തോപ്പ് (തൃശൂര്‍) അനാഥശാലയിലെ ഒരു കലാകാരന്‍ അഭിവന്ദ്യനായ ജോര്‍ജ്ജ് ആലപ്പാട്ട് മെത്രാന് വലിയ കൃതാര്‍ത്ഥതയോടെ ഒരു സമ്മാനം നല്‍കിയതോര്‍ക്കുന്നു. മുള്‍ക്കിരീടധാരിയായ യേശുവിന്‍റെ അര്‍ദ്ധകായ പ്രതിമയായിരുന്നു അത്.
കിരീടധാരണവേളയില്‍ അവര്‍ണ്ണനീയമായ വേദന മുറ്റിനിന്ന നിമിഷങ്ങളില്‍ യേശുവിന്‍റെ മുഖത്തെ ഭാവമെന്തായിരുന്നു- എങ്ങനെയാവും യേശു അതിനെ സ്വീകരിച്ചിട്ടുണ്ടാവുക ? വേദന കൊണ്ടു പുളയുകയും വാവിട്ടു നിലവിളിക്കുകയും ചെയ്യുകയായിരുന്നുവോ? അതെല്ലാം കടിച്ചമര്‍ത്തുകയായിരുന്നുവോ? അതോ, ശകാരവര്‍ഷം ചൊരിയുമാറ് അവരെയൊക്കെ രൂക്ഷമായി നോക്കുകയായിരുന്നുവോ?
കലാകാരന്‍റെ ഭാവനയനുസരിച്ച് അപ്പോഴും യേശു ഒന്നു ചിരിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്തായിരുന്നിരിക്കണം അതിനു നിദാനം? പാപങ്ങള്‍ക്കു പരിഹാരബലിയായി അനേകരെ രക്ഷപ്പെടുത്താന്‍ കഴിയുന്നല്ലോ എന്ന മനോതുഷ്ടിയായിരുന്നു അതിന്‍റെ പിന്നില്‍. വാസ്തവത്തില്‍ മനുഷ്യവംശത്തിന്‍റെ പരിത്രാണം സാധിക്കുവാന്‍ ദൈവമായ യേശുവിന്‍റെ ചെറിയൊരു സഹനം ധാരാളം മതിയാകുമായിരുന്നു. എങ്കിലും, ഗദ്സേമെനി മുതല്‍ ഗാഗുല്‍ത്താമല വരെ എത്തിനിന്ന പീഡനങ്ങള്‍ അതിന്‍റെ പൂര്‍ണ്ണതയില്‍തന്നെ ഏറ്റുവാങ്ങുവാന്‍ ദൈവമായ കര്‍ത്താവ് തയ്യാറായി.
ക്രൂശിക്കപ്പെടുന്നതിനുമുമ്പ് കുറ്റവാളികള്‍ക്ക് കുന്തുരുക്കം അഥവാ മീറാ കലര്‍ത്തിയ വീഞ്ഞു കൊടുക്കുക പതിവായിരുന്നു- തെല്ലൊരു അബോധാവസ്ഥയിലെത്തി വേദനയൊന്നു കുറഞ്ഞുകിട്ടാന്‍. എങ്കിലും, യേശു മാത്രം അതു സ്വീകരിച്ചില്ലെന്നതിന് ഇരുവശത്തും തൂക്കപ്പെട്ട കള്ളന്മാര്‍വരെ സാക്ഷികളാണ്.
അന്തിമ അത്താഴത്തിനും രക്തവിയര്‍പ്പിനും ശേഷം ഒന്നും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യാതെ രാത്രിയും പകലും ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടവന് കഠിനമായ വിശപ്പും ദാഹവും അനുഭവപ്പെട്ടിട്ടുണ്ടാകണം. അടിച്ചിറക്കപ്പെട്ട മുള്‍മുടി സഹിതം തൂങ്ങിത്തൂങ്ങി നിന്നവന് സാധാരണ ക്രൂശിതന്‍റെ ഇരട്ടി വേദനയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
ചുറ്റും നില്‍ക്കുന്നവരെ കാര്‍ക്കിച്ചു തുപ്പുകയും സ്വന്തം മാതാപിതാക്കളെപ്പോലും നിഘണ്ടുവിലില്ലാത്ത ദൂഷണങ്ങള്‍ വിളിച്ചു പറയുകയും ചെയ്തുകൊണ്ടാണ് ഓരോ ക്രൂശിതനും അലച്ചലച്ചു ചാവുക എന്നത്രേ റോമന്‍ രാജ്യതന്ത്രജ്ഞനും ഗ്രന്ഥകര്‍ത്താവുമായ സെനേക്കാ രേഖപ്പെടുത്തിയിട്ടുള്ളത്.
അസഹ്യമായ പദപ്രയോഗങ്ങള്‍ കേട്ടുമടുത്ത് ചിലരുടെയൊക്കെ നാവുപോലും മുറിച്ചു കളയേണ്ടിവരുമെന്ന് സിസറോയും പറയുന്നുണ്ട്.
അത്തരം ചിലതു കേള്‍ക്കുവാനും കേട്ടുനില്‍ക്കുന്നവരുടേയും പടയാളികളുടെയും പ്രതികരണം കാണുവാനും വേണ്ടിയാണ് യേശുവിനെ ജീവനോടെ ക്രൂശിക്കുവാന്‍ പ്രീശരും നിയമജ്ഞരും പുരോഹിതരും മറ്റും കൊതിച്ചത്- കുരിശിന്‍ ചുവട്ടില്‍ ഒത്തുകൂടിയത്.
അപ്പോഴും മൗനമവലംബിച്ചു നിന്നവനെ പ്രകോപിപ്പിക്കുവാന്‍ വേണ്ടി അവര്‍ പിന്നെയും തൊടുത്തുവിട്ടു: “ദൈവാലയം നശിപ്പിച്ചു മൂന്നു ദിവസങ്ങള്‍ കൊണ്ട് വീണ്ടും പണിയുന്നവനേ, ഞങ്ങള്‍ കണ്ടു വിശ്വസിക്കേണ്ടതിന് നീ കുരിശില്‍നിന്ന് ഇറങ്ങിവരുക” (മര്‍ക്കോ. 15:29-32). പക്ഷേ, യേശു ഇറങ്ങിവന്നില്ല.
ബ്രിട്ടീഷ് നവീകരണ ചിന്തകളുടെ പ്രണേതാവും സാല്‍വേഷന്‍ ആര്‍മിയുടെ ജനറലും ആയിരുന്ന വില്യം ബൂത്ത് (1829-1912 A.D.) പറയുകയാണ് : “യേശു അങ്ങനെ ഇറങ്ങിവരാതിരുന്നതുകൊണ്ടാണ് നമ്മള്‍ യേശുവില്‍ വിശ്വസിക്കുന്നത്…. ആ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് യേശു ഇറങ്ങി വന്നിരുന്നെങ്കില്‍ ദൈവിക ക്ഷമയ്ക്കും അതിരുകള്‍ ഉണ്ടെന്നാണ് നാം കരുതേണ്ടി വരുക.”
പക്ഷേ, പ്രതിയോഗികള്‍ പ്രതീക്ഷിച്ചതൊന്നും അവിടെ സംഭവിച്ചില്ല. അവിടെനിന്നു പുറത്തുവന്ന ആദ്യത്തെ തിരുവചനം : “പിതാവേ, ഇവരോടു ക്ഷമിക്കണമേ; എന്തെന്നാല്‍, തങ്ങള്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല” (ലൂക്കാ. 23-24) എന്നത്രേ.
“പിതാവേ, ഇവരോടു ക്ഷമിക്കണമേ…” ആരോടൊക്കെ ക്ഷമിക്കണമെന്നാണ് യേശു ആവശ്യപ്പെടുന്നത്? ആ പുരോഹിതരോട്, യഹൂദപ്രമാണികളോട്, വിദ്വേഷം അടക്കാനാവാതെ തന്നെ പരിഹസിക്കുന്നവരോട്, സ്വന്തം കസേര ഇളകാതിരിക്കാന്‍വേണ്ടി അനീതി വിധിയെഴുതിയ പീലാത്തോസിനോട്, അതേ തുടര്‍ന്ന് തന്നെ അടിച്ചവരോട്, കുരിശു ചുമപ്പിച്ചവരോട്, തന്നെ വലിച്ചു നീട്ടിപ്പിടിച്ചു തറച്ചു തൂക്കിയവരോട്…?
ഒപ്പം തൂങ്ങിനിന്ന രണ്ടു കള്ളന്മാരും എല്ലാവരോടും ചേര്‍ന്ന് യേശുവിനെ പരിഹസിക്കുകയായിരുന്നു (മര്‍ക്കോ. 15:32, മത്താ. 27:44). എങ്കിലും, അവരിലൊരുവന്‍ ഒരു കാര്യം ശ്രദ്ധിച്ചു: നടുക്കു തൂങ്ങിക്കിടക്കുന്നവന്‍ തങ്ങളെപ്പോലെ ദൂഷണം പറയുന്നില്ല – ആര്‍ക്കെതിരായും ആരെക്കുറിച്ചും! അങ്ങനെയിരിക്കെയാണ് അവനെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് അഭൂതപൂര്‍വ്വകമായൊരു അഭ്യര്‍ത്ഥന പുറത്തു വരുന്നത്: “പിതാവേ, ഇവരോട്…”
അത് അവനെ ആഴത്തില്‍ സ്പര്‍ശിച്ചു: ഇത്തരം ഒരു വാചകം ഒരിക്കലും ഒരു മനുഷ്യനില്‍ നിന്നും പുറത്തു വന്നിട്ടില്ല- വരികയുമില്ല. ദൈവത്തിനു താഴെയുള്ള ഒരുത്തനും അതുപോലെ പറയുവാന്‍ സാധ്യമല്ല. അവന്‍റെ കുരിശില്‍ എഴുതിത്തറച്ചിരിക്കുന്നതുപോലെ അവന്‍ രാജാവായിരിക്കണം. അവന് സ്വന്തമായ ഒരു രാജ്യവുമുണ്ടാകണം. എത്രയും വേഗം അവനിലേക്കു തിരിയുകതന്നെ. ആ കള്ളന് ഒരു മാനസാന്തരം സംഭവിക്കുന്നു. അവന്‍ യേശുവിന്‍റെ പക്കലേക്കു തിരിഞ്ഞു: “യേശുവേ അങ്ങേ രാജ്യത്തിലെത്തുമ്പോള്‍ എന്നെയും ഓര്‍ക്കണമേ.”
കുരിശില്‍ തൂങ്ങിനിന്ന ആ കള്ളന് യേശുവിന്‍റെ രാജ്യത്തെപ്പറ്റിയോ, അഭൗമികമായ പഠനങ്ങളെപ്പറ്റിയോ, പരിത്രാണ പദ്ധതിയെപ്പറ്റിയോ കാര്യമായി ഒന്നും അറിഞ്ഞുകൂടായിരുന്നു. എങ്കിലും, അതിവിസ്മയനീയമായ ആ പ്രാര്‍ത്ഥന വിലപ്പെട്ട ഒരു പാഠം അവനു പകര്‍ന്നുകൊടുത്തു- എല്ലാറ്റിനും പകരം പോരുന്ന പാഠം. അത് അവനെ നിത്യകവാടത്തിലെത്തിക്കുകയും ചെയ്തു.
യേശുവിന്‍റെ വലതുവശത്തു തൂങ്ങിക്കിടന്നവന്‍ കണ്ടെത്തിയതു വലിയൊരു സത്യമായിരുന്നു- അനേകര്‍ക്കു വെളിച്ചം പകര്‍ന്ന തിരുവചനം. തന്നെ ഇത്രത്തോളം അകാരണമായി മുറിവേല്‍പ്പിച്ചവരോട് നിരുപാധികം ക്ഷമിക്കണമെങ്കില്‍, അതുപോലെ സ്വര്‍ഗ്ഗസ്ഥനായ പിതാവിനോട് ആവശ്യപ്പെടുകകൂടി ചെയ്യണമെങ്കില്‍ അവിടെ തികച്ചും ദൈവികമായ ഒരു സിദ്ധി കൂടിയേതീരൂ.
ആ പ്രാര്‍ത്ഥനയുടെ പ്രതിധ്വനി സമയത്തിന്‍റെ സമാപന ചക്രവാളംവരെ അലയടിച്ചു നില്‍ക്കും! അതുമൂലമുള്ള ആദ്യത്തെ മാനസാന്തരം ഒരു കള്ളന്‍റേതായിരുന്നെങ്കില്‍ അടുത്ത അനുരണനം ആദിമരക്തസാക്ഷി എസ്തപ്പാനോസിന്‍റേതായിരുന്നു. “കര്‍ത്താവേ, ഈ പാപം ഇവരുടെമേല്‍ ആരോപിക്കരുതേ” (അപ്പ. പ്രവ. 7:60). മാറ്റൊലി പിന്നെയും മാറ്റൊലിയായി മാറി. അന്ന് അവന്‍റെ ഉടുതുണി പിടിച്ചുകൊണ്ടുനിന്നവനില്‍ പോലും അതു മാറ്റം വരുത്തി. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അവനും ആ പ്രാര്‍ത്ഥന ഏറ്റുവാങ്ങി. “ആ കുറ്റം അവരുടെമേല്‍ ആരോപിക്കപ്പെടാതിരിക്കുവാന്‍ ….” (2 തിമോ. 4:16).
പ്രതികാരം കത്തിക്കാളുമ്പോള്‍ അരുതാത്തതിനു പ്രലോഭിക്കപ്പെടുമ്പോള്‍ യേശുവിന്‍റെ ആ പ്രാര്‍ത്ഥന നമുക്കും പ്രചോദനമാകട്ടെ. അവിടുത്തെ കുരിശിന്‍ ചുവട്ടില്‍ പോയി നമുക്കും നില്‍ക്കാം- തിരുമുറിവുകളില്‍ നിന്നൊഴുകി വരുന്ന രക്തം നമ്മുടെ മുറിവുകളിലേക്കും പതിക്കട്ടെ. അപ്പോള്‍ അവിടുത്തെ അനുകരിക്കാനുള്ള ശക്തി നമുക്കും ലഭിക്കും.