തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയായ ജസ്യൂട്ട് വൈദികന് ഫാ. സ്റ്റാന്സിലാവോസ് ലൂര്ദ്ദ് സ്വാമി എന്ന ഫാ. സ്റ്റാന് സ്വാമിയെ നാഷണല് ഇന്വെസ്റ്റിഗേഷന് ഏജന്സി അറസ്റ്റ് ചെയ്തതിനെപ്രതിയുള്ള പ്രതിഷേധം പുകയുകയാണ്. ആജീവനാന്തകാലം ആദിവാസിവിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനും മറ്റുമായി പ്രവര്ത്തിച്ചിരുന്ന സാമൂഹ്യപ്രവര്ത്തകനായിരുന്നു സ്റ്റാന് സ്വാമി. 83 വയസ്സുള്ള വൈദികനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഭീമ-കൊറേഗാവ് കേസിലാണ് എന്ഐഎ അറസ്റ്റ് ചെയ്തത്.
സ്റ്റാന് സ്വാമിയുടെ പ്രവര്ത്തനങ്ങള്
ജാര്ഖണ്ഡിലെ ആദിവാസി അവകാശപ്പോരാട്ടങ്ങളുടെ മുന്നിരക്കാരനായ ഫാ. സ്റ്റാന് സ്വാമി 1996-ല് യുറേനിയം കോര്പറേഷൻ ഇന്ത്യ ലിമിറ്റഡിനെതിരായ സമരത്തില് പങ്കുചേര്ന്നിരുന്നു. ബോക്കാറോ, സന്താള് പര്ഗാന, കോഡെര്മ എന്നിവിടങ്ങളില് നിന്ന് കുടിയൊഴിക്കപ്പെട്ടവരുടെ അവകാശസംരക്ഷണത്തിന് അദ്ദേഹം മുന്കൈയ്യെടുത്തു. ആദിവാസിവിഭാഗങ്ങളുടെ സംരക്ഷണവും ക്ഷേമവും വികസനവും ഉറപ്പാക്കാന് അവരും കൂടി ഉള്പ്പെടുന്ന ഗോത്ര ഉപദേശകസമിതി രൂപീകരിക്കാന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ അഞ്ചാം പട്ടിക നടപ്പാക്കാത്തതിനെ നിരന്തരമായി ചോദ്യം ചെയ്തു. ലാന്ഡ് ബാങ്കുകള് സ്ഥാപിക്കാനുള്ള ജാര്ഖണ്ഡ് സര്ക്കാരിന്റെ തീരുമാനം ആദിവാസികളെ തങ്ങളുടെ ഭൂമിയില് നിന്ന് പുറന്തള്ളുമെന്നാരോപിച്ച് അതിനെ എതിര്ക്കുകയും ചെയ്തു. ഇതിനും പുറമേ വിവിധ സംസ്ഥാനങ്ങളില് ജയിലുകളില് കഴിയുന്ന തടവുകാരുടെ അവകാശങ്ങള്ക്കുവേണ്ടി പ്രവര്ത്തിക്കുന്ന പി.പി.എസ്.സി എന്ന സംഘടനയും അദ്ദേഹത്തിനുണ്ട്.
ഇത്തരം പ്രവര്ത്തനങ്ങളുടെയെല്ലാം വെളിച്ചത്തില് ആദിവാസികള്ക്ക് നീതി ലഭ്യമാക്കുന്നതിനുള്ള ജുഡീഷ്യല് നടപടിക്രമങ്ങളെ തടസ്സപ്പെടുത്താന് ഭരണകൂടത്തിന്റെ ശ്രമമുണ്ടെന്നും അതിനായി പ്രവര്ത്തിക്കുന്നവരെ ഗൗരവതരമായ കേസുകളില് കുടുക്കുകയാണ് സര്ക്കാര് തന്ത്രമെന്നും ഫാ. സ്റ്റാന് സ്വാമി പ്രതികരിച്ചു. സിപിഐ മാവോയിസ്റ്റ് സംഘടനയില് നിന്ന് തന്റെ പ്രവര്ത്തനങ്ങള്ക്കാവശ്യമായ ഫണ്ട് സ്വീകരിക്കുന്നുവെന്ന അന്വേഷണഏജന്സിയുടെ വാദം തെറ്റാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 2018-ല് ബോംബെ ഹൈക്കോടതിയില് നല്കിയ വിശദീകരണത്തില് തന്റെ അഭിഭാഷകന് മുഖേന ഇക്കാര്യം അദ്ദേഹം ബോദ്ധ്യപ്പെടുത്തിയതുമാണ്.
പ്രതികരണങ്ങള്
തനിക്കെതിരേ ഉണ്ടെന്ന് എൻഐഎ ഉന്നയിക്കുന്ന തെളിവുകള് കെട്ടിച്ചമച്ചവയാണെന്നും വ്യാജതെളിവുകള് ഉദ്യോഗസ്ഥര് തന്റെ കമ്പ്യൂട്ടറില് നിക്ഷേപിച്ചുവെന്നും സ്റ്റാന് സ്വാമി പ്രതികരിച്ചു. താന് താമസിക്കുന്ന ബഗൈച ക്യാമ്പസ് ഒരു സാമൂഹ്യപ്രവര്ത്തനസ്ഥാപനം മാത്രമാണെന്നും അതിന് ഇടത് തീവ്രവാദസഘംടനകളുമായി ബന്ധമുണ്ടെന്നത് കേവലം ആരോപണം മാത്രമാണെന്നും അദ്ദേഹം പറയുന്നു. ഫാ. സ്റ്റാന് സ്വാമിയുടെ അറസ്റ്റിനെ പ്രമുഖ ചരിത്രകാരന് രാമചന്ദ്രഗുഹ, മുതിര്ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് തുടങ്ങിയവര് അപലപിച്ചു. ആദിവാസികളുടെ അവകാശസംരക്ഷണത്തിനായി ജീവിതം മുഴുവന് മാറ്റിവെച്ച ആളായതിനാലാണ് മോദി ഭരണകൂടം അദ്ദേഹത്തേപ്പോലുള്ളവരെ നിശബ്ദരാക്കാന് ശ്രമിക്കുന്നതെന്ന് അവര് ആരോപിച്ചു.
പ്രായത്തിന്റെ അവശതകളും രോഗങ്ങളുമുള്ള ഫാ. സ്റ്റാന് സ്വാമിയെ അറസ്റ്റ് ചെയ്തത് തങ്ങളെ ഞെട്ടിച്ചുവെന്ന് ജസ്യൂട്ട് കോണ്ഫറന്സ് ഓഫ് സൗത്ത് ഏഷ്യയുടെ പ്രസിഡന്റ് ജോര്ജ്ജ് പട്ടേരി എസ്ജെ സര്ക്കുലറില് പറഞ്ഞു. അന്വേഷണത്തോട് പൂര്ണമായും സഹകരിക്കുകയും ഏതുവിധേനയുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുകയും ചെയ്ത സ്റ്റാന് സ്വാമിയെ അറസ്റ്റ് ചെയ്തത് തികച്ചും അനാവശ്യമാണെന്നും അദ്ദേഹത്തെ ഉടനെ മോചിപ്പിക്കണമെന്നും ഫാ. ജോര്ജ്ജ് പട്ടേരി ആവശ്യപ്പെട്ടു. ഭാരത കത്തോലിക്കാ മെത്രാൻ സമിതിയും (CBCI) കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ ജാഗ്രത കമ്മീഷനും (KCBC) ഫാ. സ്റ്റാന് സ്വാമിയുടെ അറസ്റ്റിനെ അപലപിച്ചു.
സമാപനം
ഫാ. സ്റ്റാന് സ്വാമിയുടെ അറസ്റ്റ് സര്ക്കാരിന്റെ ആവശ്യമാണെന്നതും രാഷ്ട്രീയപ്രേരിതമാണെന്നതും ശക്തമായ പ്രതികരണങ്ങള്ക്ക് രൂപം കൊടുക്കുന്നു. വൃദ്ധനും രോഗിയുമായ ഒരു സാമൂഹ്യപ്രവര്ത്തകനെ അറസ്റ്റ് ചെയ്തതിലൂടെ ഭാരതത്തിലെ ദുര്ബലവിഭാഗങ്ങള്ക്കായി അദ്ദേഹം ജീവിതം ഉഴിഞ്ഞുവെച്ച് നല്കിയ നിസ്വാര്ത്ഥസേവനങ്ങളെയാണ് ഭരണകൂടം വിസ്മരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നത്. രാഷ്ട്രീയാധികാരത്തെയും കോര്പറേറ്റ് സംരഭങ്ങളെയും എതിര്ക്കുകയും പാവപ്പെട്ടവര്ക്ക് വേണ്ടി നിലപാടുകളെടുക്കുകയും ചെയ്യുന്നവരെ വ്യാജക്കേസില് കുടുക്കുന്നതിലൂടെ നിശബ്ദരാക്കാമെന്നത് ചരിത്രത്തില് ആവര്ത്തിച്ച് പയറ്റപ്പെടുന്ന തന്ത്രമാണ്. ഈ തന്ത്രത്തിന്റെ പ്രേരണ ആര്ത്തിയും അധികാരപ്രമത്തതയും ഭീരുത്വവുമാണ്.
ഭാരതത്തിന് ജസ്യൂട്ട് വൈദികര് നല്കിയ അതുല്യമായ സംഭാവനകളെ ഒരിക്കലും വിസ്മരിക്കാവുന്നതല്ല. സാമൂഹ്യജീവിതത്തിന്റെ അവഗണിക്കപ്പെട്ടു കിടക്കുന്ന തലങ്ങള് മുതല് ശാസ്ത്രസാങ്കേതികരംഗത്ത് വരെ ജസ്യൂട്ട് സൊസൈറ്റിയുടെ സംഭാവനകളും സാന്നിദ്ധ്യവും നിസ്തര്ക്കമാം വിധം വലുതാണ്. ആദിവാസിവിഭാഗങ്ങള് മുതല് പാര്ശ്വവത്കരിക്കപ്പെട്ട എല്ലാ ജനതകള്ക്കും വേണ്ടിയും നിലപാടുകളെടുക്കുന്ന അനേകരില് ജസ്യൂട്ട് വൈദികരെ പ്രമുഖസ്ഥാനത്ത് തന്നെ കാണാവുന്നതാണ്.
നിശബ്ദമാക്കാന് ശ്രമിച്ചാലും നേരിന്റെ സ്വരം മാത്രമേ, കാലത്തെ അതിജീവിച്ച് ഉയര്ന്നു നില്ക്കൂ.
ഫാ. സ്റ്റാന് സ്വാമിക്ക് ഐക്യദാര്ഡ്യം പ്രഖ്യാപിക്കുന്നു.