ഡിപ്ലോമാറ്റിക് ബാഗേജുകൾ പലയിനം!

ഫാ. ജോഷി മയ്യാറ്റിൽ

രാജ്യത്തെ ഞെട്ടിച്ച വാർത്തയായിരുന്നു അത്. ദുബായിൽ നിന്ന് യുഎഇ കൊൺസുലേറ്റിൻ്റെ ഡിപ്ലോമാറ്റിക് ബാഗേജു വഴി പതിനഞ്ചു കോടിയോളം വിലമതിക്കുന്ന 30 കിലോ സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ കള്ളക്കടത്തായി എത്തിയത്രേ!
സരിത്ത്, സ്വപ്ന എന്ന രണ്ടു പേരുകളും അതിൽ സ്വപ്ന സുരേഷിൻ്റെ സർക്കാർ ബന്ധവും വെളിയിൽ വന്നതോടെ സരിത / സ്വപ്ന ദ്വന്ദ്വങ്ങളിലേക്കു ചർച്ച നീങ്ങുകയാണ്. സ്വർണം അയച്ചയാളുടെ പേരും സ്വീകരിക്കാനുള്ളയാളുടെ പേരും വാർത്തകളിൽ മിന്നി മറഞ്ഞുപോയത് ആരും കണ്ടില്ലെന്നും ഇനി കാണില്ലെന്നും തോന്നുന്നു. ചുരുങ്ങിയ പക്ഷം, “രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഒരു വിഷയമാണിത്” എന്ന് സാക്ഷാൽ ഡിപ്ലോമാറ്റ് പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞതെങ്കിലും നാം ഗൗരവമായി എടുക്കണ്ടേ?
ഏതായാലും, ഡിപ്ലോമാറ്റിക് സർവീസുകളിൽ ഇത്തരമൊരു സർവീസും പെടും എന്നതു തിരിച്ചറിയാൻ കഴിഞ്ഞതു നന്നായി. കൊൺസുലേറ്റിനെ അപകീർത്തിപ്പെടുത്താനും യുഎഇയുടെ വിശ്വാസ്യത തകർക്കാനുമുള്ള ഗൂഢശ്രമത്തിൻ്റെ ഭാഗമാണിതെന്ന് യുഎഇ അംബാസഡർ പറഞ്ഞാൽ അതു മുഖവിലയ്ക്കെടുക്കണമോ? മുപ്പതു പ്രാവശ്യത്തെ സ്വർണക്കടത്തുകൾക്കുശേഷമാണ് ഇപ്പോൾ പിടിക്കപ്പെട്ടതെന്ന യാഥാർത്ഥ്യം ഇത്തരം കടത്തുകൾക്ക് ഏറ്റവും എളുപ്പമുള്ള കോറിഡോറായി യുഎഇയുടെ നയതന്ത്ര സംവിധാനങ്ങൾ ദുരുപയോഗിക്കപ്പെടുന്നു എന്നു സംശയിക്കുന്നവരെ തെറ്റുപറയാനാവുമോ?
ഈ പാഴ്സലൊക്കെ എന്ത്!
2018 ഒക്ടോബർ രണ്ടാം തീയതി ഇസ്താംബൂളിലെ സൗദിഅറേബ്യൻ എംബസിയിൽ വച്ചു കൊല്ലപ്പെട്ട സൗദി വംശജനായ അമേരിക്കൻ പത്രപ്രവർത്തകനും സൗദിഅറേബ്യയുടെ കടുത്ത വിമർശകനുമായിരുന്ന ജമാൽ ഖഷോഗിയുടെ വെട്ടിമുറിച്ച ശരീരഭാഗങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നത് ഡിപ്ലോമാറ്റിക് പാഴ്സലുകളെക്കുറിച്ചുള്ള ചർച്ചകൾക്ക് നേരത്തേ തന്നെ തുടക്കമിട്ടു കഴിഞ്ഞതാണല്ലോ.
ഡിപ്ലോമസിയുടെ നാടൻ ബാഗേജുകൾ
അതെന്തുമാകട്ടെ, നമ്മുടെ നാട്ടിലെ ഡിപ്ലോമാറ്റിക് ബാഗേജുകളെക്കുറിച്ചല്ലേ നാം ചർച്ച ചെയ്യേണ്ടത്? സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെല്ലാം ഇത്തരം ബാഗേജുകളുണ്ടെന്നു പറയാതെ വയ്യാ.
സിനിമാലോകം ഇത്തരം ഒന്നാണെന്നു തിരിച്ചറിയാൻ, കഴിഞ്ഞ അഞ്ചാറു വർഷങ്ങളായി മലയാള സിനിമ തുടരെ വിളമ്പുന്ന വിഭവങ്ങൾ ശ്രദ്ധിച്ചാൽ മതി. ഒടുവിൽ ഉയർന്നു വന്നിരിക്കുന്ന സിനിമാ വിവാദവും ഈ ബാഗേജിൻ്റെ നേർക്കാഴ്ചയാണല്ലോ. കഴുത്തിൽ ബെൽറ്റു വീണ പട്ടിയെപ്പോലെയുള്ള സാംസ്കാരിക നായകന്മാരാണ് കേരള സാംസ്കാരിക മേഖലയിലെ ഏറെ ദയനീയമായ കാഴ്ച.
തീവ്രവാദ വിഷയത്തിൽ മലയാളത്തിലെ മുഖ്യധാരാമാധ്യമങ്ങളെല്ലാം മുപ്പതു വെള്ളിക്കാശ് കൈപ്പറ്റിക്കഴിഞ്ഞെന്നു തോന്നുന്നു! കേരള മനസ്സുകളെ രമിപ്പിക്കുന്ന പത്രം കഴിഞ്ഞ ഏതാനും വർഷങ്ങളായി തീവ്രവാദതമസ്കരണത്തിൽ നിരന്തര ജാഗ്രത പുലർത്തുന്നതിൽ നിന്ന് ഒരു കാര്യം വ്യക്തമാകുന്നുണ്ട് – പഴയ മാപ്പിളയല്ല ഇന്നത്തെ മാപ്പിള!
രാഷ്ട്രീയക്കാരുടെ കാര്യമാണെങ്കിൽ, പറയാനുമില്ല! നാട്ടിൽ കള്ളപ്പണവും മയക്കുമരുന്നും ഭീകരതയും പെരുക്കാനുള്ള നാടൻ ഡിപ്ലോമാറ്റിക് ബാഗേജുകളായി കേരളത്തിലെ രാഷട്രീയപ്പാർട്ടികൾ ഇടത്തു – വലത്തു വ്യത്യാസമില്ലാതെ മാറിക്കഴിഞ്ഞിരിക്കുന്നു.

ഡിപ്ലോമസിയുടെ ഈന്തപ്പഴങ്ങൾ

ഡിപ്ലോമാറ്റിക് ചാനൽ വഴി   ഭക്ഷണസാധനങ്ങൾ പതിവായി എത്തിക്കുന്നതിന് എംബസിയിൽ ക്രമീകരണങ്ങളുണ്ട് എന്നാണ് കോൺസുലേറ്റ് ജനറൽ പറയുന്നത്. വെറുതെയാണോ നാട്ടിലെ പല ശീലങ്ങളും ഇത്ര വേഗം മാറുന്നത്! വെറുതെയാണോ പ്രധാനപ്പെട്ട ആളുകൾക്ക് ഈന്തപ്പഴത്തോടുള്ള ആർത്തി വർധിക്കുന്നത്! ഈ ഒഴുക്കു തുടങ്ങിയിട്ട് കാലം കുറച്ചായി… നാട്ടിലെ മതവാദരാഷ്ട്രീയത്തെ നിരുപദ്രവകരമായി കരുതാൻ ഈ ‘ഈന്തപ്പഴങ്ങൾ’  കാരണമാകുന്നുണ്ട്,  തീർച്ച! ഈന്തപ്പഴം തിന്നു തിന്ന് വിചിത്രമായ വെളിപാടുകൾ നേടുന്ന സാമൂഹിക-സാംസ്കാരിക-രാഷട്രീയ നായകന്മാരുടെ സ്വന്തം നാടായി കേരളം മാറിയിരിക്കുന്നു.
ഈന്തപ്പഴം വേണ്ടാത്ത യുവത!
“പിതാക്കന്മാർ പച്ച മുന്തിരിങ്ങ തിന്നു; മക്കളുടെ പല്ലു പുളിച്ചു” എന്ന ചൊല്ലൊക്കെ പഴഞ്ചനായിക്കഴിഞ്ഞു. കാർന്നമ്മാരുടെ ദുര്യോഗം തിരിച്ചറിയുന്ന ഏതാനും ചെറുപ്പക്കാരെങ്കിലും ഉയർന്നുവരുന്നതു കാണാനുണ്ട്. ഇനിയും ഇത്തരം ഡിപ്ലോമാറ്റിക് ലഗേജുകൾ അനുവദിക്കാനാവില്ലെന്ന പ്രഖ്യാപനമാണ് പ്രമുഖ രാഷ്ട്രീയക്കാരനും മാധ്യമ പ്രവർത്തകനുമായ അഡ്വ. സെബാസ്റ്റ്യൻ പോളിൻ്റെ മകൻ റോൺ ബാസ്റ്റ്യനെപ്പോലുള്ള പുത്തൻ തലമുറക്കാരിൽ നിന്നുണ്ടാകുന്നത്… അത് ഏറെ ആശ്വാസകരവും ശുഭോദർക്കവുമാണ്!
Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy