ഒമ്പതാം ക്ലാസിൽ പഠിക്കുന്ന
അവൻ്റെ പപ്പ വിദേശത്താണ് ജോലി ചെയ്യുന്നത്. എല്ലാ ദിവസവും അയാൾ
ഫോൺ വിളിച്ച് ഭാര്യയോടും മകനോടും സംസാരിക്കും.
മകനോട് അയാൾ ആവർത്തിച്ചു
പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്:
“മോനെ, നീ അമ്മയെ നോക്കണം കേട്ടോ?
അമ്മയെ വിഷമിപ്പിക്കരുത്.
പപ്പ നാട്ടിലില്ലാത്തതിനാൽ നിൻ്റെ കാര്യങ്ങളെല്ലാം നോക്കുന്നത്
അമ്മയാണെന്ന് നീ മറക്കരുത്.”
അതിനവൻ ഇങ്ങനെ പറയുമായിരുന്നു:
“പപ്പ എന്തിനാണ് ടെൻഷൻ അടിക്കുന്നത്. അമ്മയെ ഞാൻ ഒരു വാക്കു കൊണ്ടു പോലും വേദനിപ്പിക്കില്ല. പപ്പ ഒട്ടും വിഷമിക്കേണ്ട…”
കുറച്ചു നാളുകൾക്കു ശേഷം
ഒരു കത്തെഴുതി അവൻ വീടുവിട്ടിറങ്ങി.
പിന്നീട് തിരിച്ചു വന്നിട്ടേയില്ല.
ആ കത്ത് പപ്പയ്ക്കു
വേണ്ടിയുള്ളതായിരുന്നു:
“പപ്പ…. പപ്പയെയും അമ്മയെയും
ഞാനേറെ സ്നേഹിക്കുന്നു.
ഈ കത്ത് ഒരു മകനെന്ന രീതിയിൽ എങ്ങനെയെഴുതണമെന്ന് എനിക്കറിയില്ല.
പപ്പയുടെ മോൻ ഒരു ദിവസം
സ്കൂൾ കഴിഞ്ഞ് ഉച്ച സമയത്ത് വീട്ടിലെത്തി. മോൻ്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്ത വിധം
ഒരിക്കലും കാണാൻ പാടില്ലാത്ത
ഒരു കാഴ്ചയാണ് അന്നു കണ്ടത്.
അതേക്കുറിച്ച് മോൻ എഴുതുന്നില്ല.
ഒന്നു മാത്രം എഴുതുന്നു;
നമ്മുടെ അമ്മ, പപ്പയെയും എന്നെയും
ചതിക്കുകയായിരുന്നു.
അമ്മയ്ക്ക് സ്നേഹം നമ്മളോടല്ല….. ”
സമാനമായ എത്രയോ സംഭവങ്ങൾ
നമ്മൾ കേട്ടിരിക്കുന്നു.
ഒന്നുറപ്പാണ്, ഒരുവൻ ഏറ്റവും കൂടുതൽ വിലമതിക്കപ്പെടാൻ പോകുന്നത് അവൻ്റെ പ്രവർത്തികളുടെ പേരിലായിരിക്കില്ല
വിശ്വസ്തതയുടെ പേരിലായിരിക്കും.
മകൻ, ഭർത്താവ്, അപ്പൻ, അമ്മ, ഭാര്യ, ഉദ്യോഗസ്ഥൻ,അധ്യാപിക, സമർപ്പിത, പൊതുപ്രവർത്തകൻ……
എന്നീ നിലകളിലെല്ലാം നമ്മൾ എത്രമാത്രം വിശ്വസ്തരായിരുന്നു….
എന്ന് നമ്മോട് ചോദിക്കപ്പെടുന്ന
ദിവസം വരും.
പുരോഹിതനെന്ന നിലയിൽ
ഞാൻ എത്ര മാത്രം വിശ്വസ്തനായിരുന്നു എന്നതായിരിക്കും എന്നോടുള്ള ചോദ്യം.
യജമാനൻ വരുമ്പോൾ കൃത്യമായ കണക്ക് ബോധിപ്പിക്കേണ്ട ഒരു ദിനം വരുമെന്ന്
(Ref ലൂക്ക 16:1-8) സുവിശേഷത്തിൽ വ്യക്തമായി പറയുന്നുണ്ട്.
ഞങ്ങളുടെ ആശ്രമത്തിൽ ജോലിക്കായ്
വന്ന ഒരു സ്ത്രീയെക്കുറിച്ച്
അയൽവാസി പറഞ്ഞ വാക്കുകളോടെ
ഈ കുറിപ്പ് അവസാനിപ്പിക്കാം:
“അച്ചാ, ഒന്നുറപ്പാണ്;
അവൾ ഒരിക്കലും കള്ളത്തരം കാണിക്കില്ല. നൂറു ശതമാനം വിശ്വസ്തയായിരിക്കും.”
ദൈവത്തിൻ്റെ കൈയൊപ്പു പോലെയായിരുന്നു ആ വാക്കുകൾ.
കഴിഞ്ഞ നാലു വർഷമായി
വിശ്വസ്തതയോടെ അവൾ
തൻ്റെ ദൗത്യം തുടരുന്നു…..
ഈ വിശ്വസ്തത കാത്തുസൂക്ഷിക്കാൻ നമുക്കെത്രപേർക്ക് കഴിയും…?