ഏറ്റുപറച്ചിൽ

ഫാദർ ജെൻസൺ ലാസലെറ്റ്

തെറ്റിൻ്റെ വഴിയിലേക്ക്
പലായനം തുടങ്ങിയ മകന്,
തിരിച്ചുവരവിനു വേണ്ടി
അമ്മ പറഞ്ഞു കൊടുത്തത്
സ്വന്തം ജീവിത കഥയായിരുന്നു.

“മകനെ നിനക്കറിയുമോ,
ഞാനൊരിക്കലും വഴിതെറ്റില്ലെന്ന് എന്നേക്കാൾ ഉറപ്പായിരുന്നു
എൻ്റെ മാതാപിതാക്കൾക്ക്.
അതുകൊണ്ടായിരിക്കും
ആ പണി, അവർ എന്നെ ഏൽപിച്ചത്;
വീഞ്ഞ് പകർത്തി
കൊണ്ടുവരുന്ന ജോലി.

എൻ്റെ ഉള്ളിലെ യുവസഹജമായ
ജിജ്ഞാസ മൂലം ഞാനത് രുചിച്ചു നോക്കി.
തുടർന്നുള്ള ദിവസങ്ങളിൽ
അതെൻ്റെ ശീലമായി.
വീഞ്ഞ് പകർത്തുമ്പോഴെല്ലാം
ഞാനത് പാനം ചെയ്യാൻ തുടങ്ങി.

വീഞ്ഞു പകർത്തുന്നതിന്
സഹായിക്കാനായി
ജോലിക്കാരിയും വരിക
പതിവായിരുന്നു.
അന്നൊരുനാൾ, നിസാരമായൊരു
കാര്യത്തിന് എനിക്ക് അവളുമായ് കലഹിക്കേണ്ടി വന്നു.

കോപം മൂത്ത ജോലിക്കാരി,
‘മദ്യപിക്കുന്നവളേ… വീഞ്ഞു കുടിക്കുന്നവളേ’
എന്നൊക്കെ വിളിച്ച്
എന്നെ ആക്ഷേപിച്ചു.

ആ വാക്കുകൾ പതിച്ചത്
എൻ്റെ ഹൃദയത്തിലായിരുന്നു.
അവളുടെ ശകാരത്തിലൂടെ ദൈവമാണ് സംസാരിച്ചതെന്ന് തിരിച്ചറിഞ്ഞ ഞാൻ,
വീഞ്ഞു കുടിക്കുന്ന ശീലം
അന്നവസാനിപ്പിച്ചു.

അതുകൊണ്ട്, തെറ്റിൻ്റെ വഴിയേ സഞ്ചരിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ
നീ മാത്രമല്ല, നിന്നിലൂടെ
അനേകം പേരും നശിക്കും.”

അമ്മയുടെ ഉപദേശത്തിന്
അവൻ തെല്ലും വില കല്പിച്ചില്ല.
ചെറിയ തെറ്റുകളിൽ നിന്നും
വലിയ തെറ്റുകളിലേക്ക്
അവൻ യാത്ര ചെയ്തുകൊണ്ടേയിരുന്നു.

വർഷങ്ങൾക്കു ശേഷം
തെറ്റുകൾ മനസിലാക്കി
അവൻ പുതിയ ജീവിതം ആരംഭിച്ചു. പിന്നീടവൻ എഴുതി:

”അമ്മയുടെ വാക്കുകൾക്ക്
അന്ന്  ചെവികൊടുത്തിരുന്നെങ്കിൽ
തിന്മയുടെ ഗർത്തത്തിൽ
ഞാൻ നിപതിക്കില്ലായിരുന്നു.
എൻ്റെ ദൈവത്തെ കണ്ടെത്താൻ
ഞാനിത്രയും വൈകില്ലായിരുന്നു.”

വിശുദ്ധ അഗസ്റ്റിൻ്റെ
ആത്മകഥയിലെ ഒരു ഭാഗമാണിത്.

ഒന്നുറപ്പല്ലേ,
ഉപദേശങ്ങളുടെയും
നേരറിവുകളുടെയും
കുറവുകൊണ്ടല്ലല്ലോ
നാം  വഴിതെറ്റുന്നത്?

എന്താണ് അഗസ്റ്റിനു പറ്റിയത്?
അമ്മയുടെ വാക്കുകളേക്കാൾ
അവൻ വില കൽപിച്ചത്
സുഹൃത്തുക്കളുടെ വാക്കുകളായിരുന്നു.

തിന്മയിലേക്ക് നയിച്ച
സൗഹൃദങ്ങളെക്കുറിച്ച്
അഗസ്റ്റിൻ ഇങ്ങനെ പറഞ്ഞിട്ടുണ്ട്:

”ചീത്ത സൗഹൃദങ്ങൾ
ഭിത്തിയിൽ അടിച്ചിറക്കുന്ന
ആണി പോലെയാണ്.
ഒന്നോ രണ്ടോ തവണ
അടിച്ചതിനു ശേഷം കൈകൊണ്ട്
അത് ഇളക്കി മാറ്റാനാകും.
എന്നാൽ, പൂർണ്ണമായും ഭിത്തിയിൽ അടിച്ചിറക്കിയാൽ
അത് ഊരിയെടുക്കണമെങ്കിൽ
ഭിത്തിതന്നെ തകർക്കേണ്ടി വരും.
അങ്ങനെ തകർക്കപ്പെട്ട
ഭിത്തിയാണു ഞാൻ!”

പറയുന്നത് അഗസ്റ്റിനാകുമ്പോൾ
അതിൽ കാമ്പുണ്ടെന്നതിൽ
തർക്കമില്ലല്ലോ?

ഇവിടെയാണ് ക്രിസ്തുവിൻ്റെ
വാക്കുകൾക്ക് മൂർച്ചയേറുന്നത്:
“നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്‌.
ഉറകെട്ടുപോയാല്‍ ഉപ്പിന്‌
എങ്ങനെ വീണ്ടും ഉറകൂട്ടും?
പുറത്തേക്കു വലിച്ചെറിഞ്ഞ്‌
മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ
മറ്റൊന്നിനും അതുകൊള്ളുകയില്ല”
(മത്താ 5 :13).

ഉറകെട്ടുപോകാത്ത
ഉപ്പായിരിക്കാൻ
നമുക്ക് പരിശ്രമിക്കാം!
വി.അഗസ്റ്റിൻ്റെ തിരുനാൾ മംഗളങ്ങൾ!

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy