വിശ്വാസപ്രമാണത്തില്‍ കത്തോലിക്കാ സഭയുടെ പന്ത്രണ്ട് അടിസ്ഥാന വിശ്വാസസത്യങ്ങളാണ് പ്രഖ്യാപിക്കുന്നത്. മാമ്മോദീസായിലൂടെ ഈ വിശ്വാസസത്യങ്ങള്‍ ഓരോ വ്യക്തിയുടെയും വിശ്വാസ ജീവിതത്തിന്‍റെ ഭാഗമായിത്തീരുന്നു. ഈ വിശ്വാസസത്യങ്ങളില്‍ ഏറ്റവും അവസാനമായി പ്രഖ്യാപിക്കുന്നതാണ് നിത്യജീവനിലുള്ള വിശ്വാസം അഥവാ മരണാനന്തരജീവിതത്തിലുള്ള പ്രത്യാശ. ദൃശ്യമായ സൃഷ്ടിയില്‍ ദര്‍ശിക്കുന്ന ദൈവസാന്നിധ്യം ഏറ്റുപറഞ്ഞ് തുടങ്ങുന്ന വിശ്വാസപ്രമാണം അവസാനിക്കുന്നത് അദൃശ്യനായ ദൈവവുമായുള്ള ഒന്നുചേരല്‍ ഏറ്റുപറഞ്ഞുകൊണ്ടാണെന്നതിനാല്‍ വിശ്വാസജീവിതത്തിന്‍റെ ആത്യന്തിക ലക്ഷ്യം നിത്യജീവന്‍ പ്രാപിക്കലാണന്ന് വ്യക്തമാക്കപ്പെടുന്നു.
മനുഷ്യന്‍റെ മഹത്വം
നിത്യജീവനെക്കുറിച്ചുള്ള വ്യക്തത കൈവരിക്കാന്‍ മനുഷ്യന്‍റെ പ്രത്യേകതയും മഹത്വവും ആദ്യമേ തിരിച്ചറിയേണ്ടതുണ്ട്. രണ്ട് വസ്തുതകള്‍ ഇവിടെ പരിഗണിക്കാം. ക്രമരഹിതവും അന്ധകാരാവൃതവുമായിരുന്ന അവസ്ഥയെ വാക്കുകൊണ്ട് ക്രമപ്പെടുത്തിയും, പ്രകാശമാകുന്ന ഊര്‍ജ്ജസ്രോതസ്സിനെ സൃഷ്ടിച്ചും തുടങ്ങിയ സൃഷ്ടികര്‍മ്മം അവസാനിച്ചത് മനുഷ്യനിലാണ്. അതിനാല്‍ത്തന്നെ ഇതിലും ഉദാത്തമായ മറ്റൊന്നിനെ സൃഷ്ടിക്കാന്‍ ഇല്ലെന്ന് വ്യക്തമാക്കപ്പെടുന്നു. രണ്ട്, ജീവനില്ലാത്ത വസ്തുക്കളുടെ സൃഷ്ടിയും തുടര്‍ന്ന് ജീവനുള്ളവയുടെ സൃഷ്ടിയും പിന്നീട് ദൈവാംശം പകര്‍ന്നുനല്‍കുന്ന സൃഷ്ടിയും എന്ന ക്രമം കാണാന്‍ കഴിയുന്നു. ഇതില്‍ ദൈവാംശം നാസാരന്ധ്രങ്ങളിലൂടെ പകര്‍ന്നുകിട്ടിയത് മനുഷ്യനാണ്. അതുകൊണ്ട് തന്നെ മനുഷ്യന്‍ കേവലമായ ഭൗതികവസ്തുവോ, ഉന്നതമായ ജൈവഘടകമോ അല്ലെന്നും ഇവയോടൊപ്പം ദൈവീകാംശം കൂടി ചേര്‍ത്ത് വിശുദ്ധമാക്കപ്പെട്ടവനാണെന്ന് മനസ്സിലാക്കാം. അതായത് മനുഷ്യനില്‍ കുടികൊള്ളുന്ന വിശുദ്ധിയുടെ കാരണമായ ദൈവീകതയെയാണ് ദൈവഛായ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതാണ് ഇതര സൃഷ്ടികളില്‍ നിന്നും മനുഷ്യനെ മഹത്വമുള്ളവനാക്കുന്നത്.
ആത്മാവ് ഉളള സൃഷ്ടി
ആത്മാവ് എന്ന പദം മനുഷ്യനിലെ ഏറ്റവും അമൂല്യമായ അന്തസത്തയെ സൂചിപ്പിക്കുന്നു. ഈ അന്തസത്തയാണ് അവനിലുള്ള ദൈവീകത. ഈ ദൈവീകതയുടെ തലത്തെയാണ് നമ്മള്‍ ആത്മീയത എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ചുരുക്കത്തില്‍ ആത്മാവ് എന്നത് മനുഷ്യനിലെ ആദ്ധ്യാത്മികതയെ സൂചിപ്പിക്കുന്നു. (CCC 363) അപ്പോള്‍ ശരീരവും അതിനെ പ്രവര്‍ത്തന സജ്ജമാക്കുന്ന ജീവനും കൂടാതെ ആത്മാവ് കൂടിയുള്ള സൃഷ്ടിയാണ് മനുഷ്യന്‍. പ്രപഞ്ചത്തിലെ മറ്റൊരു സൃഷ്ടിയിലും ആത്മാവ് ഇല്ലന്നും, ആത്മാവും ജീവനും രണ്ടാണെന്നും ഇതിലൂടെ വെളിപ്പെടുത്തപ്പെടുന്നു. ശരീരം സൃഷ്ടിക്കപ്പെടുന്നതോടൊപ്പം ആത്മാവിനെ ദൈവം മനുഷ്യനിലേക്ക് സന്നിവേശിപ്പിക്കുന്നു.
എന്താണ് നിത്യജീവന്‍
സൃഷ്ടി എന്ന നിലയില്‍ മനുഷ്യന് മൂന്ന് പ്രധാന ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. ഒന്ന് സൃഷ്ടപ്രപഞ്ചത്തില്‍ സ്രഷ്ടാവ് സന്നിവേശിപ്പിച്ച നന്‍മയും മനോഹാരിതയും സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക. രണ്ട് സ്രഷ്ടാവായ ദൈവത്തെ ലോകത്തിന് വെളിപ്പെടുത്തികൊടുക്കുക. മൂന്ന് ആത്മാവിനെ വിശുദ്ധമായി കാത്തുപരിപാലിക്കുക. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് അവിടുത്തെ അന്വേഷിച്ച്, അറിഞ്ഞ് സ്നേഹിച്ച് മഹത്വവും സ്തുതിയുമര്‍പ്പിച്ച് നിത്യസൗഭാഗ്യത്തില്‍ എത്തുന്നതിനായിട്ടാണ്. (CCC 52 /53). ദൈവം സൃഷ്ടിച്ചു നല്‍കിയ വിശുദ്ധ ആത്മാവിനെ ഭൗതിക ജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിക്കൊണ്ട് പൂര്‍ണ്ണവിശുദ്ധിയോടെ ദൈവത്തിലേക്ക് തന്നെ എത്തിച്ചേരുക എന്നതാണ് നിത്യസൗഭാഗ്യം എന്നതിന്‍റെ അര്‍ത്ഥം. അപ്പോള്‍ ശരീരത്തിന് ആരംഭവും അവസാനവും ഉണ്ടെന്നും എന്നാല്‍ ആത്മാവിന് ഇവ രണ്ടും ഇല്ലന്നും വ്യക്തം. മറ്റു വാക്കുകളില്‍ ശാരീരിക ജീവന് ആദ്യാവസാനം ഉണ്ടെന്നും ആത്മീയ ജീവന്‍ നിത്യമാണെന്നും കാണാം. അതിനാല്‍ ആത്മാവിന്‍റെ നിത്യമായ അവസ്ഥയാണ് നിത്യജീവന്‍. ഇത് ശാരീരിക ജീവനിലെ സ്വാതന്ത്ര്യത്തിന്‍റെ വിനിയോഗപ്രകാരം സ്വര്‍ഗ്ഗത്തിലോ, നരകത്തിലോ എത്തിച്ചേരാം. പൂര്‍ണ്ണവിശുദ്ധിയോടെ മനുഷ്യനുമാത്രം ലഭ്യമായിട്ടുള്ള ആത്മാവിന്‍റെ വിശുദ്ധി നിലനിര്‍ത്താന്‍ യേശുക്രിസ്തുവിലും അവിടുത്തെ അയച്ചവനിലും വിശ്വസിക്കുക ആവശ്യമാണ് (CCC 161).
മരണം /വിധി /സ്വര്‍ഗ്ഗം/ നരകം
നമസ്കാരങ്ങളില്‍ നാം പഠിക്കുന്നതാണ് മനുഷ്യന്‍റെ അന്ത്യങ്ങള്‍. ഇത് നിത്യജീവനുമായി ബന്ധപ്പെട്ട പഠനത്തിന്‍റെ ക്രോഡീകൃതരൂപമാണ്. നിത്യജീവനെ മരണാനന്തരജീവിതം എന്നുകൂടി വിശേഷിപ്പിക്കുന്നു. ഇതിനര്‍ത്ഥം മരണശേഷം ആരംഭിക്കുന്ന ജീവിതം എന്നല്ല. ഒരുവന്‍റെ ആത്മീയജീവന്‍റെ അവസ്ഥ നിര്‍ണ്ണയിക്കപ്പെടുന്നത് അയാളുടെ ഭൗമികജീവിതത്തെ മുന്‍നിറുത്തിയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നിത്യജീവനുള്ള അര്‍ഹത നേടുന്നത് ഭൂമിയിലെ ജീവിതത്തിലൂടെയാണ്. മരണാനന്തരം നടക്കുന്നത് അതിന്‍റെ വെളിപ്പെടുത്തല്‍ മാത്രമാണ്.
ഭൗമികജീവിതത്തിന്‍റേയും ശാരീരികജീവന്‍റേയും അന്ത്യമാണ് മരണം. ശാരീരിക ജീവന്‍ സമയം കൊണ്ട് അളക്കപ്പെടുകയും സ്ഥലംകൊണ്ട് പരിധി നിശ്ചയിക്കപ്പെടുകയും ചെയ്തിരിക്കുന്നു. മനുഷ്യനെ അവന്‍റെ മരണത്തിലൂടെ ദൈവം തന്നിലേക്ക് വിളിക്കുന്നു. അതിനാല്‍ പിതാവിനോടുള്ള അനുസരണത്തിന്‍റേയും സ്നേഹത്തിന്‍റേയും ഒരു പ്രകരണമാണ് മനുഷ്യന്‍. മരണത്തില്‍ څവേര്‍പിരിയലുംچ څകൂടിച്ചേരലുംچ ഉള്‍പ്പെട്ടിരിക്കുന്നു. ശരീരവും ആത്മാവും തമ്മിലുള്ള വേര്‍പിരിയലും, നന്‍മയായ ദൈവവുമായോ തിന്‍മയുടെ ശക്തിയുമായോ ഉള്ള ആത്മാവിന്‍റെ കൂടിച്ചേരലും. അതിനാല്‍ മരണത്തിനായി നമ്മെത്തന്നെ വിശുദ്ധമായി ഒരുക്കേണ്ടതുണ്ട്.
മരണം മനുഷ്യന്‍റെ ഭൗമികതീര്‍ത്ഥാടനത്തിന്‍റെ അവസാനമാണ്. ദൈവീകപദ്ധതിക്കനുസൃതമായി തന്‍റെ ഭൗമികജീവിതം നയിക്കാനും തന്‍റെ പരമമായ ഭാഗധേയത്തെ നിശ്ചയിക്കാനുമായി ദൈവം നല്‍കുന്ന കൃപാവരത്തിന്‍റേയും കാരുണ്യത്തിന്‍റേയും സമയത്തിന്‍റെ അന്ത്യമാണ്. മരണശേഷം മനുഷ്യര്‍ക്കോ പതനശേഷം മാലാഖമാര്‍ക്കോ അനുതാപം സാധ്യമല്ലെന്ന് കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. ഭൗമികജീവിതത്തിലെ ഈ യാത്ര അവസാനിക്കുമ്പോള്‍ നാം മറ്റൊരു ഭൗമികയാത്രയിലേക്ക് തിരിയുന്നില്ല. മനുഷ്യന്‍ ഒരിക്കല്‍ മരിക്കണമെന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. മരണശേഷം പുനര്‍ജന്‍മമില്ല. (CCC 1013) ഉള്ളത് അന്ത്യവിധിയിലെ പുനരുത്ഥാനമാണ്.
വിധി
ഭൗമികജീവിതത്തിലെ വിശ്വാസത്തിനും പ്രവൃത്തികള്‍ക്കുമനുസൃതമായി ആത്മീയ പ്രതിഫലം ലഭ്യമാകുന്നതാണിത്. ഓരോ മനുഷ്യനും തന്‍റെ മരണനിമിഷത്തില്‍ തന്നെ അമര്‍ത്യമായ ആത്മാവില്‍ ശാശ്വത പ്രതിഫലം സ്വീകരിക്കുന്നു. ഇത് നേരിട്ടുള്ള സൗഭാഗ്യപ്രവേശനമോ ശാശ്വതമായ നിത്യശിക്ഷയിലേക്കുള്ള പ്രവേശനമോ ആകാം. മറ്റു ചിലപ്പോള്‍ ഒരു ശുദ്ധീകരണപ്രക്രിയയിലൂടെയുള്ള നിത്യരക്ഷ നേടലുമാകാം. ചുരുക്കത്തില്‍ മരണനിമിഷത്തില്‍ത്തന്നെ സ്വര്‍ഗ്ഗമോ, ശുദ്ധീകരണസ്ഥലമോ, നരകമോ എന്ന് തീരുമാനിക്കപ്പെടുന്നു. ഇതാണ് തനതുവിധി. മരണനിമിഷം മുതല്‍ ആത്മാവ് ഈ മൂന്ന് അവസ്ഥകളില്‍ ഒന്നിലായിരിക്കുമെന്നതിനാല്‍ പ്രപഞ്ചത്തില്‍ അലയുന്നു എന്ന ചിന്ത ശുദ്ധ അസംബന്ധമാണ്. നിത്യരക്ഷയിലേക്കോ നിത്യശിക്ഷയിലേക്കോ എന്ന് തീരുമാനിക്കപ്പെട്ട ആത്മാവിന് ജീവിച്ചിരിക്കുന്നവരുടെ പ്രാര്‍ത്ഥനയും പരിഹാരപ്രവര്‍ത്തികളും ആവശ്യമില്ല. ശുദ്ധീകരണാവസ്ഥയിലുള്ളവര്‍ക്ക് ഇത് അനിവാര്യമാണുതാനും. എന്നാല്‍ മരണശേഷം ഒരു വ്യക്തിയുടെ ആത്മാവിന്‍റെ സ്ഥിതി എന്തെന്ന് മനുഷ്യരായ നമുക്കറിയാന്‍ കഴിയില്ലാത്തതിനാല്‍ നാം എല്ലാ മരിച്ചവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
ഓരോ മനുഷ്യനും തന്‍റെ ഭൗമികജീവിതത്തില്‍ ചെയ്തതും ഉപേക്ഷിച്ചതുമായ നന്‍മ അതിന്‍റെ പരമാവധി ഫലങ്ങളോടെ വെളിവാക്കപ്പെടുന്നതും ക്രിസ്തുവിന്‍റെ മഹത്വപൂര്‍ണ്ണമായ പ്രത്യാഗമനത്തിലാണ്. ഇതാണ് അന്ത്യവിധി. ഇത് സകല ആത്മാക്കളേയും കുറിച്ചുള്ള പ്രഖ്യാപനമാണ്. അന്ത്യവിധി പ്രഖ്യാപനത്തില്‍ നിത്യശിക്ഷ ലഭിച്ചവര്‍ക്കോ, നിത്യരക്ഷ ലഭിച്ചവര്‍ക്കോ മാറ്റമില്ല. ശുദ്ധീകരണ പ്രക്രിയയില്‍ ഉള്ള എല്ലാ ആത്മാക്കളും നിത്യരക്ഷയിലേക്ക് പ്രവേശിക്കപ്പെടും. ആ സമയം പിതാവായ ദൈവത്തിനേ അറിയൂ. (CCC 1021, 22, 1038, 39, 40)
സ്വര്‍ഗ്ഗം/ ശുദ്ധീകരണ സ്ഥലം/ നരകം
പരിശുദ്ധ കന്യകാമറിയത്തോടും മാലാഖമാരോടും സകല വിശുദ്ധരോടുമൊപ്പം പരിശുദ്ധ ത്രിത്വത്തിലുള്ള സംസര്‍ഗമാണ് സ്വര്‍ഗ്ഗം. ഇതാണ് നിത്യമായ ജീവന്‍. സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുക എന്നാല്‍ ക്രിസ്തുവിനോടുകൂടി ആയിരിക്കുക എന്നാണ് അര്‍ത്ഥം.
മനസ്തപിച്ച് ദൈവത്തിന്‍റെ കരുണാര്‍ദ്രസ്നേഹം സ്വീകരിക്കാതെ മാരകപാപത്തില്‍ മരിക്കുക എന്നാല്‍ സ്വന്തം തീരുമാനപ്രകാരം എന്നുമെന്നേക്കുമായി ദൈവത്തില്‍ നിന്നും വേര്‍പെടുന്നു. ദൈവത്തോടും വാഴ്ത്തപ്പെട്ടവരോടുമുള്ള നിത്യമായി വേര്‍പെടുന്ന അവസ്ഥയാണ് നരകം. ഇതാണ് നിത്യശിക്ഷ. ആത്മാവും ശരീരവും നഷ്ടമാകുന്നു ഇവിടെ (CCC 1023, 24).
ദൈവത്തിന്‍റെ കൃപാവരത്തിലും സ്നേഹത്തിലും മരിക്കുന്നവര്‍ പൂര്‍ണ ശുദ്ധി പ്രാപിച്ചിട്ടില്ലങ്കിലും നിത്യരക്ഷ ഉറപ്പാക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവരുടെ ഈ അന്തിമ ശുദ്ധീകരണമാണ് ശുദ്ധീകരണസ്ഥലം (CCC 1030, 31).
ഗ്രിഗറി പത്താം പാപ്പ ഇക്കാര്യങ്ങള്‍ വിശ്വാസസത്യമായി 1274-ലെ ലെയോണ്‍സ് കൗണ്‍സിലില്‍ പ്രഖ്യാപിച്ചു. 1439 ഫ്ലോറന്‍സ് കൗണ്‍സിലും ഇത് എടുത്ത് പറഞ്ഞു. 1336 ബനഡിക്ട് 12-ാമന്‍ പാപ്പ څബനഡിക്തൂസ് ദേവൂസ്چ എന്ന പ്രമാണരേഖയിലൂടെ ഇക്കാര്യങ്ങള്‍ വിശദകരിച്ചു.
നിത്യശിക്ഷയിലേക്ക് ദൈവം ആരേയും മുന്‍കൂട്ടി നിശ്ചയിച്ചിട്ടില്ല. മറിച്ച് ഉറപ്പുള്ള നിത്യജീവനില്‍ നിന്നും തന്‍റെ സ്വാതന്ത്ര്യമുപയോഗിച്ച് മനപൂര്‍വ്വം നടത്തുന്ന പിന്തിരിയലും അവസാനം വരെ അതേ അവസ്ഥയില്‍ ഉറച്ചുനില്‍ക്കുന്നവരുമാണ് നരകത്തില്‍ നിപതിക്കുന്നത്. അതിനാല്‍ നമുക്ക് ദൈവമേ സര്‍വ്വശക്തനായ പിതാവേ അങ്ങേയ്ക്ക് ക്രിസ്തുവിലൂടെ ക്രിസ്തുവില്‍ തന്നെ, ക്രിസ്തുവിനോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എല്ലാ മഹിമയും ആരാധനയും – എന്ന് അനുനിമിഷം പ്രാര്‍ത്ഥിച്ച് കൃപാവരത്തില്‍ ജീവിച്ച് ദൈവം അനുവദിച്ചു തരുന്ന څദിവസത്തെچ വിശുദ്ധമാക്കി നിത്യജീവന്‍ നേടാം.
റഫറന്‍സ് ഗ്രന്ഥങ്ങള്‍ –
– കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം.
– വിശ്വാസവും വ്യാഖ്യാനവും (ഫാ. ജോസഫ് പാംപ്ലാനി)
– കൗണ്‍സില്‍ രേഖകള്‍
– വിശ്വാസത്തിന്‍റെ വേരുകള്‍ (ഫാ. മൈക്കിള്‍ കാരിമറ്റം)
– ഥീൗഇമേ