എപ്പിഫനിയുടെ മാതാവ്

Fr Joshy Mayyattil

കിഴക്കിന്റെ ജ്ഞാനികള്‍ യേശുവിനെ ദൈവമായി കുമ്പിട്ടാരാധിച്ച സംഭവം വായിക്കുമ്പോള്‍ വളരെ രസകരമായ ഒരു പ്രസ്താവന കാണാം: ”അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ടാരാധിക്കുകയും ചെയ്തു” (മത്താ 2,11). ജ്ഞാനികള്‍ കുമ്പിട്ടാരാധിച്ചത് മറിയത്തിന്റെ കൈയിലെ ഉണ്ണീശോയെയാണ്.

പഴയനിയമത്തിലെ ദൈവപ്രത്യക്ഷീകരണങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ് യേശുവിന്റെ എപ്പിഫനി. പുറ 19,16-19 ഒന്നു വായിച്ചുനോക്കൂ. തികച്ചും ഭയാനകമായ നിമിഷങ്ങളാണവ! അടുക്കാന്‍ അനുവദിക്കാത്ത കാഴ്ച; അടുക്കാന്‍ ആഗ്രഹിക്കാത്ത കാഴ്ച! എന്നാല്‍ അമ്മയുടെ കൈകളിലെ ആ ഉണ്ണിദൈവം എത്ര ഹൃദ്യനും അഭിഗമ്യനുമാണ്! ഈയര്‍ത്ഥത്തില്‍, പരിശുദ്ധ കന്യകാമാതാവിനെ എപ്പിഫനിയുടെ മാതാവ് അഥവാ പ്രത്യക്ഷീകരണമാതാവ് എന്നു വിളിക്കുന്നത് യുക്തമാണെന്നു തോന്നുന്നു.
ജ്ഞാനികളുടെ ഈ സംഭവത്തില്‍ മാത്രമല്ല എപ്പിഫനിയുടെ മാതാവിനെ നാം കാണുന്നത്. കന്യകയുടെ ഉദരത്തില്‍ വചനം മാംസമെടുക്കാന്‍ ആരംഭിച്ച ആദ്യദിനങ്ങളില്‍ത്തന്നെ ഒരു പ്രത്യക്ഷീകരണം നടന്നുവെന്ന് നമ്മള്‍ തിരിച്ചറിയണം. ഏലീശ്വാമ്മയുടെ ഉദരത്തില്‍ സ്‌നാപകയോഹന്നാന് 6 മാസമായപ്പോഴായിരുന്നു അത്. പരിശുദ്ധ കന്യകാമാതാവിന്റെ സന്ദര്‍ശനത്തോടെ സ്‌നാപകയോഹന്നാന്‍ എന്ന ഗര്‍ഭസ്ഥശിശു ”സന്തോഷത്താല്‍ കുതിച്ചുചാടി” എന്ന് നമ്മള്‍ വായിക്കുന്നുണ്ടല്ലോ (ലൂക്കാ 1,44). ആ കുതിച്ചുചാട്ടം ഒരു കുമ്പിട്ടാരാധനയായി മനസ്സിലാക്കാവുന്നതേയുള്ളൂ. മറിയത്തിന്റെ ഉദരത്തില്‍ ഉരുവാകാന്‍ തുടങ്ങിയ യേശുവിനെ കുമ്പിട്ടാരാധിച്ച സ്‌നാപകഭ്രൂണം! ഐന്‍കെരെമിേലക്ക് 167 കിലോമീറ്ററുകള്‍ താണ്ടി അമ്മ കഷ്ടപ്പെട്ടു ‘തിടുക്കത്തില്‍’ പോയത് തന്റെ ഉദരത്തില്‍ ഉരുവാകുന്ന ദൈവത്തെ വെളിപ്പെടുത്താന്‍വേണ്ടിയാണ്. അതെ, ഉദരത്തിലെ ഭ്രൂണങ്ങള്‍ക്കുപോലും പരിശുദ്ധ അമ്മ എപ്പിഫനിയുടെ മാതാവാണ്.
 മുന്‍കൈയെടുത്ത് മകനുമായി എല്ലാം പറഞ്ഞൊരുക്കി ”അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍” എന്നു നിര്‍ദേശിച്ച് മാറിനിന്ന കാനായിലെ അമ്മ കുടുംബങ്ങളില്‍ എപ്പിഫനിയുടെ മാതാവാണ്. കാനായിലാണല്ലോ ഈശോ തന്റെ ദൈവത്വം ആദ്യത്തെ അടയാളത്തിലൂടെ വ്യക്തമാക്കിയത്. കാനായിലും ഒരു കുമ്പിട്ടാരാധനയുണ്ട്. ആ പദങ്ങള്‍ പ്രയോഗിച്ചിട്ടില്ല എന്നേയുള്ളൂ. ”അവന്റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു” എന്ന പരാമര്‍ശത്തില്‍ എല്ലാമുണ്ട്.
 പണ്ട് തന്റെ കൈളില്‍ ശിശുവിനെ വഹിച്ച് ജ്ഞാനികള്‍ക്കു കാണിച്ചുകൊടുത്ത എപ്പിഫനിയുടെ മാതാവ് ഇന്ന് ദൈവവും ലോകരക്ഷകനുമായ തന്റെ പുത്രനിലേക്ക് എന്നെയും നിങ്ങളെയും പ്രത്യേകമാംവിധം കൈപിടിച്ചു നടത്തുന്നു. കന്യകാമാതാവ് ഈശോയെ ലോകത്തിന് വച്ചുനീട്ടി പറയുന്നു: ”ഇതാ നമ്മുടെ ദൈവം. വരുവിന്‍, അവിടത്തെ ആരാധിക്കുവിന്‍”.
 യേശുവിന്റെ ദൈവത്വത്തിനെതിരേയുള്ള പ്രചാരണങ്ങള്‍ ചില കോണുകളില്‍നിന്നു ശക്തമായി നടക്കുന്ന ഇക്കാലത്ത് നമുക്കു പ്രത്യേകം അമ്മയുടെ സഹായം തേടാം: എപ്പിഫനിയുടെ മാതാവേ, അവിടത്തെ തിരുപ്പുത്രനെ ഞങ്ങള്‍ക്കും ലോകംമുഴുവനും പരിചയപ്പെടുത്തണമേ! പ്രത്യക്ഷീകരണത്തിന്റെ അമ്മേ, അവിടത്തെ തിരുപ്പുത്രന്റെ ദൈവത്വത്തിന് ഞങ്ങളെയും സാക്ഷികളാക്കി മാറ്റണമേ!
പിന്‍കുറിപ്പ്: എപ്പിഫനി തിരുനാളായിരുന്നു (പ്രത്യക്ഷീകരണത്തിരുനാള്‍) ഇക്കഴിഞ്ഞ ജനുവരി 6-ന്. ഈശോയുടെ മാമോദീസയോടും ജ്ഞാനികളുടെ സന്ദര്‍ശനത്തോടും കാനായിലെ അദ്ഭുതത്തോടും ബന്ധപ്പെടുത്തി വ്യത്യസ്ത സഭകളുടെ പാരമ്പര്യങ്ങളില്‍ എപ്പിഫനിയെ പരിഗണിക്കുന്നുണ്ട്. ഈശോയുടെ മനുഷ്യാവതാരസംബന്ധിയായി ‘എപ്പിഫാനെയിയ’ എന്ന ഗ്രീക്കുപദം 2തിമോ 1,10 ഉപയോഗിച്ചിട്ടുണ്ട്. അവിടത്തെ വീണ്ടുംവരവു സൂചിപ്പിക്കാന്‍ 1തിമോ 6,14; 2തിമോ 4,1.8; തീത്തോ 2,13; 2തെസ്സ 2,8 എന്നിവയിലും  ഈ പദം കാണാവുന്നതാണ്.
Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy