എവിടെയോ കേട്ടിട്ടുള്ള കഥയാണിത്.
അപ്രതീക്ഷിതമായ പ്രകൃതിക്ഷോഭത്തിൽ സകലതും നഷ്ടപ്പെട്ട ഒരു കുടുംബം.
ആ കുടുംബത്തിലെ മകൻ
അപ്പനോട് പറയുന്നു:
”അപ്പാ, എല്ലാം പോയി.
നമ്മുടെ വീടും കൃഷിയും
കന്നുകാലികളും……
മാറാൻ തുണി പോലുമില്ലല്ലോ അപ്പാ …”
തേങ്ങിക്കരഞ്ഞുകൊണ്ടിരുന്ന
മകനെ ചേർത്ത് പിടിച്ചുകൊണ്ട്
അപ്പൻ പറഞ്ഞു:
”മോനേ നീ കരഞ്ഞോളൂ….
സങ്കടം വരുമ്പോൾ കരയണം.
കരഞ്ഞു കരഞ്ഞ്
തീരണം നമ്മുടെ ദു:ഖങ്ങൾ.
മോനറിയുമോ, ഈ നഷ്ടപ്പെട്ടതെല്ലാം
നമുക്ക് ദൈവം നൽകിയതാണ്.
അപ്പൻ്റെ കുഞ്ഞുനാളിൽ
നമുക്കുണ്ടായിരുന്നത് ഓലപ്പുരയാണ്. അവിടുന്നാണ് ഈ സ്ഥിതിയിലേക്ക്
ദൈവം നമ്മെ ഉയർത്തിയത്.
നീ പറഞ്ഞില്ലേ എല്ലാം പോയെന്ന്.
എല്ലാം പോയിട്ടില്ലെടാ…..
അപ്പനില്ലേ നിൻ്റെ കൂടെ…?
നമ്മുടെ ദു:ഖങ്ങളെല്ലാം അറിയുന്ന
ദൈവമില്ലേ നമ്മുടെ കൂടെ…?
പിന്നെന്തിനാ മോനെ ഭയപ്പെടുന്നത്…?”
കഥയിങ്ങനെ അവസാനിക്കുകയാണ്.
പക്ഷെ അത് പകർന്ന് തരുന്ന ഊർജം
എത്ര വലുതാണെന്നറിയാമോ?
എല്ലാം നഷ്ടപ്പെട്ടു
എന്നു നമ്മൾ പറയുമ്പോഴും
നമ്മുടെ കരുതലിനായ്
ആരെയെങ്കിലും ദൈവം അവശേഷിപ്പിച്ചിട്ടില്ലേ?
ചിലർക്കത് മകനാകും
ചിലപ്പോൾ മകൾ
അല്ലെങ്കിൽ അപ്പൻ, അമ്മ, സുഹൃത്ത്, പുരോഹിതൻ, ഗുരുഭൂതൻ……
അങ്ങനെ ആരെയെങ്കിലുമൊക്കെ
നമ്മുടെ തുണയ്ക്കായ്
മാറ്റി നിർത്തുന്നവൻ്റെ പേരാണ് ദൈവം.
ശരിയാണ്,
നാം പ്രതീക്ഷിക്കുന്ന പലരും
നമ്മുടെ കൂടെ ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല.
എന്നാൽ,
ദൈവത്തിൻ്റെ രൂപം പേറുന്ന
ആരെയെങ്കിലും അവിടുന്ന് അയയ്ക്കും. അവരെ കണ്ടെത്തുക,
തിരിച്ചറിയുക,
കൂടെ നിർത്തുക
ഇതാണ് പ്രധാനം.
ഇങ്ങനെയൊരു
അപകടസ്ഥിതിയിലായിരുന്നു
അന്ന് ശിഷ്യരും.
കടലിൽ ഉഗ്രമായ കൊടുങ്കാറ്റുണ്ടായി.
തോണി മുങ്ങത്തക്കവിധം തിരമാലകൾ ഉയർന്നു. അവർ അലമുറയിട്ടു. അമരത്തുറങ്ങുകയായിരുന്ന ക്രിസ്തു ഉണർന്ന് കാറ്റിനെയും കടലിനെയും…..
‘ശിഷ്യരേയും ശാസിച്ചു !! ‘
( Ref മത്താ 8:23-27).
എന്തിനായിരിക്കാം ശിഷ്യരെ
ശാസിച്ചതെന്ന് നമുക്ക് കൃത്യമായ് അറിയാം.
ചില ഘട്ടങ്ങളിൽ ചുറ്റുമുയരുന്ന
തിരമാലകളുടെ ബാഹുല്യത്തിൽ നമ്മളിലാരാണ് വിളറാത്തത്?
പെട്ടിക്കരയാത്തത്?
സമാശ്വാസത്തിൻ്റെ ഒരു കരമെങ്കിലും തേടാത്തത്?
പ്രതിസന്ധികളിൽ
ക്രിസ്തു കൂട്ടിനുണ്ട് എന്ന വസ്തുത മറക്കുന്നതിനേക്കാൾ
വലിയ ദുരന്തങ്ങളൊന്നും
ജീവിതത്തിൽ സംഭവിക്കാനില്ലെന്ന് തിരിച്ചറിയുന്നവരാണ് ധന്യർ!
അവർ ഏത് കൊടുങ്കാറ്റിനും
തിരമാലയ്ക്കും മുമ്പിൽ
പതറാതെ നിൽക്കും.