ഈശോമിശിഹാ നമുക്കായി നൽകിയ സ്നേഹസമ്മാനമാണ് വിശുദ്ധ കുർബാന. പക്ഷെ എന്തുകൊണ്ടായിരിക്കാം സഭ ഞായറാഴ്ചകളിലെ വിശുദ്ധ കുർബാനയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്? വിശുദ്ധ കുർബാന എല്ലാ ദിവസവും നടത്തപ്പെടുന്നുണ്ടല്ലോ!
ഞായറാഴ്ചകുർബാന ഒഴിവാക്കിയിട്ടു മറ്റു ദിവസങ്ങളിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും രണ്ടു നൊവേന ചൊല്ലുകയും ചെയ്താൽമതി എന്ന് കരുതുന്നവരുണ്ട്. ഗൗരവമായ കാരണങ്ങൾ ഇല്ലെങ്കിൽ ഞായറാഴ്ചകുർബാന ഒഴിവാക്കുന്നത് പാപമാണ്. ഞായറാഴ്ചക്കുര്‍ബാന അതിന്റെ സ്വാഭാവികമായ സഭാത്മകമാനത്തെ തീവ്രതയോടെ പ്രകാശിപ്പിക്കുന്നു. അതിന്റെ സവിശേഷമായ ആഘോഷപൂര്‍ണ്ണത, സമൂഹത്തിന്റെ കടമാപരമായ സാന്നിദ്ധ്യം, മിശിഹാ മരണത്തെ കീഴടക്കുകയും തന്റെ അമര്‍ത്യമായ ജീവനില്‍ നമുക്ക് പങ്കുനല്‍കുകയും ചെയ്ത ദിവസംതന്നെ അത് ആഘോഷിക്കുന്നു എന്ന വസ്തുത എന്നിവയാണ് ഞായറാഴ്ച കുർബാനയുടെ സവിശേഷതകൾ. അത് കുര്‍ബാനയാഘോഷങ്ങള്‍ക്ക് വിശിഷ്ട മാതൃകയായിത്തീരുന്നു. മുകളിൽ സൂചിപ്പിച്ച കാരണങ്ങളാൽ ഞായറാഴ്ചകളിലെ വിശുദ്ധ കുർബാനയിൽ നാം മുടക്കംകൂടാതെ പങ്കുകൊള്ളാൻ ശ്രദ്ധിക്കേണ്ടതാണ്. ഞായറാഴ്ചദിവസം തന്നെ പരിശുദ്ധ കുര്‍ബാനയിൽ പങ്കുകൊണ്ട് സഭയുടെ സഭാത്മകമാനത്തെ സവിശേഷമാംവിധം നാം പ്രതിഫലിപ്പിക്കണം.
ഫ്രാൻസിസ് മാർപാപ്പ ഇപ്രകാരം പറയുന്നു: “സഭാ ജീവിതത്തിന്റെ ഹൃദയമാണ് ഞായറാഴ്ചക്കുർബാന. അവിടെ നമ്മൾ ഉത്ഥിതനായ മിശിഹായെ കണ്ടുമുട്ടുന്നു, അവന്റെ വചനം ശ്രവിക്കുന്നു, അവന്റെ മേശയിൽനിന്ന് പരിപോഷിപ്പിക്കപ്പെടുന്നു, അങ്ങനെ നമ്മൾ സഭയായി പരിണമിക്കുന്നു”. മറ്റൊരാവസരത്തിൽ പാപ്പാ ഇങ്ങനെ കൂട്ടിച്ചേർത്തു: ” ഒരു ക്രിസ്ത്യാനിക്ക് ഒരു നല്ല മനുഷ്യൻ മാത്രം ആയിരിക്കുവാനും ഞായറാഴ്ച കുർബാന ഒഴിവാക്കുവാനും സാധിക്കുകയില്ല”.
ദൈവം സീനായിമലയിൽവച്ചു മോശയ്ക്ക് നൽകിയ പത്തു കല്പനകളിൽ മൂന്നാമത്തെ കല്പന “കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം” എന്നതാണ്. യഹൂദർ സാബത്ത് ആഘോഷിച്ചിരുന്നത്, ആഘോഷിക്കുന്നത്, ശനിയാഴ്ചകളിലാണ്. എന്നാൽ ഈശോമിശിഹാ മരണത്തെ കീഴടക്കി ഉത്ഥാനം ചെയ്തത് “ആഴ്ചയുടെ ഒന്നാം ദിവസ”മാണ്. ക്രിസ്ത്യാനികൾക്ക് ആ ദിവസം എല്ലാ ദിവസങ്ങളുടെയും ആദ്യദിവസമായി, കർത്താവിന്റെ ദിവസമായി ഭവിച്ചു. അതാണ് ഞായറാഴ്ച.
സാബത്തിനെപ്പറ്റി പറയുമ്പോൾ വിശുദ്ധ ലിഖിതം സൃഷ്ടികർമ്മത്തെ അനുസ്മരിക്കുന്നു: “എന്തെന്നാല്‍, കര്‍ത്താവ് ആറുദിവസം കൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്‌തവും സൃഷ്‌ടിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്‌തു. അങ്ങനെ അവിടുന്ന് സാബത്തു ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്‌ധീകരിക്കുകയും ചെയ്‌തു” (പുറപ്പാട് 20 : 11). പഴയനിയമത്തില്‍ സാബത്ത് ദൈവത്തിന്റെ വിശ്രമത്തിന്റെയും പുറപ്പാടിന്റെ ജനം -ഇസ്രായേല്‍ ജനം- വാഗ്ദത്തഭൂമിയില്‍ പ്രവേശിച്ചപ്പോള്‍ ദൈവം അവര്‍ക്കുനല്കിയ വിശ്രമത്തിന്റെയും ഓര്‍മ്മയാചരണമായിരുന്നു.
യഹൂദമതത്തില്‍നിന്നും മാറി പുതിയനിയമത്തിലുള്ള, മിശിഹായിലുള്ള വിശ്വാസത്തിലേയ്ക്ക് കടന്നുവന്ന മിശിഹാനുയായികള്‍ ശ്ലീഹന്മാരുടെ കാലം മുതല്‍ കര്‍ത്താവിന്റെ ദിവസമായി സ്വീകരിച്ചത് ഞായറാഴ്ചയായിരുന്നു. അതിനു പ്രത്യേകമായ കാരണങ്ങളുമുണ്ട്:
1. മിശിഹാരഹസ്യത്തിന്റെ കേന്ദ്രമായ മിശിഹായുടെ ഉത്ഥാനം സംഭവിച്ചത് ഞായറാഴ്ചയായിരുന്നു.
2. പാപത്താല്‍ മലിനമാക്കപ്പെട്ട ആദ്യസൃഷ്ടിയായ മനുഷ്യന്റെ സ്ഥാനത്ത്, പൂര്‍ണ്ണനായ ഏകമനുഷ്യന്‍ മിശിഹാ, മനുഷ്യത്വത്തിന്റെ പൂര്‍ണ്ണതയില്‍ ജീവിച്ച് മനുഷ്യത്വത്തെ നിത്യജീവനിലേയ്ക്ക് ഉയര്‍ത്തിയ ദിവസം.
3. കൃതജ്ഞതാനിര്‍ഭരമായ ആരാധനയോടെ ലോകത്തിന്റെ ആദ്യദിനത്തെ അനുസ്മരിപ്പിക്കുന്ന ദിവസം.
4. മിശിഹാ മഹത്ത്വത്തില്‍ വരുകയും സര്‍വ്വതും നവീകരിക്കുകയും ചെയ്യുന്ന അന്തിമദിനത്തെ സജീവമായ പ്രത്യാശയോടെ ഉറ്റുനോക്കുന്ന ദിവസം.
”യുഗാന്ത്യം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും”. (മത്താ. 28:20) എന്ന ഉത്ഥിതനായ മിശിഹായുടെ വാഗ്ദാനം സഭയില്‍ എപ്പോഴും പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നു. ഉത്ഥാനദിനമെന്ന നിലയില്‍, ഞായറാഴ്ച ഒരു ഭൂതകാലസംഭവത്തിന്റെ സ്മരണമാത്രമല്ല; ഉത്ഥിതനായ കര്‍ത്താവിന് തന്റെ ജനത്തിനിടയിലുള്ള സജീവസാന്നിധ്യത്തിന്റെ ആഘോഷവുമാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം കുർബാന കാണൽ എന്നൊന്നില്ല. അത് കടം തീർക്കാനുള്ള ഒരു പ്രക്രിയയുമല്ല. മറിച്ച് ജീവന്‍ നിലനിര്‍ത്താൻ ഭക്ഷണം എന്നതുപോലെതന്നെ നിത്യജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ആത്മാവിന്റെ ഭക്ഷണമാണ് പരിശുദ്ധ കുര്‍ബാന. ഞായറാഴ്ചകടം ഒരു നിയമമായി മാറുന്നത് ആറാം നൂറ്റാണ്ടിലാണ്. അതിനും നൂറ്റാണ്ടുകൾ മുന്നേ, ശക്തമായ ഒരു ആന്തരികാവശ്യം എന്ന നിലയിൽ വിശ്വാസികൾ ഞായറാഴ്ചസമ്മേളനം നടത്തിയിരുന്നു. ആഴ്ചതോറും കടന്നുവരുന്ന ഉയിര്‍പ്പുതിരുന്നാള്‍ദിനമായി ഞായറാഴ്ച രൂപപ്പെട്ടു. അവർ അത് മുടക്കിയിരുന്നില്ല. അതിനാല്‍ കടമെന്ന ഇടുങ്ങിയ ചിന്താഗതി മാറി സ്‌നേഹത്തിന്റെ ആന്തരികാവശ്യമായ ഞായറാഴ്ചയാചരണത്തെ, ആഘോഷത്തെ കണ്ടിരുന്ന ആദ്യകാല ഞായറാഴ്ച ആത്മീയതായിലേയ്ക്ക് തിരിച്ചുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതൊരു നിയമത്തിന്റെ കടമല്ല, മറിച്ച് സ്നേഹത്തിന്റെ കടമയാണ്.
കർത്താവിന്റെ ദിവസത്തിന്റെയും കർത്താവിന്റെ കുർബാനയുടെയും ആഘോഷം സഭാജീവിതത്തിന്റെ ഹൃദയത്തിലുള്ളതാണ്. സഭയുടെ സത്തയെ പൂര്‍ണ്ണമായി പ്രകടിപ്പിക്കുവാന്‍ സഭാംഗങ്ങള്‍ കുര്‍ബാനയില്‍ സമ്മേളിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എല്ലാ വിശ്വാസികൾക്കും ഞായറാഴ്ച കുർബാനയുടെ ആഘോഷത്തിന് സമ്മേളിക്കാനുള്ള സ്ഥലമാണ് ഇടവക ദൈവാലയം. ഞായറാഴ്ചയാഘോഷത്തിനായി ഇടവകപള്ളിയില്‍തന്നെ പോകണമെന്നാണ് സഭ അനുശാസിക്കുന്നത്. ഇതും ഒരു നിയമത്തിന്റെ പശ്ചാത്തലത്തിലല്ല സ്വീകരിക്കേണ്ടത്; മറിച്ച് ഞായറാഴ്ചയാഘോഷത്തിന്റെ കുടുംബപരവും സാമൂഹികവുമായ പശ്ചാത്തലത്തിലാണ്. ഇടവക, ആരാധനാജീവിതത്തിന്റെ സാധാരണ പ്രകാശനത്തിലേയ്ക്ക് ക്രൈസ്തവജനതയെ ഔപചാരികമായി പ്രവേശിപ്പിക്കുന്നു. അത് ഈ ആഘോഷത്തിൽ അവരെ ഒന്നിച്ചുകൂട്ടുന്നു. കൂടാതെ മിശിഹായുടെ രക്ഷാകരപ്രബോധനം പഠിപ്പിക്കുകയും സത്യപ്രവൃത്തികളിലും സഹോദരസ്നേഹത്തിലും കർത്താവിന്റെ സ്നേഹം അഭ്യസിക്കുകയും ചെയ്യുന്നു. ഇടവകസമൂഹത്തോടുകൂടിയ ഞായറാഴ്ചക്കുര്‍ബാനയുടെ ആഘോഷത്തിലൂടെയാണ്, സജീവമായ സമൂഹബോധം ഉണ്ടാകേണ്ടത്. അതുകൊണ്ടുതന്നെ ഞായറാഴ്ചകളിൽ ഇടവക ദൈവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയാണ് യഥാർത്ഥ ആത്മീയത.
ഞായറാഴ്ചകളിലും നിയമാനുസൃതമായ മറ്റു തിരുനാളുകളിലും വിശ്വാസികൾ കുർബാനയിൽ പങ്കുകൊള്ളാൻ കടപ്പെട്ടിരിക്കുന്നു. ഇത് സഭയുടെ കല്പനയാണ്. സഭയുടെ കല്പന കർത്താവിന്റെ നിയമത്തെ കൃത്യമായി നിശ്ചയിക്കുകയും നിർവചിക്കുകയും ചെയ്യുന്നു. ഞായറാഴ്ച്ച കുർബാന സകല ക്രൈസ്തവാനുഷ്ഠാനങ്ങളുടെയും അടിസ്ഥാനവും സ്ഥിരീകരണവുമാണ്. ഇക്കാരണത്താൽ ഗൗരവമായ കാരണങ്ങളില്ലെങ്കിൽ ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയിൽ പങ്കുചേരാൻ വിശ്വാസികൾ കടപ്പെട്ടിരിക്കുന്നു.
മിശിഹായോടും അവിടുത്തെ സഭയോടുമുള്ള ഐക്യത്തിന്റെയും വിശ്വസ്തതയുടെയും സാക്ഷ്യമാണ് ഞായറാഴ്ച കുർബാനയിലെ പങ്കുചേരൽ. അതുവഴി നാം വിശ്വാസത്തിലും സ്നേഹത്തിലുമുള്ള നമ്മുടെ കൂട്ടായ്മയ്ക്കാണ് സാക്ഷ്യം നൽകുന്നത്.
ശാലോം പോലെയുള്ള ടെലിവിഷന്‍ ചാനലുകളിൽ കുര്‍ബാനയും യാമപ്രാര്‍ത്ഥനയും ഭക്താഭ്യാസങ്ങളും സംപ്രേഷണം ചെയ്യാറുണ്ട്. അത് ദൈവാലയത്തിൽ പോയി വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളാൻ ഒരു നിവൃത്തിയും ഇല്ലാത്തവരെ ഉദ്ദേശിച്ചുള്ളതാണ്. പരിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന്റെ അവശ്യഘടകമായ പരിശുദ്ധ കുര്‍ബാന സ്വീകരണം ഇവിടെ അസാധ്യമായിത്തീരുന്നു. മാത്രമല്ല, നേരത്തെ എവിടെയോ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയുടെ സംപ്രേക്ഷണം മാത്രമാണ് അത്. ഞായറാഴ്ചദിവസം പരിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാന്‍ ആരോഗ്യവും സാഹചര്യവുമുള്ളവര്‍ ഇത്തരം സംപ്രേഷണങ്ങളെ ആശ്രയിച്ച് ദൈവാലയത്തില്‍ പോകാതിരിക്കുന്നത് തെറ്റാണ്. ഞായറാഴ്ചദിവസങ്ങളില്‍ സാധിക്കുന്നവരെല്ലാം ദൈവാലയത്തില്‍ പോയി പരിശുദ്ധ കുര്‍ബാനയിലും കൂട്ടായ്മയിലും പങ്കുകൊള്ളുക തന്നെവേണം.
കര്‍ത്താവിന്റെ ദിവസമായ ഞായറാഴ്ച, കര്‍ത്താവിനും കുടുംബത്തിനും ചുറ്റുമുള്ള സഹോദരങ്ങള്‍ക്കുമായി ചെലവഴിക്കുന്നതിന് നീക്കിവയ്ക്കുന്നത് ഒരു സമയനഷ്ടമല്ല, മറിച്ച് സമയത്തിന്റെ ശരിയായ വിനിയോഗമാണ്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ഇപ്രകാരം പറയുന്നു: “നിങ്ങളുടെ സമയം മിശിഹായ്ക്കു കൊടുക്കുവാന്‍ ഭയപ്പെടേണ്ടാ! അതേ, നമുക്കു നമ്മുടെ സമയത്തെ മിശിഹായ്ക്കായി തുറന്നുകൊടുക്കാം. അവിടുന്ന് അതില്‍ പ്രകാശം ചൊരിയുന്നതിനും അതിനെ നയിക്കുന്നതിനും വേണ്ടി അപ്രകാരം ചെയ്യാം…. മിശിഹായ്ക്കു നല്‍കപ്പെടുന്ന സമയം ഒരിക്കലും നഷ്ടപ്പെട്ട സമയമല്ല, പിന്നെയോ നേടിയ സമയമാണ്; നമ്മുടെ ബന്ധങ്ങളും യഥാര്‍ത്ഥത്തില്‍ നമ്മുടെ മുഴുവന്‍ ജീവിതവും കൂടുതല്‍ ആഴത്തില്‍ മാനുഷികമായിത്തീരുന്നതിനുവേണ്ടി നേടിയ സമയം”.
സമാപനം
ഞായറാഴ്ചയുടെ സന്തോഷവും വിശ്രമവും തനിക്കുമാത്രമുള്ളതല്ല എന്ന അവബോധം വിശ്വാസിക്കുണ്ടാകണം. തന്റെ സഹായം ആവശ്യമുള്ളവരുണ്ടോ എന്നറിയുവാനായി ചുറ്റും നോക്കണം. തന്റെ അയല്‍പക്കത്തോ, അറിയുന്നവരുടെയിടയിലോ രോഗികളോ, വൃദ്ധരോ, കുട്ടികളോ, പരദേശികളോ സഹായം ആവശ്യമുള്ള മറ്റാരെങ്കിലുമോ ഉണ്ടായിരിക്കാം. തീവ്രമായ ഏകാന്തതയും ആവശ്യങ്ങളും ദുരിതവും അനുഭവിക്കുന്ന അവര്‍ക്കുവേണ്ടി ഞായറാഴ്ചദിവസം മാറ്റിവയ്ക്കുവാന്‍ സാധിക്കണം. ഇപ്രകാരം ജീവിച്ചാല്‍ ഞായറാഴ്ചകുര്‍ബാന മാത്രമല്ല, ഞായറാഴ്ച ദിവസം മുഴുവനും സ്‌നേഹത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ഒരു മഹാപാഠശാലയായിത്തീരും.