പാലാ രൂപതയിൽ ജനിച്ച് മലബാറിലെ തലശ്ശേരി, മാനന്തവാടി രൂപതകളിലും എൻ. ആർ.പുര റീജിയനിലും പൗരോഹിത്യശുശ്രൂഷ ചെയ്ത അതുല്യനായ അജപാലകനാണ് നിര്യാതനായ സെബാസ്റ്റ്യൻ പാലക്കീൽ അച്ചൻ. പാലാ രൂപതയിലെ കുടക്കച്ചിറയിൽ ജനിച്ച് മലബാറിലെ തലശ്ശേരി അതിരൂപതക്ക് വേണ്ടി വൈദികനാകാൻ തീരുമാനമെടുക്കുന്പോൾ അവികസിതമലബാറിലെ അധ്വാനിക്കുന്ന ജനവിഭാഗമായിരുന്നു അച്ഛനിലെ പ്രേഷിതതാൽപര്യമായി നിലനിന്നിരുന്നത്. താൻ തിരഞ്ഞെടുത്ത ശുശ്രൂഷാമേഖലയോട് 100 % ആത്മാർത്ഥത പുലർത്താൻ അച്ചന് സാധിച്ചു.
മാനന്തവാടി രൂപതയിലെ മാർട്ടിൻ നഗർ, തൃശ്ശിലേരി, പയ്യംപള്ളി, കുറുന്പാല, പുതുശ്ശേരിക്കടവ്, കൊട്ടിയൂർ, കല്ലോടി, തരിയോട്, കബനിഗിരി, റിപ്പൺ, നടവയൽ, ചെന്നലോട്, തലശ്ശേരി രൂപതയിലെ പുളിങ്ങോം, കോഴിച്ചാൽ, രാജഗിരി, തോട്ടത്താടി, ധർമ്മസ്ഥലം, കളഞ്ച, നെല്ലിയാടി, ജഡിക്കൽ, പുറവയൽ എന്നിവിടങ്ങളിലെ സ്തുത്യർഹമായ സേവനവും എൻ. ആർ. പുര റീജിയന്റെ എപ്പിസ്കോപ്പൽ വികാരിയായുള്ള ശുശ്രൂഷയും മലബാറിന്റെ കുടിയേറ്റ മേഖലയോട് പാലക്കീൽ അച്ചനുണ്ടായിരുന്ന സവിശേഷതാല്പര്യം വെളിപ്പെടുത്തുന്നു. തിരുവിതാംകൂറിൽ നിന്നും കുടിയേറിപ്പോന്നവർക്ക് ആത്മീയശുശ്രൂഷ ചെയ്ത് മലബാറിന്റെ ദുരിതനാളുകളിൽ അവരുടെ കണ്ണീരൊപ്പി നല്ല ഇടയനായി ശാന്തനായി പാലക്കീൽ അച്ചൻ കടന്നുപോവുകയാണ്.
സേവനം ചെയ്ത മേഖലകളിലെല്ലാം തന്റെ നൈസർഗികമായ ശാന്തസ്വഭാവം കൊണ്ടും മൃദുസമീപനങ്ങൾ കൊണ്ടും അച്ചൻ ശോഭിച്ചിരുന്നു. ആർക്കും സമീപിക്കാവുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. പലവിധ പ്രശ്നങ്ങൾ കൊണ്ട് തന്നെ സമീപിക്കുന്നവരെയെല്ലാം ആശ്വസിപ്പിക്കാൻ കഴിയും വിധം വിശുദ്ധമായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം. ശാന്തവും സ്വീകാര്യവുമായ അച്ചന്റെ ഇടപെടലുകൾ സേവനം ചെയ്ത എല്ലാ ഇടവകകളിലും വിജയിയായ അജപാലകനാകുവാൻ അച്ചനെ സഹായിച്ചു.
വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചപ്പോൾ പോലും ഇടവകകളിലെ ശുശ്രൂഷകളിൽ സഹായിക്കാൻ അച്ചൻ പൂർണമനസ്സ് കാണിച്ചിരുന്നു. വിശ്രമജീവിതത്തിന്റെ ഒഴിവുവേളകളിൽ തമാശകൾ പറഞ്ഞും കൃഷിയിടങ്ങളിലൂടെ സഞ്ചരിച്ചും തന്റെ വാർദ്ധക്യം ഏറ്റവും ദൈവാനുഗ്രഹപ്രദമായി അച്ചൻ ചിലവഴിച്ചു. അജപാലനമേഖലയെ അകമഴിഞ്ഞ് സ്നേഹിക്കുകയും മൃദുസമീപനങ്ങൾ കൊണ്ട് തന്റെ ജനത്തിന്റെ മനസ്സിൽ ഇടം പിടിക്കുകയും ചെയ്ത ആദരണീയനായ പാലക്കീൽ അച്ചന്റെ വിടവാങ്ങൽ മലബാറിലെ ക്രൈസ്തവജനതക്ക് തികച്ചും വേദനാജനകമാണ്.
September 3, 2017