മരണത്തോട് മല്ലടിച്ചിരുന്ന ആ അപ്പച്ചനെ
ആശുപത്രിയിൽ കൊണ്ടുപോയത് ആതുരാലയത്തിലെ ആ നല്ല മനുഷ്യനായിരുന്നു.
ആശുപത്രിക്കിടക്കയിൽ
ആ അപ്പച്ചനോട് ചേർന്ന് അയാളും ഇരുന്നു.
അല്പസമയം കഴിഞ്ഞ് പോകാനൊരുങ്ങിയപ്പോൾ
ആ സഹോദരനെ കട്ടിലിൽ നിന്നെഴുന്നേൽക്കുവാൻ സമ്മതിക്കാതെ
അയാളുടെ കാല് പിടിച്ചു കൊണ്ട്
ആ അപ്പച്ചൻ ഇങ്ങനെ നിലവിളിച്ചു:
“ബ്രദറേ…..
എന്നെ ഈ ആശുപത്രിയിൽ
തനിച്ചാക്കി പോകല്ലേ…..
ബ്രദർ പോയിക്കഴിഞ്ഞാൽ
പിന്നെ എനിക്കാരാണുള്ളത്?”
തൻ്റെ കാലിൽ നിന്ന്
ആ അപ്പച്ചൻ്റെ കരവലയം ഭേദിക്കാൻ
ആ സഹോദരന് കഴിഞ്ഞില്ല.
പിന്നീടാ പിടിവിട്ടത്
മണിക്കൂറുകൾ കഴിഞ്ഞാണ്
ആ അപ്പച്ചൻ മരിച്ചതിനു ശേഷം….
പറഞ്ഞു വരുന്നത് ബ്രദർ വിൻസൻ്റ് എന്നറിയപ്പെടുന്ന 51 കാരനെക്കുറിച്ചാണ്.
കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ
ആരംഭിച്ചത് 2009
സെപ്തംബർ 30 നാണെങ്കിൽ
അതിന് 12 വർഷം മുമ്പേ
തൻ്റെ 28-ാം വയസിൽ
കിഡ്നി ദാനം ചെയ്ത
വ്യക്തിയാണ് വിൻസൻ്റ്.
1989 ൽ ചാലക്കുടി ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നിന്നും ലഭിച്ച
ബോധ്യത്തിൻ്റെ പേരിൽ
വിവാഹം പോലും കഴിക്കാതെ
തൻ്റെ ജീവിതം മുഴുവനും ആതുരസേവനത്തിനായി മാറ്റി വച്ചിരിക്കുകയാണദ്ദേഹം.
മാനന്തവാടി രൂപതയുടെ കീഴിൽ
വിൻസൻ്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 1999ൽ ആരംഭിച്ച
ഓസാനം ഭവൻ എന്ന വൃദ്ധമന്ദിരത്തിൽ അതിൻ്റെ ആരംഭം മുതൽ ശുശ്രൂഷ ചെയ്യുന്ന വ്യക്തിയാണീ സഹോദരൻ.
പ്രായമേറിയ അപ്പച്ചന്മാരെ എന്തു സന്തോഷത്തോടെയാണെന്നന്നോ
അയാളും അയാളുടെ കൂടെയുള്ളവരും ശുശ്രൂഷിക്കുന്നത്.
ഈ കോവിഡ് കാലഘട്ടത്തിൽ വിൻസൻ്റിൻ്റെ ഒരു വലിയ ദു:ഖം ഓസാനം ഭവനിലെ കത്തോലിക്കരായ അപ്പച്ചന്മാർക്ക് കുർബാനയിൽ സംബന്ധിക്കാനാകുന്നില്ലല്ലോ എന്നതാണ്.
എന്തെന്നാൽ ആഴ്ചയിൽ രണ്ടു ദിവസം ലഭിച്ചിരുന്ന കുർബാന
ആ അപ്പച്ചന്മാർക്ക് ഒരു വലിയ ഊർജമായിരുന്നുവെന്ന് അദ്ദേഹം
വിശ്വസിക്കുന്നു
കഴിഞ്ഞ 21 വർഷത്തിനുള്ളിൽ ജാതിമതഭേദമന്യേ 191 അപ്പച്ചന്മാരാണ്
ഈ ബ്രദറിൻ്റെ ശുശ്രൂഷ ഏറ്റുവാങ്ങി നിത്യതയിലേക്ക് യാത്രയായത്.
ഇന്ത്യയിൽ തന്നെ വിൻസൻ്റ് ഡി പോൾ സംഘടനയുടെ കീഴിൽ
നടത്തപ്പെടുന്ന ആദ്യ
ആതുരാലയമായ ഓസാനം ഭവൻ്റെ
ജീവനാഡിയാണ് വിൻസൻറ് ബ്രദർ
(ഫോൺ: 9946825748).
ഇന്നിപ്പോൾ 77 അപ്പച്ചന്മാരാണ്
ഇദ്ദേഹത്തിൻ്റെ ശുശ്രൂഷ ഏറ്റുവാങ്ങുന്നത്.
ശിഷ്യത്വത്തെക്കുറിച്ച് ക്രിസ്തു ഇങ്ങനെ പറഞ്ഞിട്ടുണ്ട്:
“ഈ ചെറിയവരില്‍ ഒരുവന്,
ശിഷ്യൻ എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു
പ്രതിഫലം ലഭിക്കാതിരിക്കുകയില്ല..”
(മത്തായി 10 : 42).
ക്രിസ്തുവിൻ്റെ പേരിൽ
ഒരു പാത്രം വെള്ളം കൊടുത്താൽ
പ്രതിഫലം ലഭിക്കുമെങ്കിൽ
ജീവിതം മുഴുവൻ കൊടുത്ത
വിൻസൻ്റ് ബ്രദറിനേ പോലുള്ളവർ
എത്ര പണ്ടേ തങ്ങളുടെ പ്രതിഫലം ഉറപ്പിച്ചു കഴിഞ്ഞുവല്ലെ?
ക്രിസ്തുവിനു വേണ്ടി
എന്തെങ്കിലുമൊക്കെ
കാര്യമായ് തന്നെ ചെയ്തില്ലെങ്കിൽ അർത്ഥമില്ലെന്ന്
ജീവിതം കൊണ്ട് തെളിയിക്കുന്ന
വിൻസൻ്റ് സഹോദരനെ പോലുള്ള സുമനസുകൾ നമ്മളിൽ
പലർക്കും ഒരു വെല്ലുവിളി തന്നെയല്ലെ?
ആണെന്നുറപ്പിച്ചു പറയാം.
ഫാദർ ജെൻസൺ ലാസലെറ്റ്
ജൂലൈ 17-2020