ഒരു പഴയ പുസ്തകത്തിൻറെ താളിൽ നിന്നാണ് എനിക്ക് ആ കത്ത് കിട്ടിയത്.സ്നേഹത്തിൻറെ നിറംമങ്ങാത്ത വരികൾക്ക് താഴെ വിശേഷങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഒരു വാക്ക്…
‘എന്ന് സ്വന്തം!’
കാലത്തിൻറെ പ്രയാണങ്ങൾക്കിടയിൽ നഷ്ടമാക്കിയ കരുതലുകളെകുറിച്ച് ഓർക്കുന്നത് ശരിക്കും പറഞ്ഞാൽ അപ്പോഴാണ്. ഇന്ന് ബന്ധങ്ങളുടെ വരികൾക്ക് പോലും അച്ചടിഭാഷയുടെ മടുപ്പിക്കുന്ന ശൈലിയാണ്.സ്വന്തം എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന ഓരോ കത്തിലും പണ്ടൊക്കെ സ്നേഹത്തിൻറെ കരുതലുകൾ സൂക്ഷിച്ച് വച്ച് ഞാൻ കാത്തിരിക്കുന്നു എന്ന് പറയുന്ന ഒരു ഹൃദയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കത്തുകൾ പോലും മറന്നു പോയിരിക്കുന്നു സ്വന്തമെന്ന വാക്ക്.
സ്വന്തമെന്ന് കരുതി സ്നേഹിച്ച വരാണ് ഏറ്റവും കൂടുതൽ നമ്മെ വേദനിപ്പിച്ചു കടന്നു പോയിട്ടുള്ളത് കുടുംബത്തിലായാലും സമൂഹത്തിലായാലും ഇനി ആരെയും ഞാൻ സ്നേഹിക്കില്ല എന്നുപറഞ്ഞ് സ്നേഹത്തിന്റെ വാതിലുകൾ കെട്ടിയടച്ചവർ ഒന്ന് വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. കാരണം, സ്വന്തമായി ഉള്ളവ ഒന്നും ഉപേക്ഷിക്കുവാൻ നമുക്ക് സാധിക്കുകയില്ല.അറുത്തു മുറിച്ചു കളയാൻ പറ്റുന്ന ഒന്നല്ല ഹൃദയത്തിലെ ബന്ധങ്ങൾ.ബന്ധങ്ങൾ തണൽ പോലെയാണ് മഴയെത്തും വെയിലത്തും കയറിനിൽക്കാൻ കഴിയുന്ന ഒരിടം,മഴയും വെയിലും മാറുമ്പോൾ ഒരു നന്ദി വാക്ക് പോലും പറയാതെ അവർ യാത്ര പറയും.സ്വന്തം എന്ന വാക്കിന്റെ അർത്ഥം അറിയാത്ത ഒരുവന് സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം അവന് ആരെയും സ്നേഹിക്കാൻ കഴിയുകയില്ല എന്നതാണ്.ബന്ധങ്ങളിൽ പോലും അവൻ ലാഭവും നഷ്ടവും കാത്തുസൂക്ഷിക്കുന്നു.
‘ക്രിസ്തുവിനെ വ്യത്യസ്തനാക്കുന്നത് അവൻ സ്വന്തം എന്ന പദത്തിന് നൽകിയ അർത്ഥം ആണ്’ തരംതിരിവുകൾ ഇല്ലാതെ എല്ലാവരെയും സ്വന്തമായി കണ്ടുകൊണ്ട് പങ്കുവെച്ച് നൽകുന്ന സ്നേഹമായിരുന്നു ക്രിസ്തുവിന്റേത്.അവനുമായി സംസാരിച്ചവരൊക്കെയും അവന്റെ സ്വന്തമായിരുന്നു.അതുകൊണ്ടാവാം ‘ഗുരുവായിരിക്കെ സ്നേഹിതനും ,സ്നേഹിതനായിരിക്കെ ദാസനും ആവാൻ യേശുവിനു കഴിഞ്ഞത്’.യേശുവിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഒന്ന് ഫരിസേയരെയും ചുങ്കക്കാരേയും തുല്യരായി കണ്ടു എന്നതല്ലേ?? നാം ഓർക്കണം യേശുവിൻറെ സ്വന്തമെന്ന വൃത്തത്തിനുള്ളിൽ നാമെല്ലാവരും ഒന്നായിരുന്നു. നിന്നെ കാണാൻ നിന്റെ അമ്മയും സഹോദരങ്ങളും വന്നിരിക്കുന്നു എന്ന് പറയുമ്പോൾ ചുറ്റുമുള്ളവരെ കാണിച്ച് ഇതാണ് എൻറെ അമ്മയും സഹോദരങ്ങളും എന്ന് പറയാൻ അവനു കഴിഞ്ഞു. “സ്വന്തം”എന്ന വാക്കിന് അവൻ അത്രമാത്രം വിലകൊടുത്തിരുന്നു.
എന്നാൽ നാമാകട്ടെ സ്വന്തം അമ്മയെ ഉപേക്ഷിച്ചവൻ എന്നവനെ തെറ്റിദ്ധരിക്കുന്നു.കാരണം ‘സ്വന്തം’എന്ന പദത്തിന് നാം നൽകുന്ന അർത്ഥം വളരെ ചെറുതാണ്. എല്ലാവരെയും സ്വന്തമായി കാണാൻ കഴിയാത്തതാണ് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിന്റെയും ഭൗതിക ജീവിതത്തിന്റേയും പരാജയം.സ്വന്തം എന്ന വാക്കിനർത്ഥം നമ്മെ പഠിപ്പിച്ചത് ഈശോ തന്നെയാണ്.മഹത്വത്തിന്റെ അവസ്ഥയിലും അവൻ ആദ്യമായി തേടി വരുന്നത് സ്വന്തമായി കരുതി സ്നേഹിച്ച ശിഷ്യന്മാരെ ആണ്.വേദനിപ്പിച്ചവരെയും തേടിപ്പോകുന്ന ക്രിസ്തു എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. മൂന്നുവർഷം കൂടെയുണ്ടായിട്ടും ഗുരുവിൻറെ വചനങ്ങളും ഗുരുവിന്റെ അത്ഭുതങ്ങളും എല്ലാത്തിനുമുപരി അവന്റെ കരുതലുള്ള സ്നേഹവും ശിഷ്യന്മാർ അനുഭവിച്ചിട്ടുണ്ട്.അന്നിട്ടും സ്നേഹത്തിന്റെ ഊഷ്മളത പോലും മനസ്സിലാക്കാൻ സാധിക്കാതെ ഒരുവൻ ഒറ്റികൊടുത്തു,മറ്റൊരുവൻ തള്ളിപ്പറഞ്ഞു, ബാക്കിയുള്ളവർ ഓടിയൊളിച്ചു. ഒറ്റയ്ക്ക് പാടുപീഡകളെല്ലാം സഹിച്ച് കുരിശിൽ മരിച്ച് ഉയർത്തെഴുന്നേറ്റപ്പോൾ അവൻ ഓടിച്ചെന്നത് ആ ശിഷ്യന്മാരുടെ അടുത്തേക്ക് തന്നെയാണ്. വേദനിപ്പിച്ചവരെ തേടി പോകുന്ന ക്രിസ്തു.നമ്മൾ തമ്മിലടിക്കുബോൾ ഒരു കുരിശു നമ്മുടെ മുന്നിൽ തെളിയണം. ഇനി ഒരിക്കലും ഞാൻ ആരെയും സ്നേഹിക്കുകയില്ല എന്ന് കുരിശ് നോക്കി പറയാൻ സാധിക്കുമോ??ഒരിക്കലും സാധിക്കില്ല! കാരണം ആ കുരിശിൽ സ്നേഹത്തിൻറെ ഏറ്റവും വലിയ പര്യായമാണ് നിൽക്കുന്നത്.സ്വന്തം എന്ന് കരുതിയവർ നൽകിയ മുറിവിൽ ഇനി നമ്മുടെ കൂടെ കർത്താവുണ്ട്.
കവി O.N.V. കുറുപ്പ് പാടിയത് ഓർക്കുന്നു:
“വേദനിക്കിലും വേദനിപ്പിക്കിലും
വേണമീ സ്നേഹബന്ധനങ്ങളൂഴിയിൽ”
നമുക്കും പാടാം ഒരുമിച്ച്. മുറിഞ്ഞ ബന്ധങ്ങൾ ക്രിസ്തുവിലൂടെ നമുക്ക് വിളക്കി ചേർക്കാം.
നിനക്കായി പ്രാർത്ഥിക്കാൻ ഞാനുണ്ട്. എനിക്കായ് നീയും ഉണ്ടാകണം .പ്രാർത്ഥന എന്ന താങ്ങുവടിയിൽy നമുക്ക് ഈ തീർത്ഥാടനം തുടരാം. നിങ്ങൾക്കായി പ്രാർത്ഥിക്കാം എന്ന ഉറപ്പോടെ നിങ്ങളുടെ സ്വന്തം
അനിത✍🏼