വയസ് 65 കഴിഞ്ഞു.
കേൾവി ശക്തിയും കുറഞ്ഞു.
ആ ചേടത്തി കാരണം
വീട്ടിൽ വല്ലാത്ത അസ്വസ്ഥതയാണ്.
പ്രശ്നം എന്താണെന്നറിയുമോ?
ചേടത്തിയ്ക്ക് ശരിക്കും കേൾക്കാൻ കഴിയാത്തതുകൊണ്ട്
വീട്ടിൽ ആര് എന്ത് മിണ്ടിയാലും ചേടത്തിയെക്കുറിച്ച് കുറ്റം പറയുകയാണെന്നാണ് വിചാരം.
മാത്രമല്ല, പണ്ടത്തെപ്പോലെ
വായ്ക്ക് രുചി പിടിക്കുന്നില്ല.
കൂടാതെ ദഹനത്തിനും പ്രശ്‌നമുണ്ട്.
അതു കൊണ്ട് ഭക്ഷണകാര്യത്തിലും കുറ്റമാണ്.
മക്കളാണെങ്കിൽ വല്ലാതെ
കഷ്ടപ്പെടുകയാണ്.
അവസാനം ഒരു കേൾവി സഹായി
വാങ്ങിക്കൊടുത്തു. അതു വയ്ക്കുമ്പോൾ വല്ലാത്ത കിരുകിരുക്കലാണെന്നു പറഞ്ഞ് അതിൻ്റെ ഉപയോഗവും നിർത്തി.
“ചെറുപ്പകാലത്ത് അമ്മ
കുറേയധികം കഷ്ടപ്പെട്ടിട്ടുണ്ട്.
കല്യാണം കഴിഞ്ഞ്
വന്ന് കയറിയ വീട്ടിലാണെങ്കിലും അമ്മായിയമ്മയുടെ പോരായിരുന്നു.
അങ്ങനെ വെറുപ്പും പകയുമെല്ലാം
മനസിൽ കൊണ്ടു നടന്നത്
കാരണമായിരിക്കും ഇപ്പോഴുള്ള
ഈ അസ്വസ്ഥത”
ഇതേക്കുറിച്ച് ഇങ്ങനെയായിരുന്നു
ചേടത്തിയുടെ മക്കൾ പറഞ്ഞത്.
ഇളയ മകൻ തുടർന്നു:
”അതുകൊണ്ട് ഞങ്ങൾ അമ്മയോട്
പരമാവധി ദേഷ്യപ്പെടാതിരിക്കാനാണ് ശ്രദ്ധിക്കുന്നത്. ഈയിടെയായി
ഇത്തിരി വാശി കൂടുതലാണ്.
കാരണം മറ്റൊന്നുമല്ല;
കൊറോണ കാരണം പള്ളിയിൽ
പോകാൻ കഴിയുന്നില്ലല്ലോ?
അതുകൊണ്ട്, വികാരിയച്ചനുമായ് സംസാരിച്ച് മാസത്തിലൊരിക്കൽ അമ്മയെ പള്ളിയിൽ കൊണ്ടു പോകും. കുമ്പസാരിപ്പിച്ച് കുർബാനയ്ക്ക് കൊടുപ്പിക്കും.
പിന്നെ സെമിത്തേരിയിലും പോയി പ്രാർത്ഥിക്കും.
അങ്ങനെ ചെയ്തു കഴിയുമ്പോൾ രണ്ടാഴ്ചയ്ക്ക് വലിയ കുഴപ്പമൊന്നുമില്ല.
ശരിയാണ്,
ചില സമയങ്ങളിൽ
ഞങ്ങൾക്കും മക്കൾക്കും അമ്മയുടെ
ഈ പ്രവൃത്തികൾ കാണുമ്പോൾ
വല്ലാത്ത അരിശം വരും.
ചിലപ്പോൾ വഴക്കുണ്ടാക്കും.
പക്ഷേ, എന്തൊക്കെയായാലും ഈയൊരവസ്ഥയിൽ
ഞങ്ങൾക്ക് അമ്മയെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ
ആർക്കാണതിന് കഴിയുക?”
ആ മക്കളോട് എനിക്ക് അസൂയ തോന്നി. എന്തെന്നാൽ വയോവൃദ്ധയായ അമ്മയെ മനസിലാക്കാൻ അവർക്ക് കഴിഞ്ഞല്ലോ?
ചില സമയങ്ങളിൽ മറ്റുള്ളവർ നമുക്കിഷ്ടപ്പെടാത്ത രീതിയിൽ പ്രവർത്തിക്കുന്നതിനു കാരണം
ചില രോഗാവസ്ഥകളാകാം.
അവരെ മനസിലാക്കി കഴിഞ്ഞാൽ
നമ്മുടെ അസ്വസ്ഥതകൾ കുറയുമെന്നുറപ്പാണ്.
അതു കൊണ്ടല്ലെ,
ഫരിസേയരും നിയമജ്ഞരുമെല്ലാം,
തന്നെ വിധിച്ചു സംസാരിക്കുമെന്നും
തന്നിൽ കുറ്റം കണ്ടു പിടിക്കുമെന്നും അറിഞ്ഞിട്ടും, സാബത്തു ദിവസങ്ങളിൽ പോലും ക്രിസ്തു രോഗികളെ സുഖപ്പെടുത്തിയത്?
(Ref ലൂക്ക 14:1-6).
പാപികളും ബലഹീനരുമായ നമ്മെയും
അവൻ മനസിലാക്കുന്നുണ്ട്.
ആ ബോധ്യത്തിൽ മറ്റുള്ളവരോട്
കുറച്ചുകൂടി സഹിഷ്ണുത
പുലർത്താം.
ഈ എട്ടുനോമ്പ് അതിനുള്ള
സുവർണാവസരമാണ്.
ദയവു ചെയ്ത്
നഷ്ടപ്പെടുത്തരുത്.
ഓകെ ?