അത്യാഗ്രഹം

ഫാ ജോസഫ്‌ നെച്ചിക്കാട്ട്‌

ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ഗുസ്തിക്കാരനായിരുന്നു ബള്‍ഗേറിയക്കാരന്‍ യൂസഫ് ഇസ്മായേല്‍. യൂറോപ്പിലെ ഏറ്റവും വലിയ ഗുസ്തിക്കാരനായിരുന്ന ഇസ്മായേല്‍ 1878 ല്‍ അമേരിക്കയിലെത്തി അവിടുത്തെ വമ്പന്മാരെയും തറപറ്റിച്ചു ലോകചാമ്പ്യനായി മാറി. ആ വകുപ്പില്‍ അമേരിക്കയില്‍നിന്നുതന്നെ വലിയൊരു തുക പ്രതിഫലമായി ലഭിച്ചു, പാരിതോഷികങ്ങള്‍ക്കു പുറമേ. സൗകര്യാര്‍ത്ഥം എല്ലാം സ്വര്‍ണ്ണനാണയങ്ങളാക്കിമാറ്റി തന്‍റെ വലിയ ബല്‍ട്ടിലൊതുക്കി, 1878 ജൂലൈ മാസം അയാള്‍ യൂറോപ്പിലേക്കു കപ്പല്‍ കയറി. പക്ഷേ, ഇടയ്ക്കുവച്ച് ജൂലൈ നാലാം തീയതി ഇസ്മായേലിന്‍റെ കപ്പല്‍ വേറൊരു കപ്പലുമായി കൂട്ടിയിടിച്ചു തകര്‍ന്നു. യാത്രക്കാരെല്ലാം ലൈഫ് ബല്‍ട്ട് ധരിച്ചു കടലില്‍ചാടി, തൊട്ടടുത്തു തയ്യാറായിനില്‍ക്കുന്ന ബോട്ടുകളില്‍ പ്രവേശിക്കുവാന്‍ ക്യാപ്റ്റന്‍ ഓര്‍ഡര്‍ കൊടുത്തു. എന്നാല്‍, മറ്റുള്ളവരോടൊപ്പം ബോട്ടില്‍ കയറുവാന്‍ ഇസ്മായേലിനു കഴിഞ്ഞില്ല. അയാള്‍ ആഴങ്ങളിലേക്കു താണുപോയി!
എന്തേ, ലോകചാമ്പ്യനായിരുന്നിട്ടും അയാള്‍ക്ക് തൊട്ടടുത്തുള്ള ബോട്ടില്‍ എത്തിപ്പെടാന്‍ കഴിയാതെ പോയത്? സ്വതവെ പൊണ്ണത്തടിയനായിരുന്ന ഇസ്മായേലിനെ താങ്ങിനിര്‍ത്തുവാന്‍ സ്വര്‍ണ്ണത്തിന്‍റെ ഭാരവുംകൂടിയായപ്പോള്‍ ലൈഫ് ബല്‍ട്ടിനു കഴിഞ്ഞില്ല. കടലില്‍ ചാടിയതേ അയാള്‍ മുങ്ങിപ്പോയി.
ഇടയ്ക്കുവച്ച് സ്വന്തം ബല്‍ട്ടഴിച്ചുമാറ്റുവാന്‍ അയാള്‍ വൃഥാ ശ്രമിച്ചിട്ടുണ്ടാകണം-വൈകിവന്ന വിവേകം. പക്ഷേ, അതിനുമുമ്പ് അയാള്‍ കടലിന്‍റെ അടിത്തട്ടിലെത്തി!
ജീവിതത്തിന്‍റെ ദുര്‍ഘടയോട്ടത്തില്‍ ഒത്തിപ്പേര്‍ക്ക് ഇസ്മായേലിനെപ്പോലെ ലക്ഷ്യത്തിലെത്താന്‍ കഴിയാതെ പോകുന്നു. അത്യാര്‍ത്തിക്കും അതിമോഹങ്ങള്‍ക്കും അടിപ്പെട്ടുപോകുന്നതാണു കാരണം.
‘യാത്രക്കാര്‍ തങ്ങളോടൊപ്പം യാതൊന്നും കൈവശം വയ്ക്കരുത്-ലൈഫ് ബല്‍ട്ടു താങ്ങുകയില്ല’ എന്നു പലവട്ടം ക്യാപ്റ്റന്‍ മുന്നറിയിപ്പ് നല്കിയതാണ്. അതൊന്നും ഇസ്മായേല്‍ കണക്കിലെടുത്തില്ല. ജീവസര്‍വ്വസ്വമായ തന്‍റെ സമ്പാദ്യങ്ങള്‍ എന്തു വന്നാലും ശരി കൈവിടുന്ന പ്രശ്നമില്ല. സ്വര്‍ണ്ണനാണയങ്ങള്‍ നിറച്ച സ്വന്തം ബല്‍ട്ടിനുപുറമേ ആരും കാണാതെ അയാള്‍ ലൈഫ് ജാക്കറ്റു ധരിച്ച് കടലില്‍ ചാടി!
ഇസ്മായേല്‍ സംഭവത്തോടു കൂട്ടിച്ചേര്‍ത്തു വായിക്കുവാന്‍ പറ്റിയ സമാന സ്വഭാവമുള്ള ഒരു കഥയാണ് ലിയോ ടോള്‍സ്റ്റോയിയുടെ ആറടിമണ്ണ്.
ഒരു കര്‍ഷകനു തന്‍റെ കൃഷിഭൂമി പോരാ എന്നൊരു തോന്നല്‍. തന്‍റെ ആഗ്രഹം അയാള്‍ മഹാരാജാവിനെ അറിയിച്ചു. ഉദാരനായ രാജാവിന്‍റെ അനുകൂലമായ അനുവാദം: “ഒരു ദിവസം സൂര്യാസ്തമയത്തിനുമുമ്പ് നടന്നുതീര്‍ക്കാവുന്നത്ര ഭൂമി സ്വന്തമാക്കിക്കൊള്ളുക-പക്ഷേ, അസ്തമയത്തിനുമുമ്പ് എന്‍റെ മുമ്പില്‍ തിരിച്ചെത്തിയിരിക്കണം.”
സന്തോഷംകൊണ്ടു മതിമറന്ന കര്‍ഷകന്‍ അതിരാവിലെതന്നെ ഇറങ്ങിപ്പുറപ്പെട്ടു. വളരെ വേഗം നടന്നു, ഓടി-അതിശീഘ്രം. ഓടിയോടിത്തളര്‍ന്ന് തിരിച്ചു രാജസന്നിധിയിലെത്തിയപ്പോഴേക്കും ആ മനുഷ്യന്‍ കുഴഞ്ഞുവീണു മരിച്ചു! രാജഭൃത്യന്മാര്‍ അയാളെ എടുത്തുകൊണ്ടുപോയി സംസ്കരിച്ചു. അയാള്‍ക്ക് ആവശ്യമായി വന്നത് വെറും ആറടി മണ്ണു മാത്രം-ഇസ്മായേലിന് അതുപോലും വേണ്ടിവന്നില്ല!
മനുഷ്യന്‍റെ സര്‍വ്വ അസ്വസ്ഥതകള്‍ക്കും അനര്‍ത്ഥങ്ങള്‍ക്കും കാരണം ആഗ്രഹങ്ങളാണ് എന്നു ശ്രീബുദ്ധന്‍ പഠിപ്പിച്ചു(1). അതുകൊണ്ട് ശാന്തിയും മുക്തിയും സാധിക്കുവാന്‍ സര്‍വ്വ ആഗ്രഹങ്ങളും നിഗ്രഹിക്കപ്പെടണം. അതിന് എട്ടു മാര്‍ഗ്ഗങ്ങളും അദ്ദേഹം നിര്‍ദ്ദേശിച്ചു.(2)
വാസ്തവത്തില്‍, ആഗ്രഹങ്ങള്‍ നമ്മെ വഴിതെറ്റിക്കുകയല്ല, ജീവിക്കാന്‍ പ്രേരിപ്പിക്കുകയാണ്. ഈ അര്‍ത്ഥത്തിലാണ് നാം സ്വപ്നങ്ങള്‍ കാണുന്നവരാകണം എന്ന് മുന്‍രാഷ്ട്രപതി അബ്ദുള്‍കലാം ആസാദ് പറഞ്ഞുവച്ചത്.
ആഗ്രഹങ്ങളല്ല, അത്യാഗ്രഹങ്ങളും അതിമോഹങ്ങളുമാണ് പ്രശ്നം. അവയാണ് മനുഷ്യന്‍റെ സമനില തെറ്റിക്കുന്നതും, വിവേകം നഷ്ടപ്പെടുത്തുന്നതും. ഇവിടെയാണ് ഇസ്മായേലിനും ടോള്‍സ്റ്റോയിയുടെ കര്‍ഷകനും വഴിതെറ്റിപ്പോയത്.
ഒരിക്കല്‍ മാത്രം കിട്ടുന്ന മനുഷ്യജീവിതം വിലപ്പെട്ടതാണ്, പന്താടുവാനുള്ളതല്ല-സ്വന്തം ജീവന്‍ മാത്രമല്ല സഹജീവികളുടേതും. ഇവിടെയാണ് പലരുടെയും ക്രൂരതകള്‍ പരകോടിയിലെത്തുന്നത്. സമീപകാലത്തെ തീവ്രവാദികള്‍ ഒന്നാംതരം ഉദാഹരണമാണ്(3).
എല്ലാ അത്യാഗ്രഹങ്ങളില്‍നിന്നും അകന്നുനില്ക്കുവാനാണ് തിരുവചനം നമ്മെ പഠിപ്പിക്കുക (ലൂക്കാ. 12:12). അവിടംകൊണ്ടൊന്നും ജീവിതം സമ്പന്നമാകാന്‍ പോകുന്നില്ല, നിറവിലെത്തുന്നുമില്ല. ആകാശത്തിലെ പറവകളെയും തീറ്റിപ്പോറ്റുന്ന സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ സന്നിധിയിലാണ് നാം സമ്പന്നരാകേണ്ടത് (ലൂക്കാ. 12:21).
കാക്കകളെ കണ്ടുപഠിക്കാനാണ് യേശു നമ്മോടാവശ്യപ്പെടുക (ലൂക്കാ. 12:23). കാക്കകള്‍ ഉള്‍പ്പെടെയുള്ള ആകാശപ്പറവകള്‍ അധ്വാനിക്കുന്നില്ല എന്നു കരുതരുത്. പ്രഭാതം മുതല്‍ പ്രദോഷംവരെ ഇടവേളകളില്ലാതെ തീറ്റിതേടി പോകുന്ന പറവകള്‍ മറ്റാരേയുംകാള്‍ കൂടുതല്‍ അധ്വാനിക്കുന്നുണ്ടെന്നാണ് പക്ഷിനിരീക്ഷകരുടെ നിഗമനം. പക്ഷേ, ഒരാകുലപ്പാടും കൂടാതെ തികഞ്ഞ ഹൃദയലാഘവത്തോടെ അവറ്റകള്‍ ആഹാരം തേടിപ്പോകുന്നു!
കാക്കകളുടെ ഭക്ഷണശൈലിയും ശ്രദ്ധേയമാണ്: നല്ലൊരു തീറ്റി കണ്ടെത്തുന്ന കാക്ക ഉടനടി എന്താണു ചെയ്യുക? അതു മാറി നിന്ന് മറ്റു കാക്കകളെയെല്ലാം വിളിച്ചുകൂട്ടും.
“ക്രാ… ക്രാ… വാ… വാ… ഇതാ, വലിയൊരു തീറ്റി കണ്ടെത്തിയിരിക്കുന്നു.” എല്ലാവരുംകൂടിയാണ് അതു ഭക്ഷിക്കുക. നാളെ അതുപോലെ മറ്റൊരു കാക്കയും എവിടെയെങ്കിലും ഒരു തീറ്റി കണ്ടെത്തിയിരിക്കും. അപ്പോള്‍ അതും വിളിച്ചുകൂവും: “ക്രാ. ഇതാ, ഒരു പോത്തു ‘ശത്തി’രിക്കുന്നു. ‘ബന്നോ’ളിന്‍ ‘തിന്നോ’ളിന്‍. ക്രാ ക്രാ…” എല്ലാവരുംകൂടി അതു തിന്നു തൃപ്തിയടയുന്നു….
ആ പങ്കുവയ്പനുഭവം മനുഷ്യരായ നമുക്കൊക്കെ പാഠമാകേണ്ടതാണ്. അത്യാര്‍ത്തിയില്‍നിന്നും സര്‍വ്വോപരി സര്‍വ്വ അത്യാഗ്രഹങ്ങളില്‍നിന്നും അകന്നിരിക്കുവാന്‍ അതു സഹായകമാവുകയും ചെയ്യും.
.

1. The Four Noble Truths – Sutra By Buddha. V. D. Mahajan, Ancient India ( Vth Edition). p. 157.
2. V. D. Mahajan, ibidem. p. 158.
3. മ) പെഷവാറിലെ (പാക്കിസ്ഥാന്‍) സൈനിക സ്ക്കൂളില്‍ 132 പിഞ്ചു കുഞ്ഞുങ്ങളെ നിരനിരയായി നിറുത്തി അള്ളാഹു അക്ക്ബര്‍ എന്ന് ആക്രോശിച്ചുകൊണ്ട് താലിബാന്‍ വെടിവെച്ചു കൊന്ന സംഭവം (2014 ഡിസംബര്‍).
യ) നൈജീറിയയിലെ ബോര്‍ണോ സ്റ്റെയിറ്റിലുള്ള ചീബോക്ക് ഗവ.ഗേള്‍സ് സ്കുളിലെ 276 പെണ്‍കുട്ടികളോടു ബോക്കോ ഹറാം കാട്ടിയ ക്രൂരതകള്‍.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy