ഈയൊരനുഭവം നിങ്ങളാരും
കേട്ടിട്ടുണ്ടാവില്ല.
എൻ്റെ സുഹൃത്തും എം.എസ്.എഫ്.എസ് സഭാംഗവുമായ ഫാദർ ഫ്രാൻസിസ് പീത്തുരുത്തേലിൻ്റെ
ജീവിതത്തിലെ ഒരനുഭവമാണിത്.
മേഘാലയയിലെ നോങ്ങ്സ്റ്റോയിൻ രൂപതയിലുള്ള ഒരു ആശ്രമത്തിലേയ്ക്കാണ് അച്ചൻ അന്ന് സ്ഥലം മാറി ചെന്നത്.
അവിടെ ഇടവകയും സ്കൂളും ചെറിയ ധ്യാനകേന്ദ്രവുമുണ്ട്.
ഖാസി ഭാഷയൊന്നും അച്ചന് വലിയ വശമില്ലായിരുന്നു.
കഷ്ടിച്ച് കുർബാനയർപ്പിക്കാം,
അത്രമാത്രം.
ആ ദിവസങ്ങളിൽ
കൂടെയുള്ള വൈദികന്
കുറച്ചു നാൾ അവിടെ നിന്നും ഒരത്യാവശ്യകാര്യത്തിനായി
മാറി നിൽക്കേണ്ടതായി വന്നു.
ഓർക്കണേ..
ആ പുതിയ മിഷൻ പ്രദേശത്ത്
അച്ചൻ തനിച്ച്.
ശക്തമായ തണുപ്പുള്ള
ആ കാലാവസ്ഥയിൽ അച്ചന്
പെട്ടന്ന് പനി പിടിച്ചു.
പനിയെന്നു പറഞ്ഞാൽ ശക്തമായ പനി. രാവിലെ എഴുന്നേറ്റ് കുർബാനയർപ്പിച്ചു.
സ്കൂളിൽ അസംബ്ലിക്കു ശേഷം
കൂടുതൽ ക്ഷീണം തോന്നിയ അച്ചൻ,
പെട്ടന്നു തന്നെ മുറിയിലെത്തി.
ഒരു ഗ്ലാസ് വെള്ളമെടുത്ത് തരാനോ
ഒന്ന് ആശുപത്രിയിൽ കൊണ്ടുപോകാനോ ആരുമില്ല.
ഒന്ന് ഫോൺ വിളിക്കണമെങ്കിൽ
ആ പുതിയ സ്ഥലത്ത്
പരിചയക്കാർ ആരുമില്ല.
തൻ്റെ മുറിയിൽ പുതച്ചുമൂടി കിടന്ന് അച്ചനൊരു ജപമാല ചൊല്ലി പ്രാർത്ഥിച്ചു.
പെട്ടന്ന് ഏതോ വണ്ടി വന്ന് നിൽക്കുന്ന
സ്വരം കേട്ടു. കോളിംഗ് ബെൽ അടിച്ചപ്പോൾ അച്ചൻ തന്നെ പതിയെ എഴുന്നേറ്റു വന്നു.
വന്നയാൾ ഇംഗ്ലീഷ് സംസാരിച്ചു.
താൻ ആരാണെന്ന് പരിചയപ്പെടുത്തി.
അച്ചനയാൾക്ക് വാതിൽ തുറന്നുകൊടുത്തു.
അയാൾ അച്ചനെ ഒന്നു തൊട്ടു നോക്കിയപ്പോൾ ശക്തമായ പനി.
ഉടനെ അയാളുടെ വണ്ടിയിൽ നിന്നും
മരുന്നു ബോക്സ് എടുത്തു.
അതിൽ നിന്ന്
ഒന്നു രണ്ടു ഗുളികകൾ
അച്ചന് നൽകി.
അച്ചൻ്റെ കൂടെയിരുന്ന് അല്പസമയം
അച്ചനു വേണ്ടി അയാൾ പ്രാർത്ഥിച്ചു.
പത്ത് പതിനഞ്ച് മിനിട്ടു കഴിഞ്ഞപ്പോൾ
അച്ചൻ്റെ പനി വിട്ടുമാറി.
ഒരിക്കലും മറക്കാനാകാത്ത
ആ സൗഖ്യത്തിൻ്റെയും സാന്ത്വനത്തിൻ്റെയും അനുഭവം സമ്മാനിച്ച വ്യക്തി ആരാണെന്നറിയുമോ?
നോങ്ങ്സ്റ്റോയിൻ രൂപതയുടെ
അന്നത്തെ പിതാവായിരുന്ന
ബിഷപ് ഡോ. വിക്ടർ ലിങ്ഡോ!
ആ മിഷൻ പ്രദേശത്ത്
തൻ്റെ രൂപതയിൽ സേവനം
ചെയ്യാൻ വന്ന വൈദികൻ
ആ ദിവസങ്ങളിൽ
തനിച്ചാണെന്നറിഞ്ഞപ്പോൾ
സാധാരണ വേഷം ധരിച്ച്
ഒരു സുഹൃത്തിനെപോലെ
സുഖവിവരങ്ങൾ തിരക്കാനിറങ്ങിയതായിരുന്നു
ആ പിതാവ്.
ആ അനുഭവം പഠിപ്പിച്ച പാഠത്തെക്കുറിച്ച്
ഫ്രാൻസിസ് അച്ചൻ പറഞ്ഞതിപ്രകാരമാണ്:
“കർത്താവ് നമ്മെ ഉയർത്തുമ്പോൾ
നമ്മൾ എത്രമാത്രം എളിമയുള്ളവരായിരിക്കണം
എന്ന പാഠം ജീവിതം കൊണ്ട്
എനിക്ക് പഠിപ്പിച്ചു തന്ന വ്യക്തിയാണ്
വിക്ടർ പിതാവ്.
ഇത്രമാത്രം എളിമയും കരുതലും സ്നേഹവുമുള്ള ആ പിതാവ്
ഒരു ഡ്രൈവറെ പോലും കൂട്ടാതെ
തനിയെ വണ്ടിയോടിച്ചാണ്
അന്ന് എൻ്റെയടുക്കൽ വന്നത്.
അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നത് ബിഷപ് ആയതിനാലല്ല,
മറിച്ച് ഒരു അപ്പൻ്റെ കരുതൽ കാണിച്ചതിനാലാണ്.”
എത്രയോ അർത്ഥവത്തായ വാക്കുകൾ, അല്ലെ?
ക്രിസ്തുവിൻ്റെ ഈ ഒരു വചനം കൂടെ
ഒന്നു ചേർത്തു ചിന്തിക്കുന്നത് നല്ലതാണ്:
“തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും;
തന്നെത്തന്നെ താഴ്‌ത്തുന്നവന്‍
ഉയര്‍ത്തപ്പെടും”
(ലൂക്കാ 14 : 11).
ഒന്നുറപ്പാണ്:
ഒരാളെ ഉന്നതനാക്കുന്നത് അയാളുടെ പദവിയല്ല, മറിച്ച്
ആ പദവിയിലായിരിക്കുമ്പോൾ
അയാൾ ചെയ്യുന്ന പ്രവൃത്തികളാണ്.
വിക്ടർ പിതാവിൻ്റെ എളിമയിലേക്ക്
നമ്മൾ എത്രമാത്രം ഇനിയും വളരണം?
ഫാദർ ജെൻസൺ ലാസലെറ്റ്
ജൂലൈ 19 – 2020.