഭിക്കുന്ന എത്രയോ സമർപ്പിത ജീവികൾ ഭൂമിയിലുണ്ടെന്നോ !
ഡീക്കനായ അന്ന് മുതൽ തിരുപ്പട്ടം സ്വീകരിക്കുന്ന നാള് വരെ ഇറച്ചിയും മീനും കഴിക്കാതെ നോന്പെടുത്തൊരുങ്ങിയ ഒരു ചങ്ങാതിയുണ്ട്.
പട്ടം കഴിഞ്ഞ അന്ന് സന്ധ്യക്ക് വീട്ടിൽ അത്താഴം വിളമ്പുന്ന നേരത്താണ് ആരോ പറഞ്ഞു കേൾക്കുന്നത് ‘അപ്പനും അമ്മയും ഭക്ഷണത്തിൽ ഉപ്പു വേണ്ടെന്നു വച്ചിട്ട് കൊല്ലം നാലായത്രെ! അതായത്, മകൻ ‘ലോഹ’ ധരിച്ച അന്ന് പടിയിറക്കിയതാണ് നാവിൽ നിന്നും രുചിയുടെ ഉടയവനായ ഉപ്പിനെ. മകന്റെ പൗരോഹിത്യത്തിന് രുചി പകരാൻ, അരുചികളുടെ പാനപാത്രം ചുണ്ടോട് ചേർത്ത മാതൃ-പിതൃത്വം
.
ഒരു കാര്യത്തിൽ ഈശോ കട്ട ഭാഗ്യവാനാണ്. ഒരു മനുഷ്യനും കുറ്റം പറയാനാകാത്ത രീതിയിൽ നൈർമല്യത്തിന്റെ കുപ്പായോം ധരിച്ചു നീതിയുടെ ദണ്ഡും പിടിച്ച ഒരപ്പൻ. ഉത്ഭവപാപത്തിന്റെ പൊടി പോലുമടിക്കാതെ പ്രപഞ്ചത്തിലേക്കു പാദമൂന്നിയ, ദൈവാംശം പേറിയ ഒരമ്മ. അങ്ങനെയുള്ള ഒരപ്പനിൽ നിന്നും അമ്മയിൽ നിന്നും പിറന്നവനെങ്ങനെ പിന്നെ ഇടറാനാകും? മാതാപിതാക്കളുടെ കുലീനതയ്ക്കു കർത്താവു കൃപ കൊടുക്കുന്നത് കുഞ്ഞുങ്ങൾക്കു കൂടിയാണ്. അപ്പൻ പൊരിവെയിലിൽ കിടന്നു അധ്വാനിച്ചതു കൊണ്ടല്ലേ മക്കൾക്ക് മഞ്ഞും മഴയും കൊള്ളാതെ മയങ്ങാൻ പറ്റണത്.
മാതാപിതാക്കളുടെ സുകൃതങ്ങളുടെ ഫലം മക്കൾക്ക് കൃപയാകുന്നത് പോലെ തന്നെയാണ് അകൃത്യങ്ങൾക്കു കണ്ണീരാകുന്നതും.
‘മകന്റെ പട്ടം എങ്ങനെ നടത്താം’ എന്ന ആദ്യ ആലോചനയോഗത്തിൽ തന്നെ കണ്ണ്ചുവന്നും ചുണ്ടു തുടച്ചും കള്ള് കുടിച്ചെത്തിയ ഒരപ്പനുണ്ട്. അങ്ങനെയുള്ള ഒരപ്പന്റെ വരവ് കണ്ടു കണ്ണീരൊഴുക്കേണ്ടി വന്ന ആ കഥ കൂട്ടുകാരൻ ഇന്നും ഇടയ്ക്കു പറയുമ്പോൾ നെഞ്ചിലൊരു നീറ്റലാണ്.
കള്ളും കുപ്പികൾ തകർത്തെറിഞ്ഞ കുടുംബങ്ങളെ പറ്റിയും, മദ്യപാനം നശിപ്പിച്ച ബന്ധങ്ങളെ പറ്റിയും ഇടവകക്കാരോട് പ്രസംഗിച്ചതിനു ശേഷം ഡി-അഡിക്‌ഷൻ സെന്ററിൽ ചെന്ന് സ്വന്തം അനിയനെ കാണേണ്ടി വരുന്ന ആത്മവ്യഥ പേറുന്ന വേറൊരു വൈദീകൻ !
അയല്പക്കകാരുമായുള്ള അതിർത്തി തർക്കം നടക്കുമ്പോൾ മകൻ വൈദികന്റെ ഭാഷാവരത്തെക്കാൾ കേമമായി കേൾവിക്കാരുടെ കാതടിച്ചു പോകുന്ന തെറി പറയുന്ന കാരണവന്മാരെ നോക്കി ആളുകൾ മുറുമുറുക്കും : “ഒരച്ഛനുള്ള കുടുംബമാണ്…!
” മോന്റെ പട്ടം നടത്തിയ അന്ന് പള്ളി ഞാനങ്ങു ഫ്രീ ആയിട്ട് പെയിന്റ് അടിച്ചു തന്ന കാര്യം മറക്കണ്ട’ എന്ന് ഇടവക വികാരിയെ ഇടയ്ക്കിടയ്ക്ക് ഓർമ്മപ്പെടുത്തുന്ന കാരണവരും മകന്റെ പൗരോഹിത്യത്തിന്റെ ശുശ്രൂഷയ്ക്ക് ഹാനികരമായ സാന്നിധ്യമാണ്.
കാലത്തിന്റെ മാറ്റത്തിൽ സമർപ്പിത ജീവിതം കൂടുതൽ ഉത്തരവാദിത്വപരവും അപകടകരവുമാകുന്ന വേളയിൽ അവർക്കായി ആദ്യം പ്രാർത്ഥിക്കേണ്ടത് ജന്മം നൽകിയ മാതാപിതാക്കളും കൂടെപിറന്നവരുമൊക്കെയാണ്.
വിദേശത്തു പഠനം നടത്തുന്ന 33 വയസുള്ള ആ ചെറുപ്പക്കാരൻ വൈദീകൻ ‘അമ്മയെ കൂടെ താമസിപ്പിക്കാൻ’ കൊതിച്ചത് അയാൾക്കുള്ളിൽ അപ്പനേം അമ്മയെയും ആഗ്രഹിക്കുന്ന ഒരു കുഞ്ഞു ജീവിക്കുന്നത് കൊണ്ടാണ്. അയാളെ മനസിലാക്കാനും കൂടെ നിൽക്കാനും ഭൂമിയിൽ അവരെ കഴിഞ്ഞേ മറ്റാരും ഉള്ളൂ എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ്.
‘അപ്പനും അമ്മയും മരിച്ചു കഴിഞ്ഞാൽ പിന്നെ വീടടഞ്ഞു…വീട്ടിലേക്കുള്ള ഗർഭപാത്ര വഴിയാണ് അവർ..അത് മുറിഞ്ഞാൽ പിന്നെ!
വീട് ഒരു ബലമാണ് എല്ലാ വൈദികർക്കും സമർപ്പിതർക്കും. സമാധാനവും സന്തോഷവും ആത്മീയതയും നിറഞ്ഞാടുന്ന വീട് ഒരു വൈദീകനുണ്ടെങ്കിൽ …അനുദിനം, അപ്പന്റെയും അമ്മയുടെയും കൂടെപ്പിറപ്പുകളുടെയും അധരത്തിൽ നിന്നും അയാൾക്ക് വേണ്ടി സ്വർഗത്തിലേക്ക് പ്രാർത്ഥനകൾ ഉയരുന്നുണ്ടെങ്കിൽ…അയാളെ ഓർത്ത് ആ വീട്ടുകാർ നന്മയുടെ പാതയിൽ ജീവിക്കുന്നുണ്ടെങ്കിൽ ആ വൈദികന്റെ ഹൃദയത്തിൽ നിന്നും ചുറ്റുമുള്ളവരിലേക്കു ആത്മീയത പ്രസരിക്കും. അപ്പനും അമ്മയും പ്രാർ ത്ഥനയുടെ കരവുമായി കൂടെ ഉണ്ടെങ്കിൽ മൂന്ന് ദിവസം കഴിഞ്ഞിട്ടും അയാളുടെ ഫോൺ വന്നില്ലെങ്കിൽ അവർ അവനെ തേടി ദേവാലയത്തിലേക്ക് ചെല്ലും…കണ്ടെത്തും…കൈ പിടിക്കും…രക്തം വിയർക്കുന്ന ചില രാത്രികളിൽ അവർ ആ വൈദികനെ മാലാഖമാരെ പോലെ പൊതിഞ്ഞു പിടിക്കും.
‘വീട്ടുകാർ പ്രാർത്ഥിക്കാൻ ഇല്ലാത്ത വൈദീകൻ ആത്മീയമായി അനാഥനാണു’ എന്ന് പറഞ്ഞത് ബിനോജ് എന്ന വൈദീക സുഹൃത്താണ്.