വിവാഹത്തിനൊരുങ്ങുന്നവർ ഒന്ന് ശ്രദ്ധിക്കാമോ?

ഫാദർ ജെൻസൺ ലാസലെറ്റ്

 

എൻ്റെ മുമ്പിലിരുന്ന ആ യുവാവിനോട്
ഞാൻ ചോദിച്ചു:
വിവാഹം കഴിഞ്ഞിട്ട് മൂന്നു ദിവസമല്ലെ ആയുള്ളൂ അപ്പോഴേയ്ക്കും ഇവളെ വേണ്ടാന്നു പറയാൻ കാരണമെന്താണ്?

“അച്ചാ, ഇവൾ കല്ല്യാണത്തിന് മുമ്പ്
അയച്ചു തന്ന ഫോട്ടോയും
ഇവളുടെ നേരിട്ടുള്ള രൂപവും തമ്മിൽ
ആനയും ആടും തമ്മിലുള്ള അന്തരമുണ്ട്.”

അതു പറഞ്ഞതിനു ശേഷം
അവനാ ഫോട്ടോ കാണിച്ചു:
അവൻ പറഞ്ഞത് ശരിയാണ്
അതവളാണെന്ന്‌ അവളുപോലും പറയുകയില്ല!
അത്രയ്ക്ക് വ്യത്യാസമുണ്ട്.

ഫോട്ടോ കണ്ടതിനു ശേഷം
ഞാനിങ്ങനെ തുടർന്നു:
”അങ്ങനെയെങ്കിൽ പെണ്ണുകാണാൻ പോയപ്പോൾ നീ ഇവളെ നേരിട്ട് കണ്ടതല്ലെ? കൂടാതെ മനസമ്മതത്തിൻ്റെ സമയത്തും വിവാഹസമയത്തും പളളിയിൽ
നിന്നു കൊണ്ട് സമ്മതവും മൂളിയതല്ലെ?
അപ്പോഴെങ്കിലും നിനക്ക് ഇഷ്ടമല്ലെന്ന് പറയാമായിരുന്നില്ലെ?”

അവൻ ഇങ്ങനെ മറുപടി പറഞ്ഞു:
”അച്ചാ, അവൾ എനിക്കയച്ചു തന്ന
ഫോട്ടോ ഞാൻ എൻ്റെ കൂട്ടുകാർക്കെല്ലാവർക്കും
അയച്ചുകൊടുത്തു.
നല്ല അടിപൊളി പെണ്ണാണെന്നാണ് അവരെല്ലാവരും പറഞ്ഞത്.

എന്നാൽ നേരിട്ട് കണ്ടപ്പോൾ
അവളാകെ കറുത്തിരുണ്ടിരിക്കുന്നു.
വീട്ടിൽ വന്ന് കാര്യം പറഞ്ഞപ്പോൾ
അപ്പൻ പറഞ്ഞു:
അതവൾ ജോലി കഴിഞ്ഞ് വന്നതിൻ്റെ
ക്ഷീണം മൂലമാണ്.
എല്ലാം ശരിയാകുമെന്ന്.

പിന്നീട് എല്ലാം പെട്ടന്നായിരുന്നു.
മനസമ്മതം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ കല്ല്യാണവും കഴിഞ്ഞു.
അന്ന് മാതാപിതാക്കന്മാരെ എതിർക്കാൻ കഴിഞ്ഞില്ല. ഇന്നിപ്പോൾ എനിക്കവളെ ഉൾക്കൊള്ളാനും പറ്റുന്നില്ല.
അതു കൊണ്ടാണ് തുടക്കത്തിലേ തന്നെ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചത്.”

തുടർന്ന് സംസാരിച്ചതവളാണ്:
“അച്ചാ, എന്നെ ഇഷ്ടമല്ലെങ്കിൽ
അത് പറയേണ്ടത് ഒന്നുകിൽ
എന്നെ കാണാൻ വന്നപ്പോൾ
അല്ലെങ്കിൽ മനസമ്മതത്തിൻ്റെ സമയത്ത്‌. അതല്ലാതെ കല്ല്യാണം കഴിഞ്ഞ് രണ്ടാം നാളാണോ ഇഷ്ടമല്ല.
കൂടെ ജീവിക്കാൻ പറ്റില്ല
എന്നൊക്കെ പറയുന്നത്?
ഇതെവിടുത്തെ ന്യായമാണ്?

ന്യായമായ ചോദ്യം.
അല്ലെ?

ഞാനവളോടു ചോദിച്ചു:
നീ അവന് അയച്ചുകൊടുത്ത ഫോട്ടോ
നീ തന്നെ എടുത്തതാണോ?
അത് നിൻ്റെ ഫോട്ടോയാണോ?
ആ ഫോട്ടോയിലെ നീയും
ഇപ്പോഴുള്ള നീയും തമ്മിൽ
വളരെ അന്തരമുണ്ടല്ലൊ?”

ഒന്ന് ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു:
“അച്ചാ, ആ ഫോട്ടോ
ഞാൻ തന്നെയാണ് അയച്ചുകൊടുത്തത്. എൻ്റെ ഫോട്ടോ തന്നെയാണത്.
‘സ്വീറ്റ് സെൽഫി’ എന്ന
ആപ്പിൽ എടുത്തതാണത്!

ചെറുക്കന് അയക്കുന്ന ഫോട്ടോ എങ്കിലും നിനക്ക് ഒറിജിനൽ അയക്കാൻ മേലായിരുന്നോ എന്ന് ഞാൻ ചോദിച്ചപ്പോൾ
അവളിങ്ങനെ പറഞ്ഞു:

”കുറച്ച് ഭംഗി കൂടുതൽ ഇരിക്കട്ടെ
എന്ന് കരുതി അയച്ചതാണ്.
അന്നങ്ങനെ തോന്നി ഞാനയച്ചു.
ഇതിത്രയ്ക്കും പുലിവാലാകുമെന്ന് ആരെങ്കിലും കരുതിയോ?”

ജീവിതം സുഖദു:ഖ സമ്മിശ്രമാണെന്നും ജീവിത പങ്കാളി സുന്ദരനോ സുന്ദരിയോ ആണെങ്കിലും വിവാഹശേഷം
ഒരു അപകടമോ സ്ട്രോക്ക് പോലുള്ള പെട്ടെന്നുണ്ടാകുന്ന ഒരു രോഗമോ
ഉണ്ടായാൽ നാം അവരെ ഉപേക്ഷിക്കാറില്ലല്ലോ.
അതിനാൽ ദൈവഹിതത്തിന്
കീഴ് വഴങ്ങി ജീവിച്ചാൽ അവിടെ
നന്മ കൊയ്യാൻ സാധിക്കും
എന്ന് പറഞ്ഞ് ഞാൻ അവരെ
ആശ്വസിപ്പിച്ച് വിട്ടു.
അവരുടെ ഇന്നത്തെ
സ്ഥിതി എന്താണെന്നെനിക്കറിയില്ല.

(Sweet Selfie എന്ന
മൊബൈൽ ആപ്പിനെക്കുറിച്ച്
അന്നാദ്യമായാണ് ഞാൻ കേട്ടത്.
ടിക് ടോക്കിനോടൊപ്പം
ആ ചൈനീസ് ആപ്പും ഇപ്പോൾ
ഇന്ത്യയിൽ നിരോധനത്തിലാണ്.
ദൈവത്തിന് നന്ദി!)

എന്തായാലും അതിനു ശേഷം
വിവാഹത്തിനു വേണ്ടി പരസ്പരം അയച്ചുകൊടുക്കുന്ന ഫോട്ടോയും മാട്രിമോണിയൽ സൈറ്റുകളിൽ
റജിസ്റ്റർ ചെയ്യുമ്പോഴുള്ള ഫോട്ടോയും
ഒത്തിരി മേയ്ക്കപ്പ് ഇല്ലാതെ എടുത്തതായിരിക്കണമെന്ന്
യുവതീയുവാക്കന്മാരോട്
ഞാൻ പറയാറുണ്ട്.

ഇങ്ങനെയുള്ള കോപ്രായങ്ങൾ കാണുമ്പോൾ ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ട്
വിവാഹത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചുമുള്ള മൂല്യവും കാഴ്ചപ്പാടുമൊക്കെ ഇപ്പോഴുള്ള
തലമുറയിൽ പലർക്കും നഷ്ടമായോ എന്ന്.

ഒരു കാര്യം നമ്മൾ മനസിൽ
സൂക്ഷിക്കുന്നത് ഏറെ നല്ലതാണ്;
ദൈവം യോജിപ്പിച്ചതായി
ക്രിസ്തു പറയുന്ന ഏക ബന്ധം
വിവാഹമാണ് ( Ref മത്താ19:6).
അതുകൊണ്ടാണ് ആ ബന്ധം
മനുഷ്യൻ വേർപെടുത്തരുതെന്നും
അവൻ പറഞ്ഞത്.

അങ്ങനെയുള്ള ഒരു ബോധ്യമുള്ളതുകൊണ്ടാണ്
ഇന്നും പല കുടുംബ ബന്ധങ്ങളും
നിലനിന്ന് പോകുന്നതു തന്നെ.

അതല്ലാതെ,
ജീവിതത്തിലെ വിവിധങ്ങളായ
പ്രശ്നങ്ങളുടെ പേരിൽ
വിവാഹം വേർപ്പെടുത്തണമെന്ന് തീരുമാനിച്ചിരുന്നെങ്കിൽ
എത്ര പണ്ടേ ഇത് വായിക്കുന്ന
ദമ്പതികളിൽ പലരും തന്നെ
ബന്ധം വേർപ്പെടുത്തുയുമായിരുന്നു.

ശരിയല്ലെ ഞാൻ പറഞ്ഞത്?

 

ഫാദർ ജെൻസൺ ലാസലെറ്റ്
ജൂലൈ 18-2020.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy