വയനാട്ടില്‍ ലഹരിമരുന്ന് വില്പനയും ഉപയോഗവും വര്‍ദ്ധിക്കുന്നു എന്ന പത്രറിപ്പോര്‍ട്ടുകളെ കാര്യഗൗരവത്തോടെ പരിഗണിക്കണം. ആനന്ദത്തിന്‍റെയും സന്തോഷത്തിന്‍റെയും വാതിലായിട്ടാണ് ഉപയോഗിക്കുന്നവര്‍ ലഹരിവസ്തുക്കളെ കണക്കാക്കുന്നത്. എന്നാല്‍ അവ ഉപയോഗിക്കുന്നതിലൂടെ ജീവിതത്തിന്‍റെ വാതിലുകള്‍ അടയുകയാണെന്ന യാഥാര്‍ത്ഥ്യം അവര്‍ മനസ്സിലാക്കുന്നില്ല.
കുട്ടികളെ ലഹരിക്ക് അടിമകളാക്കുന്ന കുടുംബസാഹചര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ വ്യക്തിപരമായ ജീവിതത്തില്‍ കുടുതല്‍ ആഴത്തില്‍ ഇടപെടാന്‍ മാതാപിതാക്കന്മാര്‍ക്ക് സാധിക്കുന്നില്ല എന്നതാണ് സത്യം. ഇന്നത്തേ പോലെയുള്ള സാഹചര്യങ്ങളായിരുന്നില്ല ഒന്നോരണ്ടോ പതിറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്നത്. അന്ന് വഴിതെറ്റാനുള്ള സാദ്ധ്യത കൾ വിരളമായിരുന്നു. മാദ്ധ്യമങ്ങളും മറ്റും ഇന്നുള്ളത് പോലെ വികസിച്ചിരുന്നില്ല. തങ്ങളുടെ മക്കൾ എവിടെപ്പോകുന്ന, എന്തു ചെയ്യുന്നു എന്നെല്ലാം അറിയാൻ വലിയ പ്രയാസമില്ലായിരുന്നു. തെറ്റായ ധാരണകളിൽ അവർ എത്തിപ്പെടാനുള്ള സാധ്യതയും കുറവായിരുന്നു. എന്നാൽ ഇന്നങ്ങനെയല്ല. തങ്ങളുടെ കുട്ടികള്‍ എന്തു വിചാരിക്കുന്നു, എന്തൊക്കെ ചെയ്യുന്നു, അവരുടെ കൂട്ടുകെട്ടുകള്‍ എന്തൊക്കെയാണ് എന്ന് മാതാപിതാക്കന്മാര്‍ അറിഞ്ഞുവരുന്പോഴേക്കും സമയം വളരെ താമസിച്ചുപോയിരിക്കും.
സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം, കൂട്ടുകെട്ടുകളുടെ സ്വാധീനം, പഠനത്തിന്‍റെ സമ്മര്‍ദ്ദങ്ങള്‍, കുടുംബത്തിലെ പ്രശ്നങ്ങള്‍, പരിചിതമല്ലാത വഴികള്‍ തേടാനുള്ള ഭ്രമം എന്നിങ്ങനെ പുതുതലമുറയെ ലഹരിയുടെ ഉപയോഗത്തിലേക്ക് നയിക്കുന്ന നിരവധിയായ കാരണങ്ങളുണ്ട്. സാമൂഹ്യശാസ്ത്രപരവും മനശാസ്ത്രപരവുമായ പഠനങ്ങളും സമീപനങ്ങളും ഈ വിഷയത്തില്‍ സ്വീകരിക്കണം.
ഊഷ്മളമായ കുടുംബബന്ധമാണ് ലഹരിവസ്തുക്കളുടെ ഉപയോഗം കുട്ടികള്‍ക്കിടയില്‍ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. മാതാപിതാക്കന്മാരും മക്കളും തമ്മിലുള്ള ആഴമായ ബന്ധവും ദിവസേന വിശദാംശങ്ങളിലുള്ള സംസാരവും കുട്ടികളിലെ ഇത്തരം ചായ്ച്ചിലുകളെ കണ്ടെത്താനും പ്രതിരോധിക്കാനും സഹായകമാകും. മാതാപിതാക്കന്മാര്‍ തന്നെയും ലഹരിവസ്തുക്കള്‍ക്ക് അടിമകളാണെങ്കില്‍ മക്കളെ ഉപദേശിച്ചിട്ടും തിരുത്തിയിട്ടും കാര്യമില്ലല്ലോ…
അദ്ധ്യാപകര്‍ ക്ലാസ്സ്മുറികളില്‍ തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ഭാഗമായും അല്ലാതെയും ലഹരിവസ്തുക്കളെക്കുറിച്ചും അവയുടെ മാരകമായ പാര്‍ശ്വഫലങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തണം. സ്കൂള്‍തലത്തില്‍ ബോധവത്കരണപരിപാടികള്‍ സംഘടിപ്പിക്കുകയും ദൃശ്യശ്രാവ്യമാധ്യമങ്ങളുപയോഗിച്ച് ഇതിന്‍റെ ഭീകരത കുട്ടികളെ നിരന്തരമായി ബോധ്യപ്പെടുത്തുകയും വേണം. മതസ്ഥാപനങ്ങളും മതപഠനശാലകളുമെല്ലാം ഈ ഉദ്യമത്തില്‍ പങ്കാളികളാകുന്പോള്‍ പ്രയത്നം സഫലമാകും.
നിയമപാലകര്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകുന്നതോടെ ലഹരിവസ്തുക്കളുടെ ലഭ്യത കുറക്കുവാന്‍ സാധിക്കും. പ്രശ്നങ്ങളുണ്ടാകുന്നിടത്ത് ഇടപെടുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളെത്തന്നെ പ്രതിരോധിക്കുന്നത്. പെരിക്കല്ലൂര്‍ ഭാഗത്ത് പൂട്ടിപ്പോയ എയ്ഡ്പോസ്റ്റ് പുനസ്ഥാപിക്കുവാനും അതിര്‍ത്തിപങ്കിടുന്ന ഇടങ്ങളിലും മനുഷ്യര്‍ വ്യവഹാരം നടത്തുന്ന അതിര്‍ത്തിപ്രദേശങ്ങളിലും നിയമപാലകരുടെ സാന്നിദ്ധ്യം ഇത്തരുണത്തില്‍ അനിവാര്യമായി മാറുകയാണ്.
കുടൂതല്‍ കാര്യക്ഷമമവും സംഘടിതവുമായ മുന്നേറ്റങ്ങളിലൂടെ പ്രതിരോധിച്ചില്ലായെങ്കില്‍ ലഹരിയെന്ന മാരകവിപവത്തിലൂടെ നമ്മുടെ വരുംതലമുറ ഇല്ലാതാകുന്നത് നാം കണ്ടുനില്‍ക്കേണ്ടിവരും. ജാതി-മത-പാര്‍ട്ടി വ്യത്യാസങ്ങളില്ലാതെ പൊതുനന്മക്കും പുതുതലമുറയുടെ ആരോഗ്യകരമായ ഉന്നമനത്തിനും വേണ്ടി നമുക്കദ്ധ്വാനിക്കാം.
ബിഷപ് ജോസ് പൊരുന്നേടം
മാനന്തവാടി