ലോക് ഡൗൺ തുടങ്ങിയപ്പോൾ
കാണിച്ച സാഹസമായിരുന്നു;
ആടുവളർത്തൽ!
ഒരുപാടൊമൊന്നുമില്ല, രണ്ടെണ്ണം.
ഒന്ന് പ്രസവിച്ചു.
രണ്ടു കുട്ടികൾ.
വലിയ സന്തോഷമായി.
അല്പം ദു:ഖവും.
ഈ ആട്, കുട്ടികളെ ഒന്ന്
നക്കിത്തുടയ്ക്കുക പോലും ചെയ്തില്ല. മാത്രമല്ല, പാലു കുടിക്കാനും സമ്മതിക്കുന്നില്ല.
അടുത്തു വരുമ്പോൾ കുട്ടിയെ
തൊഴിച്ച് തെറിപ്പിക്കും.
കാര്യം അറിഞ്ഞപ്പോൾ
തമാശ രൂപത്തിലാണെങ്കിലും
സുഹൃത്ത് പറഞ്ഞതിങ്ങനെയാണ്:
”എന്തിന് മൃഗങ്ങളെ പറയുന്നു ,
മക്കൾ വേണ്ടാന്ന് കരുതുന്ന മനുഷ്യരില്ലേ?
മക്കളെ പരിഗണിക്കാത്ത മാതാപിതാക്കളില്ലേ?
മൃഗങ്ങൾക്ക് അറിവില്ലാഞ്ഞിട്ടാണെന്നു കരുതാം, എന്നാൽ മനുഷ്യരുടെ കാര്യമോ?”
അയാൾ പറഞ്ഞതിൽ സത്യമുണ്ട്.
കുഞ്ഞു മക്കൾക്ക് പരിഗണന
കൊടുക്കാത്ത മാതാപിതാക്കളുണ്ട്.
ജോലിക്കാര്യം പറഞ്ഞ്
കുട്ടികൾ വേണ്ടാന്ന് വയ്ക്കുന്നവരുമുണ്ട്.
നിസാര കാര്യത്തിനു പോലും
മക്കളെ ശകാരിക്കുന്നവരുമില്ലേ?
കുഞ്ഞു മക്കളുള്ള
മാതാപിതാക്കളാണ് നിങ്ങളെങ്കിൽ
ഒന്നോർത്തു നോക്കിക്കേ,
എന്തുമാത്രം സമയം നിങ്ങൾ
മക്കളുമായ് ചിലവഴിക്കുന്നുണ്ട്?
വളർന്നു വരുന്ന മക്കൾക്ക് ദിവസത്തിൽ എഴുതവണയെങ്കിലും മാതാപിതാക്കളുടെ സ്പർശനം ലഭിക്കണമെന്നാണ്
മന:ശാസ്ത്രം പറയുന്നത്.
അല്ലാതെ വളരുന്ന മക്കൾ
മാതാപിതാക്കളിൽ നിന്നും
അകലാൻ സാധ്യതയുണ്ടത്രെ.
“പപ്പയും മമ്മിയും ജോലി കഴിഞ്ഞു വീട്ടിലെത്തിയാൽ ഫുൾ ടൈം
മൊബൈലിൽ ആണ്.
ഞങ്ങളോടൊന്ന് മിണ്ടാൻപോലും സമയമില്ല. ഞങ്ങൾ മിണ്ടാൻ ചെല്ലുന്നതും ഇഷ്ടമില്ല “, ഇങ്ങനെ പരാതിപ്പെടുന്ന കുട്ടികളെ അറിയാം.
മക്കൾ ഏത് ക്ലാസിലാണ് പഠിക്കുന്നതെന്ന് അറിയാത്ത അപ്പന്മാരില്ലെ?
കുട്ടികളുടെ കാര്യങ്ങൾ അന്വേഷിക്കാനും പി.ടി.എ മീറ്റിങ്ങിൽ പങ്കെടുക്കാനും
ഒരിക്കൽ പോലും സ്കൂളിൻ്റെ
പടി ചവിട്ടാത്ത അപ്പന്മാരുമില്ലെ?
ഒന്നോർക്കുക:
“ശിശുക്കള്‍ എന്‍െറയടുത്തു വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്”
(മര്‍ക്കോ 10 :14) എന്ന് പറഞ്ഞത് ക്രിസ്തുവാണ്.
കുട്ടികൾ ദൈവ സമക്ഷം എത്തണമെങ്കിൽ അവർ ആദ്യം എത്തേണ്ടത് അവരുടെ മാതാപിതാക്കളുടെ അടുത്താണ്.
അപ്പൻ്റെയും അമ്മയുടെയും സ്നേഹത്തിലൂടെയാണ് മക്കൾ
ദൈവത്തെ അറിയേണ്ടത്.
എട്ടുനോമ്പിൻ്റെ നാലാം ദിനമായ ഇന്ന്, ഉണ്ണീശോയെ ദൈവാലയത്തിൽ സമർപ്പിച്ച
പരി. അമ്മയെയും ഔസേപ്പിതാവിനെയും ധ്യാനിക്കാം.
അമ്മ മാതാവേ….
ഞങ്ങളെയും ഈശോയിലേക്ക് ചേർത്തുനിർത്തണമേ…..