ദൈവം കൂട്ടിനുണ്ടെങ്കിൽ…

ഫാദർ ജെൻസൺ ലാസലെറ്റ്

ഭാര്യ മരിച്ചതിൽ പിന്നെ അയാൾ അധികമാരോടും മിണ്ടാറില്ല.
വല്ലാത്ത മൂകത. ആ ഒറ്റപ്പെടലിൽ നിന്നും കരകയറാൻ അയാൾ എടുത്ത തീരുമാനം
25 വർഷങ്ങൾക്കു മുമ്പ് ഒഴിവാക്കിയ മദ്യപാനത്തിലേക്കുള്ള
മടക്കയാത്രയായിരുന്നു.

“ഞാനും അവളോടുകൂടെ പോകും… ”

എന്നയാൾ ആവർത്തിച്ച് പറയാൻ തുടങ്ങിയപ്പോൾ മക്കൾ അപകടം
മണത്തു.അവരാണ് അയാളെ
ആശ്രമത്തിൽ എത്തിച്ചത്.

അയാൾക്കു വേണ്ടി നന്നായ്
പ്രാർത്ഥിച്ചതിനു ശേഷം ഞാൻ ചോദിച്ചു:

” എന്തു പറ്റി ചേട്ടന്,
ഭാര്യ മരിച്ചതിൻ്റെ ദു:ഖമാണോ?
ആ ദു:ഖം മാറാനാണോ
വീണ്ടും മദ്യപിച്ചത്?”

“അതെ അച്ചോ…. അവൾ പോയതിൽ
പിന്നെ വല്ലാത്ത ഏകാന്തത.
പെട്ടന്ന് തനിച്ചായതുപോലെ.
അച്ചനറിയുമോ, വിവാഹം കഴിഞ്ഞ
ആദ്യ നാളുകളിൽ ഞാനൊരു മൃഗമായിരുന്നു. ആദ്യരാത്രി തന്നെ മദ്യപിച്ചാണ് കിടപ്പറയിലെത്തിയത്. അന്ന് ഒഴുകി തുടങ്ങിയതാണ് അവളുടെ കണ്ണീർ.

എനിക്ക് കോപം വന്നാൽ പിന്നെ എന്താ ചെയ്യുന്നതെന്ന് എനിക്കു പോലും അറിയില്ല. പാത്രം എടുത്തെറിയുക, ദേഹോപദ്രവം ചെയ്യുക, ചീത്ത വിളിക്കുക…

എന്നാൽ അവൾ എല്ലാം സഹിച്ചു.
3 മക്കൾക്ക് ജന്മം നൽകി.
മക്കളെയും എനിക്ക് സ്നേഹിക്കാനായില്ല. ഒരിക്കൽ മദ്യപിച്ച് വാഹനം ഓടിക്കുമ്പോൾ എനിക്ക് അപകടം പറ്റി.
അന്നെനിക്ക് 52 വയസുണ്ട്.
അത്യാസന്ന നിലയിൽ ആശുപത്രിയിലായ എനിക്ക് 48 മണിക്കൂറിന് ശേഷമാണ്
ബോധം തിരിച്ചു കിട്ടിയത്.

വീട്ടിലെത്തിയ എന്നെ ശുശ്രൂഷിച്ചതെല്ലാം അവളായിരുന്നു.
ആ ദിവസങ്ങളിൽ ഞാനവളോട് ചോദിച്ചു:
‘നിനക്കെങ്ങനെ കഴിയുന്നു എന്നെപ്പോലെ ഒരാളെ സ്നേഹിക്കാൻ… ?’

അല്പനേരം മിണ്ടാതിരുന്ന അവൾ
ഇങ്ങനെ പറഞ്ഞു:
‘നിങ്ങളെ ഞാൻ ഒരിക്കലും വെറുത്തിട്ടില്ല. ശരിയാണ്, നിങ്ങളുടെ മദ്യപാനവും മദ്യപിക്കുമ്പോഴുള്ള പ്രകൃതവുമെല്ലാം എന്നെ വിഷമിപ്പിച്ചിട്ടുണ്ട്. എനിക്കൊരു പ്രാർത്ഥനയേ അന്നും ഇന്നും ഉള്ളൂ: എന്നെങ്കിലും എൻ്റെ ഭർത്താവിന് തിരിച്ചറിവ് നൽകി എൻ്റെയും മക്കളുടെയും സ്നേഹം മനസിലാക്കാൻ കഴിയണേ…”

അല്പനേരത്തെ മൗനത്തിനു ശേഷം
അയാൾ തുടർന്നു:

“എഴുന്നേറ്റ് അവളുടെ കാലുപിടിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിന് കഴിയാത്തതിനാൽ അവളുടെ കരം പിടിച്ച് ഞാൻ കരഞ്ഞു. മാപ്പപേക്ഷിച്ചു.
പുതിയ മനുഷ്യനാകാമെന്ന്
വാക്കു കൊടുത്തു. ”

അന്നു മുതൽ ഞങ്ങളുടെ ഭവനം സ്വർഗമായി.എന്നാൽ അവൾ മരിച്ചതിൽ പിന്നെ എങ്ങനെയോ പഴയ ജീവിതത്തിലേക്ക് തിരിച്ചുപോയി.”

കുറച്ചു സമയം പ്രാർത്ഥിച്ചിട്ട്
ഞാനിങ്ങനെ പറഞ്ഞു:

”വീണ്ടും മദ്യപിച്ച് തുടങ്ങിയിട്ട്
മനസമാധനം ലഭിക്കുന്നുണ്ടോ?”

”ഇല്ലച്ചോ, മദ്യപിച്ചതിനുശേഷം
കുറ്റബോധം മാത്രമേയുള്ളു.”

“ചോട്ടായിക്കറിയുമോ,
നിങ്ങളുടെ ഭാര്യ സ്വർഗത്തിലിരുന്ന് വിലപിക്കുന്നുണ്ടാകും.
അവൾ ചേട്ടായിയുടെ
കൂടെയുണ്ടെന്നു കരുതുക.
അവൾക്ക് കൊടുത്ത വാക്ക് നിറവേറ്റുന്നതിലൂടെയല്ലേ അവളുടെ
ആത്മാവ് സന്തോഷിക്കൂ.
അവളില്ലെങ്കിലും മക്കളില്ലേ കൂടെ?എല്ലാത്തിനുമുപരിയായി കൂട്ടിന് ദൈവമുണ്ടെന്ന് വിശ്വസിക്കുക.
ദൈവത്തോളം വരില്ലല്ലോ
മദ്യം തരുന്ന ആശ്വാസം? ”

ഒരുറച്ച തീരുമാനമെടുത്ത അയാൾ
തുടർന്ന് പുതിയ ജീവിതം ആരംഭിച്ചു.

ജീവിതത്തിൽ ആർക്കാണ് തെറ്റ് പറ്റാത്തത്? എന്നാൽ ഒരു തിരിച്ചറിവു ലഭിച്ചതിനു ശേഷം വീണ്ടും അതേ തെറ്റിൻ്റെ വഴിയേ സഞ്ചരിച്ചു തുടങ്ങിയാൽ നമ്മുടെ നാശത്തിലേക്കുള്ള വഴി വെട്ടുന്നത് നാം തന്നെയായിരിക്കും.

ശരിയാണ്,
ക്രിസ്തു വന്നത് നീതിമാന്മാരെ
വിളിക്കാനല്ല, പാപികളെ വിളിക്കാനാണ്
( Ref മത്താ 9 : 13).

എന്നാൽ അവൻ നൽകുന്ന അവസരങ്ങൾ പാഴാക്കിക്കളയുമ്പോൾ പിന്നെ ആർക്കാണ് നമ്മെ രക്ഷിക്കാനാകുക?

വി.മത്തായി ശ്ലീഹായുടെ
തിരുനാൾ മംഗളങ്ങൾ!

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy