പരബ്രഹ്മവും മനുഷ്യനും സർവ ചരാചരങ്ങളും അദ്വൈതമാണെന്നും സകലതിനും പൊരുളും ആധാരവുമായിരിക്കുന്ന ബ്രഹ്മം ഏകമാണെന്നും പഠിപ്പിക്കുമ്പോൾതന്നെ, മുപ്പത്തിമുക്കോടി ദൈവസങ്കല്പങ്ങളിൽ ഏതിനെയും ഭജിച്ചു ഭക്തർക്ക് ബ്രഹ്മനിലെത്താമെന്നും ഉപദേശിക്കുന്ന ഒരു മതത്തിൽ, ഇപ്പോൾ ഒരു ദൈവസങ്കല്പവും, അതിനെച്ചൊല്ലി നാടും പ്രതിസന്ധി നേരിടുകയാണ്.
അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയും പൂങ്കാവന വാസിയായ പരിത്യാഗിയും, അദ്വൈതിയായ സന്യാസിയുമാണ് എന്നാണു സങ്കല്പം. ഈ സങ്കൽപ്പത്തിനൊത്ത ആചാരങ്ങളും, അനുഷ്ഠാനങ്ങളുമാണ് നാളിതുവരെ ശബരിമലയിൽ നിലനിന്നത്. കോടാനുകോടി ഭക്തർ ഈ സങ്കൽപ്പത്തിൽ ആകൃഷ്ടരായി ആണ്ടുതോറും മലകയറുന്നു. ഈ പ്രതിഷ്ഠാ സങ്കൽപ്പമാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതും, ഇതുമായി ബന്ധപ്പെട്ട ആചാരങ്ങൾ ഭരണഘടന അനുവദിക്കുന്ന സ്ത്രീ പുരുഷ സമത്വത്തിനു വിരുദ്ധമെന്ന് കണ്ടെത്തി കോടതി വിധിപറഞ്ഞതും. അങ്ങനെ ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും, ഇഷ്ട ദൈവത്തെ ആരാധിക്കാനും, അതനുസരിച്ചുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കാനുമുള്ള അയ്യപ്പ ഭക്തരുടെ അവകാശം ഫലത്തിൽ റദ്ദാക്കപ്പെട്ടു എന്ന് പറയാം. പകരം ഭരണഘടനാ മൂല്യങ്ങൾ അനുസരിച്ചുള്ള പുതിയ ഒരു അനുഷ്ഠാനം നടപ്പിൽ വരുത്താൻ കോടതി കൽപ്പിക്കുകയും ചെയ്തു. അതുണ്ടാക്കിയ പ്രതിസന്ധികളിൽ കുരുങ്ങിക്കിടക്കുകയാണ് കേരളത്തിന്റെ ഭരണ- പ്രതിപക്ഷ രാഷ്ട്രീയവും പൊതു സമൂഹവും.
ആഗോള വൽക്കരണത്തിന്റെയും കമ്പോളാധിപത്യത്തിന്റെയും ഭൗതിക സമൃദ്ധിയുടെയും കാലത്തു, ബ്രഹ്മചാരിയും, പരിത്യാഗിയും, സന്യാസിയുമായ ശ്രീ അയ്യപ്പൻ പ്രതീകവൽക്കരിക്കുന്ന മൂല്യങ്ങൾക്ക് എന്ത് പ്രസക്തി? നിയമം മതി, വിശ്വാസവും ധാർമ്മികതയും ആവശ്യമില്ല എന്ന് നിലപാടെടുക്കുന്ന കാലത്തു വിശ്വാസാനുഷ്ഠാനങ്ങൾക്കു എന്ത് പ്രസക്തി?
കാര്യം ശരിതന്നെ. പക്ഷെ, ഇതൊക്കെ ആവശ്യമാണെന്ന് തോന്നുന്ന ചില സന്ദർഭങ്ങൾ സ്വന്തം ജീവിതത്തിൽ ഉണ്ടാകുമ്പോൾ, ആശ്രയിക്കാൻ ഒരു ദൈവമോ മുറുകെപ്പിടിക്കാൻ മൂല്യങ്ങളോ ഇല്ല എന്ന് വരുന്നത്, ഏതു നിയമജ്ഞൻറെയായാലും ജീവിതം ദുഷ്ക്കരമാക്കും. ഭാര്യാ ഭർത്താക്കന്മാരുടെ വിവാഹ ബാഹ്യ ലൈംഗിക ബന്ധങ്ങൾ കുറ്റകരമല്ലെന്ന് കോടതി പറഞ്ഞെങ്കിലും, സ്വന്തം ഭാര്യ അപ്രകാരം ജീവിക്കുമ്പോൾ ഭർത്താക്കന്മാർക്കും, സ്വന്തം ഭർത്താവ് അത് ജീവിത ശൈലിയാക്കുമ്പോൾ, ഭാര്യക്കും അങ്കലാപ്പുണ്ടാകും. അവർ നിയമം മാനിച്ചു പ്രതിഷേധിക്കാതിരിക്കുമോ? അവർ പ്രതിഷേധിച്ചില്ലെങ്കിലും, അവരുടെ കുട്ടികളെങ്കിലും, അരക്ഷിതരാവും. അതുറപ്പ്.
വിശ്വസ്തത പുലർത്താത്ത ഭാര്യക്കോ ഭർത്താവിനോ എതിരെ വിവാഹ മോചനത്തിന് കേസുകൊടുക്കാൻ കഴിയുമെങ്കിലും, കേസുകൊടുത്തു ഒരാളെക്കൊണ്ട്, സ്നേഹിപ്പിക്കാനോ, ക്ഷമിപ്പിക്കാനോ, ത്യാഗമനുഷ്ഠിപ്പിക്കാനോ കഴിയില്ല. അതിനു നിയമം മാത്രം പോരാ. ഭരണഘടനാമൂല്യങ്ങൾ മാത്രം മതിയാവുകയുമില്ല.
അതുകൊണ്ടാണ്, മതവിശ്വാസങ്ങളും, മൂല്യങ്ങളും അവയെ സംരക്ഷിക്കുന്ന ആചാരാനുഷ്ടാനങ്ങളും സംരക്ഷിക്കണമെന്ന് ഭരണഘടനതന്നെ അനുശാസിക്കുന്നത്. അത്തരം വിശ്വാസങ്ങളും ആചാരങ്ങളും ഇല്ലാത്തവർക്കും വേണ്ടാത്തവർക്കും, അവരുടെ ബോധ്യംപോലെ ജീവിക്കാം. പക്ഷെ അത് മറ്റുള്ളവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തിക്കൊണ്ടാകരുത്. അവയുടെമേൽ കുതിരകയറിക്കൊണ്ടും ആവരുത്.
തങ്ങളുടേതല്ലാത്ത വിശ്വാസാചാരങ്ങൾ പുലർത്തുന്നവരുടെ (ഭരണഘടനാ വിരുദ്ധമോ മനുഷ്യാവകാശ വിരുദ്ധമോ അല്ലാത്ത) ആരാധനാപരമായ അവകാശങ്ങളിൽ ആരും കടന്നുകയറരുത്. അതിനാണ് സഹിഷ്ണുതയെന്നും, സംസ്കാരമെന്നും പറയുന്നത്. പ്രബുദ്ധമായ ഒരു സമൂഹത്തിൽ ജീവിക്കുന്ന എല്ലാവര്ക്കും മറ്റുള്ളവരുടെ ന്യായമായ അവകാശങ്ങളോട് ആദരവുണ്ടാകണം.
നിയമസഭയിലും, പാർലമെന്റിലും നടപ്പാക്കാൻ താൽപ്പര്യമില്ലാത്ത “വനിതാ സമത്വം” നാട്ടിലെ ഒരു അയ്യപ്പക്ഷേത്രത്തിൽ നടത്തികളയാം എന്ന് വിചാരിക്കുന്നത് ഒരു ഭരണാധികാരിക്കും ഭൂഷണമല്ല…
മുപ്പത്തിമുക്കോടി ദൈവ സങ്കൽപ്പങ്ങളിൽ ഒന്നുമാത്രമായ ബ്രഹ്മചാരി പ്രതിഷ്ഠയിൽത്തന്നെ തങ്ങളുടെ സ്ത്രീ പുരുഷ സമത്വം തെളിയിക്കണം എന്ന് വാശിപിടിക്കുന്നവർ ഏതായാലും ഹിന്ദു വിശ്വാസവും ആചാരവും മനസ്സിലാക്കിയിട്ടുള്ളവരും പാലിക്കുന്നവരും ആവില്ല. ആക്റ്റിവിസ്റ്റുകൾക്കു ആക്ടിവിറ്റി കാട്ടാനുള്ള സ്ഥലമല്ലല്ലോ ആരാധനാലയങ്ങൾ. അവർ അൽപ്പംകൂടി ആത്മ നിയന്ത്രണം പാലിക്കണം.
കോടതി പറഞ്ഞ വിധി കോടതിതന്നെ പുനഃപരിശോധിക്കട്ടെ. അതുവരെയെങ്കിലും, ആരുടേയും മത സങ്കല്പങ്ങൾ തകർത്തു ശക്തികാട്ടാതിരിക്കാം. വ്യക്തികളും ഭരണാധികാരികളും അതിനുള്ള വിവേകം പുലർത്തണമെന്നാണ് നാട്ടിൽ സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും ആഗ്രഹം. പ്രകോപിപ്പിച്ചു ആരെയും അക്രമത്തിലേക്ക് തള്ളിവിട്ടു മോശക്കാരാക്കാൻ നോക്കരുത്. അത് വിപരീത ഫലമേ ഉണ്ടാക്കൂ.
അയ്യപ്പനും മനുഷ്യന്റെ മതഭാവനയിൽ വിടർന്ന ഒരു സങ്കൽപ്പമല്ലേ? അത്തരം സങ്കല്പങ്ങളില്ലെങ്കിൽ മനുഷ്യജീവിതം കഥയും മൂല്യവുമില്ലാത്ത അസംബന്ധമായിപ്പോവില്ലേ. എല്ലാ വിശ്വാസങ്ങൾക്കും പ്രത്യയശാസ്ത്ര നിലപാടുകൾക്കും, ശാസ്ത്ര സിദ്ധാന്തങ്ങൾക്കും, മൂല്യ വിചാരങ്ങൾക്കും, നിയമസംഹിതകൾക്കും പിന്നിൽ ഓരോരോ സങ്കല്പങ്ങളുണ്ട്. അവയെ അപ്പാടെ നിഷേധിക്കാൻ ആർക്കാണ് കഴിയുക?
മനുഷ്യാവകാശങ്ങൾക്കുവേണ്ടി ദൈവസങ്കല്പങ്ങൾ മാറ്റണമെന്ന് വാശിപിടിക്കുന്നവർ എന്തുകൊണ്ടാണ് മനുഷ്യന്റെ തലകൊയ്തു നൃത്തമാടുന്ന ദൈവ സങ്കല്പങ്ങൾക്കെതിരെ പൊരുതാത്തത്? കാനനമധ്യത്തിൽ, തപസ്സനുഷ്ഠിക്കുന്ന ഒരു ബ്രഹ്മചാരിയായ സന്യാസബാലനാണോ നിങ്ങളുടെ ഉറക്കം കെടുത്തുന്നത്? ക്ഷമിക്കണം, ദൈവങ്ങളും മനുഷ്യരല്ലേ, അവർക്കുമില്ലേ മിനിമം മനുഷ്യാവകാശങ്ങളും, ഭരണഘടനാ സംരക്ഷണവും?