വെടിയുണ്ട മാറ്റിമറിച്ച പട്ടാളക്കാരൻ്റെ ജീവിതം

ഫാദർ ജെൻസൺ ലാസലെറ്റ്

 

യുദ്ധ നിരയിലായിരുന്നു
ആ യുവ സൈനികൻ.
കയ്യും മെയ്യും മറന്നുള്ള യുദ്ധം.
പെട്ടന്നാണത് സംഭവിച്ചത്;
എതിർ സൈന്യത്തിൻ്റെ പീരങ്കിയിൽ നിന്ന് ചീറിപ്പാഞ്ഞു വന്ന ഉണ്ട അയാളുടെ വലതുകാലിൻ്റെ അസ്ഥികൾ തകർത്തുകൊണ്ട് കടന്നുപോയി.

അതുവരെ ഉടലിനെ ഉയർത്തി
നിർത്തിയ കാലുകൾക്ക് ബലമില്ലാതായി.
അയാൾ നിലംപതിച്ചു.
അതൊരു വലിയ പതനമായിരുന്നു.

വേദനാജനകമായ
ശസ്ത്രക്രിയകളിലൂടെയും ചികിത്സകളിലൂടെയും
കടന്നു പോയ നാളുകൾ….

വലതു കാലിൻ്റെ അസ്ഥികൾക്ക്
ബലം ലഭിച്ചപ്പോൾ അയാൾ
എഴുന്നേറ്റ് നിൽക്കാൻ നോക്കി.
എത്ര പരിശ്രമിച്ചിട്ടും നേരെ നിൽക്കാനാകുന്നില്ല.
പിന്നീടാണറിഞ്ഞത് തൻ്റെ വലതുകാലിന് ഇടതുകാലിനേക്കാൾ നീളം കുറഞ്ഞു പോയെന്ന്.

മുടന്തിയാണെങ്കിലും
നടക്കാനാകുന്നുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു അയാൾക്ക്‌.
മാസങ്ങളോളം രോഗശയ്യയിൽ
കിടന്നപ്പോൾ അയാളാദ്യമായി കുറച്ച് പുസ്തകങ്ങൾ വായിച്ചു.
അതിൽ ചിലത് ക്രിസ്തുവിനെക്കുറിച്ചുള്ളതും വിശുദ്ധരെക്കുറിച്ചുള്ളതുമായിരുന്നു.

സത്യത്തിൽ അയാളുടെ
സഹന നാളുകളിൽ അയാൾക്കാശ്വാസമേകിയത്
ആ പുസ്തകങ്ങളായിരുന്നു.
അവ ആശ്വാസമേകിയെന്ന് മാത്രമല്ല,
ഒരു വിശുദ്ധനായിത്തീരണമെന്ന
ആഗ്രഹവും അയാളിൽ രൂപപ്പെടുത്തി.

അയാൾ സ്വയം പറഞ്ഞു:
“അവനും അവൾക്കും വിശുദ്ധരാകാമെങ്കിൽ എനിക്കും വിശുദ്ധനാകാൻ കഴിയും.”

അതിനുവേണ്ടി അയാൾ സർവ്വം ഉപേക്ഷിച്ച് ദാരിദ്ര്യത്തിൻ്റെയും അനുസരണത്തിൻ്റെയും വഴികളിലൂടെ സഞ്ചരിച്ചു.

“സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്‍മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും
വെറുക്കാതെ എന്‍െറ അടുത്തുവരുന്ന ആര്‍ക്കും എന്‍െറ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ല”
(ലൂക്കാ 14 :26) എന്ന വചനം അയാളിൽ നിറവേറി.

അയാൾ ക്രിസ്തുവിൻ്റെ അനുയായിയായെന്ന്
മാത്രമല്ല, വിശുദ്ധനായിത്തീർന്നു:
അയാളാണ് ഈശോ സഭയുടെ സ്ഥാപകനായ വി.ഇഗ്നേഷ്യസ് ലയോള.

ഒന്നോർത്തു നോക്കിക്കേ,
യുദ്ധത്തിലെ പരുക്കാണ്
ഇഗ്നേഷ്യസിൻ്റെ ജീവിതത്തിലേക്ക് ക്രിസ്തുവിൻ്റെ പ്രകാശം
കടന്നു ചെല്ലാൻ ദൈവം ഒരുക്കിയ വഴി.
ഒരു പക്ഷേ അങ്ങനെയൊരു ദുരന്തമില്ലായിരുന്നെങ്കിൽ അയാൾ ക്രിസ്തുവിനെ കണ്ടെത്തുമായിരുന്നില്ല.

നമ്മുടെ രോഗാവസ്ഥകളിലും
സഹനങ്ങളിലും ദുരന്തങ്ങളിലുമെല്ലാം
ക്രിസ്തുവിനെ കണ്ടെത്താനായാൽ
എത്രയോ വിശുദ്ധമാണത്?

വി. ഇഗ്നേഷ്യസ് ലയോളയുടെ
തിരുനാൾ മംഗളങ്ങൾ!
ഫാദർ ജെൻസൺ ലാസലെറ്റ്
ജൂലൈ 31-2020.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy